ഇസ്ലാമിലെ നാർക്കോട്ടിക് ജിഹാദ് : അതെ ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഏക മതം
കേരളത്തിന്റെ സംസ്കാരിക രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ നാർക്കോട്ടിക് (ലഹരി) വീണ്ടും ചർച്ചയാവുകയാണല്ലോ..
സിനിമാ രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ ലഹരി മാഫിയകളുടെ സ്വാധീനം സൃഷ്ടിച്ച ഭീതിപ്പെടുത്തുന്ന വാർത്തകളല്ല ഇത്തവണത്തെ കൗതുക വാർത്തകൾ..
മറിച്ച് നാർക്കോട്ടിക് ജിഹാദാണ് ചർച്ച..
അതെ ജിഹാദ് എന്ന് പറഞ്ഞാൽ യുദ്ധം. നാർക്കോട്ടിക് ജിഹാദ് എന്ന് പറഞ്ഞാൽ ലഹരിക്കെതിരെയുള്ള യുദ്ധം ...
ഇങ്ങനെ നമുക്ക് മനസ്സിലാക്കിയാൽ
ഇസ്ലാമിൽ ഇങ്ങനെ ഒരു ജിഹാദ് ഉണ്ടെന്ന് വിളിച്ചു കൂവിയ അച്ഛന്മാരെയും അച്ഛായന്മാരെയും നമ്മൾ കുറ്റം പറയണ്ടിവരില്ല...
ഇസ്ലാമിന്റെ നാർകോട്ടിക് ജിഹാദ് എന്താണെന്ന് പരിശോധിക്കാം
മദ്യം, മയക്കുമരുന്ന് എന്ന സാമൂഹികതിന്മയിൽ നിന്നും മാനവരാശിയെ സംരക്ഷിക്കാൻ ഇസ്‌ലാം സമർപ്പിച്ച ആത്മാർത്ഥമായ നിർദ്ദേശങ്ങളും നടപടിക്രമങ്ങളും ലോകം അംഗീകരിച്ചിട്ടുള്ളതാണ്. അവ ക്ഷമാപൂർവം നടപ്പാക്കാൻ വ്യക്തികളും കുടുംബങ്ങളും മഹല്ലുകളും സംഘടനകളും തയ്യാറായാൽ നമ്മുടെ യുവാക്കളെയും പരിസരത്തെയും ലഹരിമുക്തമാക്കാൻ സാധിക്കുമെന്നതാണ് എക്കാലത്തും ഇസ്ലാം നൽകിക്കൊണ്ടിരിക്കുന്ന സന്ദേശം..
ഇസ്‌ലാം മദ്യം ഒരു സുപ്രഭാതത്തിൽ നിരോധിക്കുകയല്ല ചെയ്തത്, മറിച്ച് ആദ്യം അതിന്റെ ദൂഷ്യങ്ങൾ പറഞ്ഞുകൊടുക്കുകയും പിന്നീട് ആരാധനാവേളകളെപ്പോലെ പാവനമായ സന്ദർഭങ്ങളിൽ പാടില്ലെന്ന് ഉപദേശിക്കുകയും ഒടുവിൽ പൂർണ്ണമായും വിരമിക്കാൻ ആഹ്വാനം ചെയ്യുകയുമാണുണ്ടായത്.
അതുകൊണ്ടാണ് മദ്യം നിരോധിച്ചപ്പോൾ ജീവിതത്തിൽ നിന്നും മദ്യത്തെ പൂർണ്ണമായും പിഴുതെറിയാൻ പ്രവാചകാനുയായികൾക്ക് സാധിച്ചതും മദ്യം നിറച്ചുവെച്ച പീപ്പകൾ തച്ചുടച്ച് അവ മദീനയുടെ തെരുവീഥികളിൽ ഒഴുക്കിക്കളയാൻ അവർ തയ്യാറായതും. 'ഞാൻ മക്കയിൽ ഒരു കൊച്ചുകുട്ടിയായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പരലോകത്തിന്റെ ഭയാനതകൾ വിവരിക്കുന്ന ഖുർആനിക വചനങ്ങൾ അവതരിക്കപ്പെട്ടത്. അക്കാലത്ത് 'നിങ്ങൾ മദ്യം ഉപേക്ഷിക്കൂ എന്നവരോട് പറഞ്ഞിരുന്നെങ്കിൽ 'ഞങ്ങൾ മദ്യം ഉപേക്ഷിക്കില്ല' എന്നവർ മറുപടി പറയുമായിരുന്നു. 'പാപികൾക്കുള്ള നിശ്ചിത സന്ദർഭം അന്ത്യനാളാകുന്നു; അത് അത്യന്തം ആപത്കരവും കയ്‌പേറിയതുമാകുന്നു' എന്ന വചനമായിരുന്നു അക്കാലത്തെ ഉൽബോധനങ്ങൾ. അതായിരുന്നു തിന്മകളിൽ നിന്നും മാറിനിൽക്കാൻ അവരെ പ്രേരിപ്പിച്ചത്' എന്ന ആഇശ (റ) യുടെ പ്രസ്താവന തിന്മകളുടെ വിപാടനത്തിന്റെ ഇസ്‌ലാമികരീതിയെയാണ് വിശദീകരിക്കുന്നത്.
മനുഷ്യന്റെ ചിന്താശേഷിയെ നശിപ്പിച്ച് അധമരിൽ അധമനാക്കുവാനാണ് പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മദ്യം വഴിയും ലഹരി മുഖേനയും പിശാച് ശ്രമിക്കുന്നതും അതിനുവേണ്ടിയാണ്. സാംസ്‌കാരികമായി മനുഷ്യനെ എങ്ങനെ ദുഷിപ്പിക്കാൻ സാധിക്കുമെന്ന പരിശ്രമം അവൻ നേരത്തെ തുടങ്ങിയതാണ്. അതുകൊണ്ടാണ് ആദമിന്റെയും ഹവ്വയുടെയും നഗ്‌നത പുറത്തുകാണിക്കപ്പെടുന്നതിനു വേണ്ടി അവൻ ആദ്യമായി പരിശ്രമിച്ചത്. ആദമിന്റെ മക്കളിൽ പരസ്പരം അസൂയ ഉണ്ടാക്കി ആദ്യത്തെ കൊലപാതകം ഉണ്ടാക്കിയെടുത്തതും പിശാചിന്റെ പ്രവർത്തനമായിരുന്നു. പിന്നീട് മനുഷ്യജീവിതത്തിലെ വിവിധഘട്ടങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട മുഴുവൻ തിന്മകളുടെയും പിന്നിൽ പിശാച് തന്നെയായിരുന്നു. മനുഷ്യന്റെ മനസ്സിനെ തളർത്തി അവിടെ ലഹരിയുടെയും ഉന്മാദത്തിന്റെയും അവസ്ഥയിലേക്ക് മാറ്റിയെടുക്കാനാണ് അവൻ ശ്രമിക്കുന്നത്. 'മനുഷ്യ മനസ്സുകളിൽ ദുർബോധനം നടത്തി പെട്ടെന്ന് പിന്മാറി രംഗം വിടുന്നവൻ' എന്നാണ് പിശാചിനെ കുറിച്ച് ഖുർആനിന്റെ അവസാന അധ്യായത്തിൽ പറയുന്നത്. എങ്ങനെയൊക്കെ മനസ്സുകളിൽ കൂടുകെട്ടി മനുഷ്യന്റെ ഉത്കൃഷ്ടതയെ തകർക്കാൻ സാധിക്കുമോ എന്നാണ് അവൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അതിനു പിശാച് കണ്ടെത്തിയ മാർഗമാണ് ലഹരി. അതുകൊണ്ടുതന്നെയാണ് പ്രവാചകൻ (സ്വ) ലഹരിയെ തിന്മകളുടെ മാതാവ് എന്ന് വിശേഷിപ്പിച്ചത്.
വിശുദ്ധ ഖുർആൻ മദ്യം നിരോധിച്ചുകൊണ്ട് പറഞ്ഞു: 'സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം. മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും പിശാച് ഉദ്ദേശിക്കുന്നത് നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനാണ്. അതോടൊപ്പം അല്ലാഹുവെ ഓർമിക്കുന്നതിൽ നിന്നും നമസ്‌കാരത്തിൽ നിന്നും നിങ്ങളെ തടയുവാനുമാണ്. അതിനാൽ നിങ്ങൾ അവയിൽ നിന്ന് വിരമിക്കുവാനൊരുക്കമുണ്ടോ?' (5:90). കേവലം മദ്യം എന്ന പാനീയം മാത്രമല്ല, മനസ്സിനെ മയക്കിക്കിടത്തുന്ന എന്തും ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. 'എല്ലാ ലഹരിയും നിഷിദ്ധമാണ്' എന്ന പ്രവാചകവചനം അതാണ് പഠിപ്പിക്കുന്നത്. മദ്യമോ ലഹരിയോ കഴിക്കുന്നത് മാത്രമല്ല നിഷിദ്ധമാകുന്നത്. അതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നിഷിദ്ധമാണ്. പ്രവാചകൻ (സ്വ) പറഞ്ഞു: 'മദ്യത്തെയും അത് കഴിക്കുന്നവനെയും ഉണ്ടാക്കുന്നവനെയും വിൽക്കുന്നവനെയും വാങ്ങുന്നവനെയും പിഴിഞ്ഞെടുക്കുന്നവനെയും പിഴിഞ്ഞെടുക്കാൻ കൊടുക്കുന്നവനെയും അത് വഹിക്കുന്നവനെയും ആർക്കുവേണ്ടിയാണോ വഹിക്കുന്നത് അവനെയും അതിന്റെ വില കഴിക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു.' (അബൂദാവൂദ്, അഹ്മദ്). രോഗചികിത്സക്കാണെങ്കിൽ പോലും മദ്യം ഉപയോഗിക്കുന്നത് അദ്ദേഹം നിരോധിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. 'മദ്യം രോഗമാണ്. രോഗശമനിയല്ല'.
മദ്യം എന്നതിന് 'ഖംറ്' എന്ന പദമാണ് ഖുർആൻ ഉപയോഗിച്ചത്. മനുഷ്യബുദ്ധിയെ മറക്കുന്ന വസ്തു എന്നാണ് അതിന്റെ അർഥം. അതുകൊണ്ടുതന്നെ മനുഷ്യ ബുദ്ധിയെ മറക്കുന്ന ഏതൊരു ലഹരിയും ഖുർആനിന്റെ നിരോധന നിയമത്തിൽ പെടുമെന്ന കാര്യത്തിൽ സംശയമില്ല. മദ്യമാണ് നിരോധിച്ചത്; മയക്കുമരുന്നല്ല എന്ന ന്യായം പറച്ചിലുകൾ അസ്ഥാനത്താണ്. ഒരു കാര്യം നിരോധിക്കുമ്പോൾ അതിന്റെ കാരണം വ്യക്തമാണെങ്കിൽ അതേ കാരണങ്ങളുള്ള എല്ലാം നിഷിദ്ധമാകുമെന്ന കാര്യത്തിൽ കൂടുതൽ ആലോചിക്കേണ്ടതില്ല. അബൂമൂസ (റ) പറയുന്നു: മുആദ് ബ്‌നു ജബലിനെ പ്രവാചകൻ യമനിലേക്ക് പറഞ്ഞയച്ചപ്പോൾ ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരെ, ഞങ്ങളുടെ നാട്ടിൽ (അബൂമൂസ യെമനിൽ ജനിച്ച വ്യക്തിയായിരുന്നു) ബാർലിയിൽ നിന്നുണ്ടാക്കുന്ന അൽമിസ്‌റ് എന്നപേരിലും തേനിൽ നിന്നുണ്ടാക്കുന്ന അൽബിത്അ് എന്നപേരിലും രണ്ടു പാനീയങ്ങളുണ്ട്. അവ കുടിക്കാമോ? പ്രവാചകൻ പറഞ്ഞു: 'ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ്'. (ബുഖാരി, മുസ്‌ലിം). 'കുല്ലു മുസ്‌കിരിൻ ഹറാമുൻ' എന്ന ഈ പ്രവാചകവചനം വളരെ പ്രസിദ്ധമാണ്. ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുള്ള ഹദീസിൽ ഇങ്ങനെ കാണാം: 'എല്ലാ ലഹരിയും ഖംറ് ആണ്. എല്ലാ ലഹരിയും നിഷിദ്ധമാണ്.'
ഉപദ്രവം വരുത്തുന്ന എന്തും ഇസ്‌ലാമിക വീക്ഷണത്തിൽ കുറ്റകരമാണ്. 'ലാ ളററ വലാ ളിറാറ' എന്ന പ്രവാചകവചനം പ്രസിദ്ധമാണ്. സ്വന്തത്തിനോ അപരർക്കോ ദ്രോഹം ചെയ്യുന്നവനല്ല വിശ്വാസി എന്നതാണതിന്റെ ആശയം. ലഹരി സ്വന്തം നിലക്ക് ഉപദ്രവം വരുത്തുന്നു. ബുദ്ധി, ആരോഗ്യം, മനസ്, നാഡിവ്യവസ്ഥ, ദഹനവ്യവസ്ഥ എന്നിവയെയെല്ലാം നശിപ്പിക്കുകയും സ്വന്തം അന്തസും മാന്യതയും നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ് ലഹരി ഉപയോഗത്തിലൂടെ ഒരു മനുഷ്യൻ ചെയ്യുന്നത്. കൂടാതെ കുടുംബപ്രശ്‌നങ്ങൾ, മാതാപിതാക്കളും ഭാര്യാ മക്കളും അനുഭവിക്കുന്ന വിഷമതകൾ, വിവാഹമോചനങ്ങൾ, ജനിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന അംഗവൈകല്യങ്ങൾ, അക്രമപ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ കുടുംബപരവും സാമൂഹികവുമായ പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.
Post a Comment