എന്താണ് ശഅ്ബാൻ മാസത്തിന്റെ പ്രത്യേകത? - സയ്യിദ് മുഹമ്മദ് ബിൻ അലവി മാലിക്കി - ഭാഗം 1
വിവർത്തനം: അബൂ ത്വാഹിർ ഫൈസി മാനന്തവാടി
ആമുഖം
സർവ്വ സ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിന്. അല്ലാഹുവിൻറെ ഗുണവും രക്ഷയും അമ്പിയാക്കളിൽ ശ്രേഷ്ഠരായ നമ്മുടെ നേതാവ് മുഹമ്മദ് നബി(സ) തങ്ങളിലും അവിടത്തെ കുടുംബത്തിലും അനുയായികളിലും സദാ വർഷിക്കട്ടെ..തീർച്ചയായും ശഅ്ബാൻ ശ്രേഷ്ഠമായ മാസങ്ങളിലും മഹത്തായ ഋതുക്കളിലും സ്ഥാനം പിടിച്ച മാസമാണ്.
അതിലെ ബറക്കത്തുകൾ പ്രസിദ്ധമാണ്.
അതിലെ നന്മകൾ സമൃദ്ധവുമാണ്.
അതിൽ പശ്ചാതപിക്കുന്നത് ഏറ്റവും വലിയ സമ്പത്താണ്. അതിൽ സൽകർമ്മങ്ങൾ ചെയ്യുന്നത് ഏറ്റവും വലിയ ലാഭകരമായ കച്ചവടമാണ്.
ഈ മാസത്തെ അല്ലാഹു കാലത്തിൻറെ ഗതിയായി നിർണയിച്ചിരിക്കുന്നു.
ഈ മാസത്തിൽ അല്ലാഹുവിനോട് പശ്ചാതപിച്ചു മടങ്ങുന്നവർക്ക് സുരക്ഷിതത്വം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.
ഈ മാസത്തിൽ കഠിനാധ്വാനം ചെയ്യുന്നവർ പരിശുദ്ധ റമദാനിൽ വിജയം വരിക്കും.
ഈ മാസത്തിന് ശഅ്ബാൻ എന്ന് പേര് വന്നതിന്റെ കാരണം അതിൽ നിന്നും നന്മയുടെ ധാരാളം ശാഖകൾ ഉൽഭവിക്കുന്നു എന്നത് കൊണ്ടാണ്.
‘ശിഅബ്’ എന്ന ധാതുവിൽ നിന്ന് നിഷ്പന്നമായതാണ് എന്ന അഭിപ്രായവും ഉണ്ട്. അപ്പോൾ പർവ്വതത്തിലെ വഴി എന്നാണ് അർത്ഥം. അഥവാ നന്മയുടെ വഴി.
‘ശഅബ്’ എന്ന പദത്തിൽ നിന്ന് വന്നതാണെന്നും പറയപ്പെടുന്നു.
അങ്ങനെയാകുമ്പോൾ പരിഹരിക്കുക എന്നാണ് അർത്ഥം. അതായത് ഹൃദയത്തെ തിന്മകളിൽ നിന്നും പരിഹരിക്കുന്നു എന്ന് സാരം. ഇങ്ങനെ പല വ്യാഖ്യാനങ്ങളും ഉണ്ട്.
ശഅബാനിനെ കുറിച്ചും ആ മാസത്തിന്റെ പ്രത്യേകത എന്താണ്, എന്തുകൊണ്ട് ആ മാസം ആഗതമാകുമ്പോൾ വിശ്വാസികൾ സന്തോഷിക്കുന്നു, എന്തുകൊണ്ട് ഈ മാസം പുണ്യ നബി തങ്ങളുടെ റൗള ശരീഫ് സിയാറത്ത് ചെയ്തും ഉംറ ചെയ്തും നിസ്കരിച്ചും ത്വവാഫ് ചെയ്തും അവർ വിശുദ്ധ കഅ്ബയെ സജീവമാക്കുന്നു.? പശ്ചാത്താപം, ആരാധന, അനുസരണം, തുടങ്ങി മുഴുവൻ സൽകർമ്മങ്ങളിലൂടെയെല്ലാം തീക്ഷണമായി അല്ലാഹുവിലേക്ക് അവർ മുന്നിടുന്നു. എന്നതിനെക്കുറിച്ചെല്ലാം വിവരിക്കുന്ന ഞാൻ എഴുതിയ ഒരു ചെറു കൃതിയാണിത്.
അടിസ്ഥാന വിഷയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സുപ്രധാനമായ ഒരു ആമുഖം ആവശ്യമാണ്.
അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞ് തുടങ്ങുകയാണ്. തൗഫീഖ് നൽകുന്നവൻ അല്ലാഹു മാത്രമാണ്.
പണ്ഡിതന്മാരുടെ സ്ഥാപിത നിയമങ്ങളിലൊന്നാണ്, കാലത്തിന് ധാർമ്മിക മൂല്യം ലഭിക്കുന്നത് ആ കാലഘട്ടത്തിൽ സംഭവിക്കുന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. അത് ആ സമയത്തിന്റെ അല്ലെങ്കിൽ കാലത്തിൻറെ മൂല്യം വർധിക്കാൻ കാരണമാകുന്നു. അതിനാൽ ഒരു കാലത്ത് സംഭവിച്ച സംഭവവികാസങ്ങൾ എത്ര ശക്തമാകുന്നു അതിനനുസരിച്ച് ആവർത്തിച്ചുവരുന്ന ആ കാലം പ്രത്യേകതയും ശ്രേഷ്ഠതയും നിറഞ്ഞതാകും.
ഇതിൽ നിന്ന് വ്യക്തമായി മനസ്സിലാകുന്ന ഒരു കാര്യം: ഈ അധ്യായം കൊണ്ട് ലക്ഷ്യമിടുന്നത് ജനങ്ങളെ ചരിത്രവുമായി ബന്ധിപ്പിക്കുക എന്നതാണ്. ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള ഇസ്ലാമിക സംഭവ വികാസനങ്ങളുമായുള്ള അവരുടെ അറിവിൻറെ ആഴം വർദ്ധിപ്പിക്കുക എന്നതുമാണ്.
ഒരാളുടെ ജന്മദിനം ആഘോഷിക്കുക, ഒരു പ്രത്യേക മാസം ആഘോഷമാക്കുക, ഒരു പ്രത്യേക ദിവസം അനുസ്മരിക്കുക ഇതുകൊണ്ടൊക്കെ ഉദ്ദേശിക്കുന്നത് ആ ദിവസത്തെയും കാലത്തെയും മാസത്തെയും അല്ലാഹുവിനെ ബഹുമാനിക്കുന്നത് പോലെ മഹത്വപ്പെടുത്തുക എന്നല്ല. മറിച്ച് കാലങ്ങളെയും ദിവസങ്ങളെയും വ്യക്തികളെയും ഒക്കെ സൃഷ്ടിച്ച അല്ലാഹുവിനെ മഹത്വപ്പെടുത്തുക എന്നതാണ്. ഇതിൽ എന്താണ് തെറ്റുള്ളത്.? മറിച്ച് വാദിക്കുന്നവരുടെ പ്രവർത്തനം ബിദ്അത്തും പൂർണ്ണ വിഡ്ഢിത്തവും ആണ്.
തുടരും
Post a Comment