മരണത്തിനും സൗന്ദര്യമുണ്ടെന്ന് ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞ നിമിഷം - ലയ്യിന വഫിയ്യ അമ്പലക്കടവ്

ലയ്യിന അമ്പലക്കടവ് (അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിന്റെ മകൾ) എഴുതുന്നു..

അല്ലാഹുവിന്റെ പറുദീസ, സർവ്വ ചമൽക്കാരങ്ങളോടും കൂടി അണിഞ്ഞൊരുങ്ങി തന്റെ ഗാംഭീര്യമത്രയും പ്രോജ്ജ്വലിപ്പിച്ചു കൊണ്ട് സ്വർഗ്ഗീയ കവാടങ്ങൾ മലർക്കെ തുറന്നിട്ട ദിനങ്ങൾ ..

സൗരഭ്യത്തിന്റെ നനുത്ത സ്പർശമുള്ള സ്വർഗ്ഗീയ മാരുതൻ റയ്യാനിന്റെ കവാടങ്ങളെ തഴുകിത്തലോടി പുളകം കൊള്ളുന്ന നിമിഷങ്ങൾ ..

വിശുദ്ധ റമളാനിന്റെ പ്രൗഢമായ ഇങ്ങനെയൊരു പകലാണ് അല്ലാഹു തന്റെ ദാസനെ സ്വീകരിക്കാനായി തെരഞ്ഞെടുത്തത്.

അതും ദുനിയാവ് തന്നെയും കുളിരണിയുന്ന വിശ്വാസിയുടെ പുണ്യദിനമായ വെള്ളിയാഴ്ച്ച ദിവസം.

ما شاء الله
സൃഷ്ടാവിന്റെ മുമ്പിൽ സ്വയം സമർപ്പിതരായ അടിയാറുകൾക്ക് അവൻ നൽകുന്ന സ്വീകരണം എത്ര മനോഹരമാണ് ...

പണ്ഡിതനെന്ന നാമത്തിന് അനശ്വരത പകർന്നു നൽകിയ, തെളിഞ്ഞ ഹൃദയമുള്ള സ്വൂഫീവര്യനായിരുന്നു പ്രിയ വാപ്പ.

വിദൂര നാടുകളിലുള്ള ദീർഘകാലത്തെ ദീനീ സേവനത്തിനു ശേഷം വീട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന അവസാനത്തെ കുറച്ചു വർഷങ്ങൾ, വാപ്പയെന്ന മാന്യദേഹത്തെ വളരെ അടുത്ത് മനസ്സിലാക്കാനും കൂടുതലിടപഴകാനും ഞങ്ങൾക്ക് ലഭിച്ച ഒരവസരമായിരുന്നു.

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെ യും അക്ഷരത്തെറ്റില്ലാത്ത പ്രതീകമായ വാപ്പ ഞങ്ങളുടെ തണലും അഭയ കേന്ദ്രവും കൂടിയായിരുന്നു.

വശ്യമായ ആ പുഞ്ചിരിയോടെ, പ്രകാശിക്കുന്ന വാക്കുകളോടെയല്ലാതെ പ്രിയ പിതാവിനെ കണ്ടിട്ടില്ല.
കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ മുതൽ കൊച്ചു കുട്ടികൾ വരെ അകമഴിഞ്ഞു സ്നേഹിക്കുന്ന വാപ്പ കൂടെയില്ലാത്ത ഓരോ നിമിഷവും നികത്താനാവാത്ത ദുഃഖം സമ്മാനിച്ചാണ് കടന്നുപോകുന്നത്.

ശരീഅത്തിന്റെ നിയമങ്ങളിൽ ലവലേശം ചാഞ്ചാട്ടമില്ലാതെ മുഴുസമയം ഇബാദത്തിനായി ഉഴിഞ്ഞു വെച്ച ആ ജീവിതം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കുറച്ച് ആഴ്ച്ചകൾക്ക് മുമ്പ് സോഡിയം കുറഞ്ഞ് ആശുപത്രിയിൽ വളരെ ക്ഷീണിതനായി കിടക്കുമ്പോഴും, ഓരോ വഖ്തും റവാതിബുകളും മറ്റു സുന്നത്തുകളും പരിപൂർണ്ണ വുളൂഇലായിത്തന്നെ ചെയ്യാൻ അതിയായി ഉത്സാഹം കാണിച്ച വാപ്പ, ഈ അവസാന നോമ്പുകൾ കൂടി എടുത്തു വരികയായിരുന്നു.

മനക്കരുത്ത് കൊണ്ട് പ്രായത്തിന്റെ ചാപല്യങ്ങളെ വകഞ്ഞു മാറ്റി അല്ലാഹുവിനോടുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനുള്ള വ്യഗ്രതയായിരുന്നു അവസാന നിമിഷം വരെയും വാപ്പ കാണിച്ചത്.

വി ഖുർആൻ പാരായണം ചെയ്തിരിക്കുന്നതിലും കേൾക്കുന്നതിലും പ്രത്യേക സുഖവും അനുഭൂതിയും കണ്ടെത്തുന്നവരായിരുന്നു പ്രിയവാപ്പ .

വീട്ടിൽ താമസിച്ചിരുന്ന കാലത്ത് മദ്രസയിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന അനിയത്തി മഗ്‌രിബിനു ശേഷം ഉച്ചത്തിൽ ഖുർആൻ ഓതുന്നത് കേട്ടിരിക്കുമായിരുന്നു വാപ്പ .

കുട്ടികളുടെ കലപില കാരണം വാപ്പയ്ക്ക് ബുദ്ധിമുട്ടാവുമോ എന്നു കരുതി റൂമിന്റെ ഡോർ മഗ്രിബിന് ശേഷം അടച്ചിടാറായിരുന്നു പതിവ്.
എന്നാൽ അവിടേക്ക് ചെന്ന ഉമ്മയോട് ഇനി വാതിൽ അടക്കേണ്ട, അവളുടെ ഓത്ത് കേൾക്കാൻ എനിക്കിഷ്ടമാണ് എന്ന് പറഞ്ഞു. 

പിന്നീട് , അവളോതുന്ന സമയമത്രയും ദിക്റുകൾനിർത്തി, അത് കേട്ടിരിക്കുകയും ശേഷം വാസല്യപൂർവ്വം അവളെ വിളിച്ച് ആയതുമായി ബന്ധപ്പെട്ട ചിലതെല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്യുമായിരുന്നു.

മറ്റൊരിക്കൽ വാപ്പയുടെ ഖുർആൻ വെച്ചു കൊടുക്കാനായി അവിടെയുണ്ടായിരുന്ന ചെറിയ ഉറുമ്പുകളെ ഉമ്മ പതുക്കെയൊന്ന് തട്ടിക്കളഞ്ഞതും ഉടനെ 'ഏയ് വേണ്ട, അവ തന്നെ പൊയ്ക്കോളും, അതല്ലെങ്കിൽ ഒന്ന് പതുക്കെ ഊതിയാൽ മതി ' എന്ന് വാപ്പ പറഞ്ഞതും ഓർത്തു പോവുകയാണ്.

 കോളേജിലേക്കിറങ്ങുമ്പോൾ മുതൽ ചെറുതും വലുതുമായ എന്തു കാര്യം ചെയ്യുമ്പോഴും ആ സാമീപ്യം ചെന്ന് ദുആ ചെയ്യിപ്പിച്ചായിരുന്നു ഞങ്ങളുടെയെല്ലാം തുടക്കം.
അതിനു ലഭിക്കുന്ന ബറകത്ത് അനുഭവിച്ചറിയാനും കഴിയുമായിരുന്നു.

ഏറ്റവുമൊടുവിൽ, ഉപ്പ ദുബൈയിലേക്കിറങ്ങുമ്പോൾ നോമ്പിന്റെ ക്ഷീണം കൂടിയുള്ളതിനാൽ കിടന്നുകൊണ്ടു തന്നെ ഒരുപാടു നേരം ദുആ ചെയ്തായിരുന്നു യാത്രയയച്ചത്.

ഇനിയുമിനിയും ഒരു നോക്ക് കാണാനും അടുത്തു ചെന്ന് സ്വല്പ നേരം മിണ്ടിപ്പറഞ്ഞിരിക്കാനും പ്രിയവാപ്പയില്ലെന്നോർക്കുമ്പോൾ അറിയാതെ തേങ്ങിപ്പോവുകയാണ് ..

(الا ان اولياء الله لا خوف عليهم ولا هم يحزنون)
 " അറിയുക : നിശ്ചയം അല്ലാഹുവിനോടുത്ത ആളുകൾക്ക് യാതൊരു ഭയമോ ദുഃഖമോ വേണ്ട  തന്നെ"
 
തപിക്കുന്ന ഈ മനസ്സകങ്ങൾക്ക് ശാന്തിയും സമാധാനവും നൽകണേ അല്ലാഹ്..

പവിത്രമായ ഈ മാസം വിശ്വാസികളുടെ സാമീപ്യവും കൊതിച്ച് സർവ്വാഢംബര വിഭൂഷിതയായി  കാത്തിരിക്കുന്ന സ്വർഗ്ഗീയാരാമങ്ങൾ ഒരു പക്ഷേ ആനന്ദ ലഹരിയിലായിരിക്കണം .

അല്ലാഹുവിന്റെ അടിമകളെ അതിഥികളാക്കാൻ വെമ്പൽ കൊണ്ട് കണ്ണും നട്ടിരിക്കുന്ന സ്വർഗ്ഗീയാപ്സരസ്സുകളും പുതിയ അതിഥിക്കായി സ്വാഗത ഗീതങ്ങളാലപിച്ചിട്ടുണ്ടാകണം .. ഹൃദയം നിറഞ്ഞ് ചിരിച്ചിട്ടുണ്ടാകണം ..

യാ അല്ലാഹ് ..നിന്റെ ദാസന് നീയൊരുക്കുന്ന വിരുന്ന് അതിഗംഭീരമായിരിക്കുമെന്ന് പ്രത്യാശിക്കുന്നു. 
നിന്റെ മഹത്തായ കാരുണ്യം കൊണ്ട് നാളെ ഞങ്ങളെയും പ്രിയ ഉമ്മ ബാപ്പമാരുടെ കൂടെ നീയൊരുക്കിവെച്ച സ്വർഗ്ഗപ്പൂന്തോപ്പിൽ ഒരുമിപ്പിക്കണേ ..
നിന്റെ ദീനിന്റെ നിസ്വാർത്ഥ സേവകനായി മറ്റൊരു പകരക്കാരനെ ഞങ്ങൾക്ക് നൽകുകയും ചെയ്യണേ ..


Click here ⤵️