ഉപ്പയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് റംല ടീച്ചർ അമ്പലക്കടവ് എഴുതുന്നു...


പ്രിയ പിതാവിൻ്റെ മരണ വാർത്തയിഞ്ഞ് സമാശ്വാസം പകർന്നു എന്നെ ബന്ധപ്പെട്ട എല്ലാവർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. 
         വാപ്പായുടെ മരണം എനിക്കു താങ്ങാനാവാത്ത നഷ്ടമാണെങ്കിലും വാപ്പായുടെ അവസാന നിമിഷങ്ങൾക്ക് ദൃക്സാക്ഷിയായ ഞാൻ ഒന്നോർക്കുമ്പോൾ സന്തോഷവതിയാണ്.
       96 വയസ്സുണ്ടെങ്കിലും വാപ്പ ആരോഗ്യവാനായിരുന്നു. ഈയിടെയായി സോഡിയം കുറയുന്ന ചെറിയ പ്രശ്നമുണ്ടായിരുന്നു.നോമ്പ് എട്ടിന് ളുഹാ നിസ്കാരം കഴിഞ്ഞ് എണീക്കുമ്പോൾ വാപ്പ യൊന്നു വീണു. ഉടനെ പെരിന്തൽമണ്ണ മാലാനയിലെത്തിച്ചു.തുടയെല്ലിന് പൊട്ടുണ്ടെന്നും സർജറി വേണമെന്നും ഡോക്ടർ പറഞ്ഞു.
         പ്രായമുള്ള വാപ്പയുടെ ബോഡി ഓപ്പറേഷന് സെറ്റാണൊയെന്ന് പല പരിശോധനകളും നടത്തണമായിരുന്നു . പിറ്റേ ദിവസം എല്ലാ ചെക്കപ്പും കഴിഞ്ഞു.ഈ പ്രായത്തിലും വാപ്പ ഒരു സർജറിക്ക് പൂർണ്ണമായും ok യാണെന്ന് എല്ലാ വിഭാഗം ഡോക്ടേഴ്സും വിധിച്ചു. പിറ്റേ ദിവസം വ്യാഴം 2 മണിക്ക് ഒപ്പറേഷൻ വിജയകരമായി നടന്നു.
            രാത്രി 8 നു തന്നെ റൂമിൽ കൊണ്ടുവന്നു. ഞാനും രണ്ടാമത്തെ സഹോദരൻ ജലീലുമാണ് കൂടെയുണ്ടായിരുന്നത്.വാപ്പ അടുത്തൊന്നുമില്ലാത്ത വിധം സന്തോഷവാനായി ഞങ്ങൾക്കു തോന്നി .. മുഖം കൂടുതൽ പ്രസന്നത .. വല്ലാത്ത ഒരു സന്തോഷം നിറഞ്ഞ സംസാരം .. ബെഡിൽ കൊണ്ടു വന്നു കിടത്തിയപ്പോൾ ഇന്നു വെള്ളിയാഴ്ചയാണായെന്ന് ചോദിച്ചു 
     അല്ല വാപ്പാ വെള്ളി നാളെയാണ് ഇന്നു വെള്ളിയാഴ്ച രാവാണെന്ന് ആങ്ങള പറഞ്ഞപ്പോ നല്ല ചിരി ചിരിച്ചു കൊണ്ടു വാപ്പ പറഞ്ഞു : നാളെ വെള്ളിയാണല്ലേ .
       വെള്ളിയാഴ്ച സന്തോഷമുള്ളത് എന്തോ സംഭവിക്കാൻ പോകുന്ന ചിരിയായിരുന്നു മുഖത്ത് .. 
      വാപ്പാക്ക് ശിഷ്യൻമാർ ഭയങ്കര കാര്യമാണ് . അവർക്ക് ഉസ്താദിനെയും അങ്ങനെ തന്നെ .. അവരിൽ ഇപ്പോളും വാപ്പയുടെ എല്ലാ കാര്യങ്ങളും ചെയതു കൊടുക്കുന്ന രണ്ട് പേരെയും വാപ്പ നേരിട്ടു വിളിച്ചു ഫോണിൽ സംസാരിച്ചു. വലിയ ജേഷ്ടത്തിയെ വിളിച്ചു. പലരോടും ഫോണിൽ ഇതുവരെയില്ലാത്ത വിധം സന്തോഷത്തോടെ സംസാരിക്കായിരുന്നു .
      ലൈറ്റായി എന്തെങ്കിലും കൊടുക്കാൻ ഡോക്ടർ പറഞ്ഞിരുന്നു. ഒരു ബണ്ണും രണ്ട് ഗ്ലാസ് ചായയും കൊടുത്തു. എനിക്കല്ലാഹു തന്ന വലിയ ഭാഗ്യമായിരുന്നു അത്. വാപ്പയുടെ ജീവിതത്തിലെ അവസാന രാത്രി വാപ്പയുടെ ശുശ്രൂഷകൾ ചെയ്തു , കലിമതു തൗഹീദു ചൊല്ലി കൊടുത്തു മറ്റു പരിപാലനങ്ങൾ ചെയ്തു കൊടുക്കാൻ പറ്റിയത്. ജേഷടത്തികളെ പോലെ ഉമ്മക്കും വാപ്പക്കും വാർദ്ധക്യ കാലത്ത് വേണ്ട പോലെ സേവനം ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. കാരണം നീണ്ട ഒമ്പതു വർഷ കാലഘട്ടങ്ങൾ വഫിയ്യ കോളേജ് സേവനത്തിൽ കഴിഞ്ഞു പോയി. മാസങ്ങൾ കൂടുമ്പോ ഒന്നോ രണ്ടോ ദിവസമേ നാട്ടിൽ വരാൻ പറ്റാറുള്ളൂ ..ഇന്നും ആ ഖേദങ്ങൾ എൻ്റെ മനസ്സിനെ കുത്തി നോവിക്കാറുണ്ട്.
            നീറ്റുന്ന മനസ്സിന് രണ്ടാം നഷ്ടവും ഏൽപ്പിക്കാതിരിക്കാനാവും എനിക്കു തന്നെ ഈ ഭാഗ്യം തന്നത്.الحمد لله
           നേരിയ ഒരു വേദനയോ അസ്വസ്ഥതയോ ഇല്ലാത്ത ഞങ്ങളുടെ വാപ്പ കുറെ സംസാരിച്ചു അന്നു. മൗലാനയുടെ അടുത്ത ടൗൺ പള്ളിയിലെ ഖതീബായ ചെറിയ ആങ്ങള പള്ളിയിൽ പോയി കുറച്ച് രാഗി പാലിൽ തിളപ്പിച്ചു കൊണ്ടുവന്നു. അതും വാപ്പ അത്യാവശ്യം കുടിച്ചു.
         എണീപ്പിച്ചിരുത്താൻ പറ്റാത്ത വാപ്പയ്ക്ക് കിടത്തി രാഗിയും ചായയും കൊടുക്കുമ്പോൾ എനിക്കു പേടിയായിരുന്നു. പക്ഷെ വാപ്പയുടെ ആത്മവിശ്വാസം എനിക്കും ധൈര്യം തന്നു.മരണ വേദനയിലും ഓരോ തവണയും ഉറക്കെ ബിസ്മി ചൊല്ലാൻ ബാപ്പ മറന്നില്ല.
        രാത്രി 12 നോടു അടുക്കുമ്പോഴാണ് വാപ്പക്ക് നേരിയ കഫത്തിൻ്റെ പ്രശ്നം തോന്നുന്നത് .. അപ്പൊ തുടങ്ങി ബാപ്പ ഉറക്കെ ഖുർആൻ പാരായണം ചെയ്യാൻ ..കൂടെ ഖുർആനിലും ഹദീസിലും വന്ന ദുആകളും .. പിന്നീട് ക്രമേണ നേരിയ ശ്വാസതടസ്സവും .. അതു കൂടാൻ തുടങ്ങി .. അപ്പോഴും ഖുർആനും ദുആകളും മുറിയാതെ ഒഴുകുന്നു...
      നഴ്സിനെ വിളിക്കട്ടെയെന്ന് ചോദിക്കുമ്പോ വാപ്പ സമ്മതിക്കുന്നുണ്ടായിരുന്നില്ല. രോഗമല്ലേ നമ്മൾ കുറച്ചൊക്കെ സഹിക്കണ്ടേ ഇതായിരുന്നു മറുപടി.
     നഖം മുറിക്കാനായിരിക്കുന്നല്ലൊ ബാപ്പാ എന്നു പറഞ്ഞപ്പോ നാളെ വെള്ളിയല്ലേ നാളെ മുറിക്കാമെന്നു പറഞ്ഞു. പിന്നീട് വേദനക്കിടയിൽ എപ്പോഴോ ആരോടൊ എന്നല്ലാതെ ബപ്പ പറഞ്ഞു നാളെ വെള്ളിയല്ലേ ഒക്കെ നാളെ മുറിക്കാം .. നഖമാണൊ വാപ്പാ എന്നു ചോദിച്ചപ്പോ .ഉം എല്ലാം .. എന്നു പറഞ്ഞു.. ഒരിക്കൽ പോലും വാപ്പയുടെ മരണം പ്രതീക്ഷിക്കാത്ത ഞങ്ങൾ അതിൻ്റെ ഉള്ളർത്ഥം ഓർത്തില്ല.
     നല്ല ബുദ്ധിമുട്ടു തോന്നിയപ്പൊ ഞങ്ങൾ അവരെ ബാപ്പയുടെ സമ്മതത്തോടെ വിളിച്ചു.  ഉടനെ അവർ ആവി പിടിപ്പിച്ചു. തിങ്ങൽ വല്ലാതെ കൂടുന്നു. ടെസ്റ്റ് ചെയ്തപ്പോൾ ഓക്സിജൻ കുറഞ്ഞു വരുന്നതായി കണ്ടു. ഉടനെ ഓക്സിജൻ കൊടുത്തു. ഓക്സിജൻ മാസ്കിൻ്റെ ഉള്ളിലൂടെയും ദിക്റുകളുടേയും ദുആകളുടേയും ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.
         പത്ത് മിനിട്ടേ അതിനു ബാപ്പ സമ്മതിച്ചൊള്ളു .. പിന്നീട് അത് തട്ടുകയായിരുന്നു.( ഇനി അതൊന്നും വേണ്ടയെന്ന ഉറപ്പിച്ച പോലെ ) അതു വരെ ബാപ്പ ഞങ്ങളോടു സംസാരിച്ചിരുന്നു.പിന്നെ കണ്ണടച്ചു ഖുർആൻ പാരായണം തുടങ്ങി .. ചിലതെല്ലാം വ്യക്തതയില്ലാതെ ആയി തുടങ്ങിയിരുന്നു. 12.30 ഒക്കെ ആകുമ്പോൾ ബാപ്പാക്ക് വേദന തുടങ്ങി.. നല്ല കരച്ചിലായിരുന്നു , പക്ഷെ ഓത്തും ദുആകളുമായിരുന്നു കരച്ചിൽ , വാപ്പയുടെ വേദന കണ്ടു ഞങ്ങൾ കരഞ്ഞു .. ഞങ്ങൾക്കതു ഏറ്റെടുക്കാൻ പറ്റുമെങ്കിൽ ഞങ്ങൾ ഏറ്റെടുക്കുമായിരുന്നു.
      12 മണി മുതൽ അസ്മാഉൽ ഹുസ്നയും ഖുർആനും ഓതി ബാപ്പയെ ഞാൻ മന്ത്രിക്കുകയാണ്... ഉഴിഞ്ഞു കൊടുക്കൽ വാപ്പാൻ്റെ വേദനക്ക് ഫലം ചെയ്യൂല എന്നറിയാമായിരുന്നിട്ടും നിർത്താതെ വാപ്പായുടെ ശരീരമാസകലം ഞാൻ തൊട്ടുഴിഞ്ഞു കൊടുത്തു കൊണ്ടിരുന്നു.
         തരിപ്പ് വിട്ടതു കൊണ്ടു സർജറി ചെയ്ത യിടത്താണ് വേദനയെന്നാണ് ഡോക്ടർ പറഞ്ഞത്. ചുരുങ്ങിയ മണിക്കൂറുകൾക്കിടയിൽ മൂന്നു ബോട്ടിൽ പെയ്ൻ കില്ലർ കേറ്റി ..പക്ഷെ വേദന കൂടുകയല്ലാതെ കുറയുന്നില്ല. ഡോക്ടറോടു വ്യക്തിപരമായി ആങ്ങളക്കു ബന്ധമുള്ളതു കൊണ്ടു ഡോക്ടർ ബന്ധപ്പെട്ടു കൊണ്ടേയിരിക്കുന്നുണ്ട്. 12 മണിക്കൂർ എന്നായാലും നല്ല വേദനയുണ്ടാകും .. ഇതിലേറെ ഡോസ് വരുന്നു വാപ്പാക് കൊടുക്കാൻ പറ്റില്ലയെന്നും ഡോക്ടർ പറഞ്ഞു.
             ( ഞങ്ങൾ ആ 12 മണിക്കൂർ കാത്തിരിക്കായിരുന്നു.പക്ഷെ ... )
      ഇടക്ക് വേദനക്കുള്ള ഗുളികയും കൊടുത്തു.കടുത്ത വേദനയിൽ  പുളയുമ്പോ ഞാൻ ചോദിച്ചു ബാപ്പാ നിങ്ങൾക്കു വേദനിക്കാണൊ അതെയെന്ന് തലയാട്ടി .. വേദന മാറാനുള്ള ഇൻജക്ഷൻ്റെ മരുന്ന് കേറ്റിയിട്ടുണ്ട് ട്ടോ ഇപ്പോ മാറുമെന്ന് ഞാൻ പറഞ്ഞപ്പോ പിടഞ്ഞു വേദനിക്കുന്ന ബാപ്പ നല്ലോണമെന്ന് ചിരിച്ചു .. ( നിനക്കൊന്നും മനസ്സിലായിട്ടില്ല യെന്ന മട്ടിൽ).
          സമയം അഞ്ചു മണി : സിസ്റ്റർ നാലു ഗുളിക കൊണ്ടുവന്നു. എന്തെങ്കിലും കൊടുത്തിട്ടു കൊടുക്കണമെന്നും പറഞ്ഞു. ബാപ്പയോടു ഇതു പറഞ്ഞു കുറച്ചു രാഗി കൊടുത്തു വായ വേണ്ടപോലെ തുറക്കുന്നില്ല.....ഒരു ഒന്നര സ്പൂൺ കൊടുത്തു .. ഇറക്കാൻ പ്രയാസമുണ്ടെന്ന് എനിക്ക് തോന്നി. അതു കുഴമ്പിയ രൂപത്തിലല്ലേ എന്നാൽ ചൂടുവെള്ളവും ബണ്ണും കൊടുക്കാമെന്ന് വെച്ചു. രണ്ടു പേർ വേണമല്ലോ ആങ്ങളയോടു നീ നിസ്കരിച്ചു വാ ആദ്യം എന്ന് പറഞ്ഞു പറഞ്ഞയച്ചു. അവൻ നിസ്കരിക്കുമ്പോ 5 . 17 .. രാഗി നിർത്തിയപ്പോൾ വാപ്പ ഗുളിക ചോദിച്ചു.( 11.30 ക്കു തുടങ്ങിയ പാരായണവും ദുആയും ഒരു സെക്കൻ്റു പോലും മുറിഞ്ഞിട്ടില്ല ) يا عفو اعف ഇതു തന്നെയായിരുന്നു അവസാന പ്രാർത്ഥനകൾ .. 
       ( എൻ്റെ ചെറുപ്പത്തിലേ ആബിദായ ഒരു പിതാവിനെയാണ് ഞാൻ കണ്ടിട്ടുള്ളത് .. അന്നു ദൂരെ പള്ളികളിൽ ജോലി ചെയ്യുന്ന ബാപ്പ മാസങ്ങൾ കൂടുമ്പോഴാണ് നാട്ടിൽ വരിക .വന്നാൽ ബാപ്പയുടെ ഖുർആൻ പാരായണം ഏതു സമയത്തും വീട്ടിലുണ്ടാകും .. നൻമയുടെ കാര്യത്തിൽ കർക്കശ നിലപാടായിരുന്നു വാപ്പാക്ക് .. ഞാൻ മൂന്നിൽ  പഠിക്കുന്നകാലം. ഖുർആൻ ഓതുമ്പോ أرحام الأنثيين എന്നത് എനിക്ക് തെറ്റി .. അത് ബാപ്പ തിരുത്തി തന്നു. എത്ര ആയാലും എനിക്ക് ശരിയാവുന്നില്ല. അവസാനം ബാപ്പ കുറച്ചു ഒച്ചയോടെ ഓതി തരാൻ തുടങ്ങി .. ഞാൻ കരയാൻ തുടങ്ങി .. കണ്ണീരുകൊണ്ട് ആയത് കൂടുതൽ തെറ്റാൻ തുടങ്ങി .. മണിക്കൂറുകളോളം എടുത്തു വാപ്പ അതു നന്നാക്കി തന്നു. ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന ബാപ്പയുടെ മുമ്പിൽ ഖുർആൻ ഓതി മന്ത്രിക്കാൻ എനിക്ക് പേടിയുണ്ടായിരുന്നു. കാരണം തെറ്റുകൾ എവിടെയായാലും ആരായാലും അപ്പൊ തിരുത്തുന്ന സ്വഭാവമായിരുന്നു. .)
          ബാപ്പാ വല്ലതും കുടിക്കണം ഗുളിക കഴിക്കാൻ , ഞാൻ വേഗം നിസ്കരിച്ചു വരാമെന്നും പറഞ്ഞു ഞാൻ നിസ്ക്കരിക്കാൻ നിന്നു.(  വാപ്പാക്ക് അതു കൊടുക്കുമ്പോഴേക്ക് സുബ്ഹി ഖളാ ആകുമായിരുന്നു.) ഫർളു മാത്രം ധൃതിയിൽ എടുത്ത് ഞാൻ അവസാനിപ്പിച്ചപ്പോഴേക്ക് ആങ്ങള ബേജാറായി വിളിക്കുന്നു.വാപ്പ ഛർദിക്കുന്നു വേഗം വാ .. ഞാൻ ഓടി ചെന്നു ഇനി എൻ്റെ വാപ്പ ഇങ്ങോട്ടില്ലയെന്ന് എനിക്ക് ഉറപ്പായി .. ഞങ്ങൾ രണ്ട് പേരും വിങ്ങി പൊട്ടി കരഞ്ഞുകൊണ്ട് വാപ്പാക്ക് കലിമ ചൊല്ലി കൊടുത്തു. അപ്പോൾ സമയം 5.30.. വാപ്പയെ നേരാംവണ്ണം കിടത്തി വിറക്കുന്ന കൈകളോടെ താട കെട്ടി കൊടുത്തു .. 
    ഒരിക്കൽ പോലും ബാപ്പയുടെ മരണം ഞങ്ങൾ പ്രതീക്ഷിച്ചിട്ടില്ല ... സർജറിയുടെ തരിപ്പു വിട്ട വേദനയാണെന്നായിരുന്നു എല്ലാവരും കരുതിയത് ..
           ഒരു മകളെ സംബന്ധിച്ചേടത്തോളം ഇതുപോലെയുള്ള 1000 രാത്രികൾ ഒരു പിതാവിനു സമ്മാനിച്ചാലും കടപ്പാടു തീരില്ല .. എന്നാലും ഞാൻ ഭാഗ്യവതിയാണ് ...
                 ഉമ്മയും ബാപ്പയും ജീവിച്ചിരിക്കുന്നവരോടു ഞാൻ പറയുന്നു നിങ്ങളുടെ സ്വർഗ്ഗത്തിൻ്റെ താഴ്ഭാഗവും മധ്യഭാഗവും മുകൾഭാഗവും അവരാണ്. നഷ്ടപ്പെടും മുമ്പ് പരമാവധി അവരെ ചിരിപ്പിക്കുക

  NB : 139 قرآن ختم ഉം 27,1083 تهليل ഉം 30000 സ്വലാത്തും എൻ്റെ വാപ്പാക്ക് ഹദ് യ ചെയത റീട്രേസ് സ്റ്റുഡൻസിനു പ്രത്യേകം നന്ദി അറിയിക്കുന്നു.*

Click here ⤵️