സ്ത്രീ പള്ളിപ്രവേശം-4


“അനുവാദം ചോദിച്ചാൽ തടയരുത്”
ബിദഇകൾ വെട്ടിലായ ഹദീസ്


പള്ളിയിൽ പോകാൻ സ്ത്രീകൾ അനുവാദം ചോദിച്ചാൽ അവരെ നിങ്ങൾ വിലക്കരുത് എന്ന് നബി(സ) പറഞ്ഞല്ലോ. അതിന്റെ താല്പര്യം എന്താണെന്ന് ബിദഇകൾ അറിയാതെ പോയതോ അല്ലെങ്കിൽ മനപ്പൂർവ്വം മൂടിവെച്ചതോ ആയ പണ്ഡിത വിശദീകരണങ്ങളും ആശയങ്ങളും
നമുക്ക് മനസ്സിലാക്കാം. മേൽ ഹദീസിനെ പണ്ഡിതന്മാർ വിവിധ രൂപത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്.

ഇമാം ശാഫിഈ(റ)യുടെ വിശദീകരണം. നിർബന്ധമായ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി മസ്ജിദുൽ ഹറാമിനെ തൊട്ട് സ്ത്രീയെ തടയരുത്. സുന്നത്തായ ഹജ്ജ് നിർവഹിക്കുന്നതിന് മസ്ജിദുൽ ഹറാമിനെ തൊട്ടും മറ്റു പള്ളികളെ തൊട്ടും തടയാം. ഈ ഹദീസിനെ കുറിച്ചുള്ള വിശാലമായ ചർച്ചയിൽ ഇമാം ഇമാം ശാഫിഈ(റ) പറയുന്നു:


"അല്ലാഹുവിന്റെ അടിമയാർത്ഥികൾക്ക് അല്ലാഹുവിന്റെ പള്ളികൾ നിങ്ങൾ വിലക്കരുത്" എന്ന ഹദീസിന്റെ താല്പര്യം എന്താണെന്ന ചോദ്യം അവശേഷിക്കുന്നു. അത് ഒരു പ്രത്യേക പള്ളിയെകുറിച്ചാണെന്ന് മുൻവിവരണത്തിൽ നിന്ന് നാം മനസ്സിലാക്കി. അതിനാൽ ഏത് പള്ളിയെ തൊട്ടാണ് അല്ലാഹുവിന്റെ അടിമയാർത്ഥികളെ വിലക്കാൻ പറ്റാത്തത്?

മറുപടി ഇതാണ്: ഫർളായ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി മസ്ജിദുൽ ഹറാമിനെ തൊട്ട് സ്ത്രീയെ തടയാൻ പറ്റില്ല. സുന്നത്തായ ഹജ്ജ് നിർവ്വഹിക്കുന്നതിനുവേണ്ടി മസ്ജിദുൽ ഹറാമിനെ തൊട്ടും മറ്റു പള്ളികളെ തൊട്ടും തടായാവുന്നതാണ്. (ഇഖ്തിലാഫുൽ ഹദീസ്: 1/514)

 തടയരുതെന്ന് പറഞ്ഞ നിയമം നബി(സ)യുടെ കാലത്തേക്ക് മാത്രം ബാധകമാണ്. ഇബ്നു ഹജർ(റ) എഴുതുന്നു:


فإن قلت إذا كانت خيرا لهن فما وجه النهي عن منعهن المستلزم لذلك الخير؟ قلت: أما النهي فهو للتنزيه كما يصرح به سياق هذا الحديث ثم الوجه حمله على زمنه صلى الله عليه وسلم أو على غير المشتهيات إذا كن مبتذلات(تحفة: ٢٥٢/٢)

ചോദ്യം: സ്ത്രീകൾക്ക് നിസ്കരിക്കാൻ ഏറ്റവും ഉത്തമം വീടാണെന്നിരിക്കെ പള്ളിയിൽ പോകുന്നത് തടയരുതെന്ന് പറയുന്നതിന്റെ ന്യായം എന്താണ്? പള്ളിയിൽ പോകുന്നത് തടയുന്നതിലൂടെ ഏറ്റവും ഉത്തമമായത് ലഭിക്കുകയല്ലേ ചെയ്യുന്നത്?.

മറുപടി: തടയരുതെന്ന് പറഞ്ഞ വിലക്ക് തന്സീഹിനാണ്. "അവർക്കു അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം" എന്ന ഹദീസിന്റെ ബാക്കിഭാഗം അത് വ്യക്തമാക്കുന്നു. പിന്നെ ന്യായമായിതോന്നുന്നത് തടയരുതെന്ന് പറഞ്ഞ നിയമം നബി(സ)യുടെ കാലത്തേക്ക് മാത്രം ബാധകമാണെന്നാണ്. അല്ലെങ്കിൽ ചമഞ്ഞൊരുങ്ങാത്ത കണ്ടാൽ ആശിക്കപ്പെടാത്ത സ്ത്രീകൾക്ക് മാത്രം ബാധകമാണ്.  (തുഫാ: 2/252)

നബി(സ) മദീനയിലാകുമ്പോൾ അധിക സമയവും പള്ളിയിലാണല്ലോ ഉണ്ടാവാറ്. സ്ത്രീകൾക്ക് സ്വഹാബിയ്യത്താകണമെങ്കിൽ വിശ്വസിച്ചവരായ നിലയിൽ നബി(സ)യുടെ സദസ്സിൽ ഒരു പ്രാവശ്യമെങ്കിലും മേളിക്കണമല്ലോ. മാത്രവുമല്ല അന്നത്തെ കോടതിയും ഖാസിയും എല്ലാം നബി(സ) തന്നെയാണല്ലോ. അതിനാൽ നബി(സ) യെ സമീപിക്കൽ സ്ത്രീകൾക്ക് അനിവാര്യമായി വരും. ഇമാം മുസ്ലിം(റ) നിവേദനം ചെയ്തൊരു ഹദീസിലിങ്ങനെ കാണാം:


لا تَمْنَعُوا النِّسَاءَ حُظُوظَهُنَّ مِنَ الْمَسَاجِدِ (مسلم: ٦٧٢)


"സ്ത്രീകൾക്ക് പള്ളികളിൽ നിന്നുള്ള അവരുടെ വിവിതം നിങ്ങൾ തടയരുത്".
  നബി(സ)യെ കാണുക, നബി(സ)യോട് ആവലാതിപറയുക, ബൈത്തുൽ മാലിൽ നിന്നും ഫൈഅ് സ്വത്തിൽ നിന്നും അവകാശപ്പെട്ടത് വാങ്ങുക, കുട്ടികൾക്ക് മധുരം കൊടുക്കുക, മതകാര്യങ്ങൾ ചോദിച്ചു പഠിക്കുക, തുടങ്ങിയ കാര്യങ്ങൾ സ്ത്രീകളുടെ അവകാശങ്ങളാണ്. ഇവയ്ക്കുവേണ്ടി സ്ത്രീകൾ നബി(സ)യെ സമീപിച്ചിരുന്നതായി ഹദീസുകളിൽ വന്നിട്ടുള്ളതുമാണ്.


ഇബ്നു ഹജർ(റ)ന്റെ മേൽ പ്രസ്താവനയുമായി ബന്ധപ്പെട്ട് ബുജൈരിമി(റ) യെ ഉദ്ദരിച്ച് ശർവാനി(റ) എഴുതുന്നു: 

'കന്സി'ന്റെ വിശദീകരണത്തിൽ ഐനി(റ) പറയുന്നതിങ്ങനെ: ഫസാദ് വെളിവായതിനുവേണ്ടി സ്ത്രീകൾ യുവതികളായാലും കിഴവികളായാലൂം ജമാഅത്തുകളിൽ പങ്കെടുക്കരുത്. ഇമാം അബൂഹനീഫ(റ)യുടെ വീക്ഷണപ്രകാരം കിഴവിക്കു സ്വുബ്ഹിനും മഗ്‌രിബിനും ഇശാഇനും പങ്കെടുക്കാം. അബൂയൂസുഫി(റ)ന്റെയും മുഹമ്മദി(റ)ന്റെയും വീക്ഷണ പ്രകാരം കിഴവിക്കു എല്ലാ നിസ്കാരങ്ങളിലും പങ്കെടുക്കാം. മൂന്ന് ഇമാമുകളുടെ അഭിപ്രായവും അതാണ്. എന്നാൽ ഇന്ന് ഫത്‍വ നൽകേണ്ടത് ഒരു നിസ്കാരത്തിലും പങ്കെടുക്കാൻ പറ്റില്ലെന്നാണ്. അതുകൊണ്ടാണ് ഗ്രൻഥകർത്താവ് ജമാഅത്തുകളിൽ പങ്കെടുക്കരുത് എന്ന് നിരുപാധികം പറഞ്ഞത്. (ശർവാനി: 2/252)

ഇബ്നു ഹജർ(റ) എഴുതുന്നു:

 وما اقتضاه ظواهر الأخبار الصحيحة من خروج المرأة مطلقا مخصوص خلافا لكثيرين أخذوا بإطلاقه بذلك الزمن الصالح كما أشارت لذلك عائشة رضي الله عنها بقولها لو علم النبي صلى الله عليه وسلم ما أحدث النساء بعده لمنعهن المساجد كما منعت نساء بني إسرائيل .(تحفة: ٤٠/٣)

പ്രബലമായ ഹദീസുകളുടെ ബാഹ്യാർത്ഥം കാണിക്കുന്നത് സ്ത്രീക്ക് നിരുപാധികം പുറപ്പെടാമെന്നാണ്. എന്നാൽ ഈ നിയമം ആ നല്ല കാലത്തേക്കുമാത്രം ബാധകമാണ്. ഇനിപ്പറയുന്ന പ്രസ്താവനയിലൂടെ മഹതിയായ ആയിഷാ(റ) അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. "നബി(സ)യുടെ വിയോഗശേഷം സ്ത്രീകൾ പുതുതായി ഉണ്ടാക്കിയ കാര്യം നബി(സ) അറിഞ്ഞിരുന്നുവെങ്കിൽ ബനൂഇസ്രാഈലിലെ സ്ത്രീകളെ തടഞ്ഞതുപോലെ നബി(സ) അവർക്കു പള്ളികൾ തടയുമായിരുന്നു". (തുഹ്ഫ: 3/40)

ബനൂഇസ്രാഈലിലെ സ്ത്രീകൾ ചമഞ്ഞൊരുങ്ങി പള്ളിയിൽ വന്ന് അന്യപുരുഷന്മാരിലേക്ക് വെളിവാകുകയും മറ്റും ചെയ്തപ്പോൾ അമിതാർത്തവം നൽകുന്നതിലൂടെ പൂർണ്ണമായും അവർക്കു പള്ളിവിലക്കുകയാണുണ്ടായതെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. ഇമാം അസ്ഖലാനി(റ) എഴുതുന്നു:

ആയിഷാ(റ)യുടെ പ്രസ്താവനയായി ഉർവ(റ) ഉദ്ധരിക്കുന്ന ഹദീസിൽ അത് സ്ഥിരപ്പെട്ടിട്ടുണ്ട്. അബ്ദുറസാഖ്(റ) പ്രബലമായ പരമ്പരയിലൂടെ അതുദ്ധരിച്ചിട്ടുണ്ട്. അതിലെ പരാമർശമിങ്ങനെ: "ബനൂഇസ്രാഈല്യരിലെ സ്ത്രീകൾ മരത്തിന്റെ ചില ചെരിപ്പുകൾ നിർമ്മിച്ച പള്ളികളിൽ വന്ന് പുരുഷന്മാരിലേക്ക് വെളിവാകുമായിരുന്നു. അതേത്തുടർന്ന് അല്ലാഹു അവർക്കു പള്ളികൾ നിഷിദ്ധമാക്കുകയും ആർത്തവം നൽകുകയും ചെയ്തു". ഇത് ആഇശാബീവി(റ)യുടെ പ്രസ്താവനയാണെങ്കിലും നബി(s0yude പ്രസ്താവനയുടെ ഫലമാണ് അതിനുള്ളത്. കാരണം സ്വന്തം അഭിപ്രായ പ്രകടനം നടത്താൻ പറ്റിയ ഒരു വിഷയമല്ലിത്. ഇതേ ആശയം പ്രബലമായ പരമ്പരയിലൂടെ ഇബ്നു മസ്ഊദി(റ)ൽ നിന്ന് അബ്ദുറസാഖ്(റ) ഉദ്ധരിച്ചിട്ടുണ്ട്. (ഫത്ഹുൽ ബാരി: 3/270, മുസ്വന്നഫ്: 3/149)

മേൽ ഹദീസിന്റെ താല്പര്യം ഇങ്ങനെയുമാകാം: നിങ്ങൾ അവരെ തടയേണ്ടുന്ന ആവശ്യമില്ല. ഞാൻ അവരെ തടഞ്ഞിരുന്നു. നിങ്ങൾ തടയുമ്പോൾ അത് പ്രശ്നത്തിന് നിമിത്തമായേക്കാം. ഇതനുസരിച്ച് "നിങ്ങൾ എനിക്ക് ശ്രേഷ്ഠത കല്പിക്കരുത്" എന്ന ഹദീസുപോലെ വേണം ഇതിനെ കാണാൻ. മറ്റു പ്രവാചകന്മാരെക്കാൾ ശ്രേഷ്ടർ മുഹമ്മദ് നബി(സ) യാണെന്ന കാര്യം അറിയപ്പെട്ടതാണല്ലോ. എന്നിരിക്കെ നബി(സ) അപ്രകാരം പറഞ്ഞതിനർത്ഥം നിങ്ങൾ അങ്ങനെ പറയേണ്ട കാര്യമില്ല എന്നാണ്. കാരണം അങ്ങനെ പറയുന്നത് നിങ്ങൾക്കും ജൂതന്മാർക്കുമിടയിൽ തർക്കമുണ്ടാകാൻ വഴി വെക്കും.

ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഒരു ഇപ്രകാരം കാണാം:

ഉമ്മുഹുമൈദി(റ)ൽ നിന്ന് നിവേദനം: നിശ്ചയം ഞങ്ങൾ അങ്ങയോടപ്പം നിസ്കരിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ ഞങ്ങളുടെ ഭർത്താക്കൻമാർ ഞങ്ങളെ തടയുന്നു. അപ്പോൾ നബി(സ) പ്രസ്താവിച്ചു: "നിങ്ങൾ നിങ്ങളുടെ റൂമുകളിൽ നിസ്കരിക്കുന്നത് നിങ്ങൾ നിങ്ങളുടെ വീടുകളിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിങ്ങൾ നിങ്ങളുടെ വീടുകളിൽ നിസ്കരിക്കുന്നത് ജമാഅത്തിന്റെ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". (അസ്സുനനുൽ കുബ്റാ: 3/133)