സ്ത്രീ പള്ളിപ്രവേശം-3



എന്താണ് ഫിത്ന

ഫിത്ന ഭയപ്പെടുന്ന സന്ദർഭത്തിൽ പെണ്ണ് പള്ളിയിലേക്ക് എഴുന്നള്ളുന്നത് ഹറാമാണെന്ന് മുന്നെ വിവരിച്ചുവല്ലോ ഇനി എന്താണ് ഫിത്ന എന്ന് പരിശോധിക്കാം

ഫിത്നയുടെ വിവക്ഷ വിവരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു: 


( عند خوف الفتنة ) من داعية نحو مس لها أو خلوة بها (تحفة: ١٩٢/٧، نهاية : ١٨٧/٦)


സ്ത്രീയെ സ്പർശിക്കാൻ പോലുള്ളതിനോ അവളുമായി തനിച്ചാകുന്നതിനോ മനസ്സിൽ നിന്ന് വരുന്ന പ്രേരണയാണ് ഫിത്ന (തുഹ്ഫ: 7/192, നിഹായ: 6.187)

അലിയ്യുശ്ശബ്റാ മല്ലിസി(റ) എഴുതുന്നു:

സ്ത്രീയെ സ്പർശിക്കുവാനോ അവളുമായി തനിച്ചാകുവാനോ ഒരാളുടെ മനസ്സ് തന്നെ ക്ഷണിക്കുമെന്നെ ഭയമാണ് ഫിത്നയെ ഭയക്കുന്നതിനു പറയാവുന്ന കൃത്യമായ കണക്ക്. (ശർഹന്നിഹായ: 6/187)

പ്രവാചകപത്നിമാർ
പള്ളിയിൽ പോയോ?


പള്ളിയിൽ പോകുന്ന സ്ത്രീകളെ നിങ്ങൾ തടയരുതെന്ന് കൽപിച്ച(?)(വഹാബി വാദം) പ്രവാചകന്റെ പത്നിമാർ  പള്ളിയിൽ പോയതായി വിവരമില്ല.

നബി(സ)യുടെ ഭാര്യമാരോ പെണ്മക്കളോ അടിമസ്ത്രീകളോ മറ്റോ ജുമുഅക്കോ ജമാഅത്തിനോ വേണ്ടി പള്ളിയിൽ പോയിരുന്നില്ലെന്ന് ഇമാം ശാഫിഈ(റ) പ്രസ്താവിച്ചിട്ടുള്ള കാര്യമാണ്.


നബി(സ)യുടെ ഭാര്യമാരിൽ ഒരാൾ പള്ളിയിൽപോയി ജുമുഅക്കോ ജമാഅത്തിനോ പങ്കെടുത്തതായി നമുക്കറിയില്ല. നബി(സ)യുടെ കൂടെ കുടുംബത്തിലെ സ്ത്രീകൾ, പെണ്മക്കൾ, ഭാര്യമാർ, അടിമസ്ത്രീകൾ, കുടുംബത്തിലെ അടിമസ്ത്രീകൾ തുടങ്ങി നിരവധി സ്ത്രീകളുണ്ടായിരുന്നു. അവരിൽ ഏതെങ്കിലുമൊരു സ്ത്രീ ജുമുഅക്ക് പോയതായി ഞാനറിയില്ല....സലഫിൽ പെട്ട ഏതെങ്കിലുമൊരാൾ തന്റെ ഭാര്യമാരിൽ ഒരുത്തിയോട് ജുമുഅക്കോ ജമാഅത്തിനോ പങ്കെടുക്കാൻ നിർദ്ദേശിച്ചതായും എനിക്കറിയില്ല. ജുമുഅക്കോ ജമാഅത്തിനോ പങ്കെടുക്കുന്നതിൽ സ്ത്രീകൾക്ക് വല്ല പുണ്യമുണ്ടായിരുന്നുവെങ്കിൽ അതിൽ പങ്കെടുക്കാൻ അവർ സ്ത്രീകൾക്ക് നിർദ്ദേശം നൽകുകയും അതിലേക്കു പോകാൻ അവർക്കു അനുവാദം കൊടുക്കുകയും ചെയ്യുമായിരുന്നു. (അതുണ്ടായിട്ടില്ല). മാത്രമല്ല  നബി(സ)യിൽ നിന്ന് ഇപ്രകാരം റിപ്പോർട്ട് ചെയ്തിരിക്കുന്നു: "സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ നിസ്കരിക്കുന്നത് അവളുടെ സാധാരണ റൂമിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ അവളുടെ സാധാരണ റൂമിൽ നിസ്കരിക്കുന്നത് പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". (ഇഖ്തിലാഫുൽ ഹദീസ്: 8/225, 7/167-177)

ഇമാം ശാഫിഈ(റ)യുടെ മേൽ പ്രസ്താവന ഈ  വിഷയത്തിൽ നിർണ്ണായകമാണ്. ദിവസം അഞ്ചുനേരവും പള്ളിയിൽ വന്ന് പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കുന്നതാണ് സ്ത്രീകൾക്ക് കൂടുതൽ പുണ്യമെന്ന് അവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ ആ പുണ്യം നേടാൻ നബി(സ)യുമായി കൂടുതൽ ബന്ധമുള്ള സ്ത്രീകളെങ്കിലും ശ്രമിക്കുമായിരുന്നുവല്ലോ. അതുണ്ടായില്ലെന്നാണ് ഇമാം ശാഫിഈ(റ) പ്രഖ്യാപിക്കുന്നത്.