സിംഹ രോമം തേടിപ്പോയ ഭാര്യ


ഒരിക്കൽ ഒരു സ്ത്രീ ഒരു പണ്ഡിതന്റെ അടുത്ത് വന്നു.
അയാൾ ഒരു മന്ത്രവാദിയാണെന്നായിരുന്നു അവളുടെ വിശ്വാസം.
ഒരു മന്ത്രവാദം ചെയ്യണം
ലോകത്തിലെ മറ്റൊരു സ്ത്രീയും കാണാത്ത സ്നേഹം തന്റെ ഭർത്താവിന് അവളോടുണ്ടാവണം.
ഇതായിരുന്നു ആവശ്യം.

അയാൾ ഒരു പണ്ഡിതനും അധ്യാപകനുമായിരുന്നു.
അദ്ദേഹം അവളോട് പറഞ്ഞു: 
ഇത് നിസാരമായ ഒരു പണിയല്ല.
ചെലവ് വഹിക്കാൻ നിങ്ങൾ തയ്യാറാണോ?
അവൾ പറഞ്ഞു: അതെ
അദ്ദേഹം പറഞ്ഞു: ഒരു സിംഹത്തിന്റെ കഴുത്തിൽ നിന്ന് ഒരു രോമം കൊണ്ടുവന്നെങ്കിലേ കാര്യം പൂർത്തിയാകൂ..
അവൾ പറഞ്ഞു: സിംഹമോ?  അദ്ദേഹം പറഞ്ഞു: അതെ
അവൾ പറഞ്ഞു: ഒരു സിംഹത്തിന്റെ കഴുത്തിൽനിന്നും രോമം പറിച്ചാൽ ഞാൻ ജീവനോടെ ബാക്കി ഉണ്ടാകുമോ? എനിക്ക് എങ്ങനെ അത് ചെയ്യാൻ കഴിയും, എളുപ്പവും സുരക്ഷിതവുമായ വേറെ വല്ല മാർഗ്ഗമുണ്ടോ?

അയാൾ പറഞ്ഞു: ഇതൊഴികെ ഭർത്താവിന്റെ സ്നേഹത്തിൽ നിന്ന് നിങ്ങൾക്ക് വേണ്ടത് നേടാൻ കഴിയില്ല, 
ഇതിനു നിങ്ങൾക്ക് സാധ്യമല്ലെങ്കിൽ
ലക്ഷ്യം നേടാൻ ഉചിതമായ മാർഗം നിങ്ങൾ കണ്ടെത്തുക..
എങ്ങനെ ആ രോമം നേടാമെന്ന് അവൾ ചിന്തിച്ചു കൊണ്ടേയിരുന്നു..
ഊണിലും ഉറക്കത്തിലും ചിന്ത അത് മാത്രം..
വിശന്നാൽ മാത്രമേ സിംഹം ഉപദ്രവിക്കൂ എന്ന വിവരം അവൾക്ക് കിട്ടി..
ലക്ഷ്യം നേടാൻ ഉറച്ച് അവൾ അടുത്തുള്ള കാട്ടിലേക്ക് പോയി.
 സിംഹത്തിന് മാംസക്കഷണങ്ങൾ എറിയാൻ തുടങ്ങി, 
ഓരോ ദിവസവും സിംഹത്തിനു ഭക്ഷണം നൽകി അതിനെ ഇണക്കാൻ തുടങ്ങി..
ഓരോ തവണയും അവൾ അതിനോട് അൽപ്പം അടുക്കും, സിംഹം അവളുടെ അരികിൽ കിടക്കുന്ന ദിവസം വന്നു.. 
അവൾ അതിന്റെ തലയിൽ കൈവെച്ച്  മുടിയിലും കഴുത്തിലും  ആർദ്രതയോടെയും തടവാൻ തുടങ്ങി..
 സിംഹം ആനന്ദത്തിലും വിശ്രമത്തിലുമായിരുന്നു..
അവസാനം
അനായാസം ശാന്തമായി അത് അവളുടെ കയ്യിൽ വന്നു..

തന്റെ ഭർത്താവിന്റെ സ്നേഹംകൊണ്ട് മൂടുന്ന ആനന്ദ സുന്ദരമായ നിമിഷങ്ങളെ ഓർത്ത്  അവൾ സ്വപ്നങ്ങളുടെ മായാലോകത്തേക്ക് മറഞ്ഞു..

കയ്യിൽ കിട്ടിയ സിംഹ രോമവുമായി അവൾ പണ്ഡിതന്റെ അരികിലേക്ക് ഓടി...

സിംഹ മുടി കണ്ടപ്പോൾ പണ്ഡിതൻ അവളോട് ചോദിച്ചു: ഈ മുടി ലഭിക്കാൻ നിങ്ങൾ എന്താണ് ചെയ്തത്?

 സിംഹത്തെ മെരുക്കിയ പദ്ധതി അവൾ അദ്ദേഹത്തോട് വിശദീകരിച്ചു. ആദ്യം സിംഹത്തിന്റെ ഹൃദയത്തിലേക്കുള്ള പ്രവേശന കവാടം ഒരുക്കി...  
തുടർന്ന് ശ്രമം തുടരുകയും ഫലം കാണുന്ന സമയം വരെ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തു...

അപ്പോൾ പണ്ഡിതൻ അവളോട് പറഞ്ഞു:  നിങ്ങളുടെ ഭർത്താവ് സിംഹത്തേക്കാൾ ഭീകരജീവിയല്ല.!! സിംഹവുമായി നിങ്ങൾ ചെയ്തതുപോലെ നിങ്ങളുടെ ഭർത്താവിനോടും ചെയ്യുക, നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നം സ്വന്തമാണ്.
അവന്റെ ഹൃദയത്തിലേക്കുള്ള പ്രവേശനം ഒരുക്കുക, അവന്റെ വിശപ്പ് ശമിപ്പിക്കുക, അവനെ ആകർഷിക്കുക, അതിനായി ഒരു പദ്ധതി തയ്യാറാക്കുക.. ക്ഷമയോടെയിരിക്കുക...

ഈ ഉപദേശം സ്ത്രീകൾക്ക് ബാധകമാകുന്നതുപോലെ തിരിച്ച് പുരുഷന്മാർക്കും ബാധകമാണ്...🙃

അബൂ ത്വാഹിർ ഫൈസി മാനന്തവാടി
👇