സ്ത്രീ പള്ളിപ്രവേശം-5

ഇതര മദ്ഹബുകളുടെ വീക്ഷണം

ശാഫീഈ മദ്ഹബിലെ പണ്ഡിത വീക്ഷണങ്ങൾ നാം ചർവിത ചർവണം നടത്തി,
ഇനി നമുക്ക് ഇവ്വിഷയകമായി മറ്റു മദ്ഹബുകൾ എന്ത് പറയുന്നുവെന്ന് നമുക്ക് നോക്കാം:
ഹനഫീ മദ്ഹബ്
ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ സൈനുൽ ആബിദീൻ ഇബ്നു നുജൈമ്(റ) ഹാഫിള് നാസഫീ(റ)യുടെ കൻസുദ്ദഖാഇഖിന്റെ ശര്ഹിൽ എഴുതുന്നു:


"സ്ത്രീകൾ ജമാഅത്തുകളിൽ പങ്കെടുക്കരുത്". നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയൊതുങ്ങിങ്ങി താമസിക്കുക എന്ന ആയത്തിന്റെ  അടിസ്ഥാനത്തിലാണിത് പറയുന്നത്. നബി(സ) പറഞ്ഞു: "സ്ത്രീ അവളുടെ വീടിന്റെ ഉള്ളറയിൽ നിസ്കരിക്കൽ വീടിന്റെ മറ്റുഭാഗത്ത് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ അവളുടെ വീടിന്റെ മറ്റുഭാഗത്ത് നിസ്കരിക്കുന്നത് അവളുടെ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". "സ്ത്രീകൾക്ക് അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം". മാത്രവുമല്ല അവർ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ നാശമുണ്ടാവുകയില്ലെന്ന് നിർഭയഹത്വം ഉണ്ടാവുകയുമില്ല.'സ്ത്രീകൾ ജമാഅത്തുകൾക്ക് പങ്കെടുക്കരുത്' എന്ന്  ഗ്രൻഥകർത്താവ് നിരുപാധികം പ്രസ്താവിച്ചതിനാൽ യുവതിയും കിഴവിയും പകലിലെ നിസ്കാരവും രാത്രിയിലെ നിസ്കാരവും അതിൽ ഉൾപ്പെട്ടു. 'അൽകാഫീ' എന്ന ഗ്രൻഥത്തിൽ ഗ്രൻഥകാരൻ പറഞ്ഞത് ഇക്കാലത്ത് നാശം വെളിവായതിനുവേണ്ടി സ്ത്രീ ഏതു നിസ്കാരത്തിൽ പങ്കെടുക്കുന്നതും കറാഹത്താണെന്നു ഫത്‌വ നല്കണം എന്നാണ്. (അൽബഹ്‌റുറാഇഖ് : 1/380)

പ്രമുഖ ഹനഫീ പണ്ഡിതൻ ഇബ്നു ആബിദീൻ(റ) പറയുന്നു:

കാലം ഫസാദായതിനുവേണ്ടി ഫത്‌വ നല്കപ്പെടാവുന്ന പ്രബലഭിപ്രായമാനുസരിച്ച് സ്ത്രീകൾ നിരുപാധികം ജമാഅത്തിന് ഹാജറാകുന്നത് കറാഹത്താണ്. കിഴവി എന്നോ രാത്രി എന്നോ ഉള്ള വ്യത്യാസം ഇതിലില്ല. (റദ്ദുൽ മുഖ്താർ: 2/307)

പ്രമുഖ ഹനഫീ പണ്ഡിതനായ അലാഉദ്ദീൻ അബൂബക്ർ അൽകാസാനി(റ) പറയുന്നു: 

രണ്ടു പെരുന്നാളുകളിൽ പുറപ്പെടാൻ സ്ത്രീകൾക്ക് ഇളവ് ചെയ്യാമോ എന്ന വിഷയം ചർച്ച ചെയ്യേണ്ടതാണ്. ജുമുഅ, രണ്ട് പെരുന്നാൾ, മറ്റു നിസ്കാരങ്ങൾ എന്നിവയിൽ യുവതികൾക്ക് പുറപ്പെടാൻ ഇളവ് ചെയ്യുകയില്ലെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക" എന്ന ആയത്താണ് ഇതിനു പ്രമാണം. വീട്ടിൽ അടങ്ങിക്കഴിയാനുള്ള നിർദ്ദേശം പുറപ്പെടുന്നതിനുള്ള വിലക്കാണ്. മാത്രമല്ല അവർ പുറത്തിറങ്ങുന്നത് നാശത്തിനു കാരണമാണെന്നതിൽ സംശയമില്ല. നാശം നിഷിദ്ദമാണ്. നാശത്തിലേക്കു നയിക്കുന്ന കാര്യവും നിഷിദ്ദം തന്നെ. (ബദാഇഉസ്സ്വനാഇഅ്: 275)

പ്രമുഖ ഹനഫീ പണ്ഡിതനും സ്വഹീഹുൽ ബുഖാരിക്ക് ശർഹ് എഴുതിയവരുമായ അല്ലാമാ ഐനി(റ)  പറയുന്നു:

നമ്മുടെ അസ്വഹാബ് പറയുന്നു: സ്ത്രീകൾ പുറപ്പെടുന്നതിനാൽ  നാശം ഭയപ്പെടേണ്ടതുണ്ട്. അത് ഹറാമിനുള്ള കാരണമാണ്. ഹറാമിലേക്കു ചെന്നെത്തിക്കുന്നതും ഹറാമാണ്. ഇതനുസരിച്ച് അവർ പറയുന്ന കറാഹത്തിന്റെ വിവക്ഷ ഹറാമാണ് എന്നാണ്. ഫസാദ് വ്യാപകമായ ഇക്കാലത്ത് വിശേഷിച്ചും. ( ഉംദത്തുൽ ഖാരി: 5/233)

മാലിക്കീ മദ്ഹബ്

പ്രമുഖ മാലികീ പണ്ഡിതനും ഇമാം മാലികി(റ)ന്റെ പ്രമുഖ ശിഷ്യനായ യഹ്‌യബ്‌നു യഹ്‌യ(റ) പറയുന്നു: 

സ്ത്രീ പള്ളിയിൽ വന്ന് നിസ്കരിക്കുന്നതിനാൽ ശ്രേഷ്ടം അവൾ അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് എന്നതിൽ ജനങ്ങൾ ഏകോപിച്ചിരിക്കുന്നു. (മവാഹിബിൽ ഖലീൽ: 5/55)

'അൽബുർഹാൻ' എന്ന ഗ്രൻഥത്തെ ഉദ്ദരിച്ച് മുവത്വയുടെ ശർഹായ ഔജസുൽ മസാലികിൽ പറയുന്നു:

എല്ലാ നിസ്കാരങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് യുവതിയെപ്പോലെ കിഴവിയെയും തടയണമെന്ന് പില്കാലക്കാരായ മശാഇഖുമാർ ഫത്‍വ നൽകിയിരിക്കുന്നു. ജനങ്ങളുടെ അവസ്ഥകളിൽ വരുന്ന മാറ്റം കണക്കിലെടുത്ത് നിയമങ്ങൾ മാറുന്നത് വിദൂരമായ ഒരു സംഗതിയല്ല. അതിനാൽ ഫസാദ് വ്യാപകമായി എന്ന് പരിഗണന വെച്ച് യുവതികളെപോലെ കിഴവികളെയും നിരുപാധികം തടയണമെന്ന് അവർ  ഫത്‌വ നൽകി.(ഔജസുൽ മസാലികി:4/106)


പ്രമുഖ മാലികീ പണ്ഡിതൻ ഇബ്നു ഹാജ്ജ്(റ) പറയുന്നു:

ഇക്കാലത്ത് ഏത് അവസ്ഥയിലും സ്ത്രീകളെ തടഞ്ഞേ മതിയാകൂ. കാരണം അവർ പുറത്തിറങ്ങുന്നതിനാൽ നാശങ്ങളുണ്ടെന്ന കാര്യം വ്യക്തമാണ്. നിർദ്ദേശമുള്ള ഇബാദത്തിന്റെ മാറ്റം വരുന്നതും അതിനാൽ പ്രതീക്ഷിക്കാം. (അൽമദ്ഖൽ: 2/288)

ഹമ്പലീ മദ്ഹബ്
പ്രമുഖ ഹമ്പലി പണ്ഡിതൻ ഇബ്നു ഖുദാമ(റ) പറയുന്നു:

സ്ത്രീ അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് ഇവൾക്ക് ഏറ്റവും ഉത്തമവും കൂടുതൽ പുണ്യകരവും. ഇബ്നു ഉമർ(റ) നിവേദനം ചെയ്ത ഹദീസ് ഇതിനു രേഖയാണ്. നബി(സ) പറയുന്നു: "നിങ്ങളുടെ സ്ത്രീകൾക്ക് നിങ്ങൾ പള്ളികൾ വിലക്കരുത്. അവരുടെ വീടുകളാണ് അവർക്കു കൂടുതൽ ഉത്തമം". ഈ ഹദീസ് അബൂദാവൂദ്(റ) നിവേദനം ചെയ്തിരിക്കുന്നു. നബി(സ) പറയുന്നു: "സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ നിസ്കരിക്കുന്നത് അവളുടെ റൂമിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ അവളുടെ വീട്ടിലെ രഹസ്യ റൂമിപ്പോൾ വെച്ച് നിസ്കരിക്കുന്നത് അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". ഈ ഹദീസ് അബൂദാവൂദ്(റ) നിവേദനം ചെയ്തു. (മുഗ്‌നി: 3/443)