അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസം - ശഅബാൻ മാസത്തിന് എന്താണ് പ്രത്യേകത? സയ്യിദ് മുഹമ്മദ് ബിൻ അലവി മാലിക്കി (- ഭാഗം 3)


അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തുന്ന മാസം

ശഅ്ബാൻ മാസത്തിന്റെ പ്രസിദ്ധമായ പ്രത്യേകതകളിൽ പെട്ടതാണ് പ്രസ്തുത മാസത്തിൽ മനുഷ്യരുടെ അമലുകളെ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നു എന്നത്.
ഇതിനാണ് ‘റഫ്ഉൽ അക്ബർ’ എന്ന് പറയുന്നത്.
ഹദീസിൽ ഇങ്ങനെ കാണാം: ഉസാമത്ത് ബിനു സൈദ് (റ) പറഞ്ഞു: ഞാൻ ചോദിച്ചു: നബിയെ അങ്ങ് ശഅ്ബാനിനേക്കാൾ മറ്റൊരു മാസത്തിലും കൂടുതൽ നോമ്പനുഷ്ഠിക്കുന്നതായി ഞാൻ കണ്ടിട്ടില്ലല്ലോ.?
നബി തങ്ങൾ പറഞ്ഞു : ശഅബാൻ മാസം റജബിന്റെയും റമദാനിന്റെയും ഇടയിൽ ജനങ്ങൾ അശ്രദ്ധമാകുന്ന ഒരു മാസമാണ്. മാത്രമല്ല ആ മാസത്തിൽ അല്ലാഹുവിലേക്ക് മനുഷ്യൻറെ അമലുകളെ ഉയർത്തപ്പെടും. എൻറെ അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന സമയത്ത് ഞാൻ നോമ്പുകാരൻ ആവാൻ ഇഷ്ടപ്പെടുന്നു. (നസാഇ, അഹ്മദ്)

അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തൽ ശഅ്ബാൻ മാസത്തിൽ മാത്രം പ്രത്യേകമായ കാര്യമല്ല.
അത് വ്യത്യസ്ത സമയങ്ങളിൽ ഉണ്ടാകുന്നു.
എന്നാൽ അവകൾ തമ്മിൽ പരസ്പരം വൈരുദ്ധ്യമില്ല.
ഓരോന്നിന്റെയും പിന്നിൽ ഓരോ ഹിക്മത്തുകൾ ഉണ്ട്.


പകലിലും രാത്രിയിലും അമലുകൾ ഉയർത്തപ്പെടുന്നു.

ഇമാം മുസ്ലിം അവിടുത്തെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്യുന്നു. അബു മൂസ(റ) പറഞ്ഞു: നബി തങ്ങൾ ഞങ്ങളോട് അഞ്ച് കാര്യങ്ങൾ പറഞ്ഞു തന്നു. അവിടുന്ന് പറഞ്ഞു അല്ലാഹു ഉറങ്ങുകയില്ല ഉറങ്ങുക എന്നുള്ളത് അവനോട് യോജിച്ചതല്ല. നീതിയെ അവൻ ഉയർത്തുകയും താഴ്ത്തുകയും ചെയ്യും. രാത്രിക്ക് മുമ്പ് പകലിലെ അമലുകൾ അവനിലേക്ക് ഉയർത്തപ്പെടും. പകലിനു മുമ്പ് രാത്രിയിലെ അമലുകളും അവനിലേക്ക് ഉയർത്തപ്പെടും. അതിൻറെ മറ പ്രകാശമാണ്. അതിനെ അല്ലാഹു വെളിവാക്കുകയാണെങ്കിൽ  അല്ലാഹുവിന്റെ ദാത്തിന്റെ പ്രകാശം സൃഷ്ടികളെ കരിച്ചു കളയും. 

അല്ലാമാ മനാവി(റ) പറഞ്ഞു: ഹദീസിന്റെ അർത്ഥം പകലിലെ അമലുകൾ അതിനുശേഷം വരുന്ന രാത്രിയുടെ ആദ്യത്തിൽ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നു. രാത്രിയിലെ അമലുകൾ തുടർന്നുവരുന്ന പകലിന്റെ ആദ്യത്തിൽ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നു എന്നാണ്.
ഇമാം മനാവി അതുകൊണ്ട് സൂചിപ്പിച്ചത് ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിലേക്കാണ്.
അബു ഹുറൈറ(റ) പറഞ്ഞു : നബി(സം) തങ്ങൾ പറഞ്ഞു:
രാത്രിയിലെയും പകലിലെയും മലക്കുകൾ നിങ്ങളിലേക്ക് വരും അവർ അസർ നിസ്കാരത്തിനും സുബ്ഹി നിസ്കാരത്തിലും നിങ്ങളോട് ഒരുമിച്ചു കൂടും. രാത്രിയിൽ നിങ്ങളോടുകൂടെ കഴിഞ്ഞ മലക്കുകൾ പകലിൽ തിരിച്ചുപോകുമ്പോൾ അല്ലാഹു അവരോട് ചോദിക്കും എൻറെ അടിമകൾ എന്തു ചെയ്യുകയായിരുന്നു. അപ്പോൾ അവര് പറയും ഞങ്ങൾ വരുമ്പോൾ അവർ നിസ്കരിക്കുകയായിരുന്നു. ഞങ്ങൾ പോകുമ്പോഴും അവർ നിസ്കാരത്തിൽ തന്നെയായിരുന്നു. (ഇബ്നു ഖുസൈമ, അൽ മുൻദിരി)

അതുകൊണ്ട് ഓരോ വിശ്വാസിയും സൽകർമങ്ങളുടെ മേൽ നില കൊള്ളുക.. കാരണം രാത്രിയിലും പകലിലും നിൻറെ കൂടെ മലക്കുകൾ നിന്റെ കർമ്മങ്ങളെ നോക്കി നിൽക്കുന്നുണ്ട്. അതിനെ അവർ അല്ലാഹുവിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

അമലുകൾ തൽസമയം അല്ലാഹുവിലേക്ക് ഉയർത്തുന്നു


ഇമാം തുർമുദി അഹ്മദ് എന്നവർ റിപ്പോർട്ട് ചെയ്യുന്നു. അബ്ദുല്ലാഹിബിന് സാഇബ്(റ) പറഞ്ഞു: നബി(സ) തങ്ങൾ ഉച്ചയ്ക്ക് മുമ്പ് ളുഹ്റ് നിസ്കാരത്തിന് മുമ്പായി 4 റക്അത്ത് നിസ്ക്കുമായിരുന്നു നബി(സ) തങ്ങൾ പറയുകയും ചെയ്തു: ഇത് ആകാശത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്ന സമയമാണ് അന്നേരം ആകാശത്തിലേക്ക് എന്റെ സൽകർമ്മം കയറി ചെല്ലാൻ ഞാൻ ഇഷ്ടപ്പെടുന്നു.

ഈ ഹദീസിൽ ളുഹ്റിന് മുമ്പുള്ള സുന്നത്ത് നിസ്കാരത്തിൻറെ ശ്രേഷ്ഠത കൂടി വിശദീകരിക്കുന്നുണ്ട്. അബൂ അയ്യൂബുൽ അൻസാരി(റ) പറഞ്ഞു: ളുഹറിന് മുമ്പുള്ള നാല് റക്അത്തുകൾക്ക് വേണ്ടി ആകാശത്തിലെ വാതിലുകൾ തുറക്കപ്പെടും.


ആഴ്ചയിൽ അമലുകൾ ഉയർത്തപ്പെടുന്നു

അബൂ ഹുറൈറ(റ) പറഞ്ഞു: നബി തങ്ങൾ പറഞ്ഞു: എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടും അപ്പോൾ അല്ലാഹുവിൽ പങ്കു ചേർക്കാത്ത എല്ലാവർക്കും അല്ലാഹു പൊറുത്തു കൊടുക്കും. പരസ്പരം പിണങ്ങി നിൽക്കുന്ന രണ്ടുപേർക്കും ഒഴികെ.  ‘അവർ നന്നാകുന്നതുവരെ അവരെ മാറ്റിനിർത്തൂ’ എന്ന് പറയപ്പെടും..

അബു ഹുറൈറ(റ) പറഞ്ഞു: നബി(സ) തങ്ങൾ പറഞ്ഞു: വ്യാഴാഴ്ചയും തിങ്കളാഴ്ചയും അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടും നോമ്പുകാരനായിരിക്കെ എൻറെ അമലുകൾ ഉയർത്തപ്പെടാൻ ഞാൻ ഇഷ്ടപ്പെടുന്നു (തുർമുദി)

ഉസാമത്ത് ബിനു സൈദ്(റ) പറഞ്ഞു: ഞാൻ ചോദിച്ചു: നബിയെ അങ്ങ് ഒരുപാട് ദിവസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുകയും തുടർച്ചയായി കുറേ ദിവസങ്ങൾ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുന്നു പക്ഷേ രണ്ടു ദിവസം തങ്ങൾ പ്രത്യേകം നോമ്പ് അനുഷ്ഠിക്കാൻ ശ്രദ്ധിക്കാറുണ്ട്.

നബി തങ്ങൾ ചോദിച്ചു: ഏതാണ് ആ രണ്ടു ദിവസങ്ങൾ?

അദ്ദേഹം പറഞ്ഞു: വ്യാഴവും തിങ്കളും. നബി തങ്ങൾ പറഞ്ഞു: ആ രണ്ട് ദിവസങ്ങളിൽ അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടും അന്നേരം ഞാൻ നോമ്പുകാരൻ ആവാൻ ഇഷ്ടപ്പെടുന്നു. (അബൂ ദാവൂദ്)

ഈ ഹദീസുകളിൽ നിന്ന് ഈ രണ്ടുദിവസത്തിന്റെ ശ്രേഷ്ഠത ഒരു മുസ്ലിമിന് മനസ്സിലാക്കാൻ സാധിക്കും അതുകൊണ്ടുതന്നെ ആ ദിവസങ്ങളിൽ തെറ്റുകളിൽ നിന്ന് മാറിനിൽക്കുക. ആ ദിവസങ്ങളിൽ നല്ല കർമ്മങ്ങൾ വർദ്ധിപ്പിക്കുക. നല്ല സംസാരം വർദ്ധിപ്പിക്കുക. കാരണം ആ ദിവസങ്ങൾക്ക് പ്രത്യേകതകൾ ഉണ്ട്. അത് ഒരു പാത്രമാണ്. അല്ലാഹുവിലേക്ക് അടുക്കുന്ന കാര്യങ്ങൾ കൊണ്ട് ആ പാത്രത്തെ നീ നിറക്കുക ഈ പാത്രങ്ങൾ തുറക്കപ്പെടുന്ന ഒരു ദിവസം നിൻറെ മുന്നിലെത്തും അത് നിൻറെ മരണത്തിൻറെ സമയമാണ് ആ പാത്രത്തിൽ ഉള്ളത് മുഴുവൻ കോട്ടപ്പെടും നിന്റെ വാക്കുകൾ പ്രവർത്തികൾ അവസ്ഥകൾ ഇവയെല്ലാം അതെല്ലാം നല്ല കർമ്മങ്ങൾ ആണെങ്കിൽ അതിൽനിന്ന് സുഗന്ധമുള്ള വാസന പുറത്തുവരും നീയന്ന് സന്തോഷിക്കും ആഹ്ലാദിക്കും നീ നിർഭയത്വം നേടും. ആ പെട്ടിയിൽ ഉള്ളത് മോശമാണെങ്കിൽ അതിൻറെ ദുർഗന്ധം അവിടെ നിക്കും നീ ദുഃഖിക്കും. നീ പ്രയാസപ്പെടും വലിയ ജനസഞ്ചത്തിനിടയിൽ നീ വഷളാകും അല്ലാഹു തആല പറഞ്ഞു: “സകലമനുഷ്യരും ഒരുമിച്ചുകൂട്ടപ്പെടുന്ന ഒരു ദിനമാണത്. അന്ന് സര്‍വരും സന്നിഹിതരുമാകും.”(ഖുർആൻ)