ഖുർത്വുബ: ചരിത്രത്തിലെ വിസ്മയം



ഖുർത്വുബ.
രണ്ടായിരം സംവത്സരം പഴക്കമുള്ള സ്പെയ്നിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവലായിരുന്നു എട്ട് പതിറ്റാണ്ടിൽ വിസ്മയം തീർത്ത മുസ്ലിം സ്പെയ്ൻ.
മുസ്ലിം സ്പെയ്നിന്റെ യശസ്സുയർത്തിയ മഹാനഗരിയായിരുന്നു ഖുർത്വുബ.
ഇസ്ലാമിക സംസ്കാരങ്ങളുടേയും വിജ്ഞാനങ്ങളുടേയും ഗജനാവായിരുന്നു ഒരു കാലത്ത് ഖുർത്വുബ. സ്പെയ്നിന്റെ മുഴുവൻ ബുദ്ധിയും ഖുർത്വുബയിലായിരുന്നു കേന്ദ്രീകരിക്കപ്പെട്ടിരുന്നത് എന്ന് ചരിത്രത്തിൽ കാണാം.
ഖുർത്വുബയുടെ ഇസ്ലാമിക ചരിത്ര അദ്യായത്തിന്റെ താളുകൾ അടച്ച് വെക്കാനുള്ളതല്ല.
അറബികൾ ഖുർത്വുബ എന്നും റോമക്കാർ കൊർദുബ എന്നും സ്പെയ്നുകാർ കൊർദോവ എന്നും പേര് വിളിക്കുന്ന ഖുർത്വുബയെ കുറിച്ചും മുസ്ലിം സ്പെയ്നിനെ കുറിച്ചും ഒരു പുനർവായന.

ഉത്തമ സമുദായമെന്നാണ് മുസ്‌ലിം സമൂഹത്തെ കുറിച്ചുളള വിശുദ്ധ ഖുര്‍ആനിന്റെ അഭിസംബോധന.  മനുഷ്യര്‍ക്കിടയില്‍ നന്മ കല്‍പ്പിക്കുവാനും, തിന്മ• വിരോധിക്കുവാനും കെല്‍പ്പുളള ജനവിഭാഗമെന്ന നിലയിലാണ് മുസ്‌ലിം സമൂഹത്തെ ഇത്തരമൊരു വിശേഷണത്തിന്റെ ഭാഗമാക്കിയത്.

വിശുദ്ധ ഖുര്‍ആനിന്റെ വക്താക്കളാകുമ്പോള്‍ ജീവിതത്തിന്റെ സകല മേഖലകളിലും സംസ്‌കരണം സാധ്യമാകുമെന്നതും ഉത്തമ സമുദായമെന്ന വിശേഷണത്തിന് കരുത്ത് പകര്‍ന്നിരുന്നു.  പ്രവാചകന്‍ മുഹമ്മദ് നബി സംസ്‌കരിച്ചെടുത്ത മക്കയിലേയും, മദീനയിലേയും ജനവിഭാഗവും, തുടര്‍ന്നുളള മൂന്ന് നൂറ്റാണ്ടുകള്‍ വരേയും മുസ്‌ലിം സമൂഹത്തിന്റെ ഉത്തമ സമുദായമെന്ന വിശേഷപട്ടം തെളിമ മങ്ങാതെ നിലനിന്നുവെന്നത് ചരിത്ര സാക്ഷ്യമാണ്. സാമൂഹ്യ, സാംസ്‌കാരിക, വൈജ്ഞാനിക, രാഷ്ട്രീയ മേഖലകളില്‍ മുസ്‌ലിം സമൂഹത്തിന്റെ ഔന്നിത്യം ഇക്കാലയളവില്‍ ലോകം ദര്‍ശിച്ചതുമാണ്.  എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിടാന്‍ തുടങ്ങിയതോടെ ഈ ഔന്നിത്യം കാലയവനികക്ക് പിന്നിലേക്ക് മാഞ്ഞുതുടങ്ങി. എന്തിനും, ഏതിനും ലോകം ആശ്രയിച്ചിരുന്ന ഈ സമൂഹം ഒന്നിനും കൊളളാത്തവരെന്ന വിശേഷണത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നതിനും ചരിത്രം സാക്ഷി നിന്നു. വിശ്വസത്തിന്റെ തീക്ഷണതയും സല്‍ക്കര്‍മ്മങ്ങളുടെയും, ആചാര അനുഷ്ഠാനങ്ങളുടെയും പിന്‍ബലവുമുളള മുസ്‌ലിം സമൂഹമായിരുന്നു ലോകത്തിന് മാതൃക സൃഷ്ടിക്കപ്പെടുകയും, സകല മേഖലകളിലും ഔന്നിത്യം സ്ഥാപിക്കുകയും ചെയ്തതെന്ന് ചരിത്രത്തിന്റെ പുനര്‍വായനയില്‍ ബോധ്യപ്പെടും.

ചരിത്രം ഓര്‍മ്മകളുടെ സൂക്ഷിപ്പ് രേഖയായി മാറേണ്ടതല്ല. മറിച്ച് ഉത്ഥാനത്തിലുളള പ്രേരക ശക്തിയാകേണ്ടതാണ്.  വീഴ്ച്ചകളെ തിരിച്ചറിയാനും നേട്ടങ്ങളെ ഉള്‍ക്കൊളളാനുമുളള ചാലകമായി ചരിത്രത്തെ ഉള്‍ക്കൊളേളണ്ടതുണ്ട്. ലോകത്തെ സര്‍വ്വ മേഖലകളിലും അതിജയിച്ച മുസ്‌ലിം സമുദായത്തിന്റെ ഏറെ ആശാവഹമല്ലാത്ത ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നുളള തിരിച്ചു നടത്തത്തിന് ഊര്‍ജ്ജമായി മാറാന്‍ ശേഷിയുളള ചരിത്ര ശകലമാണ് ഇസ്‌ലാമിക സ്‌പെയിനിന്റേത്. എട്ട് പതിറ്റാണ്ട് നീണ്ട സ്‌പെയിനിലെ ഇസ്‌ലാമിക മുന്നേറ്റം തുടച്ച് നീക്കപ്പെട്ടിട്ട് അത്രതന്നെ നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും അന്ന് നേടിയെടുത്ത സാമൂഹ്യ സാംസ്‌കാരിക, വൈജ്ഞാനിക നേട്ടങ്ങള്‍ ഇന്നത്തെ സമൂഹത്തിന് കരുത്തും പ്രചോദനവും ആകേണ്ടതുണ്ട്.

സ്‌പെയിനിന്റെ ചരിത്രം രണ്ടായിരം സംവത്സരം പഴക്കമുളളതാണ്.  ആ കാലത്തിനിടയില്‍ പലജനവിഭാഗങ്ങളും സ്‌പെയിനിനെ ‘ഭരിച്ചിട്ടുണ്ട്.  കാര്‍ത്തേജിനുകളായിരുന്നു തുടക്കം. പിന്നീട് നൂറ്റാണ്ടുകളോളം റോമക്കാരും, തുടര്‍ന്ന് ഗോത്തുകളും ഭരിച്ചു. ഇവര്‍ക്ക് ശേഷമാണ് മുസ്‌ലിംങ്ങളുടെ വരവ്. തുടര്‍ന്ന് ക്രൈസ്തവരുടെ ഭരണം വന്നു. ഇന്നും ക്രൈസ്തവരാണ് സ്‌പെയിന്‍ ഭരിക്കുന്നത്. വിത്യസ്ത കാലങ്ങളിലൂടെയുളള ഭരണങ്ങളിലെല്ലാം മഹത്തായ സംഭാവനകള്‍ സ്‌പെയിനിന് ലഭിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിം ഭരണ കാലത്തുണ്ടായിരുന്നത്ര ഐശ്വര്യവും സംഭാവനകളും മറ്റാരില്‍ നിന്നും ഈ നാടിന് ലഭിച്ചിട്ടില്ലെന്നത് വസ്തുതയാണ്.

സ്‌പെയിന്‍ ജനത ലോകത്തിന് നേതൃത്വവും മാര്‍ഗ്ഗദര്‍ശനവും നല്‍കിയതും, യൂറോപ്പില്‍ വിജ്ഞാനത്തിന്റേയും കലകളുടെയും പ്രകാശം പ്രസരിച്ചതും മുസ്‌ലിംങ്ങള്‍ സ്‌പെയിന്‍ ഭരിച്ചിരുന്ന കാലത്ത് മാത്രമാണ്.
മുസ്‌ലിം സ്‌പെയിന്‍ ഒരു കൊച്ചു രാഷ്ട്രമായിരുന്നെങ്കിലും വിജ്ഞാനം, കല, സാംസ്‌കാരം, നാഗരികത എന്നിവയില്‍ മറ്റു വലിയ രാഷ്ട്രങ്ങളോടൊപ്പമോ അതിനുമുകളിലോ ആയിരുന്നു സ്ഥാനം. മത പണ്ഡിതന്‍മാരില്‍ ഇബ്‌നു ഹസം, ഇബ്‌നു അബ്ദില്‍ ബര്‍റ്, ഇബ്‌നുല്‍ അറബി, തത്വ ചിന്തകരില്‍ ഇബ്‌നു റുശ്ദ്, ഇബ്‌നു തുഫൈല്‍, ശാസ്ത്രജ്ഞരില്‍ സഹ്‌റാഹി, ഇബ്‌നു സഹര്‍, ചരിത്രകാരന്‍മാരില്‍ ഖത്തീബ്, ഇബ്‌നു അബ്ദു റബ്ബിഹ്, കവികളില്‍ ഇബ്‌നു സൈദൂന്‍, ഇബ്‌നു അമ്മാര്‍ തുടങ്ങിയവരെല്ലാം ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്. മുസ്‌ലിം ലോകത്ത് മാത്രമല്ല, അതിനു പുറത്തും വിഖ്യാതരായിരുന്നു ഇവര്‍. ഇസ്‌ലാമിക ചരിത്രത്തില്‍ ഇറാഖും, മാവറ അന്നഹറും മാത്രമാണ് സ്‌പെയിനിനോളം ചെറുതായിരിക്കെ ഇത്രയേറെ പ്രതിഭാധനരെ സംഭാവന ചെയ്യാന്‍ കഴിഞ്ഞ രാജ്യങ്ങള്‍

വിമാന നിര്‍മ്മാണത്തിന് ലോകത്ത് ആദ്യമായി ശ്രമം നടന്നത് ഇസ്‌ലാമിക സ്‌പെയിനിലാണ്. അബ്ബാസുബ്‌നു ഫര്‍നാസ് എന്ന ശാസ്ത്രജ്ഞന്‍ നിര്‍മ്മിച്ച വിമാനം ആകാശത്തേക്ക് അല്‍പ്പദൂരം ഉയര്‍ന്ന് വീണു പോവുകയാണുണ്ടായത്. പ്രതിഭാ ശാലിയായ ഒരു ശാസ്ത്രജ്ഞനായിരുന്നു ഇബ്‌നു ഫര്‍നാസ്. തന്റെ വീട്ടില്‍ സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളുമെല്ലാമുളള കൃത്രിമ ആകാശം അദ്ദേഹം നിര്‍മ്മിച്ചുവെച്ചിരുന്നു. കല്ലുകൊണ്ട് കണ്ണാടി നിര്‍മ്മിക്കുന്ന വിദ്യ കണ്ടുപിടിച്ചത് അദ്ദേഹമാണ്. നിഴലിന്റെ സഹായമില്ലാതെ സമയം അിറയുന്നതിനുളള ഉപകരണവും അദ്ദേഹം നിര്‍മിക്കുകയുണ്ടായി. മുവഹിദുകളുടെ കാലത്ത് സിവല്ലയില്‍ ജീവിച്ചിരുന്ന മറ്റൊരു ശാസ്ത്രജ്ഞനാണ് ഇബ്‌നു അവാം. കൃഷിയിലായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്ധ്യം.

ഭൂമി കൃഷിയോഗ്യമാക്കുന്നതിനും വിളവുകള്‍ മെച്ചപ്പെടുത്തുന്നതിനുമുളള മാര്‍ഗ്ഗങ്ങള്‍ തന്റെ കൃതിയില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്.

മുസ്‌ലിം നാടുകളിലെ ജനങ്ങള്‍ക്ക് ന്യൂയോര്‍ക്കും, യൂറോപ്പ്യന്‍ പട്ടണങ്ങളും ഇന്ന് എങ്ങിനെയാണോ അതുപോലെയായിരുന്നു അന്ന് യൂറോപ്യര്‍ക്ക് കൊര്‍ദോവ പട്ടണം.

സ്‌പെയിനിന്റെ വികാസ ഘട്ടത്തില്‍ കൊര്‍ദോവ(ഖുർത്വുബ)യിലെ ജനസംഖ്യ 15 ലക്ഷമായിരുന്നു.
പട്ടണത്തിന് 26 നാഴിക നീളവും 7 നാഴിക വീതിയുമുണ്ടായിരുന്നു. വാദില്‍ കബീര്‍ നദിയുടെ തീരത്തോട് ചേര്‍ന്നാണ് അത് സ്ഥിതി ചെയ്തിരുന്നത്. അറുപതിനായിരത്തോളം വരുന്ന ബംഗ്ലാവുകളും അരമനകളും, രണ്ട് ലക്ഷം സാധാരണ വീടുകളും നഗരത്തിലുണ്ടായിരുന്നു. 80000 കടകള്‍, 3800 പളളികള്‍, 7000 കുളിപ്പുരകള്‍ വേറെയും. പഴയ കാലത്ത് ഇത്രയും വലിയ പട്ടണം സാധാരണമായിരുന്നില്ല.  റോഡുകള്‍ ഉറപ്പുള്ളവയായിരുന്നു.  മലിനജലമൊഴുകാന്‍ മണ്ണിനടിയില്‍ ഓവുകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു.  നാല്‍കവലകളില്‍ ജലധാര സ്ഥാപിച്ചിരുന്നു.  വഴിവിളക്കുകള്‍ നഗരത്തെ രാത്രികാലങ്ങളിലും പ്രകാശിതമാക്കി.

അക്കാലത്ത് കൊര്‍ദോവ(ഖുർത്വുബ)ക്ക് സമമായി ബാഗ്ദാദല്ലാതെ മറ്റൊരു പട്ടണം ലോകത്തുണ്ടായിരുന്നില്ല.  അതുപോലെ സിവില്ല, ഗ്രാനഡ, വലന്‍സിയ, സരഗോസ എന്നീ നഗരങ്ങള്‍ക്ക് തുല്യമായ ഒരു നഗരം യൂറോപ്യന്‍ രാജ്യങ്ങളിലും അക്കാലത്തുണ്ടായിരുന്നില്ല.

യൂറോപ്പില്‍ അക്കാലത്ത് ഏതാനും പുരോഹിതന്‍മാര്‍ക്കും പ്രഭുക്കള്‍ക്കുമൊഴികെ മറ്റാര്‍ക്കും എഴുത്തും വായനയും അറിയുമായിരുന്നില്ല.  എന്നാല്‍ സ്‌പെയിനിലെ മുസ്ലിംങ്ങള്‍ മുഴുവനും എഴുത്തും വായനയും വശമുള്ളവരായിരുന്നു.  അക്കാലത്തെ ഫ്രഞ്ച് രാജാവിന്റെ ഗ്രന്ഥാലയത്തില്‍ അറുനൂറ് പുസ്തകങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

അതേ സമയം ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറികള്‍ സ്വന്തമായുള്ള ഒട്ടനേകം വ്യക്തികള്‍ സ്‌പെയിനിലുണ്ടായിരുന്നു.  മറ്റുള്ളവരുടെ പക്കലില്ലാത്ത പുസ്തകങ്ങള്‍ സ്വന്തം ശേഖരത്തിലുണ്ടാവുന്നത് വലിയ അഭിമാനമായാണ് അവര്‍ കണക്കാക്കിയിരുന്നത്.  ഇതിന് എത്ര സമ്പത്ത് മുടക്കാനും അവര്‍ തയ്യാറായിരുന്നു.  ഇന്നത്തെ പോലെ അച്ചടി വിദ്യ പ്രചാരത്തിലില്ലായിരുന്ന കാലമല്ലായിരുന്നു അതെന്ന് ഓര്‍ക്കേണ്ടതുണ്ട്.  പുസ്തകങ്ങള്‍ കൈകൊണ്ട് എഴുതി ഉണ്ടാക്കുന്നതായിരുന്നു.

വിജ്ഞാനത്തോടുള്ള അദമ്യമായ താല്‍പര്യം പുസ്തകങ്ങള്‍ എഴുതിയുണ്ടാക്കുന്നത് പ്രയാസകരമായ ഏര്‍പ്പാടായി അവര്‍ക്ക് തോന്നിയില്ല. കൊര്‍ദോവ പട്ടണത്തില്‍ മാത്രം ഇരുപതിനായിരം പേര്‍ പുസ്തകങ്ങള്‍ കൈകൊണ്ട് എഴുതിയുണ്ടാക്കി വ്യാപാരത്തില്‍ ഏര്‍പ്പട്ടിരുന്നതായി പറയപ്പെടുന്നു.
സ്‌പെയിനിലെ ശാത്തിബ നഗരമായിരുന്നു കടലാസ് നിര്‍മ്മാണത്തിലെ അക്കാലത്തെ പ്രധാന കേന്ദ്രം.  ഇതിന് പുറമെ ചൈനയില്‍ മാത്രമായിരുന്നു കടലാസ് നിര്‍മ്മിച്ചിരുന്നത്.  ശാത്തിബയില്‍ നിന്നുള്ള കടലാസ് ഏറെയും ഉപയോഗിച്ചിരുന്നത് സ്‌പെയിനില്‍ നിന്നുള്ള ഗ്രന്ഥങ്ങളുടെ രചനക്ക് വേണ്ടി തന്നെയായിരുന്നു.  ശാത്തിബയില്‍ നിന്നുതന്നെയാണ് യൂറോപ്യന്‍മാര്‍ കടലാസ് നിര്‍മ്മാണം പഠിച്ചത്.  സര്‍വ്വ മേഖലകളേയും സംബന്ധിച്ച ഗ്രന്ഥരചന സ്‌പെയിനിനെ യൂറോപ്പിന്റെ വിജ്ഞാന സമ്പാദന കേന്ദ്രമാക്കി മാറ്റി.

യൂറോപ്പിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളായ മാര്‍പാപ്പ സനൂയിസ്റ്റര്‍ രണ്ടാമന്‍ വിജ്ഞാനമാര്‍ജ്ജിച്ചത് ഇസ്‌ലാമിക സ്‌പെയിനില്‍ നിന്നാണെന്ന് ചേര്‍ത്ത് വായിക്കേണ്ടതാണ്.
സ്‌പെയിനിലെ അറബി ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ ‘ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് വിജ്ഞാനം യൂറോപ്പിലേക്ക് ഒഴുകിയത്.  അറബി ഗ്രന്ഥങ്ങളുടെ യൂറോപ്യന്‍ ഭാഷയിലേക്കുള്ള വിവര്‍ത്തനം രണ്ട് നൂറ്റാണ്ട് കാലം തുടര്‍ച്ചയായി നടന്നു. ഈ തര്‍ജ്ജമകള്‍ യൂറോപ്പില്‍ ശാസ്ത്രവും കലയും പ്രചരിപ്പിച്ചു.  ഇബ്‌നു റുഷ്ദിന്റെയും ഇബ്‌നു സീനയുടെയും വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ മൂന്ന് നൂറ്റാണ്ട് കാലം യൂറോപ്യന്‍ കലാലയങ്ങളില്‍ പഠിപ്പിക്കപ്പെട്ടുവെന്നത് പാശ്ചാത്യ വൈജ്ഞാനിക മണ്ഡലത്തില്‍ മുസ്ലിങ്ങളുടെ ഈടുറ്റ സ്വാധീനം പ്രകടമാക്കുന്നു.

ഗണിതം, ഗോളശാസ്ത്രം രസതന്ത്രം, വൈദ്യം, പ്രകൃതി ശാസ്ത്രം തുടങ്ങിയവ സംബന്ധിച്ച അറബി ഗ്രന്ഥങ്ങളെ ആഭിചാര കൃതികളായാണ് അക്കാലത്ത് യൂറോപ്യര്‍ കണ്ടിരുന്നത്.
സ്‌പെയിനിലെ ഇസ്ലാമിക ഭരണകൂടം പിടിച്ചെടുത്ത് ‘ഭരണമാരംഭിച്ച ക്രൈസ്തവ ഭരണകൂടം 1511 - ല്‍ അറബി ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കാന്‍ ഉത്തരവിട്ടു.  ലക്ഷക്കണക്കിന് ഗ്രന്ഥങ്ങളാണ് അങ്ങിനെ നശിപ്പിക്കപ്പെട്ടത്.  ഗ്രാനഡ പട്ടണത്തില്‍ മാത്രം എണ്‍പതിനായിരം ഗ്രന്ഥങ്ങള്‍ ചാമ്പലാക്കപ്പെടുകയുണ്ടായി.  അന്ന് കത്തിക്കപ്പെടാത്തവ ഇന്നും സ്‌പെയിനില്‍ സൂക്ഷിച്ചിട്ടുണ്ട്.  ഗ്രന്ഥശേഖരങ്ങളുടെ കണക്കുമാത്രം മതി ഇസ്‌ലാമിക സ്‌പെയിനിന്റെ വൈജ്ഞാനിക വ്യതിരക്തത തിരിച്ചറിയാന്‍.

എട്ട് നൂറ്റാണ്ട് കാലത്തെ ഇസ്‌ലാമിക സ്‌പെയിനിന്റെ ഭരണത്തിലെ ഒരു ഭാഗം മാത്രമാണിത്.  സംഭവ ബഹുലമായ ഒട്ടേറെ കാര്യങ്ങള്‍ പുതിയ തലമുറക്ക് ചാലക ശക്തിയാകാന്‍ കഴിയുന്ന തരത്തില്‍ സ്‌പെയിനിന് സ്വന്തമായുണ്ട്.  ചരിത്രത്തിന്റെ പുനര്‍ വായന സമൂഹങ്ങളുടെ പുനരുത്ഥാനത്തിന് കരുത്ത് പകരുന്നത് കൊണ്ട് തന്നെ ഇസ്‌ലാമിക സ്‌പെയിനിനെ സംബന്ധിച്ച വായന മുസ്‌ലിം സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.  ലോകത്തിന് മുന്നില്‍ മാതൃക സൃഷ്ടിച്ച ഭരണകാലമായിരുന്നു അന്നത്തെ സ്‌പെയിനിന്റേത്.  ലോകത്തിന്റെ മുഴുവന്‍ ബുദ്ധിയും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് കൊര്‍ദോവ പട്ടണത്തിലാണെന്ന് ചരിത്രകാരനെ കൊണ്ട് പറയിപ്പിച്ചതും അത് കൊണ്ട് തന്നെ.