അറഫാ ദിനത്തിന്റെ ശ്രേഷ്ഠതകൾ


അറഫാ ദിനത്തിന്റെ മഹത്വങ്ങളും ശ്രേഷ്ഠതകളും വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും കർമശാസത്ര ഗ്രന്ഥങ്ങളിലും ധാരാളം കാണാവുന്നതാണ്.

وَالْيَوْمِ الْمَوْعُودِ وَشَاهِدٍ وَمَشْهُودٍ
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ് സത്യം. സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ് സത്യം. (ഖു൪ആന്‍:85/2-2)
      ഈ ആയത്തിലെ مشهود എന്നത് അറഫാദിനത്തെ കുറിച്ചാണെന്ന് നബി ﷺ വിശദീകരിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ الْيَوْمُ الْمَوْعُودُ يَوْمُ الْقِيَامَةِ وَالْيَوْمُ الْمَشْهُودُ يَوْمُ عَرَفَةَ وَالشَّاهِدُ يَوْمُ الْجُمُعَةِ

അബൂഹുറൈറ(റ) വില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘വാഗ്ദാനം ചെയ്യപ്പെട്ട ദിവസം’ എന്നത് ‘ഖിയാമത്ത് നാള്‍’ ആണ്. ‘സാക്ഷ്യം വഹിക്കപ്പെടുന്നത്’ എന്നത് അറഫാദിനവും, ‘സാക്ഷി’ എന്നത് ‘ജുമുഅ’ ദിവസവുമാണ് …… (തിര്‍മിദി: 3339 ) 
  ‘ഇഹലോകത്തിലെ ദിനങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിനങ്ങളാണെന്നും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനേക്കാള്‍ അല്ലാഹുവിന്റെ അടുക്കല്‍ ശ്രേഷ്ടകരവും അല്ലാഹുവിന് അതിയായി ഇഷ്ടമുള്ളതും ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലെ സല്‍ക൪മ്മങ്ങളാണെന്നും നബി ﷺ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഈ ദിവസങ്ങളില്‍ അനുഷ്ഠിക്കുന്ന സല്‍ക൪മ്മങ്ങളേക്കാള്‍ അല്ലാഹുവിന്റെ അടുക്കല്‍ സംശുദ്ധവും പ്രതിഫലാ൪ഹവുമായ മറ്റൊരു ക൪മ്മവുമില്ല. (സ്വഹീഹ് ജാമിഅ് :1133 , ബുഖാരി :969 – അബൂദാവൂദ് :2438 )
       അല്ലാഹുവിന്റെ അനുഗ്രഹവും, ദീനും ഈ ഉമ്മത്തിനുമേല്‍ പൂര്‍ത്തീകരിക്കപ്പെട്ട ദിനമാണ് അറഫാദിനം.

*عَنْ عُمَرَ بْنِ الْخَطَّابِ، أَنَّ رَجُلاً، مِنَ الْيَهُودِ قَالَ لَهُ يَا أَمِيرَ الْمُؤْمِنِينَ، آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا لَوْ عَلَيْنَا مَعْشَرَ الْيَهُودِ نَزَلَتْ لاَتَّخَذْنَا ذَلِكَ الْيَوْمَ عِيدًا‏.‏ قَالَ أَىُّ آيَةٍ قَالَ ‏‏‏.‏ قَالَ عُمَرُ قَدْ عَرَفْنَا ذَلِكَ الْيَوْمَ وَالْمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ صلى الله عليه وسلم وَهُوَ قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ*

ഉമറു ബ്നുല്‍ ഖത്താബില്‍ (റ) വിൽ നിന്ന് നിവേദനം: ജൂതന്മാരില്‍പ്പെട്ട ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ അമീറുല്‍ മുഅ്മിനീന്‍, നിങ്ങളുടെ വേദഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരായത്തുണ്ട്. അത് ഞങ്ങള്‍ ജൂതന്മാര്‍ക്കാണ് ഇറങ്ങിയിരുന്നതെങ്കില്‍ അതിറങ്ങിയ ദിവസത്തെ ഞങ്ങളൊരു ആഘോഷദിവസമാക്കുമായിരുന്നു’. അദ്ദേഹം ചോദിച്ചു: ‘ഏത് ആയത്താണത് ?’. അയാള്‍ പറഞ്ഞു: ‘ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു എന്ന ആയത്താണത്.’ അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: ‘അതേത് ദിവസമാണെന്നും എവിടെ വച്ചാണ് അത് നബി ﷺ ക്ക് ഇറങ്ങിയതെന്നും ഞങ്ങള്‍ക്കറിയാം. വെള്ളിയാഴ്ച ദിവസം തിരുനബി(സ്വ) അറഫയില്‍ നില്‍ക്കുന്ന സമയത്താണ് അതിറങ്ങിയത്.’ 
(ബുഖാരി:45)

 *അറഫാദിനം*
പാപമോചനത്തിന്റേയും, നരകമോചനത്തിന്റേയും ദിനമാണ് അറഫ: ദിനം. അന്നേദിവസം നരകത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ദിവസവുമാണ്.

*قَالَتْ عَائِشَةُ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ*

ആഇശ(റ)യിയില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹു ഒരടിമയെ നരകത്തില്‍ നിന്നും മോചിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനം അറഫാദിനത്തേക്കാള്‍ മറ്റൊന്നില്ല. അവന്‍ അവരോടടുക്കുകയും, മലക്കുകളോട് അവരെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് : അവരെന്താണ് ഉദ്ദേശിക്കുന്നത്? എന്ന് പറയുകയും ചെയ്യും’.(മുസ്‌ലിം: 1348)
     ഇബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറഫയില്‍ സമ്മേളിച്ചവരെ കുറിച്ച് അല്ലാഹു വൈകുന്നേരം അഭിമാനത്തോടെ മലക്കുകളോട് പറയും : പൊടിപുരണ്ട ശരീരവും ജടപിടിച്ച തലയുമായി എന്റെ ദാസന്‍മാ൪ എന്റെ വിളിക്കുത്തരം നല്‍കി വന്നിരിക്കുന്നത് നോക്കൂ. (സ്വഹീഹുല്‍ ജാമിഅ് :1868)
    അറഫയില്‍ ഒരുമിച്ച് കൂടുന്നവരെ അല്ലാഹു പ്രശംസിച്ച് പറയുകയും, അവരെന്താണോ ഉദ്ദേശിക്കുന്നത് അതവര്‍ക്ക് നല്‍കപ്പെടുകയും ചെയ്യുമെന്ന൪ത്ഥം. അതേപോലെ പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കുന്ന ദിവസവുമാണ് അറഫാ ദിനം.

*عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ*
    നബി ﷺ പറഞ്ഞു: ഏറ്റവും നല്ല പ്രാര്‍ത്ഥന അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ് (തിര്‍മിദി: 3585)

*كَانَ أَكْثَرُ دُعَاءِ رَسُولِ اللَّهِﷺ يَوْمَ عَرَفَةَ…*

അറഫാ ദിവസം നബി ﷺ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ച പ്രാർത്ഥനയായിരുന്നു ഇത്:

*لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، بِيَدِهِ الْخَيْرُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ*

അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്റെ പക്കലാണ് എല്ലാ നന്മയും ഉള്ളത്. അല്ലാഹു സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവാനാണ്! [അഹ്മദ് ]
     ഇവിടെ നബി ﷺ യുടെ ദുആ എന്നുപറഞ്ഞ് ഒരു ദിക്ർ ആണല്ലോ പറഞ്ഞത് എന്ന് ചോദിച്ചേക്കാം. ഇതിനുള്ള മറുപടി ഇമാം ത്വീബി(റ) വിശദീകരിക്കുന്നുണ്ട്; അല്ലാഹുവിനെ വാഴ്ത്തുന്നതിലും നമ്മുടെ തേട്ടങ്ങൾ ഉൾക്കൊള്ളുന്നു എന്നതാണ് കാര്യം.
    ഇമാം നവവി(റ) പറഞ്ഞു:പ്രാർത്ഥനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ, വർഷത്തിലെ ദിവസമാണ് അറഫ ദിനം. അതിനാൽ ദിക്റിനും പ്രാർത്ഥനക്കും ഖുർആൻ പാരായണത്തിനും പരിശ്രമിക്കണം. സ്വന്തത്തിനും മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കും ഗുരുനാഥന്മാർക്കും മുഴുവൻ മുസ്ലീങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം.[كتاب الأذكار للنووي- ٣٣٣]
      *അറഫാദിനത്തിലെ നോമ്പ്*
صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ

നബി ﷺ പറഞ്ഞു: അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു.(മുസ്‌ലിം: 1162)

അറഫ ദിനത്തിലെ നോമ്പ് കൊണ്ട് കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങൾ പൊറുക്കപ്പെടും. വരാനിരിക്കുന്ന വ൪ഷത്തെ പാപങ്ങൾ പൊറുക്കപ്പെടുക എന്നത്, ആ വർഷത്തിൽ പാപങ്ങൾ ഒഴിവാക്കാനുള്ള തൗഫീഖ് അവനു ലഭിക്കുമെന്നോ അല്ലെങ്കിൽ വല്ല പാപവും സംഭവിച്ചു പോയാൽ തൗബ ചെയ്യാനുള്ള തൗഫീഖ് അവനു ലഭിക്കുമെന്നോ ആണെന്നാണ്.
      കഴിഞ്ഞുപോയ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടും എന്നത് വ്യക്തമാണ്. കാരണം; അത് നിലവിൽ സംഭവിച്ചു കഴിഞ്ഞതായ പാപങ്ങളാണ്. എന്നാൽ, വരാനിരിക്കുന്ന പാപങ്ങൾ പൊറുക്കപ്പെടും എന്നത് സംഭവിക്കാത്ത പാപങ്ങളെ കുറിച്ചായത് കൊണ്ട് ആ കാര്യത്തിൽ ചില അവ്യക്തതകൾ തോന്നിയേക്കാം. എങ്ങനെയാണ് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത പാപങ്ങൾ പൊറുക്കപ്പെടുന്നത്? അതിനെ കുറിച്ച് പണ്ഡിതന്മാർ പറഞ്ഞതായി കാണാം: ‘വരാനിരിക്കുന്ന പാപങ്ങൾ പൊറുക്കപ്പെടുക എന്നാൽ; ഒന്നല്ലെങ്കിൽ, വരാനിരിക്കുന്ന ഒരു വർഷം അയാൾക്ക് പാപങ്ങളിൽ നിന്നും വിട്ടുനിൽക്കാനുള്ള തൗഫീഖ് ലഭിക്കും, അതല്ലെങ്കിൽ, വല്ല പാപങ്ങളും അയാളിൽ നിന്നും സംഭവിച്ചുപോയാൽ തന്നെ തൗബ ചെയ്യാനുള്ള അവസരം ആ വ്യക്തിക്ക് ലഭിക്കുന്നതായിരിക്കും. അതാണ് വരാനിരിക്കുന്ന ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടും എന്നതിന്റെ അർത്ഥം. 
*ദുൽഹിജ്ജ :ഒമ്പതിനാണ് അറഫ: നോമ്പ്*  
      മാസപ്പിറവിയുടെ കാര്യത്തില്‍ ഓരോ പ്രദേശത്തുകാര്‍ക്കും അവരുടേതായ നിര്‍ണയസ്ഥാനങ്ങളാണ് പരിഗണിക്കേണ്ടതെന്നാണ് ഇസ്ലാമിൻ്റെ നിയമം .അങ്ങനെസ്വഹാബത്ത് മനസ്സിലാക്കിയിട്ടുള്ളത് കാണുക

*عَنْ كُرَيْبٍ: أَنَّ أُمَّ الْفَضْلِ بِنْتَ الْحَارِثِ بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ، قَالَ: فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا، وَاسْتُهِلَّ عَلَىَّ رَمَضَانُ وَأَنَا بِالشَّامِ، فَرَأَيْتُ الْهِلاَلَ لَيْلَةَ الْجُمُعَةِ، ثُمَّ قَدِمْتُ الْمَدِينَةَ فِى آخِرِ الشَّهْرِ، فَسَأَلَنِى عَبْدُ اللَّهِ بْنُ عَبَّاسٍ – رضى الله عنهما – ثُمَّ ذَكَرَ الْهِلاَلَ، فَقَالَ: مَتَى رَأَيْتُمُ الْهِلاَلَ، فَقُلْتُ: رَأَيْنَاهُ لَيْلَةَ الْجُمُعَةِ، فَقَالَ: أَنْتَ رَأَيْتَهُ، فَقُلْتُ: نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ، فَقَالَ: لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُ حَتَّى نُكْمِلَ ثَلاَثِينَ أَوْ نَرَاهُ، فَقُلْتُ: أَوَلاَ تَكْتَفِى بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ، فَقَالَ: لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ -صلى الله عليه وسلم-.*

കുറൈബ്(റ) വിൽ നിന്നു നിവേദനം: ഉമ്മുല്‍ ഫദ്ല്‍ ബിന്‍തുല്‍ ഹാരിസ്(റ) അദ്ദേഹത്തെ ശാമില്‍ മുആവിയയുടെ (റ) അടുത്തേക്ക് അയച്ചു. അദ്ദേഹം പറയുന്നു: ഞാന്‍ ശാമിലെത്തി അവരെന്നെ ഏല്‍പിച്ച കാര്യം നിര്‍വഹിച്ചു. ഞാന്‍ ശാമിലായിരിക്കെ റമളാന്‍ മാസം കണ്ടു. വെള്ളിയാഴ്ച രാവിനാണ് ഞാന്‍ മാസം കണ്ടത്. ശേഷം റമളാന്‍ മാസത്തിന്റെ അവസാനത്തില്‍ ഞാന്‍ മദീനയിലേക്ക് തിരിച്ചുവന്നു. ഇബ്നു അബ്ബാസ് (റ) എന്നോട് കാര്യങ്ങള്‍ തിരക്കി. മാസപ്പിറവിയെക്കുറിച്ചും സംസാരിച്ചു. അദ്ദേഹം ചോദിച്ചു: നിങ്ങളെപ്പോഴാണ് മാസം കണ്ടത് ? ഞാന്‍ പറഞ്ഞു: ഞങ്ങള്‍ വെള്ളിയാഴ്ച രാവിനാണ് മാസം കണ്ടത്. അദ്ദേഹം ചോദിച്ചു: നീ നേരിട്ട് കണ്ടുവോ? ഞാന്‍ പറഞ്ഞു: അതേ, മറ്റാളുകളും കണ്ടിട്ടുണ്ട്. അവരൊക്കെ നോമ്പെടുത്തു. മുആവിയയും(റ) മാസം കണ്ടത് പ്രകാരം നോമ്പ് എടുത്തു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: പക്ഷേ , ഞങ്ങള്‍ ശനിയാഴ്ച രാവിനാണ് കണ്ടത്. അതുകൊണ്ട് ഞങ്ങള്‍ മാസം കണ്ടാല്‍ ( പെരുന്നാള്‍ ആഘോഷിക്കും), ഇല്ലെങ്കില്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കും.അപ്പോള്‍ ഞാന്‍ ചോദിച്ചു: അപ്പോള്‍ മുആവിയ (റ) മാസം കണ്ടതും നോമ്പ് നോല്‍ക്കാന്‍ ആരംഭിച്ചതും നിങ്ങള്‍ക്കും ബാധകമല്ലേ? നിങ്ങള്‍ക്കതിനെ ആസ്പദമാക്കിയാല്‍ പോരേ? ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അല്ല. ഇപ്രകാരമാണ് റസൂല്‍  ﷺ ഞങ്ങളോട് കല്പിച്ചിട്ടുള്ളത്. (മുസ്‌ലിം : 2580)

മുആവിയ (റ) ശാമില്‍ വെള്ളിയാഴ്ച രാവിനാണ് മാസപ്പിറവി കണ്ടത്. മദീനയില്‍ ഇബ്നു അബ്ബാസ് (റ) കണ്ടതാകട്ടെ, ശനിയാഴ്ച രാവിനും. മുആവിയയും (റ) കൂടെയുള്ളവരും ശാമില്‍ നേരത്തെ മാസം കണ്ടതിനാല്‍ ഒരു ദിവസം മുന്നേ നോമ്പ് ആരംഭിച്ചു. ഇബ്നു അബ്ബാസും (റ) കൂടെയുള്ളവരും നോമ്പ് അനുഷ്ഠിച്ച് തുടങ്ങിയത് ഒരു ദിവസം കഴിഞ്ഞും. എന്നാല്‍ ശാമില്‍ ഒരു ദിവസം നേരത്തെ മാസം കണ്ട വിവരം അദ്ദേഹത്തിന് കിട്ടിയിട്ടും അദ്ദേഹം നോമ്പ് 29ല്‍ അവസാനിപ്പിച്ചില്ല. മാസം കാണുകയാണെങ്കില്‍ പെരുന്നാളാകും, ഇല്ലെങ്കില്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കും എന്നാണദ്ദേഹം പറഞ്ഞത്. മുആവിയയുടെ (റ) ശാമിലെ കാഴ്ച മദീനയില്‍ ബാധകമല്ലെന്നും മദീനയില്‍ മാസപ്പിറവി ദ൪ശിക്കണമെന്നും അപ്രകാരമാണ് റസൂല്‍  ﷺ ഞങ്ങളോട് കല്പിച്ചിട്ടുള്ളതാണെന്നുമാണ് ഇബ്നു അബ്ബാസ് (റ) പറഞ്ഞത്.
   മക്കയിൽ അറഫ: ദിനം എന്നാണോ അന്നാണ് ലോക ജനത അറഫ: നോമ്പ് പിടിക്കേണ്ടതെന്ന ചിലരുടെ ധാരള മഹാ അബന്ധവും വിവരക്കേടുമാണ്.

 *അറഫ :ദിനവും ആയിരം തവണ ഇഖ്ലാസ് സൂറത്തും*
    അറഫ ദിനം ആയിരം തവണ സൂറത്തുൽ ഇഖ്ലാസ് ഓതിയാൽ അവൻ ചോദിച്ചതെല്ലാം അല്ലാഹു അവനു നൽകും.ഇങ്ങനെ റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ്(റ) വിൽ നിന്നു വന്നിട്ടുണ്ട്.
عن ابن عباس رضي الله عنهما *"من قرأ قل هو الله أحد ألف مرة يوم عرفة أعطي ما سأل"*

(كنز النجاح والسرور )

🖊️ എം.എ.ജലീൽ സഖാഫി പുല്ലാര