ഓമാനൂർ നേർച്ചക്ക് പിന്നിൽ


ഹിന്ദു-മുസ്‌ലിം മത മൈത്രിക്ക് എന്നും കേളികേട്ട പ്രദേശമായിരുന്നു ഒമാനൂർ. ഐക്യത്തിലും മമതയിലും വർത്തിച്ചിരുന്ന സ്വദേശികളെ എ ഡി 1716 ൽ ഒരു യുദ്ധത്തിലേക്ക് നയിച്ചത് സ്ഥലത്തെ വർഗീയ പിന്തിരിപ്പൻ ശക്തികളും വെള്ളക്കാരുടെ ഏജന്റുമാരായിരുന്ന സവർണ്ണ ഫാസിസ്റ്റുകളായിരുന്നു. ചരിത്ര പാശ്ചാത്തലം ഇങ്ങിനെ വായിക്കാം.
        തിരൂരിലെ നായര്‍ സമുദായത്തില്‍പ്പെട്ട ഒരു   ഹൈന്ദവ സഹോദരനെ ചില പ്രത്യേക കാരണത്താൽ സമുദായ നേതൃത്വം ഊരുവിലക്കേര്‍പ്പെടുത്തി. ഇതേ തുടർന്ന് സ്വന്തം നാടും വീടുംവിട്ടിറങ്ങി അദ്ദേഹം ഓമാനൂരിൽ എത്തി. എന്നാൽ ഓമാനൂരിലെ സ്വസമുദായക്കാർ ഒരു സഹായവും ചെയ്തു കൊടുത്തില്ലന്ന് മാത്രമല്ല, ബഹിഷ്ക്കരിക്കുകയും ചെയ്തു. തുടർന്ന് ചെറുതോടില്‍ പുരയില്‍ താമസിച്ചിരുന്ന അലിഹസ്സന്‍ തറവാട്ടിലെ കുഞ്ഞാലിയുടെ സന്നിധിയിലെത്തി സഹായം അഭ്യർത്ഥിച്ച അദ്ദേഹത്തിന് കുഞ്ഞാലി സ്വന്തം വീട്ടില്‍ അഭയം നല്‍കി. വിവരമറിഞ്ഞ തിരൂര്‍ നായര്‍ കുടുംബം അദ്ദേഹത്തെ വിട്ട്തരണമെന്നാവശ്യപ്പെട്ട് ഓമാനൂരിലെ കുഞ്ഞാലിയുടെ വീട്ടിലെത്തി. കുഞ്ഞാലിയുടെ പ്രതികരണം ഉറച്ചതാ യിരുന്നു ”ഞാനദ്ദേഹത്തിന് അഭയം നല്‍കിക്കഴിഞ്ഞു. വാഗ്ദത്തം ലംഘിക്കാൻ എനിക്കാവില്ല. എന്റെ മതം അതിന്നനുവദിക്കില്ല”. വിട്ടുകിട്ടില്ലന്ന് ഉറപ്പായപ്പോൾ തൽക്കാലം അവര്‍ പിന്തിരിഞ്ഞെങ്കിലും തക്കം നോക്കി നായരെ അവർ കൊലപ്പെടുത്തി. ഒരു സംഘട്ടനത്തിന് വഴിവയ്ക്കരുതെന്ന് കരുതി കുഞ്ഞാലി ആത്മ സംയമനം പാലിച്ചു. ഈ സംഭവമാണ് ഓമാനൂര്‍ സംഘട്ടനങ്ങളുടെ പ്രഥമകാരണമായി വിലയിരുത്തപ്പെടുന്നത്.

ഇതിന്നിടയിൽ മറ്റൊരു സംഭവം കൂടി നടന്നു. മുസ്ലിംകളുമായി സാഹോദര്യത്തോടെ വർത്തിക്കുന്ന ഒരു ഹൈന്ദവ സുഹൃത്ത് ഒരു മുസ്ലിം യുവാവിനെ തന്റെ കൃഷിയിടത്തിലേക്ക് ജോലിക്ക് വിളിച്ചു. ജോലി ചെയ്ത് കൊണ്ടിരിക്കേ അങ്ങോട്ട് അക്രമിച്ചു കയറിയ വർഗീയവാദി മുസ്‌ലിമിന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നത് തടയാൻ ശ്രമിച്ചു. മുസ്ലിംകളെയും
ഇസ്ലാമിനെയും കടുത്ത ഭാഷയിൽ ആക്ഷേപിച്ചു. മുസ്ലിം തൊഴിലാളിയെ ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിക്കുകയും ചെയ്തു. സഹികെട്ട മുസ്ലീം
തന്റെ കയ്യിലുള്ള ആയുധം കൊണ്ട് അക്രമത്തെ പ്രതിരോധിച്ചു. ആക്രമത്തിന് കോപ്പ് കൂട്ടിയിരുന്ന ശത്രുക്കൾക്ക് ഈ സംഭവം ഒരു പിടിവള്ളിയായി.
       ആയിടക്കാണ് കോഴിക്കോട് മാവൂർ ചെറൂപ്പക്കടുത്ത് പാലായ് എന്ന സ്ഥലത്ത് ക്ഷേത്രം പരിപാലിച്ചിരുന്ന അമ്മാളുഅമ്മ എന്ന അമുസ്‌ലിം സ്ത്രീ പ്രലോപനങ്ങളോ സമ്മർദ്ദമോ ഇല്ലാതെ ഇസ്ലാംമതം സ്വീകരിച്ചത്. ഹലീമാ എന്ന പേര് സ്വീകരിച്ച ഇവരെ ഇല്ലത്ത് അബ്ദുറഹിമാൻ വിവാഹം കഴിച്ചു. നാട്ടുമുഖ്യനായ കരുണാകരന്‍ നമ്പൂതിരിയുടെ സഹോദരിയായിരുന്നു ഹലീമ. മുസ്‌ലിംകളുടെ സമർദ്ദത്തിന് വഴങ്ങിയാണ് അവർ മതം മാറിയതെന്ന് പ്രചരിപ്പിച്ച് മുസ്‌ലിമായ അമ്മാളു അമ്മയെ തട്ടിക്കൊണ്ട് പോയി നിര്‍ബന്ധപൂര്‍വം  പഴയ മതത്തിലേക്ക് ചേര്‍ത്തു. ഇത് മുസ്‌ലിംകളെ പ്രകോപിപ്പിച്ചെങ്കിലും അവര്‍ ആത്മസംയമനം പാലിച്ചു.
          ഇതിനിടയിൽ ഹിന്ദു-മുസ്‌ലിം വിരോധത്തിന് ഹേതുവായ ഒരു സംഭവം കൂടി അരങ്ങേറി. ചില ഹിന്ദു വർഗീയ വാദികൾ മുസ്‌ലിംകള്‍ക്ക് നിശിദ്ധമായ പന്നിയെ കൊന്ന് അതിന്റെ ശിരസ്സ് പാവനമായ പാലായി പള്ളിയില്‍ കൊണ്ടിട്ടു. അക്കൂട്ടർ തന്നെ പശുവിനെ കൊന്ന് അതിന്റെ കുടല്‍മാല ക്ഷേത്രത്തിലെ ബിംബത്തില്‍ ചാര്‍ത്തി ഹിന്ദുക്കളെ മുസ്ലിംകൾക്കെതിരെ പ്രകോപിച്ച് ഇളക്കി വിടാനും  ശ്രമിച്ചു. മുസ്ലിംകളെയും ഹൈന്ദവരെയും തമ്മിൽ ശത്രുക്കളാക്കുക എന്ന ഹിജൻ അജണ്ടയിൽ അൽപമൊക്കെ വർഗീയ വാദികൾ വിജയിച്ചു. വർഗീയ വാദികളുടെ കുപ്രചരണത്തിൽ വശംവദരായ ക്ഷേത്രം പൂജാരിയും കോമരവും ഹൈന്ദവരെ ഇളക്കിവിടുന്നതിന്നായി പ്രകോപനപരമായ പ്രസംഗം നടത്തി. "എട്ട് ചതുരശ്രകാതം (32 ചതുരശ്ര നായിക) ദൂരത്തേക്ക് മുസ്ലിംകളെ നാട്കടത്തണമെന്ന്" ആവശ്യപ്പെടുകയും ചെയ്തു. ഈ പ്രഖ്യാപനം അക്ഷരംപ്രതി പ്രാവർത്തികമാക്കുന്നതായിരുന്നു തുടർന്നുള്ള സംഭവങ്ങൾ.നാട്ടുമുഖ്യനായ കരുണാകരന്റെ നേതൃത്വത്തില്‍ ഏതാനും പേർ പാലായി പള്ളി തീവെച്ച് നശിപ്പിച്ചു. മുസ്ലിംകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. പല മുസ്‌ലിം വീടുകളും തകര്‍ത്തു. കൃഷിയിടങ്ങൾ നശിപ്പിച്ചു.
       പാലായ് സംഭവം കൂടി നടന്നതോടെ ഇനി പ്രതികരിക്കാതിരിക്കുന്നത് ക്ഷന്തവ്യമല്ലന്ന് തിരിച്ചറിഞ്ഞ ഓമാനൂരിലെ കുഞ്ഞാലിയും സഹോദരീ പുത്രൻ മൊയ്തീനും  ദീനിനു വേണ്ടി ശഹീദാകാൻ പ്രതിജ്ഞയെടുത്തു പാലായിലേക്ക് പുറപ്പട്ടു. പക്ഷേ, അക്രമകാരികളെ കാണാനാവാതെ അവർ നാട്ടിലേക്ക് തന്നെ മടങ്ങി. ഈ വിവരമറിഞ്ഞ നാട്ടുമുഖ്യന്‍ കരുണാകരന്റെ നേതൃത്വത്തില്‍ ഒരു വലിയ സംഘം ഓമാനൂരിലെത്തി കുഞ്ഞാലിയുടെ വീട് അഗ്നിക്കിരയാക്കി.
കായികാഭ്യാസികളായ കുഞ്ഞാലിയും മൊയ്തീനും സഹോദരീ പുത്രനായ കുഞ്ഞിപ്പോക്കരും ശത്രുനേതാക്കളെ ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചു.  എ.ഡി 1716, ഹിജ്‌റ 1128 ദുല്‍ഹിജ്ജ ഏഴിന്  വെള്ളിയാഴ്ച സര്‍വ സന്നാഹത്തോടെ വന്‍ ജനാവലിയുമായി ശത്രുസൈന്യം എത്തി. ന്യൂനപക്ഷമാണെങ്കിലും ഈ മൂന്ന് ധീര കേസരികളുടെ നേതൃത്വത്തിൽ മുസ്ലിംകളും സംഘടിച്ചു. ഘോരമായ പോരാട്ടമായിരുന്നു തുടർന്ന് നടന്നത്. ദ്വന്ദയുദ്ധംവഴി ശത്രുക്കളെ തന്റെ വാളിനിരയാക്കിയ മൊയ്തീന്‍ നിരവധി വെട്ടുകളേറ്റ് രക്തസാക്ഷിയായി. ശേഷം ധീരനായ കുഞ്ഞാലിയും തുടർന്ന് 18 കാരനായ കുഞ്ഞിപ്പോക്കരും നിരവധി ശത്രുക്കളെ വാളിന്നിരയാക്കി അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷികളായി. യുദ്ധത്തിൽ അന്തിമ വിജയം മുസ്ലിംകൾക്കായിരുന്നു. സവർണ്ണ ഫാസിസ്റ്റ് കലാപകാരികൾ ജീവനും കൊണ്ടോടി.
      കൊണ്ടോട്ടി പഴയങ്ങാടി ജുമുഅത്ത് പള്ളിക്ക് സമീപമാണ് ഓമാനൂർ ശുഹദാക്കൾ അന്ത്യവിശ്രമം കൊള്ളുന്നത്. അക്കാലത്ത്  ഓമാനുരിലും പരിസര നാടുകളിലും ഖബർസ്ഥാൻ ഇല്ലാതിരുന്നതിനാൽ പരിസര പ്രദേശങ്ങളിലുള്ളവരെ മറമാടിയിരുന്നത് ഇവിടെയായിരുന്നു. സത്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച് അല്ലാഹുവിന്റെ പ്രീതി കരഗതമാക്കിയ മൂന്ന് ധീരശുഹദാക്കളുടെ പാവന സ്മരണക്കായി കേരളത്തിൽ അങ്ങോളമിങ്ങോളം ഓമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ച നടന്നു വരുന്നു. പ്രാദേശികതലത്തിന്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലും അതിവിപുലമായ രീതിയില്‍ ദുല്‍ഹജ്ജ് 7 ന് നേർച്ചയും അനുസ്മരണ ചടങ്ങുകളും നടന്നു വരുന്നു.  "അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചവരെന്ന് നിങ്ങള്‍ ധരിക്കരുത്, അവര്‍ ജീവിക്കുന്നവരും അല്ലാഹുവിന്റെ സമക്ഷത്തിങ്കല്‍ ഭക്ഷണം നല്‍കപ്പെടുന്നവരുമാണ്.” (വി.ഖുര്‍ആന്‍ 3:169 -170) അവരുടെ ഹഖ് കൊണ്ട് അല്ലാഹു ഇരുലോക വിജയികളില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീൻ

✍️ പി കെ റഷീദ് മുണ്ടംപറമ്പ്