ഇസ്ലാമിലെ രണ്ടാം പ്രമാണമായ ഹദീസ് തിരിമറികൾക്ക് വിധേയമാണെന്ന വാദവുമായി സ്വഹീഹായ ഹദീസുകളെ വരെ ചവറ്റുകൊട്ടയിലെറിയുന്ന വിഭാഗം ഇന്ന് കേരളത്തിൽ തന്നെയുണ്ട്. ഒ.അബ്ദുള്ളയെ പോലെയുള്ള ചില അർദ്ധയുക്തിവാദികൾ ഇത്തരം വാദങ്ങൾ തുറന്നടിച്ചു പറയാറുണ്ട്. എന്നല്ല, സ്വഹീഹുൽ ബുഖാരിയിലടക്കം ളഹീഫായ ഹദീസുണ്ടെന്ന് പറയുന്ന എല്ലാ ബിദ്അതുകാരും ഈ ന്യായമാണ് പറയാറുള്ളത്.(എന്റെയനുഭവത്തിലുള്ള നല്ലൊരു ഉദാഹരണം ഞാൻ comment box ൽ ചേർക്കാം)
         ഇവർക്ക് പറ്റിയ പിഴവ്, ഹദീസ് ക്രോഡീകരണ സമയത്തുള്ള കള്ളനാണയങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നതാണ്. തൊട്ടപ്പുറത്ത് അതിസൂക്ഷ്മമായി ഹദീസിനെ പഠനവിദേയമാക്കിയ മഹത്തുക്കളിലേക്ക് ഇവരുടെ കണ്ണുകൾ എത്തിയിട്ടില്ല. 
           ഇമാം ബുഖാരി(റ) നെപോലുള്ള ഹദീസ് കൈകാര്യം ചെയ്ത നൂറുകണക്കിന് പണ്ഡിതരുടെ ഈ മേഖലയിലെ സൂക്ഷ്മത നാം മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ ചരിത്രങ്ങൾ വായിക്കുന്നവർക്കൊരിക്കലും അവരിലൂടെ കൈമാറിയ ഒന്നിനെയും നിസ്സാരമായി കാണാനാകില്ല!
        ഒരു ഹദീസ് പഠിക്കാൻ വേണ്ടി മാസങ്ങളോളം നടന്നെത്തി കണ്ടുമുട്ടിയ മഹാൻ, ഒരാടിനെയറുക്കാൻ ഭക്ഷണമുണ്ടെന്നു തോന്നിപ്പിക്കും വിധം കൈകാണിച്ചു വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ഹദീസ് എനിക്ക് വേണ്ടെന്ന് പറഞ്ഞ് മടങ്ങിപ്പോന്ന മഹാനാണ് ഇമാം ബുഖാരി(റ). ഒരാടിനെ ഇങ്ങനെ വിളിക്കുക വഴി ഒരു ശതമാനമെങ്കിലും അദ്ദേഹത്തിൽ സത്യസന്ധതക്ക് കോട്ടമുണ്ടാകാനുള്ള സാധ്യതയാണ് ഇമാം ബുഖാരി(റ) വിനെ തിരിച്ചു നടത്തിയത്. മാസങ്ങളോളം യാത്ര ചെയ്തു കാണാൻ പോയയാളെ ഒരു നിമിഷത്തെ നോട്ടത്തിൽ തള്ളിക്കളയണമെങ്കിൽ എത്രതന്നെ ഈ മേഖലയിൽ സൂക്ഷ്മത പാലിച്ചിട്ടുണ്ടാകും!?. എത്രമാത്രം പ്രതീക്ഷകൾ ഈ സൂക്ഷ്മതക്ക് മുന്നിൽ അസ്തമിച്ചിട്ടുണ്ടാകും!!!
           ചെറിയ ന്യൂനതകൾ സംഭവിച്ചു പോകാറുള്ള ആളാണെങ്കിൽ പോലും നബിﷺ യുടെ ഹദീസിൽ കളവ് വരാതിരിക്കാൻ സൂക്ഷിക്കുന്ന മഹാന്മാരെ പോലും ഹദീസിന്റെ കാര്യത്തിൽ ഇമാമീങ്ങൾ അംഗീകരിച്ചിട്ടില്ല. ഒരു ചെറിയ കറാഹത് പോലും ജീവിതത്തിൽ ചിന്തിക്കാത്ത മഹാന്മാരിലൂടെ കൈമാറി വരുന്ന ഹദീസിനെയാണ് ഇമാമീങ്ങൾ സ്വീകരിച്ചിരുന്നത്. ഇത്തരത്തിൽ സൂക്ഷമതയിൽ കൈമാറിവന്ന ഹദീസുകളെ ശേഷം വന്ന ലക്ഷക്കണക്കിന് ഹദീസ് മനഃപാഠമുള്ള മഹാന്മാർ വിശകലനം നടത്തിയിട്ടും ഒരു പോരായ്മയും കണ്ടെത്തിയിട്ടില്ല.
          പരമ്പരയിൽ ഒരൽപ്പം 'മറവി' സംഭവിച്ചവരുണ്ടാവുക എന്നത് പോലും ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കുന്ന ഘടകമാണ്. പ്രയാധിക്യം മൂലമാണെങ്കിലും എവിടെയെങ്കിലും ചെറിയ മറവി സംഭവിച്ചതായി ഒരു മഹാനെ കുറിച്ച് ബോധ്യപ്പെട്ടാൽ അവരെ ഹദീസ് സ്വീകരിക്കുന്നതിൽ സൂക്ഷ്മത പാലിച്ചിരുന്നു. അതിനെ സ്വഹീഹെന്ന് വിളിക്കാൻ മടിച്ചിരുന്നു.
         ഇതിന്റെയെല്ലാം പുറമെ ഓരോ ഹദീസിന്റെ പരമ്പരയിലെ ഓരോ വ്യക്തികളുടെയും ജീവിതചരിത്രം തുടക്കം മുതൽ പഠിക്കുകയും അതിൽ എന്തെങ്കിലും ചെറിയ കറാഹത് സംഭവിച്ചിട്ടു പോലുമില്ലെന്ന് ബോധ്യപ്പെടുമ്പോഴുമാണ് ഹദീസ് സ്വീകാര്യമാകുന്നത്. അവർക്ക് ഹദീസ് കൈമാറിയയാളെ പരസ്പരം ജീവിതത്തിൽ കണ്ടുമുട്ടിയിട്ടുണ്ടോ അവർ എത്ര കാലം ഒരുമിച്ചു കൂടി എന്നിങ്ങനെ പല നിബന്ധനകളും ശ്രദ്ധിച്ചു കൊണ്ടായിരുന്നു ഹദീസിനെ ക്രോഡീകരിച്ചിരുന്നത്.
         അംഗീകൃതമായ ഹദീസ് അന്വേഷിച്ചുകൊണ്ട് അഇമ്മത് ലോകം മുഴുവൻ ചുറ്റിയ ചരിത്രങ്ങൾ ഇതോട് കൂടെ ചേർത്തു വായിക്കുമ്പോൾ ഈ വിഷയത്തിൽ ഇനിയൊരാൾക്കും സംശയിക്കേണ്ടി വരില്ല. (അത് മറ്റൊരു പോസ്റ്റിൽ ചേർക്കാം)
ഇത്രയ്ക്കും സൂക്ഷ്മത പുലർത്തിയ ഇമാമീങ്ങൾ ഒരു ഹദീസിനെ പറ്റി സ്വഹീഹ് എന്ന് പറയണമെങ്കിൽ എത്രമാത്രം യോഗ്യതയുള്ളതായിരിക്കുമെന്ന് ബുദ്ധിയുള്ളവർക്ക് ചിന്തിക്കാം. പുറമെ ആ വാക്കിനെ ഇക്കാലം വരെയുള്ള ലോക പണ്ഡിതർ മുഴുവനും അംഗീകരിച്ചതും കൂടിയാണെങ്കിൽ അതിന്റെ സ്വീകാര്യതയെ അംഗീകരിക്കാത്തൻ എത്രമാത്രം വിഡ്ഢിയാണ്.!
           ചുരുക്കത്തിൽ സുന്നത്ത് പലവിധത്തിലുള്ള തിരിമറികൾക്ക് വിധേയമാണെന്ന വാദം ഒരിക്കലും സുന്നതിനെ നിരാകരിക്കാനുള്ള കാരണമാക്കാൻ സാധിക്കില്ല!! കാരണം സുന്നതിനെ പൂർണമായും പിൻപറ്റാൻ റബ്ബിൽ നിന്നും കല്പ്പനയുണ്ടായിരിക്കെ സൂക്ഷമമായി പഠിച്ചുകൊണ്ട് സ്വീകാര്യമായതും അല്ലാത്തതും കൃത്യമായി അഇമ്മത് പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിനായി ഗ്രന്ഥരചനകൾ നടന്നിട്ടുണ്ട്. അതിന് വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച മഹാന്മാർ അനവധി കഴിഞ്ഞു പോയിട്ടുണ്ട്. സ്വഹീഹ്/ ളഹീഫ്/ മൗളൂഹ് തുടങ്ങിയവ പറയാൻ വേണ്ടി മാത്രം സ്പെഷ്യൽ ഗ്രന്ഥങ്ങൾ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് ഈ ആശങ്ക ഒരിക്കലും സുന്നതിനെ തള്ളാനുള്ള മാനദണ്ഡമല്ല.!!!
✍️ Mohammed Yaseen Kalluvettupara