രോഗികളെ നിങ്ങൾ സ്വദഖ കൊണ്ട് ചികിത്സിക്കൂ, അത് മഹത്തായ ഒറ്റമൂലിയാണ്

‎‎‎‎‎‎‎സ്വദഖഃ ഒറ്റമൂലിയാണ്

       ഹബീബുല്‍ അജമി(റ) ഹസന്‍ ബസ്വരി(റ)വിന്റെ ശിഷ്യനാണ്. മഹാനവര്‍കളുടെ ചാരത്തേക്ക് ഒരു സ്ത്രീ കരഞ്ഞു കൊണ്ട് വന്നു. 

 'എന്തിനാണ് കരയുന്നതെന്ന്'

 ആ സ്ത്രീയോട് മഹാന്‍ സൗമ്യമായിട്ട് അന്വേഷിച്ചു. ആ സ്ത്രീ വിതുമ്പിക്കൊണ്ടു പറഞ്ഞു: 

 'എന്റെ പ്രിയപ്പെട്ട മകനെ കാണാനില്ല. അവനില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല. അവനിലേക്ക് എനിക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സന്ദര്‍ഭമാണിത്. അവനെ പിരിഞ്ഞിരിക്കാനുള്ള കരുത്ത് എന്റെ മനസ്സിനില്ല. നിങ്ങളൊന്ന് അല്ലാഹുﷻവിനോട് ദുആ ചെയ്യണം. നിങ്ങളുടെ ദുആഇന്റെ ബറക്കത്ത് കൊണ്ട് എന്റെ മകന്‍ തിരിച്ചു വരും.'

 ആ സ്ത്രീ, തികട്ടി വന്ന കണ്ണുനീരിനെ അടക്കി നിറുത്തികൊണ്ട്, ആത്മസംയമനം പാലിച്ചു.

 'നിങ്ങളുടെ കൈവശം സ്വര്‍ണ്ണ നാണയമോ വെള്ളി നാണയമോ വല്ലതും ഉണ്ടോ..?' 

ഹബീബുല്‍ അജമി(റ) ആ സ്ത്രീയോട് ചോദിച്ചു. 

 'അതെ, ഉണ്ട്'

 ആ സ്ത്രീ എന്തിനും തയ്യാറായിക്കൊണ്ട് മറുപടി പറഞ്ഞു. 

 'എങ്കില്‍ നിങ്ങളത് ദാനം നല്‍കൂ' 

 ഹബീബ് ആ സ്ത്രീയോട് പറഞ്ഞു. അവരത് ദാനം നല്‍കി. ഹബീബ് ആ സ്ത്രീക്ക് വേണ്ടി ദുആ ചെയ്തു കൊടുത്തു. എന്നിട്ട് മഹാന്‍ ആ സ്ത്രീയോടായി പറഞ്ഞു: 

 'നിങ്ങള് ഭയപ്പെടേണ്ട, വൈകാതെ തന്നെ നിങ്ങളുടെ മകനെ അല്ലാഹു ﷻ നിങ്ങളിലേക്ക് എത്തിച്ചു തരും' . 

 മഹാന്റെ വാക്കിലുള്ള ഉറപ്പിന്റെ മേലില്‍ ആ സ്ത്രീ ധൈര്യസമേതം വീട്ടിലേക്ക് മടങ്ങി...

 വീട്ടുപടിക്കലെത്തിയതും പുഞ്ചിരിക്കുന്ന മുഖവുമായി തന്നെ കാത്തിരിക്കുന്ന മകനാണ് ആ സ്ത്രീയെ സ്വീകരിച്ചത്. ആ സ്ത്രീ അറിയാതെ അട്ടഹസിച്ചു പോയി. ഇതെന്തു മറിമായം..!!

 മകനെ തിരിച്ചു കിട്ടിയ സന്തോഷം പങ്കിടാന്‍ ആ സ്ത്രീ ഹബീബുല്‍ അജമിയുടെ (റ) അടുത്തേക്ക് പോയി. മഹാനവര്‍കള്‍ മകനോട് ചോദിച്ചു: 

 'നീ എവിടെയായിരുന്നു? എങ്ങെനെയാണ് തിരിച്ചു വന്നത്..?'

 അവന്‍ പറഞ്ഞു: 

 'ഞാന്‍ കിര്‍മാനില്‍ ഒരാളുടെ സേവകനായിരുന്നു. അദ്ദേഹം മാംസം വാങ്ങാനായിട്ട് എന്നെ അങ്ങാടിയിലേക്ക് വിട്ടതായിരുന്നു. മാംസം വാങ്ങി മടങ്ങുന്ന സമയത്ത് ശക്തമായ കാറ്റ് അടിച്ചു വീശാന്‍ തുടങ്ങി. നിമിഷം തോറും കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചുവരാന്‍ തുടങ്ങി. 'അവന്റെ ഉമ്മാന്റെ അരികിലേക്ക് കൊണ്ടുപോകൂ' എന്ന് കാറ്റിനോട് ആരോ വിളിച്ചു പറയുന്നതായിട്ട് എനിക്ക് അനുഭവപ്പെട്ടു. അങ്ങെനെയാണ് ഞാനിവിടെയെത്തിയത്.'
 
 ഹബീബുല്‍ അജമിയുടെ (റ) ദുആ കരണമായിട്ടും ആ ഉമ്മയുടെ സ്വദഖയുടെ ബറക്കത്തിനാലുമാണ് ആ കുട്ടി തിരിച്ചുവന്നത്.

 'നിങ്ങളുടെ രോഗികളെ നിങ്ങൾ സ്വദഖ കൊണ്ട് ചികിത്സിക്കൂ, അത് മഹത്തായ ഒറ്റമൂലിയാണെ'ന്ന് തിരുനബി ﷺ. 

–  حبيب العجمي رضي الله عنه : 
وكان يأتي إلى الحسن البصري رضي الله عنه في بعض الأوقات ويتعلم منه القرآن , وكان بليدا , ولذا سُمّي بالعجمي .
حكي : أنه جاءت إليه امرأة عجوز باكية متضرعة , وقالت : إن لي ابنا قد غاب عن عيني زمانا , وأنا مشتاقة إليه , وما بقي لي طاقة على فراقه , وأريد أن تدعو الله تعالى عسى أن يردّه إليّ ببركة دعائك . قال حبيب : هل لكِ شيء من الدراهم والدنانير ؟ قالت : نعم , فأمرها بالتصدُّق , ثم دعا لها , وقال : إن الله تعالى يوصله إليكِ الساعة إن شاء الله تعالى . فما وصلتِ العجوزة إلى باب بيتها إلا وقد رأت ابنها جائيا إليها , فصاحت العجوزة , وأخذتِ الابن وجاءت به إلى حبيب مسرورة شاكرة لله تعالى , فسأله حبيب , وقال : كيف جئت ؟ قال : كنت في كرمان خادما لشخص , فبعثني إلى السوق في طلب لحم لأشتري له , فاشتريت له لحما , ورجعت إليه , فهبّت ريح وحملتْني , وسمعتُ قائلا يقول : يا ريح , إلى أمه . وكان ذلك ببركة دعاء حبيب رحمه الله , وصدقة والدته .
 ( تذكرة الأولياء , ص : 84  /  فريد الدين عطار النيسابوري  )

(وداووا مرضاكم بالصدقة) يعني صدقة التطوع مهما أمكن طلبا للشفاء بها فإنها نعم الدواء (فيض القدير شرح الجامع الصغير 3/ 388 / المُنَاوِي (952 - 1031 هـــــ  ) 
ഗുണപാഠം : സ്വദഖ പ്രശ്‌ന പരിഹാരിയാണ്. നമ്മുടെ ഏത് വലിയ പ്രതിസന്ധിയെ തടുക്കാനുമുള്ള ശക്തി സ്വദഖക്കുണ്ട്. കാരണം അപരന്റെ വേദനയെ സ്വന്തം വേദനയായി ഏറ്റടുക്കുമ്പോഴാണ് സ്വദഖ രൂപപ്പെടുന്നത്. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പ്രതിപ്രവര്‍ത്തനമുണ്ടാകുന്നത് പോലെ; നമ്മള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുമ്പോള്‍ അല്ലാഹു ﷻ നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാനും ആളുകളെ നിശ്ചയിക്കും. ഇതൊരു ചാക്രിക പ്രക്രിയയാണ്. കൂടാതെ സ്വദഖ ഏറ്റവും വലിയ നിധിയാണ്. ആഖിറത്തില്‍ മീസാനെന്ന തുലാസിന് ഭാരം വര്‍ധിപ്പിക്കാന്‍ പറ്റിയ നിധി. റമളാനും സ്വദഖയും പരസ്പരം ഇണചേരുമ്പോള്‍ ജന്മം കൊള്ളുന്ന സൃകൃതങ്ങളെ വിവരിച്ചു തീര്‍ക്കാന്‍ സാധിക്കില്ല. സുവര്‍ണ്ണാവരം നമ്മുടെ മുമ്പിലിതാ യാത്ര ചോദിച്ചു കൊണ്ട്; റിട്ടന്‍ ടിക്കറ്റും പിടിച്ചു നില്‍ക്കുന്നു. അതുകൊണ്ട് റമളാന്‍ മടക്കയാത്രയാരംഭിക്കുന്നതിന് മുമ്പ് ഈ അവസരം പാഴാക്കരുത്.