നജസുകൾ ഏതെല്ലാം : ശുദ്ധീകരണം എങ്ങനെ

💥ശരിരത്തിൽ നജസായി കണക്കാക്കപ്പെടുന്ന വസ്തുക്കൾ എതെല്ലാം ?

ഉ: കാഷ്ടം, മൂത്രം, മദ് യ്, വദ് യ്, രക്തം, ചലം, ഛർദ്ദിച്ചത്, മനുഷ്യന്റെയും മത്സ്യത്തിന്റെയും വെട്ടുകിളിയുടെയും അല്ലാത്ത ശവങ്ങൾ, ദ്രാവക രൂപത്തിലുള്ള ലഹരി വസ്തുക്കൾ, നായ, പന്നി, ജീവികളുടെ കൈപ്, കന്നുകാലികൾ അയവിറക്കുന്നത്, ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളുടെ പാൽ, ശവം, മൃഗങ്ങളുടെ പിരിഞ്ഞ ഭാഗം.(ഫതഹുൽ മുഈൻ 32-37, ബുഷു`റുൽ കരീം 41 )

💥 നിസ്കാരം, ത്വവാഫ് പോലോത്ത ആരാധനകളിൽ അല്ലാത്ത സമയം നജസിൽ നിന്നും വൃത്തിയായിരിക്കൽ നിർബന്ധമുണ്ടോ?

ഉ: ഇല്ല. എങ്കിലും ആവശ്യത്തിനല്ലാതെ നജസ് ശരിരത്തിലോ വസ്ത്രത്തിലോ പുരട്ടൽ ഹറാമാണ്. (ഫതഹുൽ മുഈൻ 31 )

💥 മദ് യ്, വദ് യ്, എന്നാൽ എന്ത്?

ഉ: കാമവികാരം ശക്തമാകുന്നതിന്ന് മുമ്പു മഞ്ഞനിറത്തിലോ വെള്ളനിറത്തിലോ നേർമയായ നിലക്ക് മുൻദ്വാരത്തിലൂടെ ദ്രാവകമാണ് മദ് യ്, ഭാരമുള്ള വസ്തുക്കൾ സമയത്തോ മൂത്രിച്ചതിന്ന് ശേഷമോ മുൻദ്വാരത്തിലൂടെ പുറപ്പെടുന്ന കട്ടിയുള്ളതും കലർപ്പുള്ളതും വെളുത്തതുമായ ദ്രാവകമാണ് വദ് യ്. (ഫതഹുൽ മുഈൻ 32 )

💥മുറിവ്, വസൂരി, ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ഇവയിൽ നിന്നും ഒലിക്കുന്ന ദ്രാവകത്തിന്റെ വിധി എന്ത് ?

ഉ: അവകളിൽ നിന്നും ഒലിക്കുന്ന ദ്രാവകങ്ങൾ പകർച്ച (നിറം, മണം, രുചി, എന്നിവയ്ക്ക് വ്യത്യാസം ഉണ്ടാവുക ) ഉണ്ടെങ്കിൽ നജസാണ്. അത്തരം വ്യത്യാസങ്ങൾ ഇല്ലെങ്കിൽ നജസല്ല.(ഫതഹുൽ മുഈൻ 33 ) 

💥ഉണങ്ങിയ മൂത്രം ശുദ്ധിയാക്കുന്നത് എങ്ങനെ ?

ഉ: നിറമോ രുചിയോ വസനയോ ഇല്ലെങ്കിൽ മുകളിൽ വെള്ളമൊഴിച്ചാൽ മതി. (ഫതഹുൽ മുഈൻ 37)

💥ചെറിയ കുട്ടിയുടെ മൂത്രം ശുദ്ധിയാക്കുന്നത് എങ്ങനെ ?

ഉ: രണ്ട് വയസ്സ് തികയാത്ത പാലല്ലാതെ മറ്റൊന്നും ഭക്ഷിക്കാത്ത ആണ്‍ കുട്ടിയുടെ മൂത്രം ശുദ്ധീകരിക്കൻ അതിനെക്കാൾ കുടുതൽ വെള്ളം കുടഞ്ഞാൽ മതി. ഒലിപ്പിച്ച് കഴുകേണ്ടതില്ല. (മഹല്ലി 1/74 )

💥നജസല്ലാത്ത രണ്ട് രക്തപിന്ധങ്ങൾ ഏതെല്ലാം?

ഉ: കരൾ, കരിനാക്ക്. (തുഹ്ഫ 1/ 479)

💥ബീജം നജസിൽ പെട്ടതാണോ?

ഉ: നജസല്ലത്ത ജീവികളിൽ നിന്നുള്ളതാണെങ്കിൽ ശുദ്ധിയുള്ളതാണ്. നജാസായ ജീവികളിൽ നിന്നുള്ളതാണെങ്കിൽ നജസാണ് . (റൗളതു`ത്വാലിബീൻ 127 )

💥അറുക്കപ്പെട്ട മൃഗത്തിന്റെ ഭ്രൂണം നജസാണോ ?

ഉ: നജസല്ല. (തുഹ്ഫ 1/ 478 )

💥ഛർദിച്ചത് നജസാവാത്തത് എപ്പോൾ ?

ഉ: നാം ഭക്ഷിച്ച വസ്തു ആമാശയത്തിലെത്തും മുമ്പാണ് ഛർദിച്ചതെന്ന് ഉറപ്പോ, സാധ്യതയോ ഉണ്ടെങ്കിൽ അത് നജസായി ഗണിക്കപ്പെടില്ല. (ഫതഹുൽ മുഈൻ 33 )

💥സ്ഥിരമായി ഛർദിക്കുന്ന കുട്ടി ഛർദിച്ച അവശിഷ്ടത്തെ തൊട്ട് ഉമ്മാക്ക് ഇളവുണ്ടോ ? അത് വൃത്തിയാകൽ നിർബന്ധമുണ്ടോ ?

ഉ: സ്ഥിരമായി ഛർദിക്കുന്ന കുട്ടിയുടെ വായിലുള്ള ഛർദിയുടെ അവശിഷ്ടത്തെ തൊട്ട് ഉമ്മയുടെ മുലയിൽ നിന്നും കുട്ടിയുടെ വായിൽ പ്രവേശിക്കുന്ന ഭാഗത്തെ തൊട്ട് മാത്രം പൊറുക്കപ്പെടുന്നതാണ്. എന്നാൽ മറ്റു ശ്പർശനം, ചുംബനം എന്നിവയാൽ ഛർദിച്ചത് പുരണ്ടാൽ പൊറുക്കപ്പെടില്ല. വൃത്തിയാക്കണം.(ഫതഹുൽ മുഈൻ-ഇഅനത്ത് 33 )

💥ഈച്ച പോലുള്ള ചെറിയ പ്രാണികളുടെ ശവങ്ങൾ അധികരിച്ചാൽ അവകളെ തൊട്ടു നിസ്കാരത്തിൽ വിടുതിയുണ്ടോ? 

ഉ: വിടുതിയുണ്ട്. (ഫതഹുൽ മുഈൻ )

💥നജസല്ലാത്ത ശവങ്ങൾ ഏതെല്ലാം? 

ഉ: മനുഷ്യൻ, മത്സ്യം, വെട്ടുകിളി, എന്നിവയുടെ ശവം. (ഫതഹുൽ മുഈൻ 35 )

💥ഒരു വ്യക്തിക്ക് ഒരു മുടിയോ തൂവലോ ലഭിക്കുകയും അത് ഭക്ഷിക്കാവുന്ന ജീവിയുടെതാണോ അല്ലയോ അത് ജീവിതകാലത്ത് പിരിഞ്ഞതാണോ അല്ലയോ എന്നറിയാതിരിക്കുകയും ചെയ്താൽ അതിന്റെ വിധി എന്ത് ?

ഉ: അത് ശുദ്ധിയുള്ളതായി കണക്കാക്കപ്പെടും.(ഫതഹുൽ മുഈൻ 34 )

💥ചത്ത ജീവിയുടെ മുട്ട ശുദ്ധിയുള്ളതാണോ ?

ഉ: മുട്ടയുടെ തോൽ ഉറച്ചിട്ടുണ്ടെങ്കിൽ ശുദ്ധിയുള്ളതാണ്. ഉറക്കാത്ത തോലാണെങ്കിൽ നജസാണ്. (ഫതഹുൽ മുഈൻ 34 )

💥ഭക്ഷ്യയോഗ്യമല്ലാത്ത ജീവിയുടെ മുട്ട അനുവധിനീയമാണോ ?

ഉ: ശരീരത്തിനു പ്രയാസം വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഭക്ഷിക്കാം. (ഫതഹുൽ മുഈൻ 34 )

💥ഭക്ഷ്യയോഗ്യമായ ജിവികളുടെ രോമത്തിന്റെയും തൂവലുകളുടെയും വിധി എന്ത് ?

ഉ: ജീവിതകാലത്തും അറുത്തതിന്നു ശേഷവും പിരിഞ്ഞതാണെങ്കിൽ നജസല്ല. ചത്തതിന്ന് ശേഷമാണെങ്കിൽ നജസാണ്. 

💥ഒരു ജീവിയിൽ നിന്ന് പിരിഞ്ഞുപോന്ന രോമവും തൂവലുമല്ലത്ത ഭാഗത്തിന്റെ വിധി എന്ത് ?

ഉ: കൈ പോലുള്ള അവയവങ്ങൾ ജീവിതകാലത്തു പിരിഞ്ഞാൽ ആ ജീവിയുടെ ശവം നജസാണെങ്കിൽ അത് നജസായിരിക്കും. ശവം നജസല്ലാത്ത മനുഷ്യൻ, മത്സ്യം പോലുള്ളവയിൽ നിന്നാണെങ്കിൽ നജസല്ല.(മിൻഹജ് )

💥കഫത്തിനെ സംബന്ധിച്ച് എന്താണ് വിധി ?

ഉ: തലയിൽ നിന്ന് ഇറങ്ങി വന്നതോ, നെഞ്ചിൽ നിന്ന് കയറി വന്നതോ ആയ കഫം നജസല്ല. എന്നാൽ ആമാശയത്തിൽ നിന്ന് പുറപ്പെട്ടതാണെങ്കിൽ നജസാണ്. (ഫതഹുൽ മുഈൻ 33 )
💥ഉറങ്ങുന്നവന്റെ വായിൽ നിന്ന് ഒലിക്കുന്ന (കേല ) നജസാണോ ?

ഉ: അത് ആമാശയത്തിൽ നിന്നാണെന്ന് ഉറപ്പായാൽ നജസാണ്. അല്ലെങ്കിൽ ശുദ്ധിയുല്ലതാണ് . (ഫതഹുൽ മുഈൻ 33 )

💥ഭക്ഷണത്തിൽ ശവം വീണാൽ വിധി എന്ത് ?

ഉ: ഭക്ഷണം ഉറച്ചതാണെങ്കിൽ ശവവും അത് സ്പർശിച്ച ഭാഗത്തെ ഭക്ഷണവും എടുത്തു കളയണം. ഭക്ഷണം ദ്രാവകരൂപത്തിലാണെങ്കിൽ അത് മുഴുവനും നജസായി.(ഫതഹുൽ മുഈൻ 38 )

💥മാംസത്തിലും എല്ലിലും ശേഷിക്കുന്ന രക്തത്തിന് വിടുതിയുണ്ടോ?

ഉ: വിടുതിയുണ്ട് .(ഫതഹുൽ മുഈൻ 32 )

💥പഴങ്ങളിൽ കാണുന്ന പുഴുവിന്റെ വിധി എന്ത്?

ഉ: പഴത്തിന്റെ കൂടെ കഴിക്കാം.(ഫതഹുൽ മുഈൻ 36 )

💥കിണറിലെ വെള്ളം നജസായാൽ ശുദ്ധീകരിക്കുന്നതു എങ്ങിനെ?

ഉ: വെള്ളം രണ്ടു ഖുല്ലത്തിൽ (191 ലിറ്റർ ) താഴെയുള്ളതാണെങ്കിൽ, വെള്ളം ഉറവു വന്നോ വെള്ളം ഒഴിച്ചോ രണ്ടു ഖുല്ലത്താവുകയും പകർച്ച ഇല്ലാതാവുകയും ചെയ്താൽ ശുദ്ധിയാവും.
 രണ്ടു ഖുല്ലത്താവുകയും പകർച്ച ശേഷിക്കുകയും ആ പകർച്ച നീങ്ങുന്നതു വരെ ശുദ്ധിയാകില്ല.
പകർച്ച നീങ്ങിയതിന്നു ശേഷം രോമം പോലുള്ളത് ബാക്കിയാവുകയും ചെയ്താൽ കോരിയെടുക്കുന്ന രോമമുണ്ടാകാൻ സാധ്യതയുണ്ട് . അതുകൊണ്ട് വെള്ളം മുഴുവൻ മാറ്റുകയോ രോമം പുറത്ത് പോകാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയൊ വേണം. (ഫതഹുൽ മുഈൻ 39 )

💥നജസായ വസ്തു ശുദ്ധീകരിക്കുന്നതു എങ്ങിനെ ?

ഉ: നിറം, മണം, രുചി, എന്നിവ നീങ്ങുന്നതുവരെ കഴുകണം. (ഫതഹുൽ മുഈൻ 37 )

💥കഴുകിയതിനു ശേഷം നിറം, മണം, രുചി, ഇവയിൽ വല്ലതും ബാക്കിയായാൽ വിധി എന്ത് ?

ഉ: രുചി മാത്രമോ, മണം മാത്രമോ, മണവും നിറവും കൂടിയോ ശേഷിച്ചാൽ വിടുതിയില്ല. (ഫതഹുൽ മുഈൻ 37 )

💥ഈച്ചയുടെ കാലിലുള്ള നജസിന്റെ വിധി എന്ത്?

ഉ: കാണാവുന്നതാണെങ്കിലും പൊറുക്കപ്പെടും. (ഫതഹുൽ മുഈൻ 34 )

💥മുസ്`ഹഫിൽ നജസായാൽ വിധി എന്ത്?
ഉ: പൊറുക്കപ്പെടാത്ത നജസാണെങ്കിൽ മുസ്`ഹഫ്‌ കഴുകണം. കഴുകുന്നതുകൊണ്ട് മുസ്`ഹഫ്‌ നശിച്ചാലും അത് കഴുകൽ നിർബന്ധമാണ്‌. ഈ പറഞ്ഞ വിധി മുസ്`ഹഫിലെ അക്ഷരങ്ങളെ സ്പർശിച്ചാലാണു. (ഫതഹുൽ മുഈൻ 38 )

💥 പൊറുക്കപ്പെടുന്ന നജസുകൾ ഏതെല്ലാം ?
ഉ: ചെള്ള്, കൊതുക്, കുരു പോലുള്ളവയുടെ രക്തം അവന്റെ പ്രവർത്തികൂടാതെ ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അധികരിച്ചതാണെങ്കിലും പൊറുക്കപ്പെടുന്നതാണ്. അവന്റെ പ്രവർത്തനം കൊണ്ടാണെങ്കിൽ കുറഞ്ഞതിനെ തൊട്ട് മാത്രമേ പൊറുക്കപ്പെടുകയുള്ളൂ. ഇത്തരം നജസ് നിസ്കാരത്തിൽ മാത്രമേ പൊറുക്കപ്പെടുകയുള്ളൂ. രണ്ടു ഖുല്ലത്തിൽ കുറവായ വെള്ളത്തിൽ 
പൊറുക്കപ്പെടുകയില്ല. 
 തരിമൂക്ക് പൊട്ടിവരുന്ന രക്തം, ഹൈള് രക്തം, അന്യന്റെ രക്തം എന്നിവ കുറഞ്ഞതാണെങ്കിൽ പൊറുക്കപ്പെടും. 
 ഈച്ചയുടെ കാഷ്ടം, മൂത്രം എന്നിവ പൊറുക്കപ്പെടുന്നതാണ്. വവ്വാലിന്റെ കാഷ്ടം സൂക്ഷിക്കാൻ ബുദ്ധിമുട്ടാകും വിധം അധികരിച്ചാൽ, നിസ്കരിക്കുന്ന സ്ഥലം, വസ്ത്രം, ശരീരം എന്നിവയെ തൊട്ട് പൊറുക്കപ്പെടുന്നതാണ്. കല്ല് പോലുള്ളവ കൊണ്ട് ശുദ്ധീകരണം നടത്തിയാൽ മലമൂത്ര ദ്വാരങ്ങളിൽ സാന്നിധ്യത്തെ തൊട്ട് പൊറുക്കപ്പെടുന്നതാണ്.(ഫതഹുൽ മുഈൻ 39 - 42)

💥നായയുമായി ലൈംഗികബന്ധത്തിലേർപെട്ട് മനുഷ്യക്കുട്ടി പിറന്നാൽ അതിന്റെ ഇസ്ലാമിക വിധി എന്ത് ?

ഉ: അവൻ പൊറുക്കപ്പെടുന്ന നജസിന്റെ വിഭാഗത്തിലാണ്. അവനു സാധാരണ മനുഷ്യനെപ്പോലെത്തന്നെ നിസ്കാരവും മറ്റും നിർബന്ധമാണ്‌. അവന് നനവോട് കൂടെയാണെങ്കിലും പള്ളിയില പ്രവേശിക്കലും, അവനെ സ്പർശിക്കലും, ഇമാമായി നിർത്തലും അനുവദനീയമാണു. (ഫതഹുൽ മുഈൻ 37 )

💥 ചിലന്തിവല നജസാണോ ?

ഉ: നജസല്ല. (ഫതഹുൽ മുഈൻ 37 )

💥പാമ്പുപോലുള്ള ജീവികൾ ജീവിതകാലത്ത് പൊഴിക്കുന്ന പടം (നിർജീവ തൊലി) നജസാണോ ?

ഉ: നജസാണ്. (ഫതഹുൽ മുഈൻ 37 )

💥ഒരു ജീവി പാത്രത്തിലെ വെള്ളത്തിൽ തലയിട്ട് കുടിച്ചാൽ അതിന്റെ വിധി എന്ത് ?

ഉ: ശുദ്ധിയുള്ള ഏതു ജീവിയും തലയിട്ടു കുടിച്ചതിന്റെ ബാക്കി ശുദ്ധിയുള്ളതാണു.(ഫതഹുൽ മുഈൻ 34 )

💥മറ്റുള്ളവര്‍ വുദു എടുത്ത വെള്ളം നാം വുദു എടുക്കുന്ന വെള്ളത്തിലേക്ക് തെറിച്ചാല്‍ മുസ്തഅ്മല്‍ ആകുമോ? ബക്കറ്റിലേക്ക് വെള്ളം തെറിച്ചാല്‍ മുസ്തഅ്മല്‍ ആകുമോ?

ഉ:നിര്‍ബന്ധമായ കുളിയിലും വുദൂഇലും ഉപയോഗിക്കപ്പെട്ട വെള്ളം മുസ്തഅ്മല്‍ ആണ്. അത് ഉപയോഗിച്ച് ശുദ്ധിയാക്കിയാല്‍ ശരിയാവുന്നതല്ല. എന്നാല്‍ അതില്‍നിന്ന് അല്‍പം ബക്കറ്റിലോ മറ്റോ ഉള്ള വെള്ളത്തിലേക്ക് തെറിച്ചാല്‍, വെള്ളം രണ്ട് ഖുല്ലതില്‍ താഴെയാണെങ്കില്‍ (ഏകദേശം 161 ലിറ്റര്‍ ) ബാക്കിയുള്ള വെള്ളത്തെ മുതഗയ്യിര്‍ (പകര്‍ച്ചയായത്) ആക്കുമോ ഇല്ലയോ എന്നത് തെറിച്ച വെള്ളത്തിന്‍റെ അളവിനനുസരിച്ചായിരിക്കും.

💥നജസുള്ള സ്ഥലത്ത് ഖുര്‍ആന്‍ വെക്കാമോ? മൊബൈല്‍ നജസായാല്‍ എങ്ങനെയാണ് വൃത്തിയാക്കുക. നനഞ്ഞ ടിഷ്യൂ ഉപയോഗിച്ച് തുടച്ചാല്‍ മതിയോ?

ഉ: നജസായ മൊബൈലും ശുദ്ധിയാക്കേണ്ടത് മറ്റു വസ്തുക്കള്‍ ശുദ്ധിയാക്കേണ്ട വിധം തന്നെയാണ്. പക്ഷെ ആ വിധം മൊബൈല്‍ ശുദ്ധിയാക്കുന്നത് മൂലം അത് കേടാവാന്‍ സാധ്യതയുള്ളത് കൊണ്ട് വെള്ളമൊഴിച്ച് കഴുകേണ്ടതില്ല. മറിച്ച് ശുദ്ധിയാക്കപ്പെടാത്ത മൊബൈല്‍ നിസ്കരിക്കുന്ന സമയത്ത് നിസ്കരിക്കുന്ന സ്ഥലത്തോ വസ്ത്രത്തിലോ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. നനഞ്ഞ വസ്തുക്കള്‍ കൊണ്ട് തുടച്ചാല്‍ നജസായ വസ്തുക്കള്‍ ശുദ്ധിയാവുകയില്ല. കഴകുക തന്നെ വേണം. ഹനഫീ മദ്ഹബ് പ്രകാരം വെയില്‍ തട്ടി ഉണങ്ങിയാല്‍ നജസായ വസ്തുക്കള്‍ ശുദ്ധിയാവും.

💥 ശരീരത്തില്‍ നജസുണ്ടായിരിക്കെ ഖുര്‍ആന്‍ സ്പര്‍ശിക്കാമോ?

ഉ: ശരീരത്തില്‍ നജസുണ്ടായിരിക്കെ ശുദ്ധിയുള്ള അവയവം കൊണ്ട് ഖുര്‍ആന്‍ തൊടല്‍ കറാഹതാണ്. കൈപത്തി മുഴുവന്‍ നജസായി, അതില്‍ ഒരു വിരല്‍ മാത്രം ശുദ്ധിയുള്ളതുണ്ടെങ്കില്‍ ആ വിരല്‍ കൊണ്ട് ഖുര്‍ആന്‍ സ്പര്‍ശിക്കല്‍ അനുവദനീയമെങ്കിലും കറാഹതാണ്.
💥 നജസായ വായ കൊണ്ട് വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കാമോ? നജസായ ഹെഡിഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കമോ?

ഉ:നജസായ വായ കൊണ്ട് ഖുര്‍ആന്‍ ഓതുന്നതും വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കുന്നതും കറാഹതാണ്. നജസ് കൊണ്ട് ഖുര്‍ആന്‍ തൊടുന്നത് പോലെയായത് കൊണ്ടാണ് പണ്ഡിതര്‍ ഇതിനെ ഇങ്ങനെ വിധിച്ചത്. ചില പണ്ഡിതര്‍ അത് ഹറാമാണെന്നും പറഞ്ഞിട്ടുണ്ട്. നജസായ ഹെഡ് ഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് ഇതു പോലെയല്ലെന്ന് വ്യക്തമാണല്ലോ. എന്നാല്‍ ബാത്റൂം പോലോത്ത സ്ഥലങ്ങളിലും വഴികളിലും ഖുര്‍ആന്‍ ഒാതല്‍ കറാഹതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ അഭിപ്രായമനുസരിച്ച് നജസായ ഉപകരണങ്ങളിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് കറാഹതാണ്.

💥 മുസ്‍ലിമിനു പട്ടിയെ വളര്‍ത്തല്‍ അനുവദനീയം ആണോ ?

ഉ: നായയെ വളര്‍ത്തലും അതിനോട് ഇടപഴകലും മുസ്‍ലിം സംസ്കാരമല്ല. അത് മറ്റ് അനിസ്‍ലാമിക സംസ്കാരങ്ങളില്‍ നിന്ന് മുസ്‍ലിംകള്‍ കടം കൊണ്ടതാണ്. നബി തങ്ങള്‍ ഏറെ നിരുത്സാഹപ്പെടുത്തിയ കാര്യമാണത്. കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട തുടങ്ങിയ ആവശ്യങ്ങള്‍ക്കോ അല്ലാതെ നായയെ വളര്‍ത്തുന്നവന്റെ പ്രതിഫലം ദിനേന കുറയുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. നായയുള്ള വീട്ടിലേക്ക് മലക്കുകള്‍ പ്രവേശിക്കുകയില്ലെന്നും ഹദീസില്‍ കാണാം.

കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നതില്‍ നബി (സ) തങ്ങള്‍ ഇളവ് അനുവദിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഈ മൂന്ന് ആവശ്യങ്ങളല്ലാത്ത മറ്റു ആവശ്യങ്ങള്‍ക്ക് നായയെ വളര്‍ത്തല്‍ നിഷിദ്ധമാണെന്നാണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. ഈ മൂന്ന് ആവശ്യങ്ങളും ഇതു പോലോത്ത വീടിനോ മറ്റോ കാവലിനായും നായയെ വളര്‍ത്തല്‍ അനുവദനീയമാണെന്നാണ് പ്രബലാമായ പക്ഷം.

ഇത്തരം ആവശ്യങ്ങളില്ലാതെ രൂപ ഭംഗികണ്ടോ മറ്റോ നായയെ വളര്‍ത്തല്‍ ഹറാമാണെന്നതില്‍ രണ്ട് പക്ഷമില്ല.

💥വസ്ത്രത്തിന്റെ ഒരു സ്ഥലത്ത് നജസ് ആയി അവിടെ വെള്ളമൊഴിച്ച് വൃത്തിയാക്കുന്നതിനിടയില്‍ വസ്ത്രത്തിന്റെ മറ്റു ഭാഗത്തേക്കും ആ വെള്ളം ഒലിച്ചിറങ്ങി എങ്കില്‍ ഒലിച്ചിറങ്ങിയ ഭാഗവും നജസ് ആകുമോ ?

ഉ: നജസ് കലര്‍ന്ന് പകര്‍ച്ചയായ വെള്ളമോ, വെള്ളത്തോടൊപ്പം നജസിന്‍റെ അംശമോ വന്നിട്ടുണ്ടെങ്കില്‍ അവിടം നജസാണ്. അല്ലെങ്കില്‍ നജസ് കഴുകി ശുദ്ധിയാക്കിയ വെള്ളം ശുദ്ധമാണ്.

💥 ശുദ്ധിയാവാന്‍ പറ്റാത്ത അവസ്ഥയില്‍ ഖുര്‍ആനില്‍ നജസായാല്‍ എന്ത് ചെയ്യണം?

ഉ: ശുദ്ധിയാവാന്‍ സാധ്യമാവാത്ത അവസരത്തില്‍ ഖുര്‍ആനില്‍ നജസായാല്‍ ശുദ്ധിയുള്ള മുസ്‍ലിമിനെ അത് ശുദ്ധമാക്കാന്‍ ഏല്‍പിക്കണം. യോജിച്ച ആളെ ലഭിച്ചില്ലെങ്കില്‍ സ്വയം തന്നെ ശുദ്ധിയാക്കേണ്ടതാണ്.

💥 വസ്ത്രത്തില്‍ നജസ് ഉണ്ടെന് സംശയിച്ചു പക്ഷെ ഉറപ്പില്ല അത് പോലെ മനിയ്യു പുറപെട്ടു എന് സംശയിച്ചു പക്ഷെ ഉറപ്പില്ല ഇങ്ങിനെ വരുമ്പോള്‍ ഉറപില്ലതത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ നിന്നു വൃത്തിയാകാതെ നിസ്കരിച്ചാല്‍ നിസ്കാരം സഹീഹകുമോ ?

ഉ: വസ്തുക്കള്‍ പൊതുവേ അടിസ്ഥാന പരമായി ശുദ്ധിയുള്ളതാണ്. അതിനാല്‍ അത് അശുദ്ധമായി എന്നുറപ്പില്ലാത്ത കാലത്തോളം ശുദ്ധിയുള്ളതായി കണക്കാക്കണം. വസ്ത്രത്തില്‍ നജസായോ എന്നു സംശയിച്ചാല്‍ ആ സംശയത്തിനു പ്രസക്തിയില്ല. എന്നാല്‍ വസ്ത്രത്തില്‍ നജസായി എന്നുറപ്പുണ്ടായിരുന്നു. ആ നജസ് വൃത്തിയായോ എന്നു സംശയിച്ചാല്‍ അത് നജസുള്ളതായി തന്നെ കണക്കാക്കണം.

സ്വപ്നത്തിലോ മറ്റോ സ്ഖലനമുണ്ടായതായി സംശയിക്കുകയും മനിയ്യു കാണാതിരിക്കുകയും ചെയ്താല്‍ സ്ഖലനമുണ്ടായിട്ടില്ലെന്നു ഗണിക്കണം. വസ്ത്രത്തിലോ വിരിപ്പിലോ മനിയ്യു കാണുകയും അതു മറ്റാരുടേതാവാന്‍ സാധ്യതയുമില്ലെങ്കില്‍ സ്ഖലനമുണ്ടായതായി കരുതണം. സ്ഖലനമുണ്ടായതായി അനുഭവപ്പെട്ടില്ലെങ്കിലും ശരി. മറ്റാരുടേതോ ആവാന്‍ സാധ്യതയുണ്ടോങ്കില്‍ സ്ഖലനമുള്ളതായി കരുതേണ്ടതില്ല. സ്ഖലനമുണ്ടായതായി കരുതിന്നിടത്തെല്ലാം കുളിക്കല്‍ നിര്‍ബന്ധമാണ്. 

💥വുളുഅ് എടുത്ത ശേഷം നജസുള്ള വസ്ത്രമോ മറ്റോ തൊട്ടാല്‍ വുളൂ മുറിയുമോ? നിസ്കാരത്തിൽ ഒരു അമുസ്‌ലിം വസ്ത്രത്തിലോ ശരീരത്തിലോ തൊട്ടാൽ നിസ്കാരം ബാതിലാകുമോ?

ഉ: നജസ് സ്പര്‍ശിച്ചത് കൊണ്ടോ അവിശ്വാസിയായ മനുഷ്യനെ തൊട്ടത് കൊണ്ടോ വുളൂ മുറിയുകയില്ല. നിസ്കരിക്കുന്നതിനിടെ അമുസ്‌ലിം സ്പര്‍ശിച്ചത് കൊണ്ട് മാത്രം നിസ്കാരം ബാതിലാവുകയില്ല. എന്നാല്‍, ശരീരത്തിലോ വസ്ത്രത്തിലോ ഒക്കെ നജസ് ഉള്ളവര്‍ നിസ്കരിക്കുന്നവനെ പിടിക്കുകയോ നിസ്കരിക്കുന്നവന്‍ അത്തരക്കാരെ പിടിക്കുകയോ ചെയ്താല്‍ നിസ്കാരം ബാതിലാവുന്നതാണ്. പിടിക്കുന്നതിലൂടെ നജസുമായി ബന്ധപ്പെട്ടതിനെ ചുമക്കുക എന്ന വിധിയാണ് ബോധകമാവുക, കേവല സ്പര്‍ശനത്തില്‍ അത് ബാധകമല്ല താനും. ചേലാകര്‍മ്മം ചെയ്യാത്തവരുടെ ശരീരത്തില്‍ നജസ് ഉണ്ടാവാമെന്നതിനാല്‍ അവിശ്വാസിയും ആ ഗണത്തില്‍ പെടുന്നതാണ്.

💥ചെറിയ കുട്ടികളെ എടുത്തു ത്വവാഫ് ചെയ്യുന്ന സമയത്ത് കുട്ടികള്‍ മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്താല്‍ നജസ് ചുമന്നുകൊണ്ട് ത്വവാഫ് ചെയ്യുന്നത് പോലെയല്ലേ? അത് കൊണ്ട് ത്വവാഫ് ഫാസിദ് ആകുമോ?

ഉ: ത്വവാഫിലും നിസ്കാരത്തിലെ പോലെ തന്നെ, ശരീരവും വസ്ത്രവും സ്ഥലവും ശുദ്ധമായിരിക്കണമെന്നാണ് നിയമം. അത് കൊണ്ട് തന്നെ, നജസുള്ള ചെറിയ കുട്ടികളെ എടുത്ത് ത്വവാഫ് ചെയ്താല്‍ ആ ത്വവാഫ് ശരിയാവില്ലെന്നതാണ് പ്രബലാഭിപ്രായം.