ഇമാം അബൂ ദാവൂദ് (റ) : ദുന്‍യാവില്‍ ഹദീസിനുവേണ്ടിയും ആഖിറത്തില്‍ സ്വര്‍ഗത്തിനു വേണ്ടിയും സൃഷ്ടിക്കപ്പെട്ട വ്യക്തി
"എനിക്ക് ചില ആവശ്യങ്ങളുണ്ട്"
"എന്താണത്?"
''ആവശ്യം പറഞ്ഞാൽ നിങ്ങളത് നിറവേറ്റി തരുമോ? "സാധ്യമാണെങ്കിൽ നിർവഹിക്കാം"
"എങ്കിൽ നിങ്ങൾ തിരുനബി(സ)യുടെ ഹദീസ് ഉദ്ധരിക്കാറുള്ള നാവ് ഒന്ന് നീട്ടിത്തരുമോ? ഞാനാ മഹത്വമേറിയ നാവൊന്ന് ചുമ്പിക്കട്ടെ"
ജ്ഞാനികളായ രണ്ടു പേർ തമ്മിലുള്ള സംഭാഷണമാണിത്. ആഗതന്റെയും ആതിഥേയന്റെയും ഔന്നത്യം ബോധ്യപ്പെടുത്തുന്ന സംസാരം. ആരൊക്കെ തമ്മിലായിരുന്നു ഇതെന്നല്ലേ. സയ്യിദ് സഹ്ലു ബ്നു അബ്ദില്ലാഹി തുസ്തരി(റ)വും ഇമാം അബൂ ദാവൂദ്(റ)വും ആയിരുന്നു ആ മഹാ ജ്ഞാനികൾ. അങ്ങനെ ഇമാം അബൂ ദാവൂദ്(റ) തന്റെ നാവ് നീട്ടിക്കൊടുക്കുകയും സയ്യിദ് സഹ് ല്(റ) അത് ചുമ്പിക്കുകയും ചെയ്തു.....
ഹദീസ് വിജ്ഞാനീയ രംഗത്ത് ഏറ്റവും പ്രാമാണികമായ ആറുഗ്രന്ഥങ്ങളിൽ ഒന്നാണ് സുനനു അബീ ദാവൂദ്. അബൂദാവൂദ് എന്ന പേരില്‍ പ്രശസ്തനായ സുലൈമാന്‍ ബിന്‍ അശ്അസ് ബിന്‍ ഇസ്ഹാഖ്(റ) ആണ് സുനനു അബീ ദാവൂദിന്റെ രചയിതാവ്. അഫ്ഗാനിസ്ഥാനിലെ സിജിസ്താനിൽ ഹിജ്‌റ 202ലാണ്
ജനനം. ചെറുപ്പത്തില്‍തന്നെ തല്‍പരനായിരുന്ന മഹാനവർകൾ ഏറെ ത്യാഗങ്ങൾ സഹിച്ച് ഹദീസ് ക്രോഡീകരണത്തിന് ഇറങ്ങിത്തിരിച്ചവരാണ്.
ഖുറാസാന്‍, ഈജിപ്ത്, ഹിജാസ്, ശാം, അല്‍ ജസാഇര്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച ഇമാം അബൂദാവൂദ്(റ) മുന്നൂറോളം പണ്ഡിതരെ സമീപിക്കുകയും അവരിൽ ഹദീസ് ഉദ്ധരിക്കുകയും പഠിക്കുകയും ചെയ്തു. ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ), ഇമാം മുസ്‌ലിം(റ), ഇമാം അലിയ്യുല്‍ മദീനി(റ), യഹ് യ ബ്നു മുഈൻ(റ), ഇസ്ഹാഖ് ബ്‌നു റാഹവൈഹി(റ) തുടങ്ങിയവര്‍ അവരിൽ പ്രധാനികളാണ്. ഇമാം ബുഖാരി(റ)യുടെ ഉന്നത ശീര്‍ഷരായ പല ഗുരുവര്യന്മാരും അബൂദാവൂദി(റ)ന്റെയും ഗുരുനാഥന്മാരാണ്. സുപ്രസിദ്ധരായ നിരവധി ശിഷ്യഗണങ്ങൾ അവിടുത്തേക്കുണ്ട്. ഇമാം നസാഈ(റ), ഇമാം തുര്‍മുദി(റ) അവരിൽ ചിലർ മാത്രം. ഗുരുനാഥനായ ഇമാം ഇബ്‌നു ഹമ്പൽ (റ)വും ഇമാമവർകളിൽ നിന്ന് ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
ദുന്‍യാവില്‍ ഹദീസിനുവേണ്ടിയും ആഖിറത്തില്‍ സ്വര്‍ഗത്തിനു വേണ്ടിയും സൃഷ്ടിക്കപ്പെട്ട വ്യക്തിയായിരുന്നു അബൂദാവൂദ് എന്നാണ് ഹാഫിള് മൂസ ബ്‌നു ഹാറൂന്‍ (റ) ഇമാമവർകളെ കുറിച്ച് പറയുന്നത്. കിതാബുല്‍ ഖദ്‌റ്, കിതാബുല്‍ മസാഇല്‍, നാസിഖ് മന്‍സൂഖ്, ദലാഇലുന്നുബുവ്വ, അഖ്ബാറുല്‍ ഖവാരിജ്, അല്‍ മറാസീല്‍, ഫളാഇലുല്‍ അഅ്മാല്‍, കിതാബു സ്സുഹ്ദ് തുടങ്ങി ധാരാളം ശ്രദ്ധേയമായ ഗ്രന്ഥങ്ങൾക്കുടമയാണവിടുന്ന്.
വിശ്രുതമായ #സുനനു_അബീദാവൂദ് ആണ് അവിടുത്തെ രചനകളിൽ ഏറ്റവും പ്രസിദ്ധം. അഞ്ചു ലക്ഷം ഹദീസുകളില്‍നിന്നും തെരഞ്ഞെടുത്ത 4800 ഹദീസുകളാണ് സുനനിലുള്ളത്. ബഗ്ദാദിൽ വെച്ചാണ് രചന നിർവ്വഹിച്ചത്. ഇരുപതിലേറെ വ്യാഖ്യാനങ്ങളുണ്ട് സുനനു അബീ ദാവൂദിന്. വലിയ ആദരവോടെയാണ് പണ്ഡിതർ #ഇമാം_അബൂ_ദാവൂദ്(റ)നെ സമീപിച്ചിരുന്നത്. ഹിജ്‌റ 271ല്‍ ബസ്വറയിലേക്ക് താമസം മാറ്റി. ഹിജ്റ275 ശവ്വാൽ 15ന് ബസ്വറയിൽ വെച്ചു വഫാത്താവുകയും ചെയ്തു. താബിഇയ്യായ സുഫ് യാനു സ്സൗരി(റ) ചാരത്താണ് മഖ്ബറ സ്ഥിതി ചെയ്യുന്നത്. എല്ലാവരും അവിടുത്തെ ഹള്റത്തിലേക്ക് ഒരു ഫാതിഹ ഓതി ഹദ് യ ചെയ്യണമെന്നുണർത്തുന്നു. അല്ലാഹു അവിടുത്തെ ബറകത് കൊണ്ട് ഇരുലോകത്തും നമ്മെ വിജയികളിൽ ഉൾപ്പെടുത്തട്ടെ....
Post a Comment