ചേലാകര്‍മം: മതവും ശാസ്ത്രവും എന്ത് പറയുന്നു..
ഹ. ഇബ്റാഹീം നബി(അ)ന്റെ കാലം മുതല്‍ മുസ്ലിം ലോകം നിരാക്ഷേപം നിര്‍വഹിച്ചുപോരുന്ന ഒരു ഉല്‍കൃഷ്ട കൃത്യമാണ് ചേലാകര്‍മം. എണ്‍പതാം വയസ്സില്‍ ശാമില്‍ വെച്ചാണ് ഇബ്റാഹീം നബി (അ)ന്റെ ചേലാകര്‍മം നിര്‍വഹിക്കപ്പെട്ടതെന്ന് നബി (സ)അരുളിയിരിക്കുന്നു (മുസ്ലിം).
ആദം(അ) സൃഷ്ടിക്കപ്പെട്ടതും ശീസ്, നൂഹ്, ശുഐബ്, ലൂഥ്, മൂസാ, ഹൂദ്, സ്വാലിഹ്, യൂസുഫ്, സകരിയ്യാ, യഹ്യാ, സുലൈമാന്‍, മുഹമ്മദ് മുസ്ഥഫാ (അലൈഹിമുസ്സ്വലാതു വസ്സലാം) എന്നീ നബിമാര്‍ പ്രസവിക്കപ്പെട്ടതും ചേലാകര്‍മം ചെയ്യപ്പെട്ട നിലയിലായിരുന്നു എന്ന് മറ്റൊരു ഹദീസില്‍ വന്നിരിക്കുന്നു. ഈസാ(അ) ചേലാകര്‍മത്തിന് വിധേയരായിട്ടാണ് ജന്മം കൊണ്ടതെന്ന് ബൈബിള്‍ പ്രസ്താവിക്കുന്നുണ്ട്.
മുസ്ലിംകളില്‍ പല അവാന്തര വിഭാഗങ്ങളുണ്ടെങ്കിലും അവരിലാരും ചേലാകര്‍മത്തെ നിരുത്സാഹപ്പെടുത്തുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ല എന്നത് അതിന്റെ സാര്‍വത്രികതക്ക് ദൃഷ്ടാന്തമത്രെ. മാത്രമല്ല, ഇപ്പോള്‍ അമുസ്ലിംകള്‍ പോലും വ്യാപകമായി ചേലാകര്‍മം അനുഷ്ഠിക്കുന്നുണ്ട്.
ഇസ്ലാം ആയിരമാണ്ടുകള്‍ക്കു മുമ്പേ അംഗീകരിച്ചതും അന്നെല്ലാം ഇതരന്മാര്‍ ആശ്ചര്യത്തോടെയും അല്‍പം പുച്ഛത്തോടെയും വീക്ഷിച്ചിരുന്നതുമായ ചേലാകര്‍മം ഇന്ന് ആഗോളാംഗീകാരം ആര്‍ജിച്ചുവെങ്കില്‍ അതിലടങ്ങിയ ആരോഗ്യവശങ്ങള്‍ ശാസ്ത്രം വ്യക്തമാക്കിയതാണ് അതിന് കാരണം. ഇസ്ലാമിന്റെ മേല്‍ അപ്രായോഗികത ആരോപിക്കുന്നവര്‍ ഇസ്ലാമിനെ അംഗീകരിച്ച ശാസ്ത്രത്തെപ്പറ്റി എന്തുപറയും?
ശാസ്ത്ര ദൃഷ്ടിയില്‍ ചേലാകര്‍മം നിരവധി രോഗങ്ങളെ ചെറുക്കുവാനുള്ള ശക്തമായൊരു ഉപാധിയാണ്. മൂത്രമൊഴിക്കുമ്പോള്‍ കടച്ചില്‍ അനുഭവപ്പെടുക, ചിലപ്പോള്‍ മൂത്രമൊഴിക്കാന്‍ തന്നെയും കഴിയാതെ വരിക തുടങ്ങിയ രോഗങ്ങള്‍ക്ക് ഇന്ന് ഡോക്ടര്‍മാര്‍ ചേലാകര്‍മം നിര്‍ദേശിക്കാറുണ്ട്. നിശാസ്ഖലനം പതിവുള്ള പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ചേലാകര്‍മം അനിവാര്യമാണെന്ന് വൈദ്യശാസ്ത്രം അഭിപ്രായപ്പെടുന്നു. അതിന് കാരണമെന്തെന്ന് ഒരു അമുസ്ലിം ശാസ്ത്രജ്ഞന്റെ വാക്കുകളില്‍ പറയാം:
നിശാസ്ഖലനം നിമിത്തം കഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആളുകള്‍ നമുക്കിടയില്‍ കാണാം. അവര്‍ ചേലാകര്‍മം നിര്‍വഹിച്ചിട്ടില്ലാത്തവരാണെങ്കില്‍ സ്ഖലന സമയത്ത് ഇന്ദ്രിയം പുറപ്പെടുമ്പോള്‍ ലിംഗാഗ്രത്തില്‍ തടിച്ചുചുരുണ്ടുനില്‍ക്കുന്ന തൊലിയുള്ളതുകൊണ്ട് സ്വതന്ത്രമായി പുറത്തേക്ക് പോരുവാന്‍ കഴിയാതെ ഇന്ദ്രിയം ലിംഗാഗ്രത്തില്‍ തങ്ങിനില്‍ക്കുന്നു. ഇതുകാരണം ലിംഗത്തിന് എരിച്ചിലും പുകച്ചിലും ഉണ്ടാകാറുണ്ട്. അത് ഒരുപക്ഷെ സഹിക്കാം. എങ്കിലും സ്ഖലനം പതിവുള്ള ഒരാള്‍ക്ക് ഈ ഒരൊറ്റ സംഗതി കൊണ്ട് അവന്റെ ആരോഗ്യം നശിച്ചുപോകുമെന്ന് ഓര്‍ക്കണം (ഡോ. എം.ജെ. എക്സേണര്‍. എം.ഡി.-ചന്ദിക).
മുസ്ലിം സ്ത്രീകളില്‍ ഗര്‍ഭാശയക്യാന്‍സര്‍ അമുസ്ലിം സ്ത്രീകളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഈയിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുകയുണ്ടായി. മുസ്ലിം പുരുഷന്മാര്‍ സുന്നത്ത് (ചേലാകര്‍മം) ചെയ്യുന്നുവെന്നതാണ് മെഡിക്കല്‍ വിദഗ്ദര്‍ അതിന് കണ്ടെത്തിയ കാരണം. അര്‍ബുദം പിടിപെട്ട 371 മുസ്ലിം പുരുഷന്മാരെ പരിശോധിച്ചപ്പോള്‍ അവരില്‍ ഒരാള്‍ക്കും ലിംഗാര്‍ബുദം ഉള്ളതായി കാണാന്‍ കഴിഞ്ഞില്ല. ജനനേന്ദ്രിയ ക്യാന്‍സര്‍ ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും മുസ്ലിംകളെ അപേക്ഷിച്ച് വളരെ കൂടുതലാണത്രെ.
അതിമാരകമായ ലിംഗാര്‍ബുദത്തിന് ചേലാകര്‍മത്തോളം ഫലപ്രദമായ ചികിത്സാമുറകളില്ലെന്ന് ആധുനിക വൈദ്യശാസ്ത്രം സമ്മതിക്കുമ്പോള്‍ വളരെ കാലം മുമ്പേ ചേലാകര്‍മം നിര്‍ബന്ധമാക്കിയ ഇസ്ലാമിന്റെ പ്രായോഗികത കൂടുതല്‍ സ്പഷ്ടമാവുകയാണ്. ലിംഗത്തിന്റെ അഗ്രഭാഗത്തുള്ള നീണ്ട പുറം തൊലിയുടെ മടക്കുകളില്‍ അഴുക്കുകളും രോഗാണുക്കളും പറ്റിപ്പിടിക്കുന്നതിനാലുണ്ടാകുന്ന അസഹ്യമായ ചൊറിച്ചില്‍, ലിംഗാഗ്രചര്‍മം വീര്‍ത്തുപൊട്ടല്‍ മുതലായ രോഗങ്ങളെ പ്രതിരോധിക്കുവാനും ചേലാകര്‍മത്തിന് വളരെ എളുപ്പം സാധിക്കും.
ചര്‍മരോഗങ്ങള്‍ക്കും ലിംഗരോഗങ്ങള്‍ക്കും കാരണമായിത്തീരുന്ന അണുക്കളെ ചെറുക്കുവാന്‍ ചേലാകര്‍മം ഉപകരിക്കുമെന്നതില്‍ ഇന്ന് വൈദ്യശാസ്ത്രത്തിന് സംശയമേ ഇല്ല. ഇത്രയും ആരോഗ്യപ്രാധാന്യമുള്ള നിയമങ്ങള്‍ നടപ്പില്‍ വരുത്തിയ ഇസ്ലാമിന്റെ മേല്‍ അപ്രായോഗികത ആരോപിക്കുന്നവരെ മനുക്ക് പ്രബുദ്ധതയോടെ ധിക്കരിക്കാം.
ലിംഗത്തിന്റെ അഗ്രചര്‍മം ഛേദിക്കലാണ് പുരുഷന്മാരില്‍ ചേലാകര്‍മത്തിന്റെ രീതി. ഭഗശിശ്നികയെ മൂടിക്കിടക്കുന്ന ശിശ്നികാഛദവും ലഘുഭഗോഷ്ടങ്ങളും മുറിച്ചുനീക്കി സ്ത്രീകളിലും ചേലാകര്‍മം നിര്‍വഹിക്കേണ്ടതാണ്. ശിശ്നികാഛദം മുറിച്ചുനീക്കുന്നത് മൂലം ശിശ്നിക അനാവൃതമാക്കപ്പെടും. തന്മൂലം സംഭോഗവേളയില്‍ ലിംഗം ശിശ്നികയില്‍ നിരന്തരം ഉരസുന്നതിനിടയാക്കുന്നു. സ്ത്രീയില്‍ ലൈംകികോത്തേജനത്തിന്റെ അതിസൂക്ഷ്മ കേന്ദ്രമായ ശിശ്നികയിലും യോനീഭിത്തിയിലും ഒരേസമയം സ്പര്‍ശനം ലഭിക്കുക വഴി ആനന്ദമൂര്‍ച്ഛ ലഭിക്കുന്നു. ഭഗോഷ്ടങ്ങള്‍ക്കിടയിലും ശിശ്നികാഛദത്തിന്റെ അടിയിലുമാണ് സ്ത്രീയില്‍ ശിശ്നമലം അടിഞ്ഞുകൂടുന്നത്. ഈ ഭാഗങ്ങള്‍ നീക്കം ചെയ്യപ്പെടുകമൂലം യോനീ മണ്ഡലം കൂടുതല്‍ വൃത്തിയുള്ളതായിത്തീരുകയും ചെയ്യും.
ലൈംഗിക ജീവിതാസ്വാദനത്തിനുള്ള കഴിവ് നശിച്ച് ഞരമ്പുരോഗികളായ പല ഭാര്യമാരേയും പരിശോധിച്ചപ്പോള്‍ അവരില്‍ അമിതമായി വളര്‍ന്ന ശിശ്നികാഛദം കണ്ടെത്തിയതായും അത് മുറിച്ചുനീക്കിയപ്പോള്‍ അവര്‍ക്ക് ലൈംഗിക ജീവിതം വീണ്ടെടുക്കാന്‍ കഴിഞ്ഞതായും ചില ലൈംഗിക ശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ജനയുഗം വാരിക 19/12/1976).
ചേലാകര്‍മത്തിന്റെ ആരോഗ്യവശത്തെക്കുറിച്ച് ഒരു ഹ്രസ്വ വിവരണമാണിത്. ഇനി അതിന്റെ നിയമവശം അല്‍പം പരാമര്‍ശിക്കാം: ചേലാകര്‍മം നിര്‍ബന്ധമോ സുന്നത്തോ? നബി (സ)പറയുന്നു: ചേലാകര്‍മം, ഗുഹ്യരോമം ക്ഷൌരം ചെയ്യല്‍, മീശവെട്ടല്‍, താടി വളര്‍ത്തല്‍, നഖം മുറിക്കല്‍, കക്ഷത്തിലെ രോമം നീക്കല്‍ മുതലായവ 'ഫിത്വ്റത്തി'ല്‍ പെട്ടതാകുന്നു (മുസ്ലിം). അഥവാ പ്രവാചകന്മാരുടെ ചര്യകളില്‍ പെട്ടതാണ് (ശര്‍ഹുമുസ്ലിം).
ചേലാകര്‍മത്തിന് സുന്നത്ത്കര്‍മമെന്നും അത് നടത്തുന്നതിന് സുന്നത്ത് കല്യാണം എന്നുമെല്ലാം സാധാരണ പറയാറുണ്ട്. തന്നിമിത്തം അത് സുന്നത്ത് (പ്രവര്‍ത്തിച്ചാല്‍ പ്രതിഫലമുള്ളതും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതും) ആണെന്ന ഒരു ധാരണ പൊതുജനങ്ങള്‍ക്കുണ്ടായേക്കാം. വാസ്തവത്തില്‍ അത് സുന്നത്തല്ല; വുജൂബ് (നിര്‍ബന്ധം) ആകുന്നു. ഇമാം ശാഫിഈ(റ)വും മറ്റു ധാരാളം ഇമാമുകളും അത് വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ഇബ്നുശുറൈഹ്(റ) പറയുന്നു: ഔറത്ത് മറയ്ക്കല്‍ നിര്‍ബന്ധമാണെന്നതില്‍ പക്ഷാന്തരമില്ല. എന്നിരിക്കെ ചേലാകര്‍മം നിര്‍ബന്ധമല്ലായിരുന്നുവെങ്കില്‍ തദാവശ്യാര്‍ത്ഥം ഔറത്ത് വെളിവാക്കുവാന്‍ അനുവദിക്കപ്പെടുമായിരുന്നില്ല (മിര്‍ഖാത്ത്). എന്നാല്‍ സ്ത്രീകള്‍ക്ക് അത് നിര്‍ബന്ധമില്ല എന്ന അഭിപ്രായത്തിനാണ് പ്രാബല്യം.
ഒരു കാര്യം സുന്നത്ത് എന്ന് പറയുമ്പോഴേക്കും അത് നിര്‍ബന്ധമില്ലാത്തതാണെന്ന് മനസ്സിലാക്കിക്കൂടാ. സുന്നത്തെന്ന പദം ഭാഷാര്‍ഥത്തില്‍ ഉപയോഗിച്ചുകൊണ്ടായിരിക്കും ചിലപ്പോള്‍ അങ്ങനെ പറയുക. പതിവ്, ആചാരം എന്നൊക്കെയാണതിന്റെ ഭാഷാര്‍ത്ഥം. ഒരു കാര്യത്തെ പറ്റി ഇതേ അര്‍ഥത്തില്‍ 'സുന്നത്ത്' എന്ന് പ്രയോഗിക്കല്‍ കൊണ്ട് അത് നിര്‍ബന്ധമല്ലെന്ന് വരില്ല. ഇമാം അബൂഹനീഫ(റ) അത് സുന്നത്താണെന്ന് പറഞ്ഞത് ഇതേ അര്‍ഥത്തിലായിരിക്കാമെന്ന് മിശ്കാത്തിന്റെ വ്യാഖ്യാന ഗ്രന്ഥമായ മിര്‍ഖാത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
'ഇബ്റാഹീം നബിയുടെ മാര്‍ഗം നിങ്ങള്‍ പിന്‍പറ്റുക' എന്ന ഖുര്‍ആനിക പ്രഖ്യാപനം ചേലാകര്‍മത്തിന്റെ നിര്‍ബന്ധത സൂചിപ്പിക്കുന്നുണ്ട്. ഒരു വിഷയത്തില്‍ നിങ്ങള്‍ക്ക് പ്രത്യേകമായി അല്ലാഹുവിങ്കല്‍ നിന്ന് ഒരു വിധി അവതരിക്കപ്പെട്ടിട്ടില്ലെങ്കില്‍ തദ്വിഷയകമായി ഇബ്റാഹീം നബി(അ)ന്റെ ശരീഅത്തിലുണ്ടായിരുന്ന വിധി അനുഗമിക്കണം എന്നാണ് ഉപര്യുക്ത വാക്യത്തിന്റെ വിവക്ഷ. അത് അംഗീകരിക്കല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്യ് അനുസരിച്ചു തന്നെയാകുന്നു (ബുജൈരിമി).
Post a Comment