കമ്യൂണിസ്റ്റ് പാർടിയും കമ്യൂണിസ്റ്റ് മതവും; റാഡിക്കൽ കമ്മ്യൂണിസ്റ്റുകളും മതമുള്ള കമ്മ്യൂണിസ്റ്റുകളും
ഇന്ത്യയിലെ പ്രമുഖനായ കമ്യൂണിസ്റ്റുകാരായിരുന്നു പരപ്പനങ്ങാടിയിലെ കോയക്കുഞ്ഞി നഹ. 1941 മുതൽ 2011 ൽ മരിക്കുന്നത് വരെ CPI ദേശീയ നേതാവ്. കോഴിക്കോട്-മലപ്പുറം ജില്ലകളിലെ പാർടി കാരണവർ. 1950ൽ കോട്ടയ്ക്കൽ നടന്ന 11-ാം പാർട്ടി സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ. 64 ൽ പാർടി പിളർന്നപ്പോഴും പഴയ കമ്യൂണിസ്റ്റ് പാർടിയിൽ തന്നെ ഉറച്ചു നിന്നയാൾ. പക്ഷേ, മരണം വരെ നഹ ദീനിയായിരുന്നു. ഫർളും സുന്നത്തുമെല്ലാം പാലിക്കുന്ന ഭക്തൻ. പരപ്പനങ്ങാടി മഹല്ല് ജുമാമസ്ജിദിന്റെ ആജീവനാന്ത അധ്യക്ഷൻ, ഹൈദ്രൂസ് പള്ളിയുടെ കാര്യദർശി, മഞ്ചേരി ദാറുസ്സുന്ന അറബിക് കോളജ് ഭരണസമിതിയംഗം, വണ്ടൂർ ജാമിഅ വഹബിയ്യ കോളജ് ഭരണസമിതി അംഗം, സംസ്ഥാന ജംഇയ്യത്തുൽ ഉലമ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം....
ഇത്തരം നിരവധി നഹമാർ ഇപ്പോഴും CPI - CPIM പാർടികളിൽ ഉണ്ട്. അവർക്ക് ഒരു രാഷ്ട്രീയ പാർടി മാത്രമാണവ. അവരോടും അവരുടെ പാർടിയോടും മതത്തിനും മത സംഘടനകൾക്കും ഏറ്റുമുട്ടേന്നി വന്നിട്ടില്ല. ഈ നാടിൻ്റെ രാഷ്ട്രീയ സന്തുലിതാവസ്ഥക്ക് ആ പാർടികൾ വേണമെന്ന നിലപാടു തന്നെയാണ് മതരംഗത്തുള്ളവരും വെച്ചു പുലർത്തുന്നത്.
എന്നാൽ, ഇവിടെ വേറൊരു കൂട്ടരുണ്ട്. വള്ളം ചേർക്കാത്ത കമ്യൂണിസത്തിൽ വിശ്വസിക്കുന്നവർ. അഥവാ റാഡിക്കൽ കമ്യൂണിസ്റ്റുകൾ. നമ്മുടെ കാമ്പസുകളിലും മറ്റും വലവീശി ഇറങ്ങിയിരിക്കുന്നത് അവരാണ്. ജെൻഡർ ഈക്വാലിറ്റിയുടെ പേരു പറഞ്ഞു അരാജകത്വത്തിലേക്ക് യുവ സമൂഹത്തെ നയിക്കുകയാണവർ. ചുംബന സമരത്തിലും 'ഉദാര ലൈംഗികത'യിലും അവരുടെ കൈകൾ ഉണ്ട്. മിശ്രവിവാഹവും വിവാഹേതര ജീവിതവും അവരുടെ അജണ്ടയാണ്. ലിബറലിസത്തിൻ്റെ ആയുധങ്ങളുമായി വന്നു മതത്തോട് ഏറ്റുമുട്ടുകയാണവർ. ഇവിടെ വിശ്വാസികൾക്ക് അടങ്ങി ഇരിക്കാൻ കഴിയില്ല. ഇടതു ലിബറലിസത്തോട് ആശയ പരമായി ഏറ്റുമുട്ടേണ്ടി വരും. വിമർശിക്കേണ്ടിവരും.
കമ്യൂണിസ്റ്റ് പാർടികൾ തിരിച്ചറിയേണ്ടത് ഈ വ്യത്യാസമാണ്. തങ്ങളുടെ യുവജന വിദ്യാർത്ഥി സംഘടകൾ രാഷ്ട്രീയം പറയുന്നതിനു പകരം പലപ്പോഴും, ഇളം തലമുറയെ പിടിക്കുന്നത് മത-ധാർമിക മൂല്യങ്ങളെ നശിപ്പിക്കുന്ന അരാജകത്വ വഴി കാണിച്ചു കൊണ്ടാണ്. ഇന്ത്യയുടെ മുഖ്യ പ്രശ്നമായ ജാതീതയതയെ ഇതുവരെ അഡ്രസ് ചെയ്യാത്തവരാണ് 'ജെൻഡർ വിപ്ലവം' നടത്തി ആളെക്കൂട്ടുന്നത്.
ഇതിപ്പോൾ പറയാൻ കാരണം, മുസ്‌ലിംകളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കണമെന്ന സി പി എം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ശുപാർശ വാർത്തയാണ്. കമ്യൂണിസത്തിൻ്റെ നട്ടെല്ലായ സാമ്പത്തിക വീക്ഷണത്തിൽ അവർ മൗലികമാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ, മതത്തോടുള്ള സമീപനത്തിലും മാറ്റം വരുത്താം. അല്ലാതെ മുസ്‌ലിംകളെ അടുപ്പിച്ചാൽ അടുക്കുകയില്ല. മതത്തിൻ്റെ അടിത്തറ മാന്തുന്ന ലിബറലിസ്റ്റ് ആശയങ്ങളുമായി ഇടതു പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങിയാൽ, മതരംഗത്തുള്ളവർ അതിനെ നേരിടും. നേരിടണം.
Anwar Sadiq faizy Tanur
Post a Comment