റൗളാ ശരീഫിൽ നിന്ന് തിരു കൈ പുറത്തേക്ക്... ആ ചരിത്ര സംഭവം നടന്നത് ഇന്നലെ ആയിരുന്നു...
.
✒️അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
ആ ചരിത്ര സംഭവം നടന്നത് ഇന്നലെ ആയിരുന്നു. ഒമ്പത് നൂറ്റാണ്ടുകൾക്കു മുമ്പ്. ഹിജ്റ 555 മുഹറം 17 ന്. ശൈഖ് അഹ്മദുൽ കബീർ രിഫാഈ (ഖ. സി) അവർകൾക്ക് അല്ലാഹു നൽകിയ പ്രത്യേക ആദരം. ഹിജ്റ 555 ന് ഹജ്ജ് കഴിഞ്ഞ് സിയാറത്തിനായി മഹാനവർകൾ വിശുദ്ധ മദീനയിലെത്തി. തിരു നബി(സ)യുടെ റൗളാശരീഫിനു അഭിമുഖമായി നിന്ന് ഇപ്രകാരം സലാം ചൊല്ലി. "എൻ്റെ വലിയുപ്പാ...നിങ്ങൾക്ക് അല്ലാഹുവിൻ്റെ സലാം ഉണ്ടായിരിക്കട്ടെ." "എൻ്റെ മോനെ നിനക്കും അല്ലാഹുവിൻ്റെ സമാധാനം ഉണ്ടായിരിക്കട്ടെ." തിരുനബി (സ) ഇപ്രകാരം സലാം മടക്കി. മസ്ജിദുന്നബവിയിലും പരിസരത്തുമുള്ള പതിനായിരങ്ങൾ ഈ സംഭവത്തിനു ദൃക്സാക്ഷിയായി.
തിരു നബി (സ)യുടെ സലാം മടക്കൽ കേട്ടപ്പോൾ ശൈഖ് രോമാഞ്ച ഭരിതനായി. അദ്ദേഹത്തിൻ്റെ വർണ്ണം മഞ്ഞയായി.മുട്ടുകുത്തി കിടന്നു. പിന്നീട് എഴുന്നേറ്റ് ദീർഘനേരം തേങ്ങി തേങ്ങിക്കരഞ്ഞു. തുടർന്ന് രണ്ടു വരി കവിത ചൊല്ലി. അതിപ്രകാരമായിരുന്നു.
"എൻ്റെ വലിയുപ്പാ.... അകലെയാവുമ്പോഴും അവിടുന്ന് ഞാനുമായി അകലാറില്ല. എൻ്റെ ആത്മാവ് അങ്ങയുടെ മണ്ണിൽ വന്ന് ചുംബനം നൽകാറുണ്ടായിരുന്നു. ഇതാ ഒരു മായാലോകം ഇവിടെ സമാഗതമായിരിക്കുന്നു. അങ്ങയുടെ തൃക്കരം ഒന്ന് നീട്ടി തന്നാലും. എൻ്റെ അധരങ്ങൾ അതൊന്നു നുകരട്ടെ."
തുടർന്ന് നബി(സ) തൻ്റെ വിശുദ്ധ കരം ഖബർ ശരീഫിൽ നിന്ന് നീട്ടിക്കൊടുക്കുകയും ഷെയ്ഖ് രിഫാഈ (റ) അവർകൾ ചുടു ചുംബനം നൽകുകയും ചെയ്തു.
അവിടെ സന്നിഹിതരായവർ മുഴുവൻ ആ തൃക്കരം നേരിൽ കണ്ടു. പതിനായിരക്കണക്കിന് ഹാജിമാരുടെ കൂട്ടത്തിൽ അവിടെ പ്രമുഖ ഔലിയാക്കളും ഉണ്ടായിരുന്നു. ഷെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി (റ), ഷെയ്ഖ് ഹയാത്തുബിൻ ഖൈസ് (റ),ഷെയ്ഖ് അദിയ്യുബിൻ മുസാഫിർ ശാമി (റ) തുടങ്ങിയവർ അക്കൂട്ടത്തിലുണ്ട്. അവരുടെ അസ്റാറുകളും അറിവുകളും നിമിത്തം അല്ലാഹു നമുക്ക് പ്രയോജനം ചെയ്യട്ടെ.
ഇമാം സുയൂഥി (റ) തൻ്റെ "അശ്ശറഫുൽ മുഹത്തം" എന്ന കൃതിയിൽ പറയുന്നു : "അനുഗ്രഹീതമായ ഈ മഹത്വം മുസ്ലീങ്ങൾക്കിടയിൽ അനിഷേധ്യമായ നിലയിൽ അറിയപ്പെട്ടിരിക്കുന്നു. ഇതിൻ്റെ സനദുകളും നിവേദനങ്ങളും ഉയർന്ന നിലയിലുള്ളതാണ്. ഇത് ശരിയായി സ്ഥിരപ്പെട്ട സംഭവമാണെന്ന കാര്യത്തിൽ നിവേദകൻമാർക്കിടയിൽ ഏകാഭിപ്രായമുണ്ട്."
27,08,2021
അമ്പലക്കടവ്
Post a Comment