നിസ്കാര സമയം മാറുന്നു; കലണ്ടർ സമയം ഒഴിവാക്കി ഇനി ഓരോ പ്രദേശത്തിനും ഓരോ സമയം നിങ്ങളുടെ പ്രദേശത്തെ സമയം ഈ വെബ്സൈറ്റിൽ റെഡിയാണ്...



ഡോ. മുസ്തഫ ദാരിമി നിസാമി കരിപ്പൂർ

ബഹുമാനമുള്ള പണ്ഡിതന്‍മാര്‍, മഹല്ല് കാരണവന്‍മാര്‍, കമ്മിറ്റി ഭാരവാഹികള്‍, സംഘടനാ നേതാക്കള്‍, പ്രവര്‍ത്തകര്‍, മുസ്ലിം സഹോദരന്‍മാര്‍ അറിയാന്‍...
.
13 വര്‍ഷമായി സുപ്രഭാതം, ചന്ദ്രിക, മാതൃഭൂമി , സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഒട്ടുമിക്കസ്ഥാപനങ്ങളുടെയും കലണ്ടറുകൾ എന്നിവയിലേക്ക്
 നിസ്‌കാരസമയം നല്‍കി വരുന്ന ആള്‍ എന്ന നിലയില്‍ കേരളത്തിലേയും അനുബന്ധ പ്രദേശങ്ങളിലേയും ഓരോ പ്രദേശത്തിന്റെയും പ്രത്യേകം പ്രത്യേകം നിസ്‌കാരസമയം തയ്യാറാക്കി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ നിസ്‌കാര-വ്രതാനുഷ്ഠാന സമയങ്ങള്‍ക്ക് കലണ്ടറുകളെ ആശ്രയിക്കുന്ന രീതി മാറ്റി മറ്റൊരു രീതി അവലംബിക്കല്‍ നിര്‍ബന്ധമാണെന്ന് ബോധ്യപ്പെട്ടു. കാരണം നിലവില്‍ കേരളത്തെ കോഴിക്കോട്, കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ നാല് മേഖലകളാക്കി മുമ്മൂന്ന് ദിവസത്തേക്കാണ് കലണ്ടറുകളിൽ നിസ്‌കാരസമയം പ്രസിദ്ധീകരിക്കുന്നത്. 

ഉദാഹരണമായി കോഴിക്കോട് മേഖലയില്‍ കോഴിക്കോട്,  വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂരിന്റെ കുറേ ഭാഗങ്ങള്‍, തമിഴ് നാട്ടിലെ നീലഗിരി എന്നീ ജില്ലകളിലെ വളരെ ബൃഹത്തായ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
വാസ്തവത്തില്‍ ഓരോ പ്രദേശത്തേക്കും ആ പ്രദേശത്തിന്റെ നിസ്‌കാര-വ്രതാനുഷ്ടാന സമയമാണ് പരിഗണിക്കേണ്ടത്. സുപ്രഭാതം പോലെയുള്ള നമ്മള്‍ അവലംബിക്കുന്ന കലണ്ടറുകളിലെ സമയപ്രകാരം നിസ്‌കാരങ്ങളോ, നോമ്പ് തുറയോ സമയത്തിന് മുമ്പായി നഷ്ടപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവില്ല. നവീന ആശയക്കാരുടെ കലണ്ടറുകളിലെ സമയം അവലംബിച്ചാല്‍ നോമ്പ് നഷ്ടപ്പെടും എന്നത് തീര്‍ച്ചയാണ്. കാരണം അവരുടെ ബാങ്ക് മഗ്രിബിന് സമയത്തിന്റെ കൂറേ മുമ്പും സുബ്ഹിക്ക് ധാരാളം വൈകിയുമാണ്.

പക്ഷെ അത്താഴവിരാമസമയം പരിഗണിക്കുമ്പോള്‍ കലണ്ടറുകളിലെ മേഖലയുടെ സമയം പരിഗണിച്ചാല്‍ കിഴക്കും, തെക്കും ഉള്ള നാടുകളില്‍ പലസ്ഥലങ്ങളിലും ആ നാടിന്റെ സമയം കഴിഞ്ഞ് മിനിറ്റുകള്‍ വൈകിയാണ് ബാങ്ക് കൊടുക്കുക. മുന്‍കാലങ്ങളിലൊക്കെ അത്താഴവിരാമം എന്ന് പറഞ്ഞ് സുബ്ഹി ബാങ്കിന് കുറച്ചു മുമ്പ് തന്നെ ഭക്ഷണപാനീയങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍കാറുണ്ടായിരുന്നു. ഇപ്പോള്‍ പലരും പള്ളിയില്‍ നിന്ന് ബാങ്ക് കേള്‍ക്കുന്നത് വരെ ഭക്ഷണം കഴിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

സ്ഥലപരിമിതിമൂലം കലണ്ടറുകളില്‍ ഓരോ പ്രദേശത്തേക്കും പ്രത്യേക നിസ്‌കാരസമയം പ്രസിദ്ധീകരിക്കാന്‍ സാധ്യമല്ലല്ലോ..! ഇതിനെല്ലാം പരിഹാരമായിട്ടാണ് ഓരോപ്രദേശത്തേക്കും പ്രത്യേകമായി നിസ്‌കാരസമയം പ്രസിദ്ധീകരിക്കുന്നത്.

ഇന്ത്യാ ഗവണ്‍മെന്റിന്റെ എര്‍ത്ത് സയന്‍സ് മന്ത്രാലയം അമേരിക്കയുടെ നാസ, NOAA തുടങ്ങിയുള്ള ഏറ്റവും ആധികാരികവും അതിനൂതനവും ശാസ്ത്രീയവുമായ ഏജന്‍സികളില്‍ നിന്നും വളരെ കൃത്യവും സൂക്ഷ്മവുമായ ഡേറ്റകള്‍ കളക്റ്റ് ചെയ്ത്, ഓരോ പ്രദേശത്തിന്റെയും ദൂരപരിധി, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയര്‍ച്ച, താഴ്ച്ച തുടങ്ങിയ നിസ്‌കാര സമയത്തില്‍ ഭാഗവാക്കാവുന്ന എല്ലാ സവിശേഷതയും പ്രത്യേകം പരിഗണിച്ച് പ്രാമാണികമായ കിതാബുകളില്‍ പറഞ്ഞ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ച് അതിസൂക്ഷ്മവും കൃത്യവുമായ ഫോര്‍മുല ഉപയോഗിച്ച് ഞാന്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഓരോപ്രദേശത്തേക്കും പ്രത്യേകം പ്രത്യേകം തയ്യാര്‍ ചെയ്തതാണ് ഈ നിസ്‌കാരസമയം.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങള്‍, കേരളത്തോട് ബന്ധപ്പെട്ട കര്‍ണ്ണാടകയിലെയും തമിഴ്‌നാട്ടിലേയും താലൂക്കുകൾ ലക്ഷദ്വീപിലെ ഓരോ ദ്വീപുകള്‍ എന്നിങ്ങനെയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

40 വര്‍ഷം ഉപയോഗിക്കാവുന്ന ഈ നിസ്‌കാരസമയം  ആര്‍ക്കും എവിടെ വെച്ചും www.musthafadarimikaripur.com എന്ന വെബ്‌സൈറ്റില്‍ നിന്നും. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഫ്രൈം ചെയ്‌തോ ലാമിനേഷന്‍ ചെയ്തോ ഉപയോഗിക്കാവുന്നതാണ്. 

നിങ്ങളുടെ പരിധിയില്‍പെട്ട ജുമുഅത്ത് പള്ളി , നിസ്‌കാരപള്ളി, സ്ഥാപനങ്ങള്‍ തുടങ്ങിയവയിലേക്ക് ഇത് ഡൗണ്‍ലോഡ് ചെയ്ത് ഫ്രൈം ചെയ്ത് വെക്കുന്ന ഭാഗ്യവാന്‍ നിങ്ങളാവട്ടെ..

സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ അനുമതിയോടെ തയ്യാറാക്കിയ ഈ നിസ്‌കാര സമയം സമുന്നതരായ പണ്ഡിതന്‍മാര്‍ പരിശോധിച്ച് അംഗീകരിച്ചതുമാണ്.
പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ പൊതുസമ്മേളനത്തില്‍ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ബഹു. ആലിക്കുട്ടി ഉസ്താദിന് കോപ്പി കൈമാറികൊണ്ട് പ്രകാശനം നിര്‍വഹിച്ച ഈ നിസ്‌കാരസമയം ബഹുമാനപ്പെട്ട സമസ്തയുടെ അധ്യക്ഷന്‍ സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുകോയ തങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ബഹു. M.T. ഉസ്താദ് അടക്കമുള്ള പണ്ഡിതന്‍മാര്‍ ഇത് ഓരോ പള്ളികളിലും നടപ്പില്‍ വരുത്തി അതനുസരിച്ച് ബാങ്ക് വിളിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വര്‍ഷങ്ങളുടെ കഠിനപ്രയത്‌നവും ഭാരിച്ച ചെലവും ഉണ്ടായിട്ടുണ്ട് ഈ സംരഭത്തിന്. നിങ്ങള്‍ എനിക്കും കുടുംബത്തിനും ഉസ്താദുമാര്‍ക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്നും റമളാനിന്റെ മുമ്പേ എല്ലാ പള്ളികളിലും ഇതിന്റെ കോപ്പി എത്താന്‍ ആവശ്യമായ ഇടപെടലുകളും പബ്ലിസിറ്റിയും നിങ്ങള്‍ ഓരോരുത്തരില്‍ നിന്നും ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇത് മാക്സിമം ഷെയർ ചൈത് നന്മയിൽ പങ്കു ചേരുക

എന്ന്
ഡോ. മുസ്തഫ ദാരിമി നിസാമി കരിപ്പൂര്‍ 
വെബ്സൈറ്റ്: അഡ്രസ് www.musthafadarimikaripur.com