ഭരണത്തുടർച്ച സാധ്യമായാൽ മദ്യപ്പുഴ ഒഴുകുമെന്ന്. കണക്കുകൾ നിരത്തി ലഹരി നിർമാർജന സമിതി പ്രസിഡണ്ട്
ഇടതുമുന്നണിക്ക് ഭരണത്തുടർച്ച സാധ്യമായാൽ കേരളത്തിൽ വീണ്ടും മദ്യശാലകൾ തുറന്നും മദ്യക്കച്ചവടം ക്രമാതീതമായി വർധിപ്പിച്ചും നാട്ടിൽ മദ്യം പുഴയായി ഒഴുക്കും.
2016ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ഇടതുമുന്നണി ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും മറക്കാൻ ആകില്ല. നിലവിലുള്ള മദ്യനയത്തിൽ മാറ്റം വരുത്തില്ല, മദ്യനയം സുതാര്യമാക്കാനും അഴിമതി ഇല്ലാതാക്കാനും പ്രതിജ്ഞാബദ്ധമാണ് എന്നൊക്കെ പരസ്യങ്ങളിലും പ്രകടനപത്രികയിലും പറഞ്ഞു വോട്ട് വാങ്ങി അധികാരത്തിലെത്തിയ ഇടതുമുന്നണി ആദ്യം തന്നെ ചെയ്തത് പഞ്ചായത്ത് നഗരപാലികാ നിയമത്തിലെ 232, 447 വകുപ്പനുസരിച്ച് ബാറുകൾക്ക് അനുമതി നൽകാനും നിഷേധിക്കാനും പ്രാദേശിക ഭരണകൂടങ്ങൾക്ക് നിലവിലുണ്ടായിരുന്ന ജനാധികാര എടുത്തു മാറ്റുകയായിരുന്നു.
ഇത് എവിടെയും നേരിട്ട് മദ്യശാലകൾ അനുവദിക്കാനുള്ള അവസരം സൃഷ്ടിച്ചു.
വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയിൽ നിന്ന് ബാറുകളിലേക്ക് നിലവിലുണ്ടായിരുന്ന ദൂരപരിധി 200 മീറ്റർ എന്നത് 50 മീറ്ററാക്കി ചുരുക്കി. ദേശീയപാതയുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന കോടതി ഉത്തരവിൽ നിന്ന് പഞ്ചായത്ത് പ്രദേശങ്ങളിലെ മദ്യശാലകൾ ഒഴിവാക്കണമെന്ന അപേക്ഷയുമായി മദ്യ മുതലാളിമാർക്ക് വേണ്ടി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
ദേശീയപാതയുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന നിബന്ധനയിൽ സർക്കാറിന് താൽപര്യമാണെങ്കിൽ പട്ടണ സ്വഭാവമുള്ള പഞ്ചായത്തുകളെ ഒഴിവാക്കാമെന്ന കോടതി പരാമർശത്തെ ഉപയോഗിച്ച് സംസ്ഥാനത്തെ 86 ശതമാനത്തിൽ കൂടുതലുള്ള പഞ്ചായത്തുകളിലെയും മദ്യശാലകൾ ഈ നിബന്ധനകളിൽ നിന്ന് ചുളിവിൽ ഒഴിവാക്കി. അവിടങ്ങളിൽ മദ്യവില്പന പൊടിപൊടിച്ച് കൊണ്ടിരിക്കുന്നു.
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കേവലം 29 ബാറുകൾ മാത്രമായിരുന്നു കേരളത്തിലുണ്ടായിരുന്നത് ഇപ്പോൾ അവ 624 ആയി വർധിപ്പിച്ചു. ഉമ്മൻചാണ്ടി സർക്കാർ അടച്ചുപൂട്ടിയ ബാറുകൾ എല്ലാം തുറന്നു കൊടുക്കുകയും ഇരുന്നൂറിലധികം ബാറുകൾ പുതുതായി അനുവദിക്കുകയും ചെയ്തു.
പത്തുവർഷംകൊണ്ട് കേരളത്തിൽ സമ്പൂർണ മദ്യ നിരോധനം കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച കഴിഞ്ഞ സർക്കാർ ഓരോ വർഷവും 10 ശതമാനം വീതം ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ 2014 ഇറക്കിയ ഉത്തരവ് സർക്കാർ മരവിപ്പിക്കുകയും അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റുകൾ എല്ലാം വീണ്ടും തുറക്കുകയും ചെയ്തു.
2019 20 സാമ്പത്തിക വർഷത്തിൽ മാത്രം 14700 കോടിയുടെ മദ്യം കേരളത്തിൽ വിറ്റു ഇത് സർവകാല റെക്കോർഡാണ്.
ഞങ്ങൾ അധികാരത്തിൽ വന്നാൽ ബാറുകൾ അല്ല സ്കൂളുകൾ ആണ് തുറക്കുക എന്നുകൂടി പറഞ്ഞവരാണ് തികച്ചും വിപരീതമായ ഈ നടപടികൾ നടത്തിയത്.
ഇപ്പോൾ കേരളത്തിൽ ശരാശരി 30 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇടതു സർക്കാർ അധികാരത്തിൽ വന്നാൽ വീര്യം കുറഞ്ഞ മദ്യവും, പബ്ബുകളും മറ്റും പ്രതീക്ഷിക്കാവുന്നതാണ്. യുവാക്കളും വിദ്യാർഥികളും സ്ത്രീകളുമടക്കം വലിയ ശതമാനം ജനങ്ങളും മദ്യപാനികളായി മാറുന്ന സാഹചര്യം ഉണ്ടാകരുത്. അതിനായുള്ള ഇടപെടലാണ് ആവശ്യം.
പിഎംകെ കാഞ്ഞിയൂർ
(വർക്കിംഗ് പ്രസിഡണ്ട്: ലഹരി നിർമാർജന സമിതി )
Post a Comment