ഉമാമ(റ) ന്റെ മണവാട്ടിയോടുള്ള 10 ഉപദേശങ്ങൾ, ഇത് അറേബ്യയിൽ പ്രസിദ്ധമാണ്
ഉമാമ ബിൻത് അൽ ഹാരിസ് (റ) എന്ന അറബ് വനിത തന്റെ പ്രിയപ്പെട്ട മകൾ ഉമ്മു ഇയാസ് ബിൻത് ഔഫിന് (റ) അവളുടെ വിവാഹരാത്രിയിൽ നൽകിയ 10 ഉപദേശങ്ങൾ അറേബ്യയിൽ പ്രസിദ്ധമാണ്. അറബ് സാഹിത്യത്തിൽ പ്രചുരപ്രചാരം നേടിയവയാണവ...
ഭർത്താവിനോട് ഒരു ഭാര്യ എങ്ങനെ വർത്തിക്കണമെന്ന പാഠം ഇത് നന്നായി പകർന്നു നൽകുന്നുണ്ട്. അവ അനുവർത്തിച്ചാൽ ഒരു നല്ല ഭാര്യയാവാൻ സാധിക്കും. ഭർത്താവിന്റെ തൃപ്തി നേടി സ്വർഗത്തിലെത്താൻ കഴിയും...
എന്റെ പ്രിയപ്പെട്ട മകളേ.., നീ വളർന്ന, നീ നടക്കാൻ പഠിച്ച വീട്ടിൽ നിന്ന് നീ അറിയാത്ത, നിനക്ക് പരിചയമില്ലാത്ത ഒരു കൂട്ടുകാരനിലേക്കു നീ പോവുകയാണ്. ആ കൂട്ടുകാരനെ ഇണയാക്കുന്നതിലൂടെ അദ്ദേഹം നിന്റെ ഒരു യജമാനനായി മാറുകയാണ്. അതുകൊണ്ട് ഭർത്താവിന് വേണ്ട വിധം നീ സേവനം ചെയ്യുക. അപ്പോൾ അദ്ദേഹം നിനക്കു വേണ്ടിയും സേവനം ചെയ്യും. എന്നിൽ നിന്ന് 10 ഗുണങ്ങൾ പഠിക്കുക. അത് നിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകവും. ഒരു ഓർമിപ്പിക്കുന്ന വസ്തുവുമായിരിക്കും...
ഇതിൽ ഒന്നാമത്തേയും രണ്ടാമത്തേയും ഉപദേശം ഭർത്താവുമായുള്ള കുടുംബജീവിതത്തിൽ നീ സംതൃപ്തയായിരിക്കുക എന്നതാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. ഭർത്താവിനെ തൃപ്തിപ്പെടുത്തുന്നതിലൂടെ നിനക്ക് മനഃസമാധാനം ലഭിക്കും. ഭർത്താവിന്റെ വാക്കുകൾ ശ്രദ്ധിക്കലും അനുസരിക്കലും കാരുണ്യവാനും സർവശക്തനുമായ അല്ലാഹുﷻവിനെ തൃപ്തിപ്പെടുത്തലാണ്.
മൂന്ന്, നാല്: ഭർത്താവിന്റെ മുന്നിൽ സുമുഖിയും പരിമളം പരത്തുന്നവളുമായി പ്രത്യക്ഷപ്പെടുക. കാരണം, നിന്റെ വൈരൂപ്യം ഭർത്താവ് ഇഷ്ടപ്പെടുകയില്ല. നിന്റെ പരിമളമാണ് ഭർത്താവ് ഇഷ്ടപ്പെടുന്ന ഏറ്റവും ഉൽകൃഷ്ട സുഗന്ധം.
അഞ്ച്, ആറ്: ഭർത്താവിന് സമയത്തിന് ഭക്ഷണം തയാറാക്കിക്കൊടുക്കുക. അദ്ദേഹം ഉറങ്ങുമ്പോൾ നീ നിശ്ശബ്ദത പാലിക്കുക. കാരണം ഉറക്കത്തെ ശല്യപ്പെടുത്തുന്നത് ഭർത്താവിനെ കോപിഷ്ടനാക്കും.
ഏഴ്, എട്ട്: ഭർത്താവിന്റെ സഹപ്രവർത്തകരെയും കൂട്ടുകാരെയും ഇസ്ലാം അനുവദിക്കുന്ന രീതിയിൽ നീ പരിഗണിക്കുക. ഭർത്താവിന്റെ സമ്പത്ത് സൂക്ഷിക്കുകയും ചെയ്യുക. ഇതിലൂടെ നീ ഭർത്താവിനെ സന്തോഷിപ്പിക്കുന്നു. നിങ്ങളുടെ ദാമ്പത്യാരാമത്തിൽ വിരിഞ്ഞ കുസുമങ്ങളെയും ഭർത്താവിന്റെ കൂട്ടുകാരെയും ശ്രദ്ധിക്കൽ നിന്നിലെ 'ഗുഡ് മാനേജ്മെന്റി'നു തെളിവാണ്.
ഒമ്പത്, പത്ത്: ഭർത്താവിന്റെ കൽപ്പനകൾ നീ അവഗണിക്കരുത്. അനുസരണക്കേടും രഹസ്യങ്ങൾ സൂക്ഷിക്കാതിരിക്കലും ഭർത്താവിന്റെ വെറുപ്പ് സമ്പാദിക്കാൻ കാരണമാവും.
എന്റെ പ്രിയപ്പെട്ടവളെ, ഭർത്താവ് ദുഃഖിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ നീ സന്തോഷം വിതറുക. ഭർത്താവ് ആഹ്ലാദവാനാണെങ്കിൽ ദുഃഖം നിഴലിച്ച മ്ലാനമുഖവുമായി നീ നിൽക്കരുത്.
Post a Comment