മുജാഹിദ് പണ്ഡിതസഭ:സലഫിയും മടവൂരും പുറത്ത്

 സുന്നികൾക്ക് തൗഹീദിൽ തെറ്റ് പറ്റി എന്നാരോപിച്ച്  'ശുദ്ധ' തൗഹീദിന്റെ സംസ്ഥാപനത്തിനായി രൂപംകൊണ്ടതാണ് മുജാഹിദ് പ്രസ്ഥാനം.

"കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായി ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിവുള്ളവൻ അള്ളാഹു മാത്രം എന്ന്"  തൗഹീദിന്റെ  വചനത്തിന് അവർ അർത്ഥകൽപ്പന നടത്തി.

  ഈ വിശ്വാസമനുസരിച്ച് മണ്മറഞ്ഞ വിശുദ്ധാത്മാക്കൾക്ക് ഒരു ഉപകാരവും ചെയ്യാൻ കഴിയില്ലെന്ന് അവർ സിദ്ധാന്തിച്ചു.
 കഴിയും എന്ന് വിശ്വസിക്കുന്ന സുന്നി ജനകോടികൾമുശ്രിക്കു (ബഹുദൈവ വിശ്വാസികൾ) കളാണെന്ന് അവർ പ്രഖ്യാപിച്ചു.

 കാലം മുന്നോട്ടു പോയി.  വിദേശത്ത് പോയി പഠിച്ച ചില ആധുനിക മുജാഹിദ് പണ്ഡിതന്മാർ ജിന്നും പിശാചും അന്ധവിശ്വാസമല്ലെന്നും അവർക്ക് ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുമെന്നും തിരിച്ചറിഞ്ഞു. അവർ അക്കാര്യം പ്രഖ്യാപിച്ചു. പലവട്ടം പിളർന്ന മുജാഹിദിന്റെ പിളർപ്പിന്  ഒരു കാരണം ഇതായിരുന്നു.

ജിന്നും പിശാചും ഉപകാരവും ഉപദ്രവവും ചെയ്യുമെങ്കിൽ കാര്യകാരണ ബന്ധങ്ങൾക്ക് അതീതമല്ലേ?  അങ്ങനെ വിശ്വസിക്കാമോ? ആ വിശ്വാസം ശിർക്കല്ലേ?

 ഹുസൈൻ മടവൂരും അബ്ദുറഹ്മാൻ സലഫിയും രണ്ടു പക്ഷത്തായത് അങ്ങനെയായിരുന്നു.  പിന്നീടവർ ഒരു സംഘടനയായി. തൗഹീദിലെ ഈ ഭിന്നത തുടർന്നു. മറഞ്ഞവഴിക്ക് ഉപകാരവും ഉപദ്രവവും ചെയ്യാൻ അല്ലാഹുവിനു മാത്രമേ കഴിയൂ എന്ന തന്റെ നിലപാടിൽ മടവൂർ ഉറച്ചുനിന്നു.ജിന്നിനും പിശാചിനും മറഞ്ഞ വഴിക്ക് ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുമെന്ന നിലപാടിൽ സലഫിയും ഉറച്ചുനിന്നു.

 ഇരുവിഭാഗത്തെയും തൗഹീദിനെ പരിധിയിൽ  ഉൾക്കൊള്ളിക്കാൻ പറ്റുന്ന  തൗഹീദിന്റെ പുതിയ നിർവചനം കണ്ടെത്താൻ ശ്രമിച്ചെങ്കിലും  വിജയിച്ചില്ല. ഇരുവിഭാഗത്തെയും നേതാക്കളെ പുറത്താക്കി കൊണ്ടാണ് ആണ് മുജാഹിദ് പണ്ഡിതസഭ പുന:സംഘടിപ്പിച്ചിരിക്കുന്നത്. ഇതുകൊണ്ട്  തൗഹീദിന് പുതിയ നിർവചനം ലഭിക്കുമോ?

  പണ്ഡിത സഭയോട് ഒരു ചോദ്യം; ജിന്ന് പിശാചുക്കളുടെ കഴിവ് പണ്ഡിതസഭ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെന്ന് വിശ്വസിച്ചാൽ മുജാഹിദുകൾ മൊത്തം മുശ്രിക്കാകില്ലേ? ഇല്ലെന്ന് പറഞ്ഞാൽ ജിന്ന് പിശാചുകൾ രോഗാണുക്കളാണെന്ന പഴയ പല്ലവി ആവർത്തിക്കേണ്ടി വരില്ലേ?

 പലവട്ടം തൗഹീദിൽ മാറ്റം വരുത്തിയ  പണ്ഡിതസഭ, പുതിയ അപ്ഡേഷൻ വരുത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമോ? തൗഹീദ് 2020 ന് വേണ്ടി കാത്തിരിക്കുന്നു.

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്.