പ്രകാശത്തിൻ്റെ അധ്യായത്തിൽ ഇരുട്ടുള്ള വചനം എന്ത്കൊണ്ട് ?
വിശുദ്ധ ഖുർആനിലെ ഇരുപത്തിനാലാം അധ്യായം ,സൂറതുന്നൂറിലെ നാൽപ്പതാം വചനത്തെ സംബന്ധിച്ച ഗവേഷണാത്മകവും വിമർശനാത്മകവുമായ ചർച്ചകൾ തുടരുകയാണല്ലോ .കാലാതിവർത്തിയായ സംവാദാത്മകതയും സാക്ഷരസമ്പന്നതയും വിശുദ്ധഖുർആന് മാത്രം അവകാശപ്പെട്ടതായതിനാൽ ഖുർആനിക ചർച്ചകൾ സാർവ്വജനീനമായി തുടരുക തന്നെ ചെയ്യും. കൂടെയുള്ളത് ധൃഷ്ടമായ നിഷേധകർതൃത്വങ്ങൾ മാത്രമായിട്ടും അനർഹമായ ആത്മവിശ്വാസം വീമ്പടിച്ച ജനത വാസ്തവത്തിൽ ആത്മവിസ്മൃതിയുടെ കരിമ്പുടത്തിനകത്താണെന്ന് വരുത്തുകയായിരുന്നു മഹാഗ്രന്ഥം .
സ്വയം കൃതാനർത്ഥകളുടെ ഭീകരതയാണ് ഇരുണ്ട കടലും കൈപോലും കാണാത്ത നിസ്സഹായതും .
സാംസ്ക്കാരികവും വിശ്വാസപരവുമായ ഇരുളിൻ്റെ ഗർഭഗൃഹത്തിലേക്കാണ് വിശുദ്ധ ഖുർആൻ എന്ന അരുണോദയം സംഭവിച്ചത്. പ്രധാനമായും രണ്ട് മാനങ്ങളിലൂടെ വിലയിരുത്തുമ്പോൾ മാത്രമാണ് ആ വചനാനിവിശ്ക്കാരം ഏറെക്കുറേയെങ്കിലും ഗ്രഹിക്കാനാവുകയുള്ളൂ.
തിരമേഘമാലയുടെ പൊരുൾ .
"അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുളറകൾ. സ്വന്തം കൈ പുറത്തേക്കു നീട്ടിയാലതുപോലും കാണാനാവാത്ത തമാന്ധത .അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല."
എന്ന വചനം ഉപമമാണ്.
ഉപമകൾ ഖുർആനിൻ്റെ അർത്ഥാലങ്കാര ഘടകങ്ങളാണ് . ഉപമേയത്തെ (മുശബ്ബഹ്) അഭിസംബോധിതർക്ക് ചിത്രീകരിച്ച് കൊടുക്കാനാണ് ഉപമാനം (മുശബ്ബഹ് ബിഹി) പറയുന്നത്.ഉപമാനം അവർക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാൻ പറ്റുന്നതാവുമ്പോൾ ഉപമേയം ഭാവനയിലും ഓർമ്മയിലും തറച്ചുനിൽക്കും.
ഇത്തരമേത് സാഹിത്യാംശങ്ങളെയും ഏകാത്മകമായി വിലയിരുത്തുന്നത് അപൂർണ്ണതയായിരിക്കും. ഇവിടെ , വേദപ്രതിഷ്ഠതമായ പ്രസ്തുത പരാമർശത്തെ വിവിധ കാലങ്ങൾ അവർക്ക് ലഭ്യമായ സാക്ഷരതയും സംവിധാനവും ഉപയോഗിച്ച് വിലയിരുത്തുകയാണ് ചെയ്യുന്നതും ചെയ്യേണ്ടതും .തീർച്ചയായും എക്കാലത്തേക്കും സാരസന്തുലിതമായ ഒരാശയം ആ വചനത്തിനുണ്ടാവും , അതാണ് മുൻഗാമികളായ ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞത് ..കരിന്തിരകൾ അലതല്ലുന്ന സമുദ്രോപരിതലവും കാർമേഘാവൃതമായ അന്തരീക്ഷവും കൂടിച്ചേരുമ്പോഴുണ്ടാവുന്ന സ്വന്തത്തെപ്പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ഭീകരമായ വിരൂപതയാണ് ഉപമാനം. കാർമേഘം നീങ്ങിയാൽ ആകാശവും അന്തരീക്ഷവും കടലും തെളിഞ്ഞ് ശോഭസൗഭഗമാവും ദൃശ്യം .അത്പോലെ ,അവിശ്വാസത്തിൻ്റെ കരിമ്പുകയിൽ കുളിച്ച് നിൽക്കുന്ന നിഷേധഹൃദന്തങ്ങളും തെളിയാൻ കാർമേഘം നീങ്ങുകയാണ് വേണ്ടത് ,അപ്പോൾ അവിടം പ്രകാശമാനമാവും. അത് കൊണ്ടാണ് ഈ ഉപമ സൂറതുന്നൂറിൽ സ്ഥാനം പിടിച്ചത്.
ഖുർആന് , അത് വായിക്കുന്നവരുടെ ചിന്താശേഷിക്കനുസരിച്ച് വിശാലമാവാനുള്ള ഇലാസ്തികതയുണ്ട്. ചിലർക്ക് ആർജ്ജിതമായ ചിന്താശേഷിയും ചിലർക്ക് ദിവ്യമായ ഉൾക്കാഴ്ച്ചയും സിദ്ധിക്കാം. അതിനനുസരിച്ച് ഇത്തരം വചനങ്ങളെ അവയുടെ അടിസ്ഥാനം നഷ്ടമാവാതെ ജീവിതസന്ദർഭങ്ങളിലെ ശാസ്ത്രീയ സാഹിത്യ സാമൂഹിക പശ്ചാത്തലങ്ങളിലേക്കിറക്കി വിശാലമാക്കുന്നത് തെറ്റല്ല. അതിനർത്ഥം , അനുഭവസാക്ഷേപപരമായ നിരീക്ഷണങ്ങളിലൂടെ രൂപപ്പെടുത്തുന്ന ,അടിസ്ഥാനത്തിൽ തന്നെ വ്യതിചലന സാധ്യതയുള്ള അധിഭൗതികശാസ്ത്രീയത വെച്ച് അതിഭൗതികമായ ഖുർആനിനെ ഗ്രഹിക്കാൻ ശ്രമിക്കുന്നു എന്നാവണമെന്നില്ല. ഓരോ സമൂഹവും വിലമതിക്കുന്ന ജ്ഞാനമാധ്യമങ്ങളുണ്ടാവും. അക്കാലത്തെ അറബികൾ സാഹിത്യത്തിന് നൽകിയ പ്രാധാന്യം ഇന്നത്തെ ലോകം ഭൗതികശാസ്ത്രത്തിനാണ് നൽകുന്നത്. ആ യാഥാർത്ഥ്യത്തോട് അവജ്ഞത കാണിച്ചാൽ വിപരീതമാവും ഫലം .അപ്പോൾ വിശ്വാസപരമായ അടിസ്ഥാനം പിടിവിടാതെ , വ്യാഖ്യാന സാധ്യതകൾ കുറച്ച് വിട്ട് പിടിക്കുന്നത് 'ഹിക്മത് ' തന്നെയാണ്.
അത്തരം ശാസ്ത്രീയനിഗമനങ്ങൾ ഖുർആനിക വിരുദ്ധമാവരുതെന്ന് മാത്രം. ശാസ്ത്രത്തിനനുസരിച്ച് ഖുർആനെ വായിക്കാതെ ,ഖുർആനിനുസരിച്ച് ശാസ്ത്രത്തെയാണ് വായിക്കേണ്ടത്.
കാരണം ,ഖുർആൻ പ്രമേയമാക്കിയ ഇസ്ലാം എന്നാൽ കേവലം മാനുഷിക വ്യവഹാര മീമാംസയല്ല ,പ്രത്യുത ,പ്രാപഞ്ചിക നൈസർഗികതയാണ് .പ്രപഞ്ചമഖിലം അല്ലാഹുവിനെ വണങ്ങിയും അവന് വഴങ്ങിയുമാണ് നിലകൊള്ളുന്നത്. അതിൻ്റെ അംശമാണ് ദ്രവ്യ - പദാർത്ഥ പ്രപഞ്ചവും. അതേക്കുറിച്ചുള്ള മാനുഷികമായ അന്വേഷണങ്ങൾ വിശുദ്ധ ഖുർആനിനോടൊത്തുവരുന്നത് അന്വേഷണം കൃത്യമാണെന്നതിൻ്റെ തെളിവാണ്. അല്ലാതെ ,മറിച്ചല്ല. ആ തത്വമനുസരിച്ച് ,
കടലിലോപരിതലവീചികൾ (surface waves) ക്ക് പുറമേ ഉത്തരാധുനിക ഭൗതിക ശാസ്ത്രം സ്ഥിരപ്പെടുത്തിയ അഗാധതലവീചികളെ കുറിച്ചുള്ള ( Internal waves) ഖുർആനിക പരാമർശത്തിൽ വിസ്മയം കൊള്ളുന്നവരെ ഇസ്ലാമികമായി ഉപയോഗപ്പെടുത്തുക തന്നെയാണ് വേണ്ടത് .
*ഇവിടെ കൂട്ടിച്ചേർക്കേണ്ട ഒരുകാര്യം , ഇത്തരം അധിശാസ്ത്രവായനകൾ നടത്തുന്ന പലരുടെയും മതാന്തർ നിലപാടനുസരിച്ച് , ഖുർആനിക വചനത്തിൻ്റെ അവതരണനിദാനം - സബബുന്നുസൂൽ തുലനസാധുവോ പൊതുവ്യാപിയോയല്ല എന്നതാണ്.
പിന്നെങ്ങനെ മറ്റൊരധികാർത്ഥത്തിലേക്ക് ചേർത്ത് വായിക്കാനാവും എന്നത് ആത്മപരിശോധന നടത്തി വേണ്ട തിരുത്തലുകൾ അവർ വരുത്തട്ടെ*
കുറച്ചെങ്കിലും പരിഗണനീയമായ റദ്ദായി വിമർശക പക്ഷം ഇവിടെ ഉന്നയിക്കുന്നത് മുൻവേദങ്ങളിലെയും പ്രാചീന സാഹിത്യങ്ങളിലെ ചില പരാമർശങ്ങളാണ്. ഇയ്യോബ് 38:17 വചനമാണൊന്ന് :
"നീ സമുദ്രത്തിൻ്റെ ഉറവകളോളം ചെന്നിട്ടുണ്ടോ ,ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ ,മരണത്തിൻ്റെ വാതിലുകൾ നിനക്ക് വെളിപ്പെട്ടിട്ടുണ്ടോ ,അന്ധതമസ്സിൻ്റെ കിളിവാതിൽക്കൽ നീ അണഞ്ഞിട്ടുണ്ടോ " .
ഇത്തരം വചനങ്ങളെ കുറിച്ച് മൂന്ന് കാര്യങ്ങൾ മനസ്സിലാക്കാനുണ്ട് .
ഒന്നാമതായി , അവയിലൊന്നും ഖുർആനിൽ പറഞ്ഞത് പോലെ കൃത്യമായ ഭൗതിക ചിത്രീകരണമില്ല .
രണ്ടാമതായി , സാഹിത്യങ്ങളിൽ കടലും ഇരുട്ടും പൊതുവായി പ്രാചീന കാലം മുതൽക്കേ കാണാം ,പക്ഷെ അഗാധ വീചികൾ അവർ പരാമർശിച്ചിരുന്നില്ല .
മൂന്നാമതായി ,ഇനി ഇവയൊക്കെമുൻവേദങ്ങളിലും പ്രാചീന സാഹിത്യങ്ങളിലും വന്നാലും അത് ഖുർആനിൻ്റെ സത്യതക്ക് തന്നെയാണ് ബലം നൽകുന്നത്. കാരണം അടുത്ത ശീർഷകത്തിന് ചുവടെ പറയാം .
സ്വന്തം മാംസം മുറിച്ച് സദ്യയൂട്ടരുത് .
ഇവ്വിഷയകമായി , ഏറ്റവും പ്രധാനപ്പെട്ട ചില വിശ്വാസ നിർണ്ണയങ്ങൾ പരിഗണിക്കാതെ സദ്യയൊരുക്കാൻ സ്വന്തം മാംസം മുറിക്കുന്ന സമീപനമാണ് ചില മൊമൻ്ററി നിരീക്ഷകർ ആവേശത്തിൽ ചെയ്യുന്നത് .
പ്രസ്തുത വചനത്തിലെ , ഉപമയിലെ ഉപമാനം പ്രവാചകാനുചരർക്കറിയില്ലേ അപ്പോൾ എന്ന സന്ദേഹത്തെ അഭിമുഖീകരിക്കുമ്പോഴാണ് 'ഉസ്വൂൽ' രഹിത ഖുർആൻ വായനയുടെ അപകടം അനാവൃതമാവുന്നത്.
അവരി അറിഞ്ഞിരുന്നവരും അറിയാത്തവരും ഉണ്ടാവാം എന്ന വസ്തുതക്കപ്പുറം മറ്റൊരു പ്രധാന തത്വമുണ്ട് .ആറാം നൂറ്റാണ്ടുകാർക്കോ മുമ്പുള്ളവർക്കോ അറിയാത്തവ ഉണ്ടെങ്കിൽ മാത്രമേ ഖുർആൻ വാസ്തവമാവുകയുള്ളൂ എന്ന ശാഠ്യം ഇസ്ലാമിനുണ്ട് എന്നത് ഇസ്ലാം വിരുദ്ധരുടെ സൃഷ്ടിയാണ്.
വിശ്വാസികൾ 'അറിയാത്തവ ' എന്നതിന് 'അനുഭവിക്കാത്തവ ' എന്നാണർത്ഥം .
കാരണം , അറിയലല്ല കേൾക്കലാണ് വിശ്വാസത്തിൻ്റെ പൊതുവായ അടിസ്ഥാനം .
അംഗീകരിച്ചവ അനുഭവിച്ചിരിക്കണമെന്ന വ്യവസ്ഥ വിശ്വാസത്തിലില്ല . ഉദാഹരണത്തിന് , പരലോകവുമായി ബന്ധപ്പെട്ട ഖുർആനിലെ എസ്ക്കറ്റോളജിക്കൽ പ്രസ്താവനകൾ അംഗീകരിച്ചാൽ മാത്രമേ ഒരാൾ വിശ്വാസി ആവുകയുള്ളൂ , പരലോകത്ത് വെച്ചേ അയാൾക്കാ പൂർവ്വാംഗീകൃത കാര്യം അനുഭവിക്കാൻ പറ്റുകയുള്ളൂ .
വിശ്വാസം അറിവിന് മുമ്പാണ് .
അറിവിന് അറബിയിൽ ഇൽമ് എന്നാണ് പറയൽ ,വിശ്വാസത്തിൽ ആ പദത്തിനർത്ഥം ബോധ്യം എന്നാണ്. ബോധ്യം എല്ലാവർക്കും ഉണ്ടാവുന്നത് മരണത്തോടെയോ പരലോകത്തോ വെച്ചായിരിക്കും .
പ്രവാചകകാനുചരന്മാർ പ്രവാചകന്മാർ പറയുന്ന ഉപമകളടക്കമുള്ള അസ്വാഭാവിക ജ്ഞാനങ്ങൾ അറിഞ്ഞിരുന്നോ ,മനസ്സിലാക്കിയിരുന്നോ എന്ന ചർച്ച , എന്താണ് വിശ്വാസം എന്നറിയാത്തത് കൊണ്ടാണ്. സർവ്വശക്തനായ അല്ലാഹുവിനെയും അവൻ നിയോഗിച്ച ദൂതനെയും വിശ്വസിക്കുക എന്നതിനർത്ഥം - സ്വന്തം ധാരണകൾ നിർവീര്യമാവുകയും ദൂതൻ പറയുന്നത് മുഴുവൻ അംഗീകരിക്കുകയും ചെയ്യുക എന്നതാണ്.
വിശ്വാസത്തിൻ്റെ നിർവ്വചനം തന്നെ തിരുദൂതർ കൊണ്ടുവന്നത് വിശ്വസിക്കുക എന്ന് മാത്രമാണ് .മക്കയിലോ മദീനയിലോ കടലില്ല ,ഉള്ള ജിദ്ദയിലേക്ക് അക്കാലത്ത് എത്തിയവർ ചുരുക്കമാവും .കടൽ കണ്ടവരും ചുരുക്കം.
പക്ഷെ , പ്രസ്തുത തിരമേഘമാലാ വചനം വഴി സമുദ്രാന്തരസ്ഥിതി ദൂതൻ അവരെ കേൾപ്പിച്ചു. അവരത് വിശ്വസിച്ചു. അതാണ് കാര്യം.
വിശ്വാസിക്ക് സ്വയം അറിവല്ല ഉള്ളത്. തിരുദൂതനിൽ നിന്ന് കേട്ടതാണ് അറിവ്.
ഇവിടെ ,നേരെ കടലിൽ മുങ്ങി കണ്ട് വരുത്തുന്ന ഉറപ്പിനേക്കാൾ ബലം അവർക്ക് ദൂതൻ്റെ വാക്കുകൾ തന്നെയാണ്.
കാരണം ,വ്യക്തിപരമായ കാഴ്ച്ചകൾ പൊതുതത്വമാവാൻ മാത്രം ന്യായസമ്പന്നമാവില്ല .
എന്ത് കൊണ്ട് കേട്ടതാമാത്രയിൽ അംഗീകരിക്കുന്നു എന്നതിനുത്തരം അവർ സമ്പൂർണ്ണശക്തവും സമഗ്രസത്യവുമായ ദൈവാസ്തിക്യം മനസ്സിലാക്കി എന്നതാണ്. അതോടെ ,സത്യം എന്നാൽ ആ ദൈവത്തിൻ്റെ ദൂതൻ പറയുന്നതാണ് എന്ന സ്ഥിതിയാവും .
വിശ്വാസിയുടെ അറിവ് അടിസ്ഥാനപരമായി ആ കേൾവിയാണ്.ഇവിടെ,
കടലിൻ്റെ ഉപമ ദൂതൻ പറഞ്ഞു.
അങ്ങനെത്തന്നെയാണോ എന്ന ആലോചനയില്ല . അങ്ങനെത്തന്നെയായ കടലിനെ കുറിച്ച് അന്വേശിക്കുകയാണ് പിന്നെ.
തീരെ കടൽ കാണാത്തവർ കടല് കണ്ടവരോട് ,കണ്ടവർ കൊണ്ടവരോട് ,കൊണ്ടവർ ഏറെ കൊണ്ടവരോട് , അങ്ങനെ വിശ്വാസത്തിൽ നിന്നും കടൽ പഠനമാവുകയാണ്.
ഇങ്ങനെ സൂചനകളിലൂടെ വൈജ്ഞാനിക വിപ്ലവം ഉണ്ടാക്കൽ തന്നെയാണ് ഖുർആൻ. കാര്യങ്ങളെല്ലാം ബോധ്യമാക്കിക്കൊടുത്ത ശേഷം അങ്ങനയല്ലേ എന്ന് ചോദിച്ചാൽ , മനുഷ്യരുടെ ചിന്താശേഷി ,അന്വേശണാത്മകത നശിക്കും.
മുൻകാലക്കാർക്കൊന്നും അറിയാത്തവ മാത്രമാണ് / മാത്രമാവണം ഖുർആൻ എന്ന വാദം ഇസ്ലാമിൻ്റെ സാർവ്വികത്വത്തെ തകർക്കുന്നതാണ്.
ഇസ്ലാം മനുഷ്യനെ വ്യാപരിക്കുന്നത് ആദം എന്ന ഒന്നാമത്തെ മനുഷ്യൻ മുതൽ അവസാന മനുഷ്യൻ വരെയുള്ളവരോടാണ്.
നൂറുക്കണക്കിന് വേദങ്ങൾ മനുഷ്യർക്കിറക്കപ്പെട്ടിരുന്നു. മനുഷ്യവാസമുള്ളയിടങ്ങളിലേക്കെല്ലാം പ്രവാചകൻമാർ അണഞ്ഞിട്ടുമുണ്ട്.
ഈ തത്വമാണ് സൂറതുൽ ബഖറയുടെ 283 ആം ആമനറസൂലു എന്ന് തുടങ്ങുന്ന വചനം ഉണർത്തുന്നത് .
അതിലെ ," ഞങ്ങൾ കേട്ടു ,അംഗീകരിച്ചു'' എന്ന ഭാഗമാണ് മർമ്മം .
ആ വചനത്തിൽ പറയപ്പെട്ട :
ദൈവദൂതരിൽ നിന്നും കേട്ടത് അംഗീകരിക്കുക ,മറ്റ് ദൈവദൂതരെയും അംഗീകരിക്കുക എന്ന രണ്ട് തത്വങ്ങളെ മുൻനിർത്തിക്കൊണ്ടായിരിക്കണം ഖുർആനിലെ ഏത് അതിഭൗതികവും അധിഭൗതികവുമായ ശാസ്ത്ര വായനകൾ .
കാലാതിവർത്തിയായ വിശ്വാസവും പ്രാപഞ്ചികതയും ഒരിക്കലും മാറില്ല, മാറരുതല്ലോ .
മുൻവേദങ്ങളിലും ചരിത്രാതീത സാഹിത്യങ്ങളിലും വന്ന കാര്യങ്ങൾ അവയോടൊട്ടിച്ചേർന്ന വ്യാജങ്ങളിൽ നിന്ന് മുക്തമായി ഖുർആനിൽ ഉണ്ടാവണം. കാരണം അപ്പോഴേ വിശ്വാസം സാർവ്വകാലീനമാവുകയുള്ളൂ .
ഖുർആനിലെ പ്രമേയങ്ങൾ പലതും മുൻകാലത്തുണ്ടായിരുന്നു എന്നത് ഖുർആനിൻ്റെ സത്യതയാണ്.
കാരണം ,എല്ലാം ഒരേ ഉറവിടത്തിൽ നിന്നാണെന്ന വസ്തുതയാണതിലൂടെ അനാവൃതമാവുന്നത് .
ലാറ്റിൻ ,ഹീബ്രു ,സുരിയാനി ,അറബി ,പേർഷ്യൻ - അംഹറിക് കുടുംബങ്ങളിലൊക്കെ ഗ്രന്ഥങ്ങളും ഏടുകളുമായവതീർണ്ണമായ ദിവ്യബോധനങ്ങൾ പടർന്നിട്ടുണ്ട്. ചിലതൊക്കെ ആശയ മോഷണത്തിരയായി ലോക സാഹിത്യങ്ങളുടെ ഭാഗമാവുകയും ചെയ്തു.
ഒരുദാഹരണം എടുക്കാം ,
ഖുർആനിനേക്കാൾ എത്രയോ മുമ്പ് യവനാചാര്യൻ ഹോമർ എഴുതിയ ഇലിയഡിലെ ഒരുദ്ധരണിയാണിത് ,
"But Achilles, weeping, quickly slipping away from his companions, sat on the shore of the grey salt sea, and looked out to depths as dark as wine."
(Homer's Iliad, 1.348-351)
"കടുത്ത വീഞ്ഞുപോലുള്ള കറുത്ത കടലിൻ്റെ അഗാധതയിലേക്ക് നോക്കി " എന്ന പരാമർശത്തിലെ ഉൾപ്പൊരുൾ ഹോമറിന് ലഭിച്ചത് അനുഭവസാക്ഷേപമാവണമെന്നില്ല.
ഹോമറിന് തന്നെ അനുഭവനിരപേക്ഷമായി / ലഭിച്ചതോ ദിവ്യമായി ലഭിച്ചവരിൽ നിന്ന് പകർത്തിയതോ ആവാം .
ഷേക്സ്പിയർ ആളൊരു മന്ദനായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ കൃതികൾ / ആശയങ്ങൾ സത്യത്തിൽ Francis Bacon എഴുതിയതാണ് /പകർന്നതാണ് എന്ന് നിരൂപിച്ചവർ എത്രയോ ഉണ്ടല്ലോ .
നിരീശ്വരവാദികൾ വലിയ കാര്യമായി കൊണ്ടുവരുന്ന ഈ ഉദ്ധരണിയിൽ വാസ്തവ ചിത്രീകരണം ഇല്ല എന്നത് മറ്റൊരു കാര്യം .
അതിൽ അൽഭുതമൊന്നുമില്ല ,
മതപരമായി അംഗീകരിച്ച ഭൗതിക ദൃഷ്ടാന്തങ്ങൾ
'അറിവാക്കിമാറ്റാൻ 'ഭൗതിക ശാസ്ത്രം വികസിക്കേണ്ടി വന്നവരും ദിവ്യവഴികളിലൂടെ നേരത്തെ അറിഞ്ഞവരും ഉണ്ട്.
അറിവ് അനുഭവിക്കാൻ കാലം ,ദൂരം , സ്ഥൂലത , നിസ്ഥൂലത തുടങ്ങിയ ഭൗതിക മാനങ്ങൾ തടസ്സമാവാത്ത ദിവ്യജ്ഞാനമാണല്ലോ ഇസ്ലാമിൻ്റെ അടിസ്ഥാനം.
പാശ്ചാത്യശാസ്ത്രം അതിൻ്റെ ദിശാസൂചിക കണ്ടെത്തിയത് പൗരാണിക യവന - അറബ് കൃതികളിൽ നിന്നുമാണ്. ആസ്ട്രോണമിയും ആസ്ട്രോഫിസിക്സുമൊക്കെ ജനിക്കുന്നതിന് മുമ്പേ , എത്യോപ്യായിലെ കണ്ണ് തള്ളിയ മുസ്ലിമും ചൈനയിലെ കണ്ണിറുങ്ങിയ മുസ്ലിമും മക്കയിലേക്ക് ദിശ നോക്കി നമസ്ക്കരിച്ചിരുന്നു .
എല്ലാ തരം തത്വങ്ങളും അറിവുകളും പല കാലങ്ങളിലായി ,ദേശങ്ങളിലായി അല്ലാഹു നിയോഗിച്ച പ്രവാചകന്മാർ മുഖേനെ ഭൂമുഖത്ത് ഇറക്കപ്പെട്ടതാണ്.
ശുഐബുൽഹൈതമി
Post a Comment