മസ്ജിദുന്നബവിയിൽ ബാങ്ക് മുടങ്ങിയപ്പോൾ നബി (സ) തങ്ങൾ ഖബറിൽ നിന്ന് ഇടപെട്ടു.
പള്ളിയിലെ ആരാധനകൾ മുടങ്ങിയതിൽ വിശ്വാസികൾക്ക് കടുത്ത ആശങ്കയും അസ്വസ്ഥതയും വേണ്ട.
ഏറ്റവും ശ്രേഷ്ഠമായ മൂന്ന് പള്ളികളിലൊന്നായ മദീനയിലെ മസ്ജിദുന്നബവിയിൽ പോലും ബാങ്കും ഇഖാമത്തും പതിവ് ജമാഅത്തും മുടങ്ങി പോയിട്ടുണ്ട്.
ഹിജ്റ 63 ൽ നടന്ന പ്രസിദ്ധമായ സംഭവം ആണ് ‘അൽ ഹർറ’ യുദ്ധം. മദീനക്കാർക്ക് എതിരെ നടന്ന ആക്രമണത്തിൽ നിരവധി സ്വഹാബികളും താബിഉകളും ഉൾപ്പെടെ ധാരാളം പേർ മരണപ്പെട്ടു.
ഈ ഘട്ടത്തിൽ മൂന്നുദിവസം മസ്ജിദുന്നബവിയിൽ ബാങ്കും ഇഖാമത്തും മുടങ്ങി.
പ്രമുഖ താബിഈയും മഹാ പണ്ഡിതനുമായ സഈദ് ബിൻ മുസയ്യബ്(റ) ഈ അവസരം പള്ളിയിൽ തന്നെയാണ് കഴിച്ചു കൂട്ടിയിരുന്നത്.
നിസ്കാര സമയം അറിയാൻ ഒരു മാർഗ്ഗവും അദ്ദേഹത്തിനു മുമ്പിലുണ്ടായിരുന്നില്ല. പക്ഷേ, ഓരോ നിസ്കാരസമയമാകുമ്പോഴും നബി(സ)യുടെ ഖബറിൽ നിന്ന് നേരിയ ഒരു ശബ്ദം അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞിരുന്നുവെന്ന് ഹദീസ് റിപ്പോർട്ട് ചെയ്യുന്നു. ബാങ്കും ഇഖാമത്തും തന്നെ വ്യക്തമായി കേട്ടിരുന്നുവെന്ന് ചില നിവേദനങ്ങളിൽ കാണുന്നു.
ഒരു റിപ്പോർട്ട് ഇപ്രകാരം: സഈദ് ബിൻ അബ്ദുൽ അസീസ്(റ) വിൽ നിന്ന് നിവേദനം, "അൽ ഹർറ യുദ്ധം നടക്കുന്ന അവസരം മസ്ജിദുന്നബവിയിൽ മൂന്നു ദിവസം ബാങ്കും ഇഖാമത്തും ഉണ്ടായിരുന്നില്ല. സഈദ് ബിൻ മുസയ്യിബ്(റ) പള്ളിയിൽ തന്നെ ഉണ്ടായിരുന്നു. നിസ്കാര സമയം അദ്ദേഹം അറിഞ്ഞിരുന്നത് നബി(സ)യുടെ ഖബറിൽ നിന്ന് കേൾക്കുന്ന നേരിയ ശബ്ദം കൊണ്ട് മാത്രമായിരുന്നു."
(ദാരിമി)
ദാരിമിയുടെ ഈ ഹദീസ് ചരിത്ര വിഷയത്തിൽ തീർത്തും അവലംബിക്കപ്പെടാവുന്നതാണ്.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
Post a Comment