ഭാര്യമാരുടെ ശ്രേഷ്ഠത

‎‎‎‎‎‎‎‎‎‎‎
    

     പത്രങ്ങളില്‍ കാണുന്ന ഒരു പരസ്യവാചകമുണ്ട്. ‘പെങ്ങളേ, ഇനി വീട്ടിലിരുന്നും പണം സമ്പാദിക്കാം, കോടിപതിയാവാം' എന്നൊക്കെ. പല തട്ടിപ്പു തരികിടകളും ചിലപ്പോഴതിനകത്ത് ഒളിഞ്ഞിരിപ്പുണ്ടാവും. 

 എന്നാല്‍ ഒരു കളങ്കവും പുരളാതെ കൃത്യമായി ഓരോ വിശ്വാസിക്കും കോടികളെക്കാള്‍ വിലമതിക്കുന്ന അമൂല്യ സൗഭാഗ്യങ്ങള്‍ വീട്ടിലിരുന്നു കൊണ്ട് തന്നെ ലളിതമായി നേടാന്‍ സാധിക്കുന്ന മാര്‍ഗങ്ങള്‍ പ്രവാചകര്‍ ﷺ, മഹിളാ രത്നങ്ങള്‍ക്കായി പറഞ്ഞുവെച്ചിട്ടുണ്ട്. ഇത് നമ്മളെത്ര പേര്‍ കൃത്യമായി അറിഞ്ഞുകാണും.

 ഇമാം ബൈഹഖി(റ) അസ്മാഅ്(റ)വിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്തു: നബി ﷺ സ്വഹാബികളുടെ അരികില്‍ ഇരിക്കുന്ന സമയത്ത് ഒരു സ്ത്രീ തിരുദൂതരുടെ (ﷺ) അടുക്കലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: "നബിയേ, ഞാന്‍ സ്ത്രീകളുടെ പ്രതിനിധിയായി അങ്ങയിലേക്ക് വന്നതാണ്. ഇതു കേള്‍ക്കുന്ന കിഴക്കിലും പടിഞ്ഞാറിലുമുള്ള ഏതു പെണ്ണിനും എന്‍റെ അഭിപ്രായമായിരിക്കും ഉണ്ടായിരിക്കുക. നബിയേ, അങ്ങയെ അല്ലാഹു ﷻ സ്ത്രീകളിലേക്കു കൂടിയാണ് അയച്ചിട്ടുള്ളത്. അങ്ങയെ ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങയെ അയച്ച റബ്ബിനെ കൊണ്ടും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സ്ത്രീകള്‍ വീടകങ്ങളില്‍ അടച്ചിടപ്പെട്ടവരാണ്. ഞങ്ങള്‍ വീടുകളുടെ അടിത്തറകളാണ്, ആശകള്‍ വീട്ടാനുള്ള കേന്ദ്രമാണ് ഞങ്ങള്‍, കുട്ടികളെ ഗര്‍ഭം ചുമക്കുന്നവരാണ് ഞങ്ങള്‍...
 
 എന്നാല്‍ പുരുഷന്മാര്‍ക്ക് ഞങ്ങളെക്കാളും ശ്രേഷ്ഠത ലഭിക്കുന്നുണ്ട്. ജുമുഅ, ജമാഅത്ത്, രോഗ സന്ദര്‍ശനങ്ങള്‍, ജനാസയോട് കൂടെ പങ്കെടുക്കുക, സുന്നത്തായ ഹജ്ജ് ചെയ്യുക ഇതുപോലോത്ത കാര്യങ്ങളാല്‍ ഞങ്ങളേക്കാളും വലിയ ശ്രേഷ്ഠതകള്‍ അവര്‍ക്ക് നേടാനാവുന്നു. പുരുഷന്മാര്‍ ഹജ്ജിനോ ഉംറക്കോ പുറപ്പെടുമ്പോള്‍ അവരുടെ സമ്പത്ത് സംരക്ഷിക്കുന്നത് ഞങ്ങളാണ്. വസ്ത്രങ്ങള്‍ തുന്നി കൊടുക്കുന്നവര്‍ ഞങ്ങളാണ്. കുട്ടികളെ പോറ്റി വളര്‍ത്തുന്നതും ഞങ്ങള്‍ തന്നെയാണ്...

 പിന്നെയെങ്ങനെയാണ് നബിയേ, കൂലിയില്‍ പുരുഷന്മാരോട് ഞങ്ങള്‍ തുല്യരാവുന്നത്..."

 ഈ ചോദ്യം കേട്ടപ്പോള്‍ നബി ﷺ സ്വഹാബത്തിലേക്ക് തിരിഞ്ഞു ചോദിച്ചു: ‘ഈ പെണ്ണ് ദീനിനു വേണ്ടി സംസാരിച്ചത് പോലെ മറ്റൊരു പെണ്ണ് സംസാരിച്ചത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?’ സ്വഹാബത്ത് ഒന്നടങ്കം പറഞ്ഞു: ‘ഇതുപോലെ ചോദിക്കുന്ന മറ്റൊരു പെണ്ണിനെ ഞങ്ങള്‍ക്കറിയില്ല’. *നബി ﷺ സ്ത്രീക്കു നേരെ തിരിഞ്ഞു പറഞ്ഞു: "നീ പിരിഞ്ഞു പോയ്ക്കോ, എന്നിട്ട് നീയുമായി ബന്ധപ്പെട്ട സ്ത്രീകളോടൊക്കെ പറയൂ, നിങ്ങള്‍ ഭര്‍ത്താവിന്‍റെ പൊരുത്തം തേടി നല്ല നിലക്ക് അദ്ദേഹത്തിന് വഴിപ്പെടുകയും നല്ല കാര്യങ്ങളില്‍ ഭര്‍ത്താവിനെ പിന്‍പറ്റുകയും ചെയ്യുന്നത് പുരുഷന്മാര്‍ക്ക് റബ്ബ് കൊടുത്ത നേട്ടങ്ങളോട് കിടപിടിക്കുന്നതാണ് എന്ന്.." ഇത് കേട്ടപ്പോള്‍ അവര്‍  സന്തോഷത്തോടെ തക്ബീറും തഹ്ലീലും ചൊല്ലി അവിടുന്ന് പിരിഞ്ഞു പോയി...
  (ശുഅബുല്‍ ഈമാന്‍, 11/ 77)

  പുരുഷന് പുരുഷന്‍റേതായ ശ്രേഷ്ഠതകള്‍ ലഭിക്കുന്നതിന് പ്രയാസകരമായ വ്യത്യസ്ത കര്‍മ്മങ്ങളില്‍ വ്യാപൃതനാകണം. എന്നാല്‍ അതേ ശ്രേഷ്ഠത സ്ത്രീകള്‍ക്ക് ലഭിക്കണമെങ്കില്‍ അത് വീടകങ്ങളില്‍ മേല്‍ പരാമര്‍ശിച്ചപോലെ ഒതുങ്ങിയിരുന്നാല്‍ തന്നെ മതി.