ഒരു ധർമത്തിന് അല്ലാഹു നൽകിയ പ്രതിഫലം

ഇത് ഞങ്ങൾക്ക്ഹലാലും നിങ്ങൾക്ക് ഹറാമും ?
അബ്ദുല്ലാഹിബ്നുല്‍ മുബാറക്‌ (റ) ഹജജ്‌ കഴിഞ്ഞ്‌ മസ്ജിദുല്‍ ഹറാമില്‍ കിടന്നുങ്ങുകയായിരുന്നു, 
രണ്ട്‌ മലക്കുകള്‍ സംസാരിക്കുന്നത് അദ്ദേഹം സ്വപ്നത്തില്‍ കണ്ടു. അതിലൊരാൾ ചോദിക്കുന്നു.. 
ഈ വര്‍ഷം എത്ര പേര്‍ ഹജജ്‌ ചെയ്തു?, അപരൻ ഉത്തരം പറഞ്ഞു: ആറു ലക്ഷം പേര്‍ !
ആദ്യത്തെയാൾ വീണ്ടും ചോദിച്ചു, എത്ര പേരുടെ ഹജ്ജ്‌ സ്വീകരിക്കപ്പെട്ടു?
മറുപടി : ഒരാളുടെയും ഹജജ്‌ സ്വീകരിക്കപ്പെട്ടില്ല ; പക്ഷെ ഹജ്ജ് ചെയ്യാത്ത മുവഫ്ഫഖ്‌ എന്ന്‌ പേരുള്ള ഡമസ്‌കസിലെ ചെരിപ്പുകുത്തി യുടെ പുണ്യത്തിന്റെ കാരണത്താൽ ‌ എല്ലാവരുടെയും ഹജ്ജ്‌ സ്വീകരിക്കപ്പെട്ടു." 
ആശ്ച്ചര്യ ഭരിതനായ അബ്ദുല്ലാഹിബ്നുല്‍ മുബാറക്‌ (റ) നേരെ ആ മഹാനായ മനുഷ്യനെ സന്ദര്‍ശിക്കാന്‍ ഡമസ്കസ്‌ ലക്ഷ്യമാക്കി നീങ്ങി. പ്രയാസപ്പെട്ടെങ്കിലും ഒടുവിൽ അദ്ദേഹത്തെ കണ്ടെത്തി അങ്ങനെ അദ്ധേഹത്തിന്റെ വാതില്‍പടിയിലെത്തി പേരു ചോദിച്ചു. അദ്ധേഹം പറഞ്ഞു: മുവഫ്ഫഖ്‌. വീണ്ടും ചോദിച്ചു: എന്തു മഹാ നന്മയാണ്‌ നിങ്ങള്‍ ഈയിടെയായി ചെയ്തത്‌? 

മുവഫ്ഫഖ്‌ തന്റെ കഥ വിവരിച്ചു നല്‍കി

ഞാൻ ഹജ്ജിന്‌ പോകാൻ കരുതിയിരുന്നു. ഏറെ നാൾ ചെരിപ്പ്‌ തുന്നീ 300 ദിര്‍ഹം സമ്പാദിക്കുകയും ഈ വര്‍ഷം തന്നെ ഹജ്ജ് ചെയ്യാൻ ഉദ്ധേശിക്കുകയും ചെയ്തു. അങ്ങനെ ഒരു രാത്രി തന്റെ അയല്‍വാസിനിയുടെ അടുക്കളയില്‍ നിന്ന്‌ മാംസം വേവിക്കുന്ന വാസന വന്നു. തന്റെ ഗര്‍ഭിണിയായ ഭാര്യ യുടെ ആഗ്രഹ പ്രകാരം അയല്‍വാസിയുടെ അടുത്ത്‌ ചെന്നപ്പോള്‍ അവർ പറഞ്ഞതു എന്നെ ഞെട്ടിച്ചു കളഞ്ഞു

ഇത്‌ ഞങ്ങള്‍ക്ക്‌ അനുവദനീയവും നിങ്ങള്‍ക്ക്‌ നിഷിദ്ധവുമാണ്‌. കാരണം എന്റെ അനാഥ മക്കള്‍ മുന്നു ദിവസമായി പട്ടിണി കിടക്കുകയാണ്‌. അങ്ങനെ പുറത്തിറങ്ങിയപ്പോൾ കണ്ട കഴുതയുടെ ശവം മുറിച്ചെടുത്ത് ഇവര്‍ക്ക്‌ വേവിച്ചു നല്‍കിയതാണ്‌."

ഞാൻ ഒന്നും നോക്കിയില്ല നേരെ വീട്ടിലേക്ക്‌ കുതിക്കുകയും ഹജ്ജിന്‌ ഒരുക്കി വെച്ച 300 ദിര്‍ഹം ആ അനാഥ മക്കൾക്ക് അന്നം നൽകാൻ അവരെ ഏല്പിക്കുകയും ചെയ്തു . 

അബ്ദുല്ലാഹിബ്നുല്‍ മുബാറക്‌ (റ) ന്‌ തന്റെ സ്വപ്ന ത്തിന്റെ രഹസ്യം ബോധ്യപ്പെട്ടു. ആത്മ നിർവൃതിയോടെ നാട്ടിലേക്ക് മടങ്ങി