സുന്നി യുവജന സംഘം



കേരള മുസ്‌ലിംകളുടെ ആധികാരിക പണ്ഡിത സഭയായ സമ്‌സത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ശക്തി പകരുന്നതിന്നും അതിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്നും വേണ്ടി രൂപീകരിക്കപ്പെട്ട കീഴ്ഘടകമാണ് സുന്നി യുവജന സംഘം.1954 ഏപ്രില്‍ 25 ന് മര്‍ഹും ശൈഖ് ആദം ഹസ്‌റത്തിന്റെ അദ്ധ്യക്ഷതയില്‍ താനൂരില്‍ ചേര്‍ന്ന സമ്‌സ്തയുടെ 20 ാം വാര്‍ഷിക സമ്മേളനത്തില്‍ സമ്‌സതയുടെ സെക്രട്ടറിയായിരുന്ന മര്‍ഹും പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരും പതിഅബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും സംഘടനയുടെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇതിനെത്തുടര്‍ന്ന് അടുത്ത ദിവസം കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനക്ക് രൂപം നല്‍കി. മണ്‍ മറഞ്ഞ നേതാക്കളുടെ അക്ഷീണ യത്‌നത്തിന്റെ ഫലമായി സുന്നത്ത് ജമാഅത്തിന്റെ വീഥിയില്‍ പ്രകാശം ചൊരിഞ്ഞുകൊണ്ട് സുന്നിയുവജന സംഘം അഞ്ചരപ്പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.

     1954 മുതല്‍ 1959 വരെ ബി.കുട്ടി ഹസന്‍ ഹാജി പ്രസിഡണ്ടും കെ.എം മുഹമ്മദ് കോയ സെക്രട്ടറിയുമായിരുന്നു. 1959 ല്‍ പ്രസിദ്ധ വാഗ്മിയും പണ്ഡിതനുമായിരുന്ന മര്‍ഹും എന്‍. അബ്ദുല്ല മുസ്‌ലിയാര്‍ പ്രസിഡണ്ടും ബി.കുട്ടി ഹസന്‍ ഹാജി സെക്രട്ടറിയുമായി സംഘടന പുനഃസംഘടിപ്പിച്ചു. ഈ കാലത്ത് 1961 ല്‍ കാക്കാട് ചേര്‍ന്ന സമ്‌സതയുടെ സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായി അംഗീകാരം ലഭിച്ചു. സംഘടനയുടെ ജില്ല, താലൂക്ക്, പഞ്ചായത്ത്, മഹല്ല് തല കമ്മിറ്റികള്‍ നിലവില്‍ വന്നതും ഈ അവസരത്തിലായിരുന്നു. ഒന്നാമത്തെ ശാഖ തിരൂര്‍ താലൂക്കിലെ പുതുപറമ്പ് മദ്രസ്സയില്‍ ബഹു. മര്‍ഹും മൗലാന അബദുല്‍ ബാരി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ചതാണ്. എല്‍. അബ്ദുല്ല മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കുട്ടി ഹസന്‍ ഹാജി, വാണിയമ്പലം, അബാദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ , സി. എച്ച്. ഹൈദ്രൂസ് മൂസ്‌ല്യാര്‍ , കെ.പി ഉസ്മാന്‍ സാഹിബ് എന്നിവര്‍ തിരൂര്‍, വയനാട് മേഖലകളില്‍ പര്യടനം നടത്തുകയും പുതിയ ശാഖകള്‍ രൂപീകരിക്കുകയും ചെയ്തു.
      1962 മുതല്‍ 65 വരെ കെ.വി മുഹമ്മദ് മുസ്‌ലിയാര്‍(കൂറ്റനാട്) പ്രസ്ഡണ്ടും കുട്ടിഹസന്‍ ഹാജി സെക്രട്ടറിയുമായ കമ്മറ്റിയാണ് സംഘടനയെ നയിച്ചത്. ഈ കമ്മറ്റിയാണ് സംഘടനയ്ക്ക് മുഖ പത്രം വേണമെന്ന് തീരുമാനിച്ചതും 1964 ല്‍ ‘സുന്നി ടൈംസ്’ പ്രസിദ്ധീകരിച്ചതും സംഘടനയുടെ പ്രസിഡണ്ടായിരുന്ന കെ.വി തന്നെയായിരുന്നു പത്രത്തിന്റെ പ്രാരംഭകാല ചീഫ് എഡിറ്റര്‍.പിന്നീട് അമാനത്ത് കോയണ്ണി മുസ്‌ലിയാരും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും ടൈംസിന്റെ മുഖ്യ പത്രാധിപരായിട്ടുണ്ട് . 13 വര്‍ഷത്തിന്നു ശേഷം 1977 ല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ടൈംസ് നിലച്ചു. പിന്നീട് ‘സുന്നി വോയ്‌സ്’ എന്ന പേരില്‍ പത്രം പുനഃപ്രസിദ്ധീകരിച്ചു.
   1965 ല്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സലില്‍ എം.എം ബഷീര്‍ മുസ്‌ലിയാരെ പ്രസിഡണ്ടായും വി. മോയിമോന്‍ ഹാജി (മുക്കം)യെ സെക്രട്ടറിയായും തിരഞ്ഞടുത്തു. ബഷീര്‍ മുസ്‌ല്യാരുടെ കര്‍മ്മ കുശലതയും സംഘടനാ പാടവവും പ്രസ്ഥാനത്തെ കൂടൂതല്‍ ശക്തിപ്പെടുത്തി.ക്യാമ്പുകളും പുതിയ പ്രൊജക്റ്റുകളും നല്ല പ്രവര്‍ത്തന ചിട്ടയും സംഘടന കാഴ്ച വച്ചു. ഒരു നവോന്മേഷം കൈവന്നപോലെ സുന്നി കേരളം സജീവമായി.
     വന്ദ്യരായ കോട്ടുമല ഉസ്താദിനെ പോലുളളവര്‍, പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി പകരുന്നതിനായി “മുബാറകായ” ആളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 25/08/1968 നു ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വച്ച് കേരള മുസ്‌ലിംകളുടെ കിരീടം വെക്കാത്ത രാജാവായിരുന്ന പാണക്കാട് പൂക്കോയ തങ്ങള്‍ എസ്.വൈ. എസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കെ.പി .ഉസ്മാന്‍ സാഹിബ് മുഖ്യകാര്യദര്‍ശിയുമായി. സംഘടനയുടെ സുവര്‍ണ്ണ അദ്ധ്യായമായിരുന്നു ഈ കാലഘട്ടം. ഈ കാലത്താണ് സുന്നത്ത് ജമാഅത്തിന്റെ മികച്ച സംഘടനകരിലൊരാളായ സി. എച്ച്. ഹൈദ്രാസ് മുസ്‌ലിയാര്‍ പാലക്കാട് , തൃശൂര്‍ ജില്ലകളിലും ശാഖകളില്ലാത്ത മറ്റു സ്ഥലങ്ങളിലും കമ്മറ്റികള്‍ ഉണ്ടാക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനും ചീഫ് ഓര്‍ഗനൈസറായി നിയമിക്കപ്പെട്ടത്. ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ദര്‍സ് പോലും ഒഴിവാക്കികൊണ്ടാണ് ഹൈദ്രോസ് മുസ്‌ലിയാര്‍ മുഴുസമയ സംഘടനാ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. പൂക്കോയ തങ്ങളുടെ ജനസമ്മതിയും ഹൈദ്രോസ് മുസ്‌ലിയാരുടെയും ഉസ്മാന്‍ സാഹിബിന്റെയും സംഘടനാ പാടവവും എസ്. വൈ. എസ്സിനെ ബഹുജന പ്രസ്ഥാനമാക്കി. സംഘടനയുടെ സന്ദേശം എല്ലായിടത്തും എത്തി. പ്രസ്ഥാനവുമായി അകന്നു നിന്നിരുന്ന പണ്ഡിതരും ഉമറാക്കളും സംഘടനയുടെ വക്താക്കളായി മാറി. തിരൂര്‍ , ഏറനാട് താലൂക്കൂകളില്‍ മാത്രം ഈ കാലത്ത് 300-ല്‍ പരം പുതിയ ശാഖകള്‍ രൂപീകരിക്കുകണ്ടായി . കേരളമൊട്ടുക്കും സംഘടന പടര്‍ന്നു പന്തലിച്ചു.
     1975 ല്‍ പൂക്കോയതങ്ങള്‍ വഫാത്തായതോടെ സംഘടനയുടെ സാരഥ്യം ഏറ്റടുത്തത് സൂഫിവര്യനും പണ്ഡിതനുമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരായിരുന്നു. ബാപ്പു മുസ് ലിയാരുടെ ജനസ്വാധീനവും സംഘടനക്ക് ഏറെ ഉപകാരപ്പെട്ടു. ബാപ്പു മുസ്‌ലിയാര്‍ പ്രസിഡണ്ടായി ഒരു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞപ്പോള്‍ അദ്ദേഹത്തേയും സെക്രട്ടറിയായിരുന്ന ഉസ്മാന്‍ സാഹിബിനേയും അഖിലേന്ത്യ നേതൃത്വത്തിലേക്ക് ഉയര്‍ത്തി. തുടര്‍ന്ന് സംഘടനയെ സയിച്ചത് സുന്നി കേരളത്തിന്റെ ആവേശമായിരുന്ന ഇ.കെ ഹസന്‍ മുസ്‌ലിയാരായിരുന്നു. എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആക്ടിംഗ് സെക്രട്ടറിയായി. പിന്നീട് ജനറല്‍ സെക്രട്ടറിയുമായി. ഹസന്‍ മുസ് ലിയാരുടെ മരണ(14-08-82)ത്തിനു ശേഷം 28-08-82 നു ചേര്‍ന്ന സംഘടനയുടെ യോഗത്തില്‍ വച്ച് എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.