സുന്നി മഹല്ല് ഫെഡറേഷൻ



 തിരൂര്‍ മേഖലാ ജംഇയ്യത്തില്‍ ഉലമായുടെ സമ്മേളനം 1976 ഏപ്രില്‍ മാസം നടത്താന്‍ നിശ്ചയിച്ച സമയം. രണ്ടു മേഖലകളിലായിട്ടായിരുന്നു സമ്മേളനം. എടക്കുളത്തും ചെമ്മാടും, ചെമ്മാട് യോഗത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടു ബഹു. എം.എം. ബഷീര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഐദ്രൂസ് മുസ്‌ലിയാര്‍, ഡോ. യു ബാപ്പുട്ടി ഹാജി എന്നിവര്‍ ഒന്നിച്ചിരുന്നു ആലോചിച്ചതില്‍ നിന്നാണ് സുന്നീ മഹല്ലു ഫെഡറേഷന്‍ എന്ന പേരില്‍ മുസ്‌ലിം മഹല്ലുകളില്‍ നവോത്ഥാനത്തിന്റെ വേരു പാകിയ മഹത്തായ പ്രസ്ഥാനം രൂപമെടുത്തത്.

     മഹല്ലു ഭാരവാഹികള്‍ക്ക് ഒരു വേദി വേണം. മഹല്ലു മദ്‌റസ പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ടു പോവണം. ദര്‍സു വിദ്യാഭ്യാസം കാര്യക്ഷമമാക്കണം. മഹല്ലുകളിലെ ജീര്‍ണതകള്‍ക്കും അധാര്‍മികതകള്‍ക്കും ശാശ്വത പരിഹാരം വേണം. ഇതെല്ലാമായിരുന്നു ലക്ഷ്യം. ബഹുമാന്യമായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാരുടെ ആശീര്‍വാദങ്ങളാണ് സംഘടനക്കു രൂപം നല്‍കാന്‍ നേതാക്കള്‍ക്ക് പ്രചോദനമായത്. ടി.കെ. എം. ബാവ മുസ്‌ലിയാര്‍ പ്രസിഡന്റും, സി.എച്ച്. ഐദ്രോസ് മുസ്‌ലിയാര്‍ സെക്രട്ടറിയും പി.കെ. അബ്ദു മുസ്‌ലിയാര്‍ ഓര്‍ഗനൈസറുമായി സംഘടനക്കു രൂപം നല്‍കി. ഉലമാ ഉമറാ കൂട്ടായ്മയുടെ ആവശ്യകത എല്ലാവരും അംഗീകരിച്ചു. തിരൂര്‍ താലൂക്കില്‍ നിന്നും തൊട്ടടുത്ത വര്‍ഷം മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്കു സംഘടന വ്യാപിച്ചു. സമസ്ത ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത ഉലമാ ഉമറാ കണ്‍വെന്‍ഷനില്‍ കോട്ടുമല ഉസ്താദ് പ്രസിഡന്റും ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി സെക്രട്ടറിയും ബാപ്പുട്ടി ഹാജി ട്രഷററുമായി ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ജില്ലയെ വിവിധ മേഖലകളിലായി വിഭജിച്ച് പ്രവര്‍ത്തനം ശാസ്ത്രീയമായി വികേന്ദ്രീകരിച്ചും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളെയും പ്രവര്‍ത്തകരെയും അണിനിരത്തിയുമുള്ള പ്രവര്‍ത്തനം ജില്ലയുടെ സാസ്‌കാരിക മുഖച്ഛായ തന്നെ മാറ്റി. തുടര്‍ന്ന് എട്ടുവര്‍ഷത്തോളം ജില്ലയില്‍ സജീവമായി സംഘടന പ്രവര്‍ത്തിച്ചു. മാതൃകാ ദര്‍സുകള്‍ സ്ഥാപിക്കുകയും മഹല്ലു ഭരണം കാര്യക്ഷമമാകുകയും ചെയ്തത് ഇക്കാലത്താണ്. 1987ല്‍ കുറ്റിപ്പുറം സമ്മേളനത്തോടനുബന്ധിച്ച് ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍ പ്രസിഡന്റുംസയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍  ജനറല്‍ സെക്രട്ടറിയും ബാപ്പുട്ടി ഹാജി ട്രഷററുമായി പ്രഥമ സംസ്ഥാന കമ്മിറ്റി രൂപീകൃതമായി. തുടര്‍ന്ന് സമസ്തയുടെ അംഗീകൃത കീഴ് ഘടകമായി സംഘടന മാറി. മുസ്‌ലിം സമൂഹത്തില്‍ വ്യാപകമായ അനിസ്ലാമിക പ്രവണതകള്‍ ഇല്ലായ്മ ചെയ്യാനും ഭാരവാഹികളുടെ അശ്രദ്ധയും അനാസ്ഥയും കാരണം അനാഥമായിത്തീര്‍ന്ന മതസ്ഥാപനങ്ങളുടെ ലക്ഷ്യവും പ്രവര്‍ത്തനവും സംശുദ്ധമാക്കാനും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ, സമുദായംഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഛിദ്രയും അനൈക്യവും ഒരു പരിധി വരെ തീര്‍ക്കാനും സംഘടന വലിയ പങ്കു വഹിച്ചു. സുന്നത്ത് ജമാഅത്തില്‍ നിന്ന് അകന്ന് നിന്നവരെ സംഘടനയിലേക്ക് അടുപ്പിക്കാന്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി. കൂടുതല്‍ ശാസ്ത്രീയതയോടെ പ്രവര്‍ത്തിച്ചപ്പോള്‍ ഉല്‍പതിഷ്ണു ആശയത്തിലേക്ക് ചാഞ്ഞവരെപ്പോലും സമസ്തയുടെ ആദര്‍ശത്തിലേക്കെത്തിക്കാന്‍ സുന്നി മഹല്ല് ഫെഡറേഷനു സാധിച്ചു. മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഫെഡറേഷന്‍ നടത്തിയ കര്‍മപദ്ധതികളുടെ കര്‍മ്മരേഖ പുതിയ തലമുറക്ക് ഏറേ ചിന്തക്കു വക നല്‍കും.
     1. പള്ളികളില്‍ നിയമാനുസൃതമായ ബാങ്ക്, അര്‍ഹരായ എല്ലാ ആളുകളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ജുമുഅ ജമാഅത്ത്, സ്വദേശി വിദേശി വിദ്യാര്‍ത്ഥികളെ കൊണ്ടുള്ള ദര്‍സ്, ഹദ്ദാദ്, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, ഇഅ്തികാഫ്, നിസ്‌കാര ശേഷമുള്ള ചെറു ഉപദേശങ്ങള്‍, പള്ളിയുടെ ഹുര്‍മത്ത് പാലിക്കല്‍ എന്നിവയുണ്ടായിരിക്കുക.
     2. ദര്‍സിന്റെ പുരോഗതിക്കുവേണ്ട സിലബസ്, ഹാജര്‍പട്ടിക, ഹിസ്ബ്, സൗകര്യമായ രൂപത്തില്‍ മറ്റ് ഭാഷാ പഠനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സിലബസ്, പരീക്ഷ, വിദ്യാര്‍ത്ഥി സമാജം, സ്‌കോളര്‍ഷിപ്പ്, വിദ്യാര്‍ത്ഥികളില്‍ ഇസ്‌ലാമിക സംസ്‌കാരം ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കും.
     3. ഖബര്‍ സ്ഥാനിന്റെ പരിശുദ്ധി നിലനിര്‍ത്തി സിയാറത്തിന് സൗരകര്യമൊരുക്കുക.
     4. മദ്‌റസകളുടെ പുരോഗതിക്ക് വേണ്ടി പ്രാപ്തരും മാതൃകായോഗ്യരുമായ ഉസ്താദുമാരെ നിയമിക്കുക. പത്താം തരം വരെ ക്ലാസ് ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളില്‍ പഠന കാര്യങ്ങള്‍ പരിശീലിപ്പിക്കുക. (ഇബാദത്ത് പരിശീലന സൗകര്യം, പെണ്‍കുട്ടികള്‍ക്ക് ജമാഅത്ത് പരിശീലനം, വസ്ത്രധാരണത്തിലെ ഇസ്‌ലാമിക രീതി) സ്റ്റാഫ് കൗണ്‍സില്‍, സാഹിത്യ സമാജം, ലൈബ്രറി, ദര്‍സുമായുള്ള ബന്ധം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, രക്ഷാ കര്‍തൃ സമിതി, മുഅല്ലിം മാനേജ്‌മെന്റ് യോഗങ്ങള്‍, സ്‌കോളര്‍ഷിപ്പ് എന്നിവ ഉണ്ടായിരിക്കുക.
     5. വീടുകളില്‍ ദീനി ചിട്ട നിലനിര്‍ത്താന്‍ ജമാഅത്ത്, ഖുര്‍ആന്‍ പാരായണം, ഹദ്ദാദ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക. ടി.വി. വീഡിയോ എന്നിവയുടെ ദുരുപയോഗം, പൈങ്കിളി സാഹിത്യങ്ങള്‍ മുതലായ ദുഷ്പ്രവണതകള്‍ വീടുകളിലും ആഘോഷങ്ങളിലും ഇല്ലാതാക്കുവാന്‍ പരിശ്രമിക്കുകയും ദുര്‍വ്യയത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.