വാക്കോട് ഉസ്താദ്: നിഴൽ പോലെ ഒരു ജീവിതം
അബ്ദുൽ ഗഫൂർ ഫൈസി മോര്യ
.............................................
വിഖ്യാത പണ്ഡിതരുടെ അധ്യാപന-അധ്യയനങ്ങൾ കൊണ്ട് വിശ്രുതമായ കരുവാരകുണ്ട് ജുമുഅത്ത് പള്ളി!
പളളിയുടെ പടിഞ്ഞാറുവശത്ത് മുദരിസിൻ്റെ മുറി കാണാം. ആ റൂമിൽ ഒരു കട്ടിലുണ്ടായിരുന്നു. പക്ഷേ, മുദരിസ് ആ കട്ടിലിൽ കിടക്കാറില്ല! നിലത്ത് വിരിപ്പ് വിരിച്ച് കിടക്കും. ഇത് ഒരു ദിവസമല്ല! താൻ അവിടെ ദർസ് നടത്തിയ നീണ്ട രണ്ടു പതിറ്റാണ്ടിലേറെ കാലം!
എന്താണ് കാരണമെന്നറിയുമോ? തൻ്റെ ഗുരുവിൻ്റെ ഗുരു ഉപയോഗിച്ചിരുന്ന കട്ടിലായിരുന്നു അത് എന്നതുകൊണ്ടു മാത്രം!
മുദരിസുമാർക്ക് ശീതീകരിച്ച സൗകര്യങ്ങൾ ലഭിക്കുന്ന കാലത്ത് തൻ്റെ ഗുരുനാഥൻമാരോടുള്ള അദബ് കൊണ്ടു മാത്രം ഇങ്ങനെ ത്യാഗം ചെയ്ത വിനയത്തിൻ്റെ ജീവൽ പ്രതീകമായ ആ മുദരിസാണ്, ഈയിടെ മദ്റസാ മുഅല്ലിംകളുടെ കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ അമരത്ത് നിയോഗിതനായ വാക്കോട് ഉസ്താദ്. അദബ് പഠിപ്പിക്കുന്ന മദ്റസാധ്യാപകരുടെ അമരത്തിരിക്കാൻ എന്തുകൊണ്ടും അനുയോജ്യ വ്യക്തിത്വം!
താൻ നിഴൽ പോലെ പിന്തുടർന്ന തൻ്റെ ഗുരുവും മാർഗദർശിയുമായിരുന്ന മൗലാനാ മർഹൂം കെ.ടി.ഉസ്താദി(ന:മ)ൻ്റെ ഗുരുവര്യർ അല്ലാമാ അരിപ്ര മൊയ്തീൻ ഹാജി(ന:മ) ഉപയോഗിച്ചിരുന്ന കട്ടിലിൻ്റെ കഥയാണ് നടേ സൂചിപ്പിച്ചത്. കെ.ടി.ഉസ്താദും ആ റൂമിലെത്തിയാൽ ആ കട്ടിലിൽ ഇരിക്കാറില്ല. നിലത്ത് വിരിച്ച വിരിപ്പിലിരിക്കും. പാണ്ഡിത്യത്തിൻ്റെ ഗിരി ശൃംഖങ്ങളിൽ വിരാജിക്കുമ്പോഴും കെ.ടി ഉസ്താദ് കാണിച്ച അദബ് നേരിട്ടു പകർത്തുകയായിരുന്നു വാക്കോട് ഉസ്താദ്.
തൻ്റെ ദർസ് പഠനകാലം മുതൽ കെ.ടി.ഉസ്താദിൻ്റ വഫാത്ത് വരെ ഉസ്താദിൻ്റെ നിഴലായി സഞ്ചരിക്കാൻ ഭാഗ്യം ലഭിച്ചവരാണ് വാക്കോട് ഉസ്താദ്. തൻ്റെ എല്ലാ പുരോഗതിയുടെയും നിമിത്തം കെ.ടി ഉസ്താദാണെന്ന് ഉറച്ചു വിശ്വസിക്കുകയും ഉറക്കെ പറയുകയും ചെയ്യും അദ്ദേഹം! അതു കൊണ്ടു തന്നെ കെ.ടി.ഉസ്താദിനെ നിഴൽ പോലെ പിന്തുടരുകയും നിലപാടുകളിൽ കണിശത പുലർത്തുകയും ചെയ്യുന്ന വാക്കോട് ഉസ്താദ് സമകാലികർക്കിടയിൽ ഒരു വിസ്മയം തന്നെയാണ്.
കെ.ടി.ഉസ്താദിൻ്റെ ഗുണവിശേഷങ്ങളെല്ലാം തന്നിലേക്ക് ആവാഹിക്കാൻ വാക്കോടുസ്താദിന് സാധിച്ചു എന്നത് നിയോഗം തന്നെ!
അഗാധ പാണ്ഡിത്യം, വിനയാന്വിതൻ, പ്രസ്ഥാനത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധത, കലാ സാഹിത്യ രംഗത്തെ വേറിട്ട ഇടപെടലുകൾ, തൻ്റെ നാക്കും തൂലികയും ആദർശ പോരാട്ടത്തിന് പടവാളാക്കിയവർ, ജീവിത ലാളിത്യം, സൂക്ഷ്മത, കറപുരളാത്ത പൊതു പ്രവർത്തനം, സ്വന്തം നാട്ടിലെ സ്വീകാര്യത തുടങ്ങി കെ.ടി ഉസ്താദിനെ വ്യതിരിക്തമാക്കിയ വിശേഷണങ്ങളെല്ലാം വാക്കോട് ഉസ്താദിലും കാണാം.
സമസ്തയും സമുദായവും പ്രതിസന്ധി നേരിട്ടനേരത്ത് പ്രതിരോധം തീർക്കാൻ തൻ്റെ ജിഹ്വയും തൂലികയും കെ.ടി ഉസ്താതദ് ഉപയോഗപ്പെടുത്തി. ശരീഅത്ത് വിവാദ കാലത്തും നൂരിഷാ ത്വരീഖത്തിനെതിരെ സമസ്ത തീരുമാനമെടുത്ത സമയത്തും 89 ലെ ദൗർഭാഗ്യകരമായ പിളർപ്പു നേരത്തുമൊക്കെ ഇത് വ്യക്തമാണ്. വാക്കോടു സ്താദും തഥൈവ! 'സമസ്തയിലെ പ്രശ്നങ്ങൾ', 'നൂരിഷാ ത്വരീഖത്ത്' തുടങ്ങിയ വാക്കോടുസ്താദിൻ്റെ കൃതികൾ അനിവാര്യതയുടെ സൃഷ്ടിയായിരുന്നു. ഇപ്പോൾ പ്രാസ്ഥാനിക രംഗത്ത് നേരിടുന്ന പ്രതിസന്ധിയിൽ സമസ്തയുടെ ഉറച്ച ശബ്ദമായ ഉമ്മത്ത് കാതോർക്കുന്നത് വാക്കോടുസ്താദിൻ്റെ വാക്കുകൾക്കാണ്.
കെ.ടി.ഉസ്താദ് ലക്ഷണമൊത്തെ ഒരു മാപ്പിള കവിയായിരുന്നു. വാക്കോട് ഉസ്താദും ഇടക്കിടെ മാപ്പിളപ്പാട്ടുകൾ എഴുതാറുണ്ട്.
പ്രായത്തിൻ്റെ അവശതകൾക്കിടയിലും ഒരു കലാ മനസ്സ് ഉസ്താദ് ഉള്ളിൽ സൂക്ഷിക്കുന്നു എന്നതിൻ്റെ തെളിവാണ് കരിപ്പൂർ വിമാന ദുരന്തം നടന്നപ്പോൾ ''കരയാം കരിപ്പൂരേ കഥനത്തിലേ...'' എന്ന് തുടങ്ങുന്ന പാട്ടെഴുതിയത്. ഈ പാട്ട് ഇപ്പോഴും യൂറ്റുബിൽ ലഭ്യമാണ്.
കെ.ടി ഉസ്താദ് 'മൻഖൂലുൻ മിൻ മദ്ഹിർറസൂൽ' എന്ന പേരിൽ മൗലിദ് രചിച്ചിട്ടുണ്ട്. 'അസ്സനാഉൽ അലീ ഫീ മനാഖിബി ശൈഖ് അലിൽ ഹസനിൽ വലീ' എന്ന പേരിൽ വാക്കോട് ഉസ്താദും ഒരു മൗലിദ് എഴുതിയിട്ടുണ്ട് എന്നതും ഇവിടെ സ്മർത്ഥവ്യമാണ്.
ഇതെല്ലാം യാദൃച്ഛികമായി സംഭവിച്ചതല്ല. തൻ്റെ വന്ദ്യ ഗുരുവിനെ പൂർണാർത്ഥത്തിൽ പിൻപറ്റിയപ്പോൾ റബ്ബ് നൽകിയ തൗഫീഖാണ്!
തൻ്റെ ഗുരുവും സമസ്തയുടെ സമുന്നത നേതാവുമായിരുന്ന മൗലാനാ മർഹൂം കെ.ടി.മാനു മുസ്‌ല്യാരുടെ ജീവിതവും നിലപാടുകളും നിഴൽ പോലെ പിന്തുടരുകയും, സമസ്തയുടെ മുൻനിരയിലെ സൗമ്യ സാന്നിധ്യമായി നിലകൊള്ളുമ്പോഴും നിലപാടുകളിൽ കാർക്കശ്യം പുലർത്തുകയും ചെയ്യുന്ന വാക്കോട് ഉസ്താദ് ദർസ് അധ്യാപന രംഗത്ത് അമ്പതു വർഷത്തിലേറെ സേവനം ചെയ്ത പണ്ഡിത പ്രതിഭയാണ്.
1949 ൽ കരുവാരകുണ്ട് വാക്കോടിലാണ് ജനനം. മണ്ടായി അബൂബക്കർ-ചക്കാലക്കുന്നൻ ഫാത്വിമ എന്നിവരാണ് മാതാപിതാക്കൾ.
പിതൃവ്യൻ മുഹമ്മദലി എന്ന കുഞ്ഞാപ്പ മൊല്ലാക്കയിൽ നിന്നാണ് ഖുർആൻ പാരായണം പഠിച്ചത്. സ്വന്തം നാട്ടിലെ ഖാദിമുൽ ഇസ് ലാം മദ്റസയിൽ ഒന്നാം നമ്പറായി പ്രവേശനം നേടി. പ്രാഥമിക പഠനത്തിന് ശേഷം മാമ്പുഴയിൽ അമാനത്ത് കോയണ്ണി മുസ് ല്യാരുടെ അടുത്താണ് ദർസ് പഠനത്തിൻ്റെ തുടക്കം. പിന്നീട് ഇരിങ്ങാട്ടിരിയിൽ കെ.ടി.ഉസ്താദിൻ്റെ ദർസിലാരുന്നു പ്രധാന പഠനം. ഉസ്താദ് ഹജ്ജിനു പോയ വേളയിൽ കെ.സി ജമാലുദ്ദീൻ മുസ് ല്യാരുടെ പൊടിയാട് ദർസിൽ ഒരു വർഷം. പിന്നീട് ഇരിങ്ങാട്ടിരിയിലേക്ക് തന്നെ തിരിച്ചെത്തി രണ്ടു വർഷം കൂടി പഠിച്ച ശേഷമാണ് പട്ടിക്കാട് ജാമിഅ:നൂരിയ്യയിൽ ഉപരിപഠനത്തിന് ചേർന്നത്ത്.
1973 ആഗസ്റ്റിൽ
ജാമിഅയിൽ നിന്ന് പഠനം പൂർത്തിയാക്കി. മത പഠനത്തോടുള്ള അതീവ താൽപര്യം കാരണം സ്കൂൾ പഠനം അഞ്ചാം ക്ലാസ്സ് പൂർത്തിയാക്കാൻ സാധിച്ചില്ല.
പിന്നീട് ദേവാല, ഏപ്പിക്കാട്, വാണിയമ്പലം, പണത്തുമ്മൽ, ആമക്കാട്, കരുവാരകുണ്ട്, പരിയങ്ങാട്, ഏലംകുളം, ഇരിങ്ങാട്ടിരി തുടങ്ങിയ വിടങ്ങളിലായി അമ്പതു വർഷത്തിലേറെ ദർസ് അധ്യാപനം നടത്തി. പ്രതിഭാധനരായ നിരവധി ശിഷ്യൻമാരെ വാർത്തെടുത്തു.
ഉസ്താദ് കെ.ടി.മാനു മുസല്യാരാണ് പ്രധാന ഗുരുവും മാർഗദർശിയും. അമാനത്ത് കോയണ്ണി മുസ് ല്യാർ, കെ.സി. ജമാലുദ്ദീൻ മുസ് ല്യാർ എന്നിവരും ദർസിലെ ഗുരുനാഥൻമാരാണ്.
ശംസുൽ ഉലമ ഇ.കെ അബൂബക്ർ മുസ് ല്യാർ, കോട്ടുമല അബൂബക്ർ മുസല്യാർ എന്നിവർ ജാമിഅയിലെ ഉസ്താദുമാരാണ്.
ജാമിഅ:യിലെ പഠനകാലം സുവർണ്ണകാലമായിരുന്നു. മുത്വവ്വലിലും മുഖ്തസ്വറിലും താഴെ ക്ലാസ്സിലുമായി അന്ന് ജാമിഅയിലെ വിദ്യാർത്ഥികൾ പിന്നീട് സമസ്തയുടെ നേതൃനിരയിൽ തിളങ്ങി നിന്നവരായിരുന്നു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, എം.ടി അബ്ദുല്ല മുസ്‌ല്യാർ, എ.മരക്കാർ മുസ്‌ല്യാർ, കെ.ഉമർ ഫൈസി ഫൈസി മുക്കം, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, കെ.കെ.പി അബ്ദുല്ല മുസ് ല്യാർ, എം.പി.മുസ്തഫൽ ഫൈസി, പി.പി. മുഹമ്മദ് ഫൈസി, ചെറുവാളൂർ ഹൈദ്രോസ് മുസ് ല്യാർ, ഏലംകുളം ബാപ്പു മുസ് ല്യാർ തുടങ്ങിയവർ ജാമിഅയിലെ ഉസ്താദിൻ്റെ കാലക്കാരാണ്.
അനുഗൃഹീത തൂലികയുടെ ഉടമ കൂടിയാണ് ഉസ്താദ്. ഇരിങ്ങാട്ടിരി ദർസിൽ പഠിക്കുന്ന കാലത്ത് എസ്.വൈ.എസ് മുഖപത്രമായ സുന്നി ടൈംസിലാണ് ആദ്യ ലേഖനം വെളിച്ചം കണ്ടത്. 'സത്യത്തിൻ്റെ മധുരം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത ലേഖനം എഴുത്തു രംഗത്തെ വഴിത്തിരിവായിരുന്നു. ജാമിഅ: പഠനകാലത്ത് രണ്ട് വർഷവും അൽ മുനീറിൻ്റെ ചീഫ് എഡിറ്ററായിരുന്നു. പിൽക്കാലത്ത് ഫിർദൗസ് മാസിക, വാരിക, ഹിക്മത്ത് വാരിക എന്നിവയുടെ എഡിറ്റോറിയൽ ബോർഡിയിൽ അംഗമായിരുന്നു. സുന്നി അഫ്കാർ വാരികയുടെ തുടക്കം മുതൽ പത്രാധിപ സമിതി അംഗമാണ്. നിലവിൽ അൽ മുഅല്ലിം, സന്തുഷ്ട കുടുംബം മാസികകളുടെ ചീഫ് എഡിറ്ററാണ്.
സമസ്ത തൊണ്ണൂറാം വാർഷിക സുവനീർ, എസ്.വൈ.എസ് സുവർണ്ണ ജൂബിലി സുവനീർ, നാട്ടിക മൂസ മൗലവി ഓർമപ്പുസ്തകം എന്നിവയുടെ ചീഫ് എഡിറ്ററായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക സുവനീറിൻ്റെ ചെയർമാനായിരുന്നു. സമസ്ത നൂറാം വാർഷിക പ്രസിദ്ധീകരണ സമിതിയുടെ കൺവീനറാണ്. നിരവധി വാർഷികപ്പതിപ്പുകളുടെയും സുവനീറുകളുടെയും എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
'അസ്സനാഉൽ അലീ ഫീ മനാഖിബി ശൈഖ് അലിൽ ഹസനിൽ വലീ' എന്ന മൗലിദ്, ഉമ്മയും മകളും, മാതൃകാ ദമ്പതികൾ, അമ്മായുമ്മയും മരുമകളും, വീടും പരിസരവും, പ്രകാശധാര, പെരുന്നാൾ സുദിനം, ഇസ് ലാമിക് ഫാമിലി, സ്നേഹത്തിൻ്റെ മുഖങ്ങൾ, വിസ്മയക്കാഴ്ചകൾ, ചരിത്രത്തിൻ്റെ ചിറകുകളിൽ, വെളിച്ചം വിതറിയ വിസ്മയങ്ങൾ, ജിന്നുകളുടെ ലോകം, നൂരിഷാ ത്വരീഖത്ത്, സമസ്തയിലെ പ്രശ്നങ്ങൾ, സമസ്തയും കണ്ണിയത്തിൻ്റെ പ്രാത്ഥനയും, അലക്സാൻഡ്രിയൻ ലൈബ്രറി കത്തിച്ചതാര്?, തൗഹീദ്: ഒരു താത്വിക പഠനം, കെ.ടി.മാനു മുസല്യാർ: നിയോഗം പോലെ ഒരു ജീവിതം തുടങ്ങിയവ ഉസ്താദിൻ്റെ രചനകളാണ്.
മികച്ച മുദരിസിനുള്ള സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക അവാർഡ് ലഭിച്ചിട്ടുണ്ട്. മർഹൂം പി.പി.മുഹമ്മദ് ഫൈസി സ്മാരക അവാർഡും മൗലാനാ പാങ്ങിൽ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാർഡും ഉസ്താദിനെ തേടിയെത്തി.
1973 ൽ സുന്നി വിദ്യാർത്ഥി പ്രസ്ഥാനം രൂപീകരിച്ചപ്പോൾ സംസ്ഥാന പ്രവർത്തക സമിതി അംഗമായിരുന്നു. പിന്നീട് സംഘടനയുടെ തെറ്റായ നീക്കങ്ങൾക്കെതിരെ എസ്.എസ്.എഫ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മർഹൂം നാട്ടിക മൂസ മൗലവിയോടൊപ്പം ശക്തമായി നിലകൊണ്ടു.
സമസ്ത കേന്ദ്ര മുശാവറ മെമ്പർ, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡൻ്റ്, സമസ്ത കേരള ഇസ് ലാമത വിദ്യാഭ്യാസ ബോർഡ് പ്രവർത്തക സമിതി അംഗം, വിദ്യാഭ്യാസ ബോർഡ് അക്കാദമിക് കൗൺസിൽ അംഗം, ബുക്ക് ഡിപ്പോ കമ്മിറ്റി മെമ്പർ, പട്ടിക്കാട് ജാമിഅ: നൂരിയ്യ പ്രവർത്തക സമിതി അംഗം, പരീക്ഷാ ബോർഡ് മെമ്പർ, കരുവാരകുണ്ട് ദാറുന്നജാത്ത് വർക്കിംഗ് സെക്രട്ടറി, എസ്.എം.എഫ് കാളികാവ് മേഖലാ പ്രസിഡൻ്റ്, വാക്കോട് മഹല്ല് പ്രസിഡൻ്റ്, ഖാദിമുൽ ഇസ് ലാം മദ്റസ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ സേവനമനുഷ്ടിക്കുന്നു.
'സമസ്ത' എന്നത് ഉസ്താദിന് വർണ്ണിക്കാനാവാത്ത വികാരമാണ്! മുഴുസമയ സംഘാടകനാകുമ്പോൾ തന്നെ മതാധ്യാപന രംഗത്ത് മികച്ച മുദ്രകൾ അടയാളപ്പെടുത്താൻ ഉസ്താദിന് സാധിച്ചു. തദ് രീസിലും സംഘടനാ പ്രവർത്തനത്തിലും എഴുത്തിലുമാണ് ഉസ്താദിൻ്റെ അധിക ശ്രദ്ധയും.
സംഘടനക്ക് സമർപ്പിതമായിരുന്നു ഉസ്താദിൻ്റെ ജീവിതം. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ഒരു മഹാ സേവനവും പുണ്യകർമവുമായിട്ടാണ് സംഘടനാ പ്രവർത്തനത്തെ ഉസ്താദ് കാണുന്നത്. തൻ്റെ ഗുരുനാഥൻമാരിൽ നിന്ന് പകർന്നു കിട്ടിയ നന്മയായിരുന്നു ഇത്.
ഗുരുനാഥൻമാരെ നിഴൽ പോലെ പിന്തുടരുകയാണ് ഉസ്താദിൻ്റെ ശൈലി. തൻ്റെ ഗുരുവും നിസ്വാർത്ഥ പണ്ഡിതനുമായിരുന്ന മൗലാനാ മർഹൂം കെ.ടി മാനു മുസ് ല്യാരുടെ ജീവിതവും നിലപാടുകളും ശരിപാതയായി സ്വീകരിച്ചാണ് ഉസ്താദ് കർമ്മ രംഗത്ത് സജീവമായത്.
സമസ്തയുടെ നേട്ടങ്ങളിൽ ഏറെ സന്തോഷിക്കുകയും ആ സന്തോഷം ഉസ്താദ് മറ്റുള്ളവരുമായി ആവേശത്തോടെ പങ്കുവെക്കുകയും ചെയ്യും. എന്തെങ്കിലും നഷ്ടമുണ്ടായാൽ ഏറെ ദുഃഖിക്കുകയും അതു തരണം ചെയ്യാൻ തങ്ങളെ കൊണ്ടാവുന്നതെല്ലാം ചെയ്യുകയും ചെയ്യും. അതിന് ഇഷ്ടക്കാരുടെ അനിഷ്ടമൊന്നും ഉസ്താദിന് പ്രശ്നമല്ല!
താഴെ തട്ടിലുള്ള പ്രവർത്തകർക്ക് അവസരങ്ങൾ നൽകി മുൻ നിരയിലെത്തിക്കുന്നതിൽ ഉസ്താദ് ബദ്ധശ്രദ്ധനായിരുന്നു.
എൺപതുകളിൽ സമസ്തയിൽ പ്രശ്നങ്ങൾ ഉരുണ്ടുകൂടിയപ്പോൾ സുന്നി സാഹിത്യരംഗം പ്രതിസന്ധി നിറഞ്ഞ നേരത്ത് കെ.ടി.ഉസ്താദിനും നാട്ടിക ഉസ്താദിനുമൊപ്പം 'ഫിർദൗസി' ലും 'ഹിക്മത്തി' ലും നിതാന്ത ഇടപെടലുകൾ നടത്തി. പിന്നീട് 'സുന്നി അഫ്കാറി'ൻ്റെ പിറവിയിലും വളർച്ചയിലും ഉസ്താദിൻ്റ പങ്ക് നിസ്തുലമായിരുന്നു.
പ്രാസ്ഥാനിക പ്രവർത്തന രംഗത്ത് സ്വാർത്ഥതയുടെ മതിൽക്കെട്ടുകൾ തീർത്ത കാലൂഷ്യത്തിൻ്റെ പൊടിപടലങ്ങൾക്കിടയിലും ഉസ്താദിനെ പോലെയുള്ളവരുടെ ത്യാഗപൂർണ്ണമായ
ജീവിതപ്പാടുകൾ നമുക്ക് വെളിച്ചം പകർന്നേക്കാം...
ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകി റബ്ബ് തുണച്ചെങ്കിൽ...
Post a Comment