ചമ്പുലങ്ങാട് ഉസ്താദ് വിടപറഞ്ഞു
بقلوب مؤمنة بقضاء الله وقدره، ننعي فقيدنا الغالي، رحمه الله وأسكنه فسيح جناته وجعل قبره روضة من رياض الجنة.
കേരളത്തിലെ ആത്മീയ സദസുകളിൽ നിറസാനിധ്യമായ പണ്ഡിതനും സൂഫിവര്യനുമാണ് ചെമ്പുലങ്ങാട് ഉസ്താദ് എന്ന പേരിൽ പ്രശസ്തനായ സി.പി.മുഹമ്മദ് കുട്ടി മുസ്ലിയാർ നമ്മോട് വിട പറഞ്ഞു
വലിയകുന്ന് മാഹീൻ കുടുംബത്തിൽ ഉണ്ണിയാലിയുടെ മകൻ അബ്ദുൽ ഖാദറിന്റെയും കൊടുമുണ്ട വെളുത്തേടത്ത് പള്ളിയാലിൽ കുഞ്ഞിഖാദർ എന്നവരുടെ മകൾ ഫാത്തിമയുടെയും മകനായി 1938 മാർച്ച് 8 നാണ് ചെമ്പുലങ്ങാട് മുഹമ്മദ് കുട്ടി മുസ്ലിയാരുടെ ജനനം
അഞ്ചാമത്തെ വയസ്സിൽ പിതാവ് മരണപ്പെട്ടു. പിന്നീടുള്ള ജീവിതം ഉമ്മയുടെ നാടായ പട്ടാമ്പിക്കടുത്ത കൊടുമുണ്ടയിൽ ആയിരുന്നു
അവിടെ നിന്നും പ്രാഥമിക പഠനം നേടിയ ശേഷം കൊടുമുണ്ട ജുമാ മസ്ജിദ് ,ചെമ്പുലങ്ങാട് ജുമാ മസ്ജിദ്, ചെമ്മൻകുഴി ജുമാ മസ്ജിദ്, താനൂർ വലിയകുളങ്ങര പള്ളി പൂനുരിനടുത്തെ കോളിക്കൽ ജുമാമസ്ജിദ് എന്നിവിടങ്ങളിലെല്ലാം ദർസ്സ് പഠനം നടത്തി. പിന്നീട് പട്ടിക്കാട് ജാമിഅ: നൂരിയ അറബി കോളജിൽ ഉപരിപഠനം നടത്തി
ജാമിഅയിൽ നിന്നും ആദ്യ സനദ് വാങ്ങിയവരുടെ കൂട്ടത്തിൽ ഉസ്താദുമുണ്ടായിരുന്നു.
മർഹൂം ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്ലിയാർ, മർഹൂം കോട്ടുമല അബൂബക്കർ മുസ്ലിയാർ, മർഹൂം കെ.കെ.അബൂബക്കർ ഹസ്റത്ത്, മർഹൂം താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ, മർഹൂം നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാർ, മർഹൂം ഇമ്പിച്ചേരി മുസ്ലിയാർ, മർഹൂം മോളൂർ ഉമർ മുസ്ലിയാർ, മർഹൂം കൊപ്പം കുഞ്ഞാപ്പു മുസ്ലിയാർ എന്നിവരായിരുന്നു പ്രധാന ഗുരുവര്യർ .
സമസ്തയുടെ പ്രസിഡണ്ടായിരുന്ന മർഹൂം കുമരംപുത്തൂർ എ പി മുഹമ്മദ് മുസ്ലിയാരെ പോലുള്ള പ്രമുഖ പണ്ഡിതന്മാർ ഉസ്താദിന്റെ സഹപാഠികളാണ്.
പട്ടിക്കാട് കോളേജിൽ നിന്നും ഫൈസി ബിരുദം വാങ്ങിയ ശേഷം ആദ്യമായി മുദരിസായി സേവനം ആരംഭിച്ചത് ചെമ്മൻകുഴി പളളിയിലായിരുന്നു. തുടർന്ന് രണ്ട് വർഷത്തിനു ശേഷം ചെമ്പുലങ്ങാട് പളളിയിൽ മുദരിസായി സേവനം ആരംഭിച്ചു അവിടുത്തെ സേവനം ഏതാണ്ട് മൂന്നര പതിറ്റാണ്ട് നീണ്ടതായിരുന്നു. നൂറോളം ശിഷ്യഗണങ്ങളുള്ള വലിയ ദർസായിരുന്നു അത്.അങ്ങനെയാണ് അദ്ദേഹം ചെമ്പുലങ്ങാട് ഉസ്താദെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
അനേകം ശിഷ്യന്മാരെ വാർത്തെടുക്കുന്നതിന് ഉസ്താദിന്റെ സേവനം മുതൽകൂട്ടായിട്ടുണ്ട് . അവരിൽ പലരും ദീനി സേവന രംഗത്തും രാഷ്ട്രീയ, സംസ്കാരിക, സാമൂഹിക രംഗത്തും ഉന്നതമായ സേവനം ചെയ്യുന്നു
അറുപതാമത്തെ വയസ്സിൽ ചെമ്പുലങ്ങാട് നിന്നും മുദരിസിന്റെ സേവനം മതിയാക്കി, വീട്ടിൽ വർഷങ്ങളോളമായി നടന്ന് വരാറുള്ള ദിഖ്റ് ഹൽഖ നടത്തിപ്പിന് പൂർണമായും നേതൃത്വം നൽകി വരുന്നു. വിജ്ഞാന രംഗത്ത് തന്നെ തുടരണമെന്നത് ഉസ്താദിന്റെ ചിരകാല ആഗ്രഹമാണ്, അതിനു വേണ്ടിയാണ് 2005ൽ സ്വന്തം നാട്ടിൽ വീടിനടുത്ത് തന്നെ ജലാലിയ്യ ഇസ്‌ലാമിക് കോംപ്ലക്സ് അഗതി മന്ദിരത്തിന് തുടക്കം കുറിച്ചത്. നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിവരുന്നു.
ചാവക്കാട് മർഹൂം ഹിബ തുള്ളാഹിൽ ബുഖാരിയിൽ നിന്നാണ് ഉസ്താദ് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്
കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാരിൽ നിന്നാണ് ദലാഇലുൽ ഖൈറാതിൻ്റെ ഇജാസത് സ്വീകരിച്ചത്
ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരിൽ നിന്നും മുഹൂം മടവൂർ സി.എം.വലിയുള്ളാഹിയിൽ നിന്നും ചില പ്രത്യേക വിർദുകളിൽ ഇജാസത് ലഭിച്ചിട്ടുണ്ട്
ബദ്റുൽആലം [തിരുനബി മദ്ഹ് ] ഫൗസുദ്ദാ റൈൻ എന്നിങ്ങനെ രണ്ട് കൃതികൾ രചിച്ചിട്ടുണ്ട് ഉസ്താദ്
തന്റെ ഉസ്താദന്മാരിൽ നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാരുമായി വല്ലാത്ത ആത്മീയ ബന്ധം അദ്ദേഹത്തിനുണ്ടായിരന്നു. ഉസ്താദിന്റെ മരണാനന്തര ക്രിയകൾക്ക് നേതൃത്വം നൽകിയതും ചെമ്പുലങ്ങാട് ഉസ്താദാണ്.
ആത്മീയ ചികിത്സയിലും നിപുണനായ ഉസ്താദിന്റെ സാനിധ്യം നിരവധി പേർക്ക് ആശ്വാസമാണ് അനേകം പേർ നിത്യവും മഹാനവറുകളുടെ സവിദത്തിലെത്താറുണ്ടായിരുന്നു.
നാഥൻ ഉസ്താദിന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ
Post a Comment