സിനിമയും സ്ത്രീപുരുഷ സങ്കലനവും പ്രബോധന മാർഗമാക്കുമ്പോൾ - മുഹമ്മദ് ഫാരിസ് പി.യു എഴുതുന്നു..

✍️ മുഹമ്മദ് ഫാരിസ് പി.യു
---------------------------------------------

ഏതു വിക്കറ്റിലാണ് ബാറ്റ് ചെയ്യുന്നത് എന്ന അറിവ് ക്രിക്കറ്റിൽ വളരെ പ്രധാനപ്പെട്ടതാണ്. ഓപ്പണിങ് ബാറ്സ്മാനെ പോലെയല്ല പത്താം വിക്കറ്റുകാരൻ കളിക്കേണ്ടത്. അതുപോലെ ഏതു കാലത്താണ് നാം ജീവിക്കുന്നത് എന്ന അറിവും വളരെ പ്രധാനപ്പെട്ടതാണ്.ഇത് സത്യാനന്തര കാലമാണെന്ന് മനസ്സിലാകാത്ത ഒരാൾ തനിക്കു മുൻപിൽ ഷെയർ ചെയ്യപ്പെടുന്ന വൃത്താന്തങ്ങളെ മുഖവിലക്കെടുത്താലുള്ള അപകടം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഇസ്‌ലാമിക ലോകവീക്ഷണത്തിൽ ഈ കാലം ആഖിറുസ്സമാൻ (കാലാന്ത്യം) ആണ്. ഇതര സെമറ്റിക് മതങ്ങളിലും സ്ഥിതി സമാനം തന്നെ. ഭാരതീയ ദർശനത്തിൽ ഇത് കലികാലമാണ്. ഈ “പരിഷ്‌കൃത” കാലം തിന്മവ്യാപനത്തിന്റെ കാലമാണെന്നതിൽ എല്ലാ വേദങ്ങളും ഒന്നിക്കുന്നുവെന്ന് സാരം. അത് സാമാന്യബോധമുള്ളവരുടെയൊക്കെ അനുഭവം കൂടിയാണ്. കേൾട്ടുകേൾവിയില്ലാത്ത വിധം ലഹരിയും വ്യാജവാർത്തകളും ലൈംഗികാതിക്രമങ്ങളും വർഗീയതയും വർധിക്കുകയാണ്. ബന്ധങ്ങൾക്കോ കടപ്പാടുകൾക്കോ വിലയില്ലാതായി. വഞ്ചനയില്ലാത്ത ഒന്നും ഇല്ലെന്ന അവസ്ഥയായി. ഇതിനർത്ഥം നന്മയുടെ യാതൊന്നും ഇവിടെ ഇല്ലെന്നല്ല. മറിച്ച് മുഖ്യധാരയല്ലെന്നാണ്.

കാലത്തിനനുസരിച്ച് ലോകം ധാർമികമാകുമെന്ന അന്ധവിശ്വാസം ആധുനികതക്കുണ്ട്. അതിനാൽ ഇന്നലെ ഇന്നിനെക്കാൾ മോശമാണെന്നാണ് വെപ്പ്. നാളെ ഇതിലും മെച്ചമാകും എന്നാണ് പ്രതീക്ഷ. ഈ വിശ്വാസം പക്ഷെ ഇസ്‌ലാമിന് അംഗീകരിക്കാനാകില്ല. കാരണം, ഇസ്ലാമിക ദൃഷ്ട്യാ ഈ കാലം അവസാന കാലമാണ്. ഉത്തമമായ കാലം പ്രവാചകരുടേതും ശേഷം അനുചരരുടേതുമാണ്. കാലചക്രം കറങ്ങുമ്പോൾ മനുഷ്യകുലം ധാർമികമായി അധപതിക്കുമെന്നാണ്. ഈ വീക്ഷണവൈരുധ്യമാണ് ഇസ്‌ലാമും ആധുനികതയും തമ്മിലെ സംഘർഷ കാരണം. ഇത് മനസ്സിലാക്കാതെ ആധുനികതയുടെ ആശയങ്ങളുടെ ശാഖാപരമായ പ്രതിസന്ധികളെ പ്രശ്നവത്കരിച്ചത് കൊണ്ട് കാര്യമില്ല. പ്രസ്തുത പ്രശ്നം അടുത്ത തലമുറ പരിഹരിക്കുമെന്ന പ്രതീക്ഷയിൽ അവർ മുന്നോട്ടു പോകും. നമ്മുടെ മുൻപിലുള്ള ഏറ്റവും വലിയ പ്രതിസന്ധി, മനുഷ്യകുലം കാലത്തിനനുസരിച്ച് പുരോഗമിക്കും എന്ന ആധുനികതയുടെ അന്ധവിശ്വാസം പേറുന്നവർ തന്നെ അതിന്റെ ആശയങ്ങളായ ഫെമിനിസത്തെയും എൽജിബിറ്റി ആക്ടിവിസത്തെയും എതിർക്കുന്നു എന്നതാണ്. പാരമ്പര്യ പണ്ഡിതരുടെ ചില നിലപാടുകൾ ഈ പരിഷ്‌കൃത കാലത്തിനു ചേർന്നതല്ലെന്ന് പരിഹസിക്കുന്ന പണ്ഡിത വേഷധാരികളായ പരിഷ്കരണവാദികളും കുറവല്ല.  

ഇരു ധ്രുവങ്ങളിലേക്ക് ഓടുന്ന രണ്ടുപേർ കൈചേർത്തുപിടിച്ചാൽ എന്ത് സംഭവിക്കും? കൂടുതൽ ശക്തിയുള്ളവന്റെ ദിശയിൽ രണ്ടാളും സഞ്ചരിക്കും. ആധുനികതയുമായി സഖ്യത്തിലേർപ്പെടുന്ന മുസ്‌ലിംകളുടെ അവസ്ഥ ഇതാണ്. ആധുനികതയുടെ സങ്കേതങ്ങൾ ഇസ്‌ലാമിക പ്രബോധനത്തിന് ഉപയോഗപ്പെടുത്തിക്കൂടേ എന്ന് അവർ നിഷ്കളങ്കമായി ചിന്തിക്കും. അതിനു വേണ്ടി സിനിമ പിടിക്കാനും, രാത്രിയിലും ആൺപെൺ സങ്കലനം ഉറപ്പുവരുത്തിക്കൊണ്ടുള്ള പരിപാടികൾ സംഘടിപ്പിക്കാനും മുതിരും. ഈ കാലത്ത് ഇതൊക്കെയാണ് പ്രബോധനമാർഗമെന്ന് വിശദീകരിക്കും. ഫലമോ, ചുറ്റിലും സിനിമകളും നിശാക്ലബുകളും ഉണ്ടായിട്ടും അതിലൊന്നും പോകാതെ മാറിനിൽക്കുന്ന വിശ്വാസികൾക്ക് പ്രസ്തുത ലോകത്തേക്ക് വാതിൽ ലഭിക്കും. പ്രത്യേകിച്ചും മതവിദ്യാർത്ഥികൾക്ക്. സത്യത്തിൽ ആധുനികത വരുത്തുന്ന പരിക്കിനേക്കാൾ അപകടം ഇതല്ലേ. ഫലമോ? ആധുനികത നൽകുന്ന അത്ര ആസ്വാദ്യത (ആഭാസം) നല്കാൻ ഒരിക്കലും നമുക്കാകില്ല. സിനിമ എടുത്താൽ തന്നെ, പോൺ സിനിമകൾ നിർമ്മിക്കാൻ നമുക്ക് കഴിയില്ലല്ലോ. അതിനാൽ നാം തുറന്ന് നൽകിയ വഴിയിലൂടെ വിശ്വാസികൾ കൂടുതൽ ആസ്വാദനം ലഭിക്കുന്നിടങ്ങളിലേക്ക് നീങ്ങും. പിന്നെ തിരിച്ചു കൊണ്ടുവരിക അസാധ്യമാണ്. കൺട്രോൾ പ്ലസ് സെഡ് അമർത്തിയാൽ പൂർവ്വസ്ഥിതിപ്രാപിക്കില്ല. 

യൂറോപ്പിൽ എന്തുകൊണ്ട് ക്രിസ്ത്യാനിസം ചുരുങ്ങുന്നു എന്നതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത് വിശ്വാസികളെ പിടിച്ചുനിർത്താൻ സ്വയം ലിബറലൈസ് ചെയ്യാൻ ശ്രമിച്ചതിനെയാണ്. ജനങ്ങൾക്ക് തങ്ങൾക്കെതിരായതാണെങ്കിലും സ്വന്തം ആശയങ്ങളിൽ ഉറച്ചു നിൽക്കുന്നവരോട് ബഹുമാനം തോന്നുമത്രെ. സ്വന്തം മൂല്യങ്ങൾ ഒഴിവാക്കി ലിബറൽ മാലിന്യങ്ങൾ സ്വീകരിക്കുമ്പോൾ അവർക്ക് ഉള്ള ആദരവും നഷ്ടമാവും. ആധുനികതയുടെ സങ്കേതങ്ങളെ ഉപജീവിക്കുമ്പോഴും ഞാൻ ലിബറൽ ആവില്ല എന്ന് ശഠിക്കുന്നത് മൗഢ്യമാണ്. സ്റ്റോറേജ് ടാങ്കിനുള്ളിൽ കയറിയിട്ട് ഞാൻ തണുക്കില്ല എന്ന് വാശിപിടിക്കും പോലെ പരിഹാസ്യവും. പുതപ്പ് പുതച്ചും വ്യായാമം ചെയ്തും തണുപ്പിനെ അതിജീവിക്കാമെന്നല്ലാതെ മറ്റു വഴികളില്ല. ലിബറലൈസ് ചെയ്യപ്പെടില്ലെന്ന് പ്രതിജ്ഞ എടുത്താൽ മാത്രം പോരാ ഡീലിബറലൈസ് ചെയ്യാനുള്ള പരിശ്രമവും വേണമെന്ന് ചുരുക്കം. നമുക്ക് അഭിമാനം ഉണ്ടാകേണ്ടത് നമ്മുടെ മൂല്യങ്ങളിലും ചിഹ്നങ്ങളിലുമാണ്. രണ്ടും ഒഴിവാക്കി ആധുനികതയുടേതിനെ സ്വാംശീകരിക്കുമ്പോൾ ലക്‌ഷ്യം എത്ര നന്നായാലും ഫലം നെഗേറ്റിവാകും