റജബ്: ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പ്രാമാണികത, പ്രാർത്ഥനകൾ


✒️ `റഈസ് ചാവട്ട്`

പുണ്യങ്ങൾ പെയ്തിറങ്ങുന്ന വിശുദ്ധ റമളാൻ മാസത്തിലേക്കുള്ള കാൽവെപ്പാണ് റജബും ശഅബാനും. റമളാനിൽ വിളവെടുക്കേണ്ട സുകൃതങ്ങളുടെ വിത്തിടലാണ് റജബിൽ ഉണ്ടാവേണ്ടത്.bറജബ് റബ്ബിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ ഉമ്മത്തിന്റെ മാസവുമെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. പവിത്രമാണെന്ന് ഖുർആൻ വ്യക്തമാക്കിയ മാസങ്ങളിലും റജബ് ഇടം പിടിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ ഒട്ടനവധി അനുഗ്രഹീത ഏടുകൾക്ക് സാക്ഷ്യം വഹിച്ചുവെന്നതും റജബിന്റെ ചൈതന്യമാണ്.

 *പേരിന്റെ ഉള്ളറകൾ*
റജബിലെ ഓരോ അക്ഷരങ്ങളും യഥാക്രമം അല്ലാഹുവിന്റെ റഹ്മത്തും ഔദാര്യവും നന്മയും സൂചിപ്പിക്കുന്നു. ആദരവ് എന്നർത്ഥമുള്ള തർജീബ് എന്ന പദത്തിൽ നിന്ന് നിഷ്പ്പന്നമാണ് റജബ്. അറബികൾ ഇതര മാസങ്ങളെ അപേക്ഷിച്ച് റജബിന് കൂടുതൽ ആദരവ് കല്പിച്ചതാണത്രെ ഇതിന്റെ കാരണം. തയ്യാറെടുപ്പ് എന്ന അർത്ഥത്തിനും റജബ് എന്ന് പ്രയോഗമുണ്ട് ശഅബാനിലേക്കുള്ള തയ്യാറെടുപ്പിനെ സൂചിപ്പിച്ചു കൊണ്ടാണ് ഇങ്ങനെ പേര് വന്നതെന്നും വിശദീകരണമുണ്ട്.

             റജബിന് പുറമെ ഇതര നാമങ്ങളും ഈ മാസത്തിനുണ്ട് .നന്മകൾ ചൊരിയുന്ന മാസമായത് കൊണ്ട് ചൊരിയുക എന്നർത്ഥമുള്ള അസബ്ബ് എന്നും,ആയുധങ്ങളുടെ ശബ്ദം ശ്രവിക്കാത്തത് കൊണ്ട് ബധിരത എന്നർത്ഥമുള്ള അസമ്മ് എന്നും,യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ ഒറ്റപ്പെട്ട് നിൽക്കുന്നത് കൊണ്ട് ശഹ്റുൽ ഫർദ് എന്നും,പ്രസ്തുത മാസങ്ങളിൽ പ്രഥമമായത് കൊണ്ട് ശഹ്‌റു സാബിഖ് എന്നും, അറേബ്യയിലെ മുള്വർ ഗോത്രക്കാർ റജബിനെ അത്യധികം ആദരിച്ചത് കൊണ്ട് റജബുൽ മുളർ എന്നും റജബിന് പേരുകളുണ്ട്.

 *പുണ്യങ്ങൾ, ശ്രേഷ്ഠതകൾ*
നിരവധി മഹത്വങ്ങൾ കല്പ്പിക്കപ്പെടുന്നതും അനവധി അത്ഭുതങ്ങളാൽ ധന്യമായതുമായ ഒരു മാസമാണിത്. യുദ്ധം നിഷിദ്ധമാണെന്ന് സൂറത്തുതൗബയിലൂടെ അല്ലാഹു പ്രസ്താവിച്ച നാല് മാസങ്ങളിൽ വേറിട്ട് നിൽക്കുന്ന മാസമാണ് റജബ്. സർവ്വ സമുദായങ്ങളിൽ നിന്നും ഉമ്മത്ത് മുഹമ്മദീയക്കുള്ള മഹത്വം പോലെയാണ് ഇതര മാസങ്ങളെ അപേക്ഷിച്ച് റജബിന്റെ മഹത്വമെന്ന് തിരുനബി (സ്വ) അരുളിയിട്ടുണ്ട്. സ്വർഗീയ ലോകത്ത് പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മാധുര്യമേറിയതുമായ റജബെന്ന ഒരു നദി ഉണ്ടെന്നും അതിലുള്ള പാനീയം റജബിൽ നോമ്പനുഷ്ടിച്ചവർക്കാണെന്നും അനസ് (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.അശ്ശൈഖ് അബ്ദുറഹ്മാന്‍ അസ്സുഫൂരി(റ) പറയുന്നു : റജബ് വിത്തിടലിന്റെയും ശഅബാൻ നനയ്ക്കുന്നതിന്റെയും റമളാൻ വിളവെടുപ്പിന്റെയും മാസമാകുന്നു, അതായത് റജബിലാണ് സൽകർമങ്ങളുടെ വിത്തിടേണ്ടത് ശഅബാനിലാണ് അതിന് നനവ് കൊടുക്കേണ്ടത് റമളാനിലാണ് അത് വിളവെടുക്കേണ്ടത്. ഒരു വിശ്വാസിക്ക് സുകൃങ്ങളുടെ വിളവെടുപ്പ് കാലമായി പരിശുദ്ധ റമളാൻ മാറണമെങ്കിൽ റജബെന്ന പടിവാതിൽ പരിഗണിക്കണമെന്ന് സാരം. റജബിന്റെ പവിത്രത ഗ്രഹിക്കാൻ ഉസ്മാൻ ബ്നു ഹസൻ അഷാക്കിറുൽ ഹൗബിരീ (റ) എന്നവർ ദുർറതു നാസിഹീൻ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ ഒരു ചരിത്രമുണ്ട്, സൽകർമങ്ങൾ ജീവിതമുദ്രയാക്കിയ ഒരു സ്ത്രീ ബൈത്തുൽ മുഖദ്ദസിന്റെ ചാരെ ജീവിച്ചിരുന്നു. റജബ് മാസം ആഗതമായാൽ പന്ത്രണ്ട് സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്യൽ ആ മഹതിയുടെ പതിവായിരുന്നു. മാത്രമല്ല പ്രസ്തുത മാസത്തെ ആദരിച്ചു കൊണ്ട് റജബിൽ അവർ ധരിക്കുന്ന വസ്ത്രവും വളരെ താഴ്ന്നതായിരുന്നു. അങ്ങനെ ആ സ്ത്രീക്ക് റജബ് മാസത്തിൽ മരണരോഗം ബാധിച്ചപ്പോൾ തന്റെ പുത്രനോട്‌ ഇങ്ങനെ വസിയ്യത്ത് ചെയ്തു : ഞാൻ മരണപ്പെട്ടാൽ നീ ഒരിക്കലും മുന്തിയ വസ്ത്രത്തിൽ എന്നെ കഫൻ ചെയ്യരുത്, വളരെ താഴ്ന്ന വസ്ത്രത്തിൽ മാത്രം ചെയ്യുക. അങ്ങനെ ആ മഹതി വിശുദ്ധ റജബിൽ അല്ലാഹുവിലേക്ക് മടങ്ങി. ആ സ്ത്രീയുടെ മകൻ ഉമ്മയുടെ വസിയ്യത്ത് വിസ്മരിച്ചില്ലെങ്കിലും അവൻ നല്ലത് കരുതി കൊണ്ട് മുന്തിയ വസ്ത്രത്തിൽ തന്നെ കഫൻ ചെയ്തു. പിന്നീട് മകൻ ഉറങ്ങുന്ന സന്ദർഭത്തിൽ മാതാവ് സ്വപ്നത്തിൽ വന്നു കൊണ്ട് ആ മഹതിയുടെ അതൃപ്തി അറിയിച്ചു, ഇത് ശ്രവിച്ച ഉടനെ മകൻ പൊട്ടികരഞ്ഞു കൊണ്ട് ഉമ്മയുടെ ഖബർ സ്ഥിതി ചെയ്യുന്ന മഖ്ബറയിൽ പോയപ്പോൾ ഉമ്മയുടെ ഖബറിൽ ഉമ്മയെ കാണുന്നില്ലായിരുന്നു.ഇത് കണ്ട് വെപ്രാളത്തിൽ നിൽക്കുന്ന മകൻ ഇങ്ങനെ ഒരു അശരീരി കേട്ടു.വല്ലവനും നമ്മുടെ മാസമായ റജബിനെ ആദരിച്ചാൽ അവനെ നാം ഖബറിൽ ഏകാന്തനാക്കുയില്ല എന്ന് നീ അറിഞ്ഞില്ലേ. റജബിനെ വരവേൽക്കുന്നതിലെ അതിപ്രാധാന്യവും അതിനെ ആദരിക്കുന്നതിലെ അതിശ്രേഷ്ഠതയും ഈ ചരിത്രത്തിലൂടെ നമുക്ക് സുഗ്രാഹ്യമാണ്. ശൈഖ് ജീലാനി (റ) പറയുന്നു: ഒരു വര്‍ഷം ഒരു മരം പോലെയാണ്. വര്‍ഷമാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം. തുടര്‍ന്ന് ഫലങ്ങള്‍ ഉണ്ടാകുന്ന മാസമാണ് ശഅ്ബാന്‍, റമദാന്‍ വിളയെടുക്കുന്ന മാസവുമാണ്. ശഅ്ബാനില്‍ തുടങ്ങിയ പ്രയത്‌നങ്ങളുടെ വിളവെടുപ്പാണ് റമദാന്‍ മാസം. തൗബ ചെയ്യാനും പാപമോചനം തേടാനും അടിമകള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ്മാസം. റജബ് മാസം ഒട്ടനവധി പൊലിമകളുടെ ഓർമകൾ കൂടിയാണ്. അബ്ബാസ് (റ) മുആവിയ(റ) ഇമാം ഷാഫിഈ (റ) ഇമാം അബു ഹനീഫ (റ) ഇമാം മുസ്ലിം (റ) ഇമാം തുർമുദി (റ) ഇമാം നവവി (റ)ഇബ്നു ഹജർ ഹൈതമി (റ) ഖാജ മുഈനുദ്ധീൻ ചിഷ്തി (റ) തുടങ്ങിയ അനവധി മഹത്തുക്കൾ പരലോകം പുൽകിയത് റജബ് മാസത്തിലാണ്.

 *ഇസ്റാഉം മിഅറാജും* 
റജബ് മാസത്തെ പ്രശോഭിപിതമാക്കുന്ന ഒരു സുപ്രധാന സംഭവമാണ് ഇസ്റാഉം മിഅറാജും. ലോകത്ത് ആഗതമായ ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം വരുന്ന പ്രവാചക ശ്രംഖലക്ക് അസാധ്യമായ റബ്ബിന്റെ തിരുദർശനം അന്ത്യദൂതൽ മുഹമ്മദ്‌ (സ) ക്ക് ലഭിച്ച അനർഘ നിമിഷം, അല്ലാഹു നമുക്ക് സ്നേഹസമ്മാനമായി അഞ്ചുവഖ്‌ത് നിസ്കാരം നിർബന്ധമാക്കിയ ചരിത്രദിനം. അനാഥനായ ഹബീബിന് സനാഥത്വം കനിഞ്ഞ അബൂതാലിബിന്റെയും ഖദീജ ബീവിയുടെയും വിയോഗം കൊണ്ടും താഇഫിൽ അനുഭവിച്ച യാതനകൾ കൊണ്ടും തിരുനബിയുടെ ഹൃദയം നൊന്ത സന്ദർഭം, അതായത് ആമുൽ ഹുസ്ൻ (ദുഃഖവർഷം) എന്ന് ചരിത്രം രേഖപ്പെടുത്തിയ വർഷം. വേദനകളുടെ കൈപ്പുനീരുകള്‍ അനുഭവിച്ച പ്രവാചകന്റെ മുന്നിൽ സ്വാന്തനത്തിന്റെയും ആത്മധൈര്യത്തിന്റെയും സമാശ്വാസം വർഷിക്കലായിരുന്നു യഥാർത്ഥത്തിൽ ഇസ്റാഉം മിഅറാജും. പ്രവാചകത്വത്തിന്‍റെ പതിനൊന്നാം വര്‍ഷം, റജബ് മാസം 27-ാം രാവ്, തിങ്കളാഴ്ച ദിവസമാണ് ഈ അത്ഭുത സംഭവത്തിന് സാക്ഷ്യം വഹിച്ചത്.തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് നിശായാപ്രയാണം നടത്തിയവൻ എത്ര പരിശുദ്ധന്‍! എന്ന വിശുദ്ധ ഖുർആനിന്റെ സൂറത്തുൽ ഇസ്റാഇന്റെ പ്രാരംഭത്തിലെ പരാമർശം വളരെ ശ്രദ്ധേയമാണ്. പ്രസ്തുത സൂക്തത്തിലെ അബ്ദ് എന്ന പ്രയോഗം നബിയുടെ യാത്ര മനസ്സും ശരീരവും ഉൾക്കൊണ്ടതായി പണ്ഡിതന്മാർ സൂചിപ്പിക്കുന്നു. മക്കയിൽ നിന്ന് മൈലുകൾ താണ്ടി ഫലസ്തീനിലെ ബൈത്തുൽ മുഖദ്ധസിലേക്കുള്ള യാത്രയെ ഇസ്റാഅ (നിഷാപ്രയാണം) എന്നും തുടർന്ന് വാനലോകത്തേക്കുള്ള യാത്രയെ മിഅറാജ് (ആകാശരോഹണം) എന്നും പറയപ്പെടുന്നു. ബുറാഖിലാണ് നബി (സ) യാത്ര ആരംഭിക്കുന്നത് അത് ഒരു വെളുത്ത മൃഗമാണ്, കഴുതയെക്കാൾ വലിയതും കോവർ കഴുതയെക്കാൾ ചെറിയതുമായ ഒരു മൃഗം.അതിന്റെ നോട്ടം എത്തുന്നിടത്തെല്ലാം അതിന്റെ കാല്‍പാദങ്ങളും എത്തും. അങ്ങനെ റസൂൽ അതിൻ മേൽ കയറി ബൈത്തുല്‍ മുഖദ്ദസിൽ എത്തി. നബിമാര്‍ അവരുടെ മൃഗങ്ങളെ കെട്ടുന്ന ഭാഗത്ത് ബുറാഖിനെ ബന്ധിച്ചു. പിന്നീട് അവിടെ നിന്ന് രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം പുറപ്പെട്ടു. അപ്പോൾ ജിബ്‌രീൽ രണ്ട് പാത്രങ്ങൾ നബിയുടെ അടുക്കൽ കൊണ്ടുവന്നു പാലും മദ്യവും തിരുനബി (സ)പാൽ തിരഞ്ഞെടുത്തു അപ്പോൾ ജിബ്‌രീൽ (അ) പറഞ്ഞു : താങ്കൾ ശരി തിരഞ്ഞെടുത്തു. പിന്നീട് നബി തങ്ങൾ ഒന്നാം വാനലോകത്തേക്ക് ആനയിക്കപ്പെടുകയാണ്. ഇവിടെയാണ് മിഅറാജിന്റെ പ്രാരംഭം. ഓരോ ആകാശത്തിലും നബി തങ്ങൾ വിവിധ പ്രവാചകന്മാരെ കണ്ടുമുട്ടി. ഒന്നാം വാനലോകത്ത് ആദം നബിയും രണ്ടില്‍ ഈസാ, യഹ്യ (അ) എന്നിവരും മൂന്നാം ആകാശത്തിൽ യൂസുഫ് (അ)ഉം നാലാമത്തത്തിൽ ഇദ്രീസ് (അ)ഉം അഞ്ചാം വാനത്തിൽ ഹാറൂന്‍ നബി (അ)ഉം ആറാം ആകാശത്തില്‍ മൂസാ നബി(അ)ഉം അവസാനമായി ഇബ്റാഹിം നബി(അ)ഉം തിരുനബി (സ) യെ വരവേറ്റു. തുടർന്ന് തിരുനബി സിദ്റത്തുൽ മുൻതഹായും ബൈത്തുൽ മഅമൂറും തുടങ്ങി അനവധി അത്ഭുതങ്ങൾ ദർശിച്ചു. ശേഷം ജിബ്‌രീറിന്റെ അനുവാദമേഖലകൾ അവസാനിച്ചു ഇനി മുത്തുനബിയുടെ ഏകാന്ത യാത്ര! ഇവിടെയാണ് ഇതര പ്രവാചകന്മാർക്ക് പോലും സാധിക്കാത്ത അല്ലാഹുവിന്റെ തിരുദർശനം എന്ന സൗഭാഗ്യം മുത്തുനബി അനുഭവിക്കുന്നത്. യാത്ര തിരിക്കുമ്പോൾ ലഭിച്ച പാരിദോഷികമാണ് നാം പ്രവർത്തിക്കുന്ന അഞ്ചുവഖ്ത് നിസ്കാരം. അത്ഭുതചരിത്രം അബൂബക്കർ സിദ്ധീഖ് തങ്ങളുൾപ്പെടെ അനവധി സ്വാഹബാക്കൾ വിശ്വസിച്ചു. മറ്റുചിലർ അവിശ്വസിച്ചു ചിലർക്ക് മതഭ്രഷ്ട് വരെ സംഭവിച്ചു. മസ്ജിദുൽ അഖ്സ മുമ്പ് കണ്ടവർ അതിന്റെ വിശേഷണങ്ങൾ മുഖേന നബിയെ ചോദ്യം ചെയ്തു : അല്ലാഹു നബി (സ)ക്ക് ഇതെല്ലാം പ്രത്യക്ഷപ്പെടുത്തികൊടുത്തു.രണ്ട് മാസം വൈദൂരമുള്ള ബൈത്തുൽ മുഖദ്ദസിലേക്ക് ഒരു രാത്രി കൊണ്ട് പോയി എന്നത് ചിലർക്ക് വിശ്വസിക്കൽ പ്രയാസമായി. എന്നാൽ യഥാർത്ഥ വിശ്വാസികൾക്ക് അത് നിഷ്പ്രയാസം സാധിച്ചു. കൃത്യമായും പ്രമാണബന്ധമാണ് ഇസ്റാഉം മിഅറാജും വിശുദ്ധ ഖുർആനും തിരുസുന്നത്തും പണ്ഡിത ഏകോപനവും ഇതിലുണ്ട്.നാല്പത്തി അഞ്ചോളം സ്വഹാബികൾ ഈ വിഷയത്തിൽ ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

 *റജബും അനുഷ്ഠാനങ്ങളും*
ഒരു മാസത്തിന് കൂടുതൽ പവിത്ര കല്പ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ ദിനരാത്രങ്ങൾ പരമാവധി ആരാധന ധന്യമാക്കണമെന്നാണർത്ഥം. ഈ മാസം മുഴുവൻ നോമ്പനുഷ്ഠിക്കൽ പ്രത്യേകം സുന്നത്തുള്ളതായി ഇമാം ഇബ്നുഹജർ തങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. റജബ് മാസത്തിൽ പ്രത്യേക നിസ്കാരം ഇല്ല, അത്പോലെ റജബിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിൽ ഇശാ - മഗ്‌രിബിനിടയിലെ പന്ത്രണ്ട് റകഅത്ത് നിസ്കാരവും പ്രമാണബദ്ധമല്ല.ഇത് മോശമായ ബിദ്അത്താണെന്ന് ഇബ്നുഹജർ തങ്ങൾ തുഹ്ഫയിൽ പരാമർശിച്ചത് കാണാം.

*മിഅറാജ് നോമ്പും പ്രാമാണികതയും*
റജബ് മാസം ഇരുപത്തി ഏഴിന് അഥവാ മിഅറാജ് ദിനം പ്രത്യേക നോമ്പാനുഷ്ഠിക്കൽ നമ്മിൽ നിത്യമാണ്. ഇത് വളരെ ശ്രേഷ്ഠവും പുണ്യവുമാണ്.ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസ്സാലി അവിടുത്തെ ഇഹ്യയിൽ രേഖപ്പെടുത്തുന്നു : അബൂഹുറൈറ (റ) ല്‍ നിന്ന് നിവേദനം നബി (സ)പറയുന്നു : റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തതുല്യമാണ്. റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പനുഷ്ഠിച്ചും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നുവെന്ന് ഗൗസുൽ അഅളം അവിടുത്തെ ഗുൻയത്തിൽ രേഖപ്പെടുത്തിയതായി കാണാം. കൂടാതെ മറ്റു കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്തുത നോമ്പിന് പ്രേരണ ഉണ്ട്.മാത്രമല്ല അയ്യാമു സൂദിൽ നോമ്പനുഷ്ഠിക്കൽ പ്രത്യേക സുന്നത്തുണ്ട്. 

 *റജബും പ്രത്യേക പ്രാർത്ഥനയും*
അനസ് (റ) പറയുന്നു : റജബ് മാസം ആഗതമായാൽ തിരുനബി ഇങ്ങനെ പ്രാർത്ഥിക്കൽ പതിവായിരുന്നു. അല്ലാഹുവേ റജബിലും ശഅബാനിലും നീ ഞങ്ങൾക്ക് ബറകത് ചൊരിയേണമേ, റമളാനിലേക്ക് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യണേ. പ്രസ്തുത പ്രാർത്ഥന നമ്മുടെ നാടുകളിലും പതിവാണ്.റജബ് എന്നത് മുൻസരിഫ് ആയി അഥവാ ദുആയിൽ റജബിൻ എന്ന് പറയലാണ് അഭികാമ്യം എന്നാൽ റജബ എന്നായാലും തെറ്റില്ല. ഇമാം ഇബ്നു സുന്നിയുടെ അമലുൽ യൗമിവല്ലൈലയിൽ ഉദ്ധരിക്കപ്പെട്ട ഹദീസിൽ ശഹ്റ റമളാൻ എന്നുള്ളത് കൊണ്ട് ശഹ്റോട് കൂടെയും മറിച്ചും പ്രാർത്ഥനയിൽ കൊണ്ട് വരാം. ശഅബാനിൽ പ്രവേശിച്ചാൽ റജബ് എന്നത് ദുആയിൽ നിന്ന് കളയേണ്ടതില്ല, അങ്ങനെ തുടരുന്നതിൽ അർത്ഥശൂന്യതയില്ല, ഹദീസിന്റെ പദങ്ങളെ അക്ഷരം പ്രതി പിൻപറ്റലാണ് അഭികാമ്യം

            അല്ലാഹുവിന്റെ മാസമായ റജബ് നമ്മിലേക്ക്‌ ആഗതമാവുമ്പോൾ ഓരോ വിശ്വാസിയുടെയും മനന്ത്വരങ്ങളിൽ അനുപൂതി നിറയണം. റമളാനിലെ സുകൃതങ്ങളെ കൊയ്യാൻ വിശ്വാസി ഹൃദയങ്ങൾ സജ്ജമാവുന്നത് റജബിലൂടെയും ശഅബാനിലൂടെയുമാണ്. ആത്മീയാനന്ദത്തിൻ്റെ വിശുദ്ധ റമളാനിൽ ധാനത്തിനും ധ്യാനത്തിനും ധർമ്മത്തിനും കർമ്മത്തിനും സഹനത്തിനും സേവനത്തിനും തുടങ്ങി അഖില കർമ്മങ്ങൾക്കും നമ്മുടെ മനസ്സും ദേഹവും സജ്ജമാവണമെങ്കിൽ റജബെന്ന പടിവാതിൽ പ്രശോഭിക്കേണ്ടതുണ്ട്.