അബൂബക്കർ സ്വിദ്ദീഖ്(റ) സ്വഹാബത്തിൽ ഏറ്റവും വലിയ അറിവിന്റെ ഗോപുരം
✒️ഇഖ്ബാൽ റഹ്‌മാനി കാമിച്ചേരി
പുണ്യ നബി(സ)ക്ക് ശേഷം ലോകാടിസ്ഥാനത്തിൽ ഏറ്റവും ഉൽകൃഷ്ടനായ വ്യക്തി സ്വിദ്ധീഖ് (റ) ആണ്.
ഒരിക്കൽ നബി(സ) മിമ്പറിൽ കയറി ജനങ്ങളോട് പറഞ്ഞു. “തീർച്ചയായും അല്ലാഹു അവന്റെ അടിമക്ക് ഇഹലോകത്തിന്റേയും പരലോകത്തിന്റേയും ഇടയിലുള്ളത് തിരഞ്ഞെടുക്കുവാൻ അനുവാദം നൽകിയിരിക്കുന്നു. ആ അടിമ അല്ലാഹുവിന്റെ അടുക്കൽ ഉള്ളത് തിരഞ്ഞെടുത്തിരിക്കുന്നു”. ഇതു കേട്ട് കാര്യം മനസ്സിലാക്കിയ സ്വിദ്ധീഖ് (റ) കരഞ്ഞു. സ്വിദ്ധീഖ് (റ)ന്റെ കരച്ചലും സംസാരവും കേട്ട ജനങ്ങൾ അത്ഭുതപ്പെട്ടു. പുണ്യ നബി(സ) പറഞ്ഞു. “അബൂബക്കറേ(റ) കരയരുത്. ആളുകളിൽ നിന്നും എനിക്ക് ഏറ്റവും ഉപകാരപ്പെട്ടത് അബൂബക്കറിന്റെ(റ) സഹവാസവും സമ്പത്തുമാണ്”. പുണ്യ നബി(സ) പറഞ്ഞതിന്റെ പൊരുൾ മറ്റാർക്കും മനസിലായിരുന്നില്ല. അബൂ സഈദുൽ ഉദ് രി(റ) പറയുന്നു. പുണ്യ നബി(സ) കുറിച്ച് ഞങ്ങളിൽ ഏറ്റവും വിവരമുള്ളവർ സ്വിദ്ധീഖ് (റ)ആയിരുന്നു. സ്വിദ്ധീഖ് (റ)ന്റെ സമ്പത്തിനേക്കാൾ ഉപകാരപ്പെട്ട അത്ര മറ്റൊരാളുടെയും ധനം എനിക്ക് ഉപകരിച്ചിട്ടില്ലെന്ന് സ്വിദ്ധീഖ് (റ)നെ കുറിച്ച് പുണ്യ നബി(സ) സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
സ്വിദ്ദീഖ് (റ) ന്റെ അറിവ്
പുണ്യനബി(സ)യുടെ വഫാത്തിന് ശേഷം സക്കാത്ത് നിഷേധികൾ രംഗപ്രവേശം ചെയ്തു. അവരെ നേരിടാൻ സ്വിദ്ദീഖ് (റ) തീരുമാനിച്ചു. ഉമർ (റ) ഒന്നാം ഖലീഫയെ നിരുത്സാഹപ്പെടുത്തി.
ശഹാദത്ത് കലിമ ഉരുവിട്ടവരെ നാം എങ്ങനെ നേരിടും?. സ്വിദ്ദീഖ് (റ) പറഞ്ഞു: “അല്ലാഹുവാണ് സത്യം. നിസ്കാരത്തിന്റേയും സക്കാത്തിന്റേയും ഇടയിൽ ആരാണ് വേർതിരിക്കുന്നത്. റസൂലി (സ) ന് സക്കാത്ത് കൊടുത്തവരാണെങ്കിൽ ഒട്ടകത്തിന്റെ കയറാണ് തടയുന്നതെങ്കിലും അവരോട് ഞാൻ യുദ്ധം ചെയ്യും”. അപ്പോൾ ഉമർ (റ) പറഞ്ഞു: ഈ കാര്യം സ്വിദ്ദീഖി (റ) നാണ് അല്ലാഹു തുറന്നു കൊടുത്തത്”. സക്കാത്ത് സമ്പത്തിന്റെ അവകാശമാണ്. നിസ്കാരം നിഷേധിക്കാൻ പറ്റാത്ത കാര്യവുമാണ്. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സ്വിദ്ദീഖ്(റ) ആണ് ഏറ്റവും അറിവുള്ളവരുന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു.
നബി(സ)യുടെ കാലഘട്ടത്തിൽ ആരാണ് ജനങ്ങൾക്ക് ഫത്‌വ കൊടുക്കാറ് എന്ന ചോദ്യത്തിന് അബൂബക്കറും ഉമറും ആണെന്നാണ് ഇബ്നു ഉമർ നൽകിയ മറുപടി.
സ്വഹാബാക്കൾക്ക് ഇമാമത്ത് നിൽക്കാൻ നബി (സ) സ്വിദ്ദീഖി(റ) നേയാണ് നിർണയിച്ചത്. അതുകൊണ്ടുതന്നെ സ്വിദ്ദീഖ് (റ) ആണ് ഏറ്റവും അറിവുള്ളവരെന്ന് ഇബ്നു കസീർ (റ) രേഖപ്പെടുത്തിയിട്ടുണ്ട്.
ഖുർആനിലും ഹദീസിലും ഏറ്റവും പരിജ്ഞാനം ഉള്ളവരും സ്വിദ്ദീഖ് (റ) തന്നെയാണ്. പ്രവാചകത്വം മുതൽ വഫാത്ത് വരെ പുണ്യ നബി(സ) യുടെ സന്തതസഹചാരിയായിരുന്നല്ലോ സ്വിദ്ദീഖ് (റ) എന്നവർ.
അറബികളുടെ കുടുംബ പരമ്പരയെ കുറിച്ചും സ്വപ്ന വ്യാഖ്യാനങ്ങളെക്കുറിച്ചും നന്നായി അറിയുന്നവരാണ് സ്വിദ്ദീഖ് (റ). ഹുദൈബിയ സന്ധിയിലെ സ്വിദ്ദീഖ് (റ)ന്റെ സമചിത്തതയോടെയുള്ള പെരുമാറ്റം സ്വിദ്ദീഖ് (റ) തന്നെയാണ് സ്വഹാബാക്കളിൽ അറിവും പ്രാപ്തിയുമുള്ളവർ എന്ന് വ്യക്തമാക്കുന്നു. ബുദ്ധിയിലും അഭിപ്രായ നിർവ്വഹണത്തിലും സ്വിദ്ദീഖ് (റ) തന്നെയാണ് കേമൻ.
പുണ്യ നബി(സ) പറയുന്നു. “ഒരു കൂട്ടുകാരനെ സ്വീകരിക്കുകയാണെങ്കിൽ അബൂബക്കറിനെ(റ) ആക്കുമായിരുന്നു”. പുണ്യ നബിക്ക് ശേഷം ഖലീഫ ആകേണ്ടത് സ്വിദ്ധീഖ് (റ) ആണെന്ന സൂചന പുണ്യ നബി(സ) തന്നെ നൽകിയിട്ടുണ്ട്. ഒരു എഴുത്ത് എഴുതി വെക്കാൻ രോഗാവസ്ഥയിൽ പിതാവ് അബൂബക്കറി(റ)നെയും സഹോദരനെയും വിളിക്കാൻ ആയിഷാ ബീവിയോട് പുണ്യനബി ആവശ്യപ്പെട്ടന്നുണ്ട്.
പുണ്യ നബിയുടെ അടുക്കൽ ഒരു സ്ത്രീ ഒരാവശ്യത്തിന് വേണ്ടി വന്നു. പുണ്യ നബി പിന്നീട് വരാൻ ആവശ്യപ്പെട്ടു. ഞാൻ അങ്ങയെ എത്തിച്ചിട്ടില്ലങ്കിലോ?. പുണ്യ നബി പറഞ്ഞു അബൂബക്കറി(റ)ന്റെ അടുക്കലേക്ക് ചെല്ലുക. പുണ്യ നബിയുടെ ശേഷം സ്വിദ്ധീഖ് (റ) ആണ് ഖലീഫ ആകേണ്ടത് എന്നതിലേക്കാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.
പുരുഷന്മാരിൽ നിന്ന് പുണ്യ നബിക്ക് ഏറ്റവും പ്രിയപ്പെട്ടത് സ്വിദ്ധീഖ് (റ) ആണ്. ഇബ്നു ഉമർ (റ) പറയുന്നു. “ഞങ്ങളുടെ കാലഘട്ടത്തിൽ സ്വിദ്ധീഖ് (റ)നോട് കിടപിടിക്കുന്ന ഒരാളുമുണ്ടായിരുന്നില്ല. അബൂബക്കർ(റ) നമ്മുടെ നേതാവാണ്. ഞങ്ങളിൽ ഏറ്റവും ഉത്തമമായവരാണ്. പുണ്യ നബിക്ക് ഏറ്റവും പ്രിയപ്പെട്ടവരുമാണ്”. പുണ്യ നബിയുടെ ഹിജ്റയിൽ കൂടെ പോയ, സൗറു ഗുഹയിലെ പുണ്യനബി(സ)യുടെ കൂട്ടുകാരനാണ് സ്വിദ്ധീഖ് (റ). ഹൗളിൽ കൗസറിന്റെ അടുക്കലിലെ കൂട്ടുകാരനുമാണ്. സ്വിദ്ധീഖ് (റ)സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പ്രമുഖരിൽ ഒരാളുമാണ്. പുണ്യ നബി(സ)യുടെ ഉമ്മത്തിൽ നിന്ന് ആദ്യം സ്വർഗത്തിൽ പ്രവേശിക്കുന്നതും സ്വിദ്ധീഖ്(റ) ആണ്.
ത്യാഗപൂർണ്ണമായ ഹിജ്റക്കിടയിൽ സൗർ ഗുഹയിൽ കയറി ഇരിക്കുകയും, പുണ്യ നബി(സ) ക്ക് ഉറങ്ങാൻ മടിവെച്ചു കൊടുക്കുകയും, അതിനിടയിൽ പാമ്പ് കടി സ്വീകരിച്ച് മഹാ ത്യാഗം ചെയ്തവരുമാണ് സ്വിദ്ധീഖ്(റ). സർവ്വ മനുഷ്യരുടേ ഈമാൻ സ്വിദ്ധീഖ്(റ)ന്റെ ഈമാനുമായി തൂക്കപ്പെടുകയാണെങ്കിൽ മഹാനവർകളുടെ ഈമാനിനാണ് ഏറ്റവും കനം ഉണ്ടാവുക.
സ്വിദ്ധീഖ്(റ) ആണ് ആണുങ്ങളിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചതും അത്ഭുതകരമായ ഇസ്റാഅ് മിഅ്റാജ് കൊണ്ട് സംശയമന്യേ കേൾക്കേണ്ട താമസം വിശ്വാസിച്ചതും. ഒട്ടനവധി ആളുകളെ ഇസ്ലാമിന്റെ മനോഹര തീരത്ത് എത്തിക്കുകയും മഹാനായ ബിലാൽ (റ) ഉൾപ്പെടെ ഏഴ് അടിമകളെ വിലകൊടുത്തു വാങ്ങി സ്വതന്ത്രരാക്കുകയും ചെയ്തു. ഓരോ സെക്കന്റിലും പുണ്യ നബിയുടേയും ഇസ്ലാമിന്റേയും കൂടെ നിന്ന മഹാ മനീഷിയാണ് അബൂബക്കർ സിദ്ധീഖ്(റ).
ഇങ്ങനെ നിരവധി അനവധി മഹത്വ വിശേഷണങ്ങൾ കൊണ്ട് തിളങ്ങുന്ന സ്വിദ്ധീഖ്(റ) അല്ലാതെ മറ്റാരാണ് ഒന്നാം ഖലീഫ ആകാൻ അർഹൻ. ഒരു സ്വഹാബത്തിന്റേയും സ്ഥാനവും അമലും ഇൽമും അളക്കാൻ ഒരാൾക്കും അർഹതയില്ല.
ചില സ്വഹാബത്തിന്റെ അധിക മഹത്വവും പവിത്രതയും പുണ്യനബി(സ) പറഞ്ഞുവെച്ചിട്ടുണ്ട്. അത് പറയുകയെന്നല്ലാതെ താരതമ്യം ചെയ്യാൻ എന്തധികാരമാണുള്ളത്. തൊണ്ട പൊട്ടി പ്രഭാഷണം നടത്തുന്നവരും അതിശയോക്തി കലർത്തി വർണ്ണിച്ച് എഴുതുന്നവരും ഇസ്‌ലാമിന്റെ വിഷയങ്ങൾ ജനങ്ങളിലേക്കിട്ടു കൊടുക്കുമ്പോൾ അതിന്റെ ശരി വശങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തൽ അനിവാര്യമാണ്. പുണ്യനബി(സ) യുടെ ഓരോ സ്വഹാബത്തും ആകാശത്തിലെ നക്ഷത്ര തുല്യരാണ്. “എന്റെ സ്വഹാബാക്കൾ നക്ഷത്ര തുല്യരാണ്. അവരിൽ ആരെ നിങ്ങൾ പിന്തുടർന്നാലും നിങ്ങൾ സന്മാർഗം പ്രാപിക്കുന്നതാണ്”.
അവലംബം: മിഷ്കാത്ത്, താരീഖുൽ ഖുലഫാഅ്
Post a Comment