ഒന്നര_നൂറ്റാണ്ട്_മുമ്പുള്ള_ഖാസി_ലിസ്റ്റ് പുറത്ത് - ആരായിരുന്നു കേരളത്തിലെ ഖാസിമാർ എന്ന് കാണാം


     
 1881 ൽ ഗവൺമെന്റ് പ്രസിദ്ധീകരിച്ച ഏറനാട് താലൂക്കിലെ പ്രധാനപ്പെട്ട ആറ് ആസ്ഥാന പള്ളികളിലെ ഖാസി ലിസ്റ്റാണിത്.കോഴിക്കോട് സ്റ്റേറ്റ് റീജിയണൽ ആർകേവ്സിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.
ഒന്നര നൂറ്റാണ്ട് മുമ്പ് കേരളത്തിൽ മതസംഘടനകളൊന്നും നിലവിൽ വരാത്ത കാലത്ത് നമ്മുടെ പ്രദേശങ്ങളുടെ മതനേതൃത്വം വഹിച്ച പണ്ഡിതന്മാരുടെ പേരു വിവരങ്ങൾ ഇതിൽ കാണാം.
   ഒന്നാമത്തെ കോളത്തിൽ പള്ളികളുടെയും ഖാസിമാരുടെയും പേരുകൾ ,രണ്ടാമത്തെ കോളത്തിൽ അവരുടെ അധികാരപരിധിയിൽ പെട്ട അംശങ്ങളും ദേശങ്ങളും, മൂന്നാമത്തെ കോളത്തിൽ പ്രധാനപ്പെട്ട ഏതാനും നാട്ടുപ്രമാണിമാരുടെ പേരുകളും കാണാം. മഖ്ദൂം കുടുംബമായ മുസ്ലിയാരകത്ത്, ഒറ്റകത്ത് കുടുംബത്തിലെ പണ്ഡിതന്മാരാണ് ഇതിൽ കൂടുതലായും ഖാസിമാരായി കാണുന്നത്.

 പള്ളികളുടെയും ഖാസിമാരുടെയും പേരുകൾ താഴെ ചേർക്കുന്നു.ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത് അധികാരപരിധികൾ.

 മഞ്ചേരി പയ്യനാട് പള്ളി
〰️〰️〰️〰️〰️〰️〰️〰️〰️〰️
#മുസ്ലിയാരകത്ത്_കുഞ്ഞമ്മു_മുസ്ലിയാർ( പയ്യനാട്, എളങ്കൂർ,മഞ്ചേരി ഇരുമ്പുഴി, പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, വണ്ടൂർ, പോരൂർ അംശങ്ങൾ)

എടവണ്ണ പള്ളി-
〰️〰️〰️〰️〰️〰️〰️
#മുസ്ലിയാരകത്ത്_അബ്ദുൽ_അസീസ്_മുസ്ലിയാർ ( തിരുവാലി,കാരക്കുന്ന് നിലമ്പൂർ അംശങ്ങൾ)

മമ്പാട് പള്ളി
〰️〰️〰️〰️〰️
#സയ്യിദ്_അബ്ദുൽ_ഖാദർ_അഹദലി_തങ്ങൾ.( മമ്പാട് അംശം)

കൊണ്ടോട്ടി പഴയങ്ങാടി പള്ളി
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
#പൊന്നാനി_വലിയ_ബാവ_മുസ്ലിയാർ ( കൊളത്തൂർ, കരിപ്പൂർ,ചെറുകാവ്, കുഴിമണ്ണ,പുളിയക്കോട്, നെടിയിരുപ്പ്, ഒളകര അംശങ്ങളും ചീക്കോട് അംശത്തിൽ ഒമാനൂർ ദേശവും, അരിമ്പ്ര അംശത്തിൽ മൊറയൂർ,അരിമ്പ്ര ദേശങ്ങളും )

കൊണ്ടോട്ടി തക്കിയക്കൽ പള്ളി-
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
#മുസ്ലിയാരകത്ത്_അഹ്മദ്_മുസ്ലിയാർ( കൊളത്തൂർ, നെടിയിരുപ്പ്, അരിമ്പ്ര, പുളിയക്കോട്, വള്ളുവമ്പ്രം, ചെങ്ങര, തൃക്കലങ്ങോട്,എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി,വണ്ടൂർ,നിലമ്പൂർ,മമ്പാട്, തിരുവാലി, കാരക്കുന്ന്, കാവനൂർ ഊർങ്ങാട്ടിരി,ഇരിവേറ്റി, ചീക്കോട്, മപ്രം,ചെറുകാവ്,ചേലേമ്പ്ര,കരിപ്പൂര്, കുഴിമണ്ണ അംശങ്ങൾ)

അരീക്കോട് പള്ളി
〰️〰️〰️〰️〰️〰️〰️
#മുസ്ലിയാരകത്ത്_സൈനുദ്ദീൻ_കുട്ടി_മുസ്ലിയാർ ( ഇരിവേറ്റി അംശത്തിൽ ഇരിവേറ്റി,ഊർങ്ങാട്ടിരി, കാവനൂര്, ചെങ്ങര,മപ്രം, ചീക്കോട് ദേശങ്ങൾ)

 മലപ്പുറം ജുമുഅത്ത് പള്ളി
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️ #ഒറ്റകത്ത്_കുഞ്ഞിമമ്മദ്_മുസ്ലിയാർ( കീഴ്മുറി, മേൽമുറി, പൊന്മള അംശങ്ങളും, വള്ളുവമ്പ്രം അംശത്തിൽ പുല്ലാനൂർ,മുതിരിപ്പറമ്പ്, വെള്ളൂർ,വീമ്പൂര്, പൂക്കോട്ടൂർ, വള്ളുവമ്പ്രം ദേശങ്ങളും അരിമ്പ്ര അംശത്തിൽ അറവങ്കരദേശവും ഇരുമ്പുഴി അംശത്തിൽ ഇരുമ്പുഴി പാപ്പിനിപ്പാറ ദേശങ്ങളും)

 കോട്ടക്കൽ പാലപ്പുറ പള്ളി
〰️〰️〰️〰️〰️〰️〰️〰️〰️〰️
#ഒറ്റകത്ത്_ബീരാവുണ്ണി_മുസ്ലിയാർ( കോട്ടക്കൽ, ഇന്ത്യനൂർ,പുത്തൂർ അംശങ്ങൾ )

 നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ പ്രദേശത്തെ മിക്ക പള്ളികളിലും ആദ്യകാല ഖാസിമാർ മഖ്ദൂം കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. ആസ്ഥാന പള്ളികൾക്ക് പുറമേ പ്രാദേശികമായ പള്ളികളിലും നൂറ്റാണ്ടുകളോളം ആ ഖാസി പരമ്പര തുടർന്നു പോന്നു. 
ബ്രിട്ടീഷ് ഭരണ കാലത്ത് പോലും മുസ്ലിംഗളുടെ മതപരവും സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നതും മുസ്ലീങ്ങൾക്കിടയിൽ ഉണ്ടാകുന്ന വഴക്കുകൾക്കും സ്വത്തു തർക്കങ്ങൾക്കും സിവിൽ ക്രിമിനൽ കേസുകളിലും വിധി കൽപ്പിച്ചിരുന്നതും പള്ളിയിലെ ഖാസിമാരായിരുന്നു. അതിനുള്ള അധികാര അവകാശങ്ങൾ പ്രാദേശിക ഭരണകൂടം അവർക്ക് നൽകിയിരുന്നു.
'പള്ളിയിൽ പോയി പറയുക' എന്ന പ്രയോഗം തന്നെ അതിനെ തുടർന്ന് ഉണ്ടായതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇന്ത്യയിൽ മുഹമ്മദൻ ലോ നടപ്പിലായതോടെ മുസ്ലീങ്ങളുടെ അനന്തരാവകാശം, വിവാഹമോചനം, വഖഫ്, സിവിൽ ക്രിമിനൽ കേസുകൾ മുതലായ വിഷയങ്ങൾ ഖാസിമാരിൽ നിന്ന് ഒഴിവാക്കി കോടതിയിലേക്ക് മാറ്റുകയാണുണ്ടായത്. അതോടെ ഖാസിമാരുടെ അധികാരം ഇല്ലാതായി. മാസം ഉറപ്പിക്കൽ,നിക്കാഹ് കഴിപ്പിക്കൽ തുടങ്ങിയ ഉത്തരവാദിത്വത്തിൽ മാത്രം പരിമിതപ്പെട്ടു. ഖാസിമാരുടെ അധികാരപദവികൾ കുറച്ചുകൊണ്ട് 1880ല്‍ ഗവൺമെന്റ് ഖാസി ആക്ട് നിലവിൽ കൊണ്ടുവന്നു.എങ്കിൽപോലും ഖാസിമാരുടെ വിധികൾക്ക് മഹല്ലുകളിൽ വലിയ അംഗീകാരവും സ്വീകാര്യതയും കൽപ്പിച്ചു പോന്നിരുന്നു. പലപ്പോഴും കോടതികളിൽ എത്തേണ്ട കുടുംബ പ്രശ്നങ്ങളും മറ്റു തർക്കങ്ങളും ഖാസിയുടെ ഇടപെടലിലൂടെ പരിഹാരം കണ്ടിരുന്നു. ഖാസിമാർ എന്ന നിലയിൽ അവരുടെ തീരുമാനങ്ങളും നിർദ്ദേശങ്ങളും മുസ്ലിം സമുദായത്തിന് ഒഴിച്ചുകൂടാനാവാത്തതായിരുന്നു . മഹല്ലുകളിലെ പൊതുവിഷയങ്ങളിൽ അന്തിമ തീരുമാനം ഖാസിയുടേത് തന്നെയായിരുന്നു.

 ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുസ്ലിം കേരള പരിസരം മതപരമായും സാംസ്കാരികമായും പുതിയ തലങ്ങൾ കീഴടക്കി. പല പ്രദേശങ്ങളിലും തുടർന്ന് പോന്നിരുന്ന ഖാസി പരമ്പരക്ക് പിന്നീട് പല കാരണങ്ങളാലും പിന്തുടർച്ച നഷ്ടപ്പെട്ടു.കേരളത്തിൽ മതസംഘടനകൾ ആവിർഭവിക്കുന്നത് ഈ കാലയളവിലാണ്.ആദ്യം സഭകളായും പിന്നീട് സംഘങ്ങളായും ശേഷം മതസംഘടനകളായും കേരളീയ മുസ്ലിംകൂട്ടായ്മ വികസിച്ചതായി കാണാം . സാമുദായിക രംഗത്തുണ്ടായ വൈജ്ഞാനികവും സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങളും സംഘടനാ ബോധവും കൂടുതൽ ക്രിയാത്മകവും സജീവവുമായ മതസംഘടനകളുടെ നേതൃത്വത്തിന് അത് വഴിയൊരുക്കി.

കടപ്പാട്