വഖഫ് ഭൂമി വിറ്റ് തുലക്കുന്നു.. കുറ്റക്കാരെ പിടികൂടുന്നതിന് ഇവിടെ വ്യവസ്ഥകളില്ലേ!. ?
വഖഫ് ഭൂമി വിറ്റ് തുലക്കുന്നു
മുസ്ലിം സമുദായത്തിലെ സൂക്ഷ്മാലുക്കളായ ആളുകൾ അവരുടെ പരലോക ഗുണം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് പൊതുസേവനം എന്ന നിലയിലോ, ഏതെങ്കിലും പ്രത്യേക സൽകർമ്മങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള സഹായം എന്ന നിലയിലോ സ്ഥായിയായ രൂപത്തിൽ നൽകുന്ന ദാനങ്ങൾക്കാണ് വഖഫ് എന്ന് പറയുന്നത്. ലോകത്തുടനീളം ഇത്തരം വഖഫ് സ്വത്തുക്കൾ ധാരാളമുണ്ട്. ഇവയൊക്കെ നന്മകൾക്കു വേണ്ടി ധാരാളമായി ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്ത് ഇത്തരം സ്വത്തുക്കൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഗവൺമെൻറ് തലത്തിലുണ്ട്. അതിനെയാണ് വഖഫ് ബോർഡ് എന്ന് വിളിക്കുന്നത്. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്തു വരുന്നവരുടെ താല്പര്യക്കുറവ് കൊണ്ടോ മറ്റോ നല്ലൊരു ഭാഗം വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. കാലാകാലങ്ങളിലായി മാറിമാറി വരുന്ന വകുപ്പ്, ബോർഡ് അധികാരികൾ പലപ്പോഴും അനാസ്ഥ കാണിച്ചോ, തെറ്റായ നടപടിക്രമങ്ങളും നിയമങ്ങളും ഉണ്ടാക്കിയോ, പിന്തുടരുകയോ ചെയ്തുകൊണ്ടോ, വഖഫ്സ്വത്തുക്കൾ തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെട്ട രംഗങ്ങളും, സംരക്ഷിക്കപ്പെടാതിരുന്ന അവസ്ഥളും ഉണ്ടായിട്ടുണ്ട്. ഒരിക്കലും കൈമാറ്റം ചെയ്യപ്പെടാനോ, വഖഫ് ചെയ്ത ആളുടെ വഖഫുമായി ബന്ധപ്പെട്ട താല്പര്യത്തിന് വിരുദ്ധമായി ഉപയോഗിക്കാനോ പാടില്ലാത്ത സ്വത്തുക്കളാണവ.
ഫാറൂഖ് കോളേജിന്നായി ചില മഹത്തുക്കളായ മുൻഗാമികൾ വെച്ചിട്ടുള്ള 400 ഓളം ഏക്കർ വഖഫ് ഭൂമി വിറ്റു തുലച്ച അവസ്ഥ നാം കേൾക്കാൻ ഇട വന്നിരിക്കുന്നു. ഇത്തരം കുറ്റക്കാരെ പിടികൂടുന്നതിന് ഇവിടെ വ്യവസ്ഥകളില്ലേ!.
പൊതു സ്വത്തുക്കൾ കൊള്ളയടിക്കുന്ന വരെ നിലക്കുനിർത്താൻ ഇവിടെ ആളുകളില്ലേ!. ഇത്തരക്കാരെ പിടികൂടി അവരിൽനിന്ന് വഖഫ് സ്വത്തുക്കൾക്കുണ്ടായ നഷ്ടങ്ങൾ ഈടാക്കുന്നതിന് എന്തുകൊണ്ട് അമാന്തം കാണിക്കുന്നു!. ഈ അവസ്ഥ തുടർന്നാൽ ഇവിടെയുളള പല വഖഫ് സ്വത്തുക്കളും അന്യാധീനപ്പെടാൻ കാരണമായേക്കില്ലേ!. സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ടേ പറ്റൂ!.
പൊതുജനം ജാഗരൂകരായിരിക്കൽ അനിവാര്യവുമാണ്.
Post a Comment