ചേറൂർ എം എം ബഷീർ മുസ്ലിയാർ
സയ്യിദ് ജിഫ്രി തങ്ങൾ ചേരൂർ
സമസ്തയുടെ കമ്പ്യൂട്ടർ എന്നറിയപ്പെട്ടിരുന്ന പ്രതിഭാശാലിയും വിദ്യാഭ്യാസവിചക്ഷണനുമായിരുന്നു ചേറൂർ എം എം ബഷീർ മുസ്ലിയാർ. ബശീറിയൻ ദീനി വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൂടെ വളർന്ന പല സ്ഥാപനങ്ങൾക്കും അദ്ദേഹത്തിൻറെ ടാർജറ്റുകളെ എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ആ ആശയങ്ങളിൽ നിന്ന് ബഹുദൂരം അകലെ പോകുകയും ചെയ്തിരിക്കുന്നെന്ന് പറയാതെ വയ്യ. ആ മഹാന്റെ പ്രവർത്തന ശൈലിക്കും അതൊട്ടും ഇടിവുതട്ടിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ രീതികൾ എന്നും ഉയർന്നുനിൽക്കുന്നു എന്ന് മാത്രമാണ് നമുക്ക് ഈ ദൂര പോക്കിൽ നിന്ന് മനസ്സിലാക്കാനാവുക.
ബിദഈ പ്രസ്ഥാനക്കാരെ ശക്തിയുക്തം നേരിട്ട ബശീർ മുസ്‌ലിയാർ ആ രംഗത്തും തന്റേതായ ചര്യകൾ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചു. അവരുടെ വായടപ്പിക്കുന്നതായിരുന്നു ആ ആശയസംവേദനങ്ങൾ.
1958ൽ തിരൂരങ്ങാടി താലൂക്ക് സുന്നി യുവജന സംഘം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംഘടനയുടെ നേതൃരംഗത്ത് ഉയരാൻ തുടങ്ങുന്നത്. 960ൽ മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വെറും 30 വയസ്സ് മാത്രമാണ് പ്രായം. 1977 മലപ്പുറത്ത് വെച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സമസ്ത ജില്ലാ സമ്മേളനം സമസ്തയുടെ പ്രവർത്തനരംഗത്ത് പുതിയ വാതിലുകൾ തുറക്കുകയായിരുന്നു. അത്രക്കും മികവുറ്റതായിരുന്നു ആ സമ്മേളനത്തിന്റെ സംഘാടന രീതി. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടന്ന ഉലമാ ഉമറാ സംഗമങ്ങളാണ് സുന്നി മഹല്ല് ഫെഡറേഷന് രൂപം നൽകുന്നത്. 1987ൽ കുറ്റിപ്പുറത്ത് നടന്ന ജില്ലാ സമ്മേളനം രോഗാതുരനായ ബഷീർ മുസ്ലിയാരുടെ നേതൃത്വത്തിലായിരുന്നു. സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പ്രബന്ധങ്ങളും പ്രമേയങ്ങളും അദ്ദേഹത്തെ വായിച്ചു കേൾപ്പിച്ചതായി മർഹൂം പിപി മുഹമ്മദ് ഫൈസി അയവിറക്കുന്നു. സമ്മേളന നഗരിയിൽ വന്നു. എന്നാൽ വാഹനത്തിൽ നിന്ന് ഇറങ്ങാൻ കഴിയാതെ നഗരിയുടെ പുരോഗതി വിലയിരുത്തി മടങ്ങുകയായിരുന്നു. സമ്മേളനം കഴിഞ്ഞ് നാല് ദിവസത്തിനു ശേഷം വഫാത്താവുകയും ചെയ്തു.
മരണം വരെ സമസ്ത പ്രവർത്തത്തിൽ അദ്ദേഹത്തിൽ മുഴുകിയ ചേറൂർ എംഎം ബശീർ മുസ്‌ലിയാരുടെ അമലുകൾ കൊണ്ട് അല്ലാഹു ഈ സമുദായത്തിന് വഴികാട്ടട്ടെ.... ആമീൻ!
Post a Comment