വഖ്ഫ്: എന്ത് എന്തിന്? ഇസ്ലാമിക നിയമങ്ങൾ പഠിക്കാം മനസ്സിലാക്കാം..


വഖ്ഫ് എന്ത് ? എന്തിന് ? 

---------------------------------

നിർത്തുക , തടഞ്ഞുവെക്കുക  എന്നൊക്കെയാണ് 

വഖ്ഫിന്റെ ഭാഷ അർത്ഥമെങ്കിലും

വഖ്ഫ് ചെയ്യപ്പെടുന്ന വസ്തുവിൻ്റെ ഗുണഫലങ്ങൾ സഹജീവികൾക്ക് ഉപകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഒരു കാര്യം വഖ്ഫ് ചെയ്യുന്നത്.

സഹജീവികളിലെ ക്ഷേമം ഉറപ്പാക്കി അല്ലാഹുവിൻ്റെ തൃപ്തി കരസ്ഥമാക്കുകയാണ് ഇതിലെ പ്രധാന ലക്ഷ്യം.

" നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക " (സൂറത്ത് യാസീന്‍). 

സമ്പത്ത് ലഭിക്കപ്പെട്ടവര്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് പങ്കുവെക്കണം എന്ന വലിയ ഒരു ആശയം ഈ ഖുർആനിക വചനം നൽകുന്നു. സാമൂഹിക ക്ഷേമത്തിനുള്ള ഏറ്റവും മികച്ച ജനകീയ പദ്ധതി കൂടെയാണ് ഇസ്‌ലാമിലെ വഖ്ഫ്.

സാമ്പത്തിക സഹായങ്ങൾ ആവശ്യമായി വരുന്ന എല്ലാ മേഖലകളിലും ഈ സമ്പ്രദായം കാണാൻ സാധിക്കും .

പള്ളികൾ, പാഠശാലകൾ , റോഡ് -പാലം തുടങ്ങിയ യാത്ര സൗകര്യങ്ങൾ, വിവാഹ സഹായങ്ങൾ, ജലസൗകര്യം, മൃഗസംരക്ഷണം, വസ്ത്ര വിതരണം, ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങിയവ അവയിൽ ചിലത് മാത്രം.

യഥാർത്ഥത്തിൽ പരസ്പരം ഉപകാരപ്പെടുന്ന തരത്തിലുള്ള ഏത് കാര്യവും പ്രതിഫലാർഹമാണല്ലോ ആയതിനാൽ തന്നെ വഖ്ഫിലെ സാധ്യതകളും വളരെ വിശാലമാണ്. പ്രവാചകർ (സ്വ) തങ്ങളുടെ കാലം മുതൽ തന്നെ വഖ്ഫ് സംവിധാനങ്ങൾ ഏറെ സുലഭമായ രീതിയിൽ നടന്നിരുന്നു.

സാമൂഹിക പുരോഗതിയില്‍ ഏറെ പങ്കുവഹിച്ച വഖ്ഫ് സമ്പ്രദായത്തിന് തുടക്കമിട്ടത് പ്രവാചകര്‍ മുഹമ്മദ് നബി(സ്വ) തന്നെയാണ്. 

അവിടുത്തെ ചില അനുയായികള്‍ ദാനം നല്‍കിയ തോട്ടങ്ങള്‍ പാവങ്ങളായ സ്വഹാബികൾക്ക് വേണ്ടി നബി(സ്വ) വഖ്ഫ് ചെയ്തു. 

ഈ വഖ്ഫിൻ്റെ വരുമാനം മദീനയിലെ പാവപ്പെട്ടവർക്ക് വേണ്ടി മാറ്റിവെക്കാനുള്ളതായിരുന്നു.

ഈ മഹത്തായ ഒരു ആശയത്തെ പിൽക്കാലത്ത് പലരും മാതൃകയാക്കി വിവിധ സംവിധാനങ്ങൾ ഏർപ്പെടുത്തിയുരുന്നെന്നും അഭിപ്രായങ്ങളുണ്ട്. 

ഉസ്മാനിയ ഭരണ കാലത്തെ വഖ്‌ഫ് രീതികൾ കണ്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ പാശ്ചാത്യർ അവ പകർത്തുകയായിരുന്നുവെന്നും അതിന് അവർ 

' സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസ് ' എന്ന് പേരിട്ട് പ്രചരിപ്പിച്ചിരുന്നതായും കാണാം.

പൊതുനന്മ ലക്ഷ്യം വച്ച് കെട്ടിടങ്ങളും വസ്തുവകകളും സ്വത്തുക്കളും നീക്കിവയ്ക്കുന്ന രീതി ഫറോവമാരുടെ കാലത്ത് ഈജിപ്തിലും പുരാതന ഗ്രീക്കിലും പിന്നീട് റോമൻ സാമ്രാജ്യത്തിലും നിലവിലുണ്ടായതായി ചരിത്രം വ്യക്തമാക്കുന്നു. പ്രധാനമായും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം സമ്പ്രദായങ്ങൾ ഉണ്ടായിരുന്നത്. 

പുരാതന അറബ് സമൂഹത്തിലും ഇത്തരം രീതികൾ കണ്ടെത്തിയിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നേർച്ചകളും വഴിപാടുകളും സൂക്ഷിച്ച് അവയുടെ വരുമാനം ഭക്തർക്ക് ലഭ്യമാക്കുന്ന തരത്തിലാണ് കാര്യങ്ങൾ നടന്നിരുന്നത്. കഅബയുടെ പുതപ്പ് മാറ്റുക, അറ്റകുറ്റപണികൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ ഇത്തരം കൂട്ടായ്‌മയിലൂടെ നടന്നിരുന്നു. ആദ്യമായി കഅബയ്ക്ക് വസ്ത്രം അണിയിക്കുകയും വഖ്ഫ് സ്വത്ത് നിശ്ചയിക്കുകയും ചെയ്തത് അസ്അദ് അബൂ കുറൈബ് എന്ന ഹിംയർ രാജാവായിരുന്നുവത്രെ. 

പാശ്ചാത്യൻ സമൂഹത്തിലും വിവിധ തരത്തിൽ ഇത്തരം സാമൂഹിക സംഘങ്ങൾ ഉണ്ടായി. ഫ്രഞ്ച് അധിനിവേശം വരെ അത് തുടർന്നു. ആധുനിക കാലഘട്ടത്തിൽ ജർമനിയിൽ വഖ്ഫിന് സമാനമായ ധനകാര്യ ഗ്രൂപ്പുകൾ അവയുടെ വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നീക്കിവയ്ക്കുന്ന പതിവും ഉണ്ടായിരുന്നു.(https://awqafshj.gov.ae)

ഏത് കാലഘട്ടത്തിലും പദ്ധതികളിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടായി എങ്കിലും ലക്ഷ്യം ഒന്നു തന്നെയായിരുന്നു.


ഇസ്ലാമിക വീക്ഷണങ്ങൾ :

------------------------------

വഖ്ഫ് വിഷയത്തിൽ ഇസ്‌ലാം ഏറെ പ്രോത്സാഹനം നൽകിയിട്ടുണ്ട്.

ഭൂമി, തോട്ടം, കെട്ടിടം, ഫലവൃക്ഷങ്ങൾ,കിണർ, യുദ്ധോപകരണങ്ങൾ, അഗതി മന്ദിരം, ആരാധനാലയം എന്നിവയെല്ലാം നബി(സ്വ)യും അനുചരന്മാരും വഖഫ് ചെയ്തിട്ടുണ്ട്. 

വഖ്ഫ് എന്ന പേരിൽ ഖുർആനിൽ കൃത്യമായി വിശേഷിപ്പിച്ചിട്ടില്ലെങ്കിലും ദാനധർമത്തെ വളരെയേറെ പ്രോത്സാഹിപ്പിക്കുന്ന നിരവധി വചനങ്ങൾ കാണാം. 

'"നിങ്ങൾ വിലമതിക്കുന്നതിൽ ചിലത് ദാനം ചെയ്യുന്നതുവരെ നിങ്ങൾക്ക് ഒരിക്കലും പുണ്യം നേടാനാവില്ല."  (ആൽ- ഇംറാൻ 92) 

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'ബൈറൂഹാ' എന്ന ഏറെ പ്രശസ്തമായ ഈത്തപ്പനത്തോട്ടം അല്ലാഹുവിൻ്റെ മാർഗത്തിൽ വഖ്ഫ് ചെയ്യാൻ അബൂത്വൽഹ (റ ) വിനെ പ്രേരിപ്പിച്ചത് ഈ വിശുദ്ധ വചനമായിരുന്നു.

പ്രവാചക കാലത്തെ വഖ്ഫ് സമ്പ്രദായങ്ങളിൽ പള്ളികളും തോട്ടങ്ങളുമായിരുന്നു കാര്യമായി ഉണ്ടായിരുന്നത്. 

" മനുഷ്യൻ മരണപ്പെട്ടാൽ മുന്നു കാര്യങ്ങളല്ലാത്ത അവന്റെ എല്ലാ പ്രവർത്തനങ്ങളും അറ്റുപോകും. 

ജാരിയായ സ്വദഖ (അഥവാ തുടർന്ന് പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്നത്) , ഉപകാരപ്രദമായ അറിവ് , തനിക്കുവേണ്ടി പ്രാർഥിക്കുന്ന സന്താനം " (മുസ്‌ലിം). 

വഖ്ഫിൻ്റെ പ്രാധാന്യത്തെ അറിയിക്കുന്നതിലേക്കാണ് ഈ വചനം വെളിച്ചം നൽകുന്നത്.

സാധാരണ ദാനങ്ങൾ അപ്പോഴുള്ള ആവശ്യങ്ങൾക്ക് ഉപകാരപ്പെടുകയും അതിന്റെ പ്രയോജനം അതോടെ അവസാനിക്കുകയും ചെയ്യുമ്പോൾ ജാരിയായ സ്വദഖയുടെ പ്രതിഫലം തുടർന്നു ലഭിച്ചുകൊണ്ടേയിരിക്കും.

പ്രവാചക ജീവിതത്തിലൂടെ ഇത്തരം പാഠങ്ങൾ നേടിയെടുത്ത  ഉമര്‍(റ) തന്റെ ഖൈബറിലെ ഭൂമി സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കായി വഖ്ഫ് ചെയ്തു.

ഇതിൻ്റെ തുടർച്ചയെന്നോണം അബൂബക്കര്‍ സിദ്ദീഖ്(റ), ഉസ്മാന്‍(റ), അലി(റ), തുടങ്ങിയവരെല്ലാം ഇതേ വഴി പിന്തുടര്‍ന്നു. 

ജാബിര്‍(റ) പറയുന്നു: " പ്രവാചക അനുചരന്മാരിൽ നിന്ന് കഴിവുള്ളവരാരും വഖ്ഫ് ചെയ്യാതിരുന്നിട്ടില്ല. " 

മസ്‌ജിദുകൾ, ഖുർആൻ കേന്ദ്രങ്ങൾ, പാഠശാലകൾ, 

ഹജ്ജ് - ഉംറകൾ തുടങ്ങിയ തീർത്ഥാടനങ്ങൾക്കും തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന സൗകര്യങ്ങൾ, വൈജ്ഞാനിക രംഗത്തുള്ളവർക്ക് ഉപകാരപ്രദമായ സഹായ കേന്ദ്രങ്ങൾ, പൊതു വിദ്യാലയങ്ങൾ, ഗ്രന്ഥശാലകൾ,  പ്രസ്സുകൾ, പ്രസാധന കേന്ദ്രങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ആശുപത്രികൾ, യാത്രക്കാരുടെ സത്രങ്ങൾ (മുസാഫിർ ഖാനകൾ), തോട്ടങ്ങൾ, ആംബുലൻസുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, പാലങ്ങൾ, കിണറുകൾ, തടാകങ്ങൾ, കായലുകൾ, കനാലുകൾ, വൈദ്യുത കേന്ദ്രങ്ങൾ, അനാഥ-അഗതി മന്ദിരങ്ങൾ തുടങ്ങി മനുഷ്യ ജീവിതത്തിൽ ഉപകരിക്കുന്നതെന്തും വഖ്ഫിന്റെ പട്ടികയിൽ ഉൾപ്പെടുത്താം.

പ്രവാചക കാലഘട്ടം മുതൽ മുസ്‌ലിം ഭരണത്തിൻ്റെ സുവർണ കാലങ്ങളിലടക്കം വിവിധ പ്രദേശങ്ങളിൽ ഇവയിൽ പലതും പ്രയോഗത്തിൽ വരുത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്.

തുടർന്നിങ്ങോട്ടും വഖ്ഫ് സംബന്ധമായ വിഷങ്ങൾ വളരെ ഗൗരവത്തോടെ തന്നെയാണ് പരിഗണിക്കപ്പെട്ടിരുന്നത്.

അതിൻ്റെ ഭാഗമായാണ് മദ്റസാ സിലബസുകളിൽ കർമ്മശാസ്ത്ര ഭാഗത്ത്  വഖ്ഫ് വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതും.


നിയമ വ്യവസ്ഥകൾ :

-------------------------

ഏതൊരു സംവിധാനങ്ങൾക്കുമുള്ള പോലെ വഖ്ഫിനും ഇസ്‌ലാമിൽ നിബന്ധനകളും നിയമങ്ങളും ബാധകമാണ്.

കർമ്മശാസ്ത്രപരമായി നാല് പ്രധാനമാണ് നിബന്ധനകളാണ് വഖ്ഫിലുള്ളത്.

1) വഖഫ് ചെയ്യുന്ന ആൾ

2)ആർക്കാണോ വഖ്ഫ് ചെയ്യുന്നത് ആ വ്യക്തിയോ, വ്യക്തികളോ, കേന്ദ്രങ്ങളോ. 

3) വഖ്ഫ് ചെയ്യപ്പെടുന്ന വസ്തു.

4) വഖ്ഫ് ഉറപ്പിക്കുന്ന വചനം. 

ഇവയിൽ ഓരോ ഘടകവും പ്രത്യേക നിബന്ധനകൾക്ക് വിധേയമാണ്. വഖ്ഫ് ചെയ്യുന്ന വ്യക്തി ആ വസ്തുവിൽ ഉടമസ്ഥാകാശവും ക്രയവിക്രയാവകാശവുമുള്ള, പ്രായപൂർത്തിയും ബുദ്ധിയുമുള്ള ആളായിരിക്കണം.

അത് പോലെ വഖ്ഫ് ചെയ്യപ്പെടുന്നയാൾ നിർണിത വ്യക്തിയാണെങ്കിൽ അയാൾ അന്നേരം തന്നെ അത് പ്രയോജനപ്പെടുത്താൻ കഴിയുന്ന നിലയിലായിരിക്കണം. ( ഗർഭസ്ഥ ശിശുവിനോ മറ്റോ വഖ്ഫ് ചെയ്താൽ അത് സാധുവാകില്ലെന്ന് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.) അപ്രകാരം വഖ്ഫ് ചെയ്യപ്പെടുന്ന വസ്‌തു ഉടനടി പ്രാബല്യത്തിൽ ഉപയോഗിക്കാനാവുന്ന വിധമുള്ളതാവണം. ഭാവിയിൽ നിർമിക്കാൻ പോകുന്ന കെട്ടിടം ഇപ്പോൾ വഖ്ഫ് ചെയ്യാൻ പറ്റില്ല എന്ന് സാരം.

വഖ്ഫ് ചെയ്യപ്പെടുന്ന വസ്‌തു മറ്റുള്ളവർക്ക് ഉടമപ്പെടുത്താൻ പറ്റുന്നതും അതിന്റെ മൂല വസ്തു നിലനിർത്തി ഫലം മാത്രം പ്രയോജനപ്പെടുത്താൻ പറ്റുന്നതുമാകണം. 

ഉപയോഗിച്ചാൽ തീർന്നു പോകുന്ന ഭക്ഷ്യവസ്തുക്കളോ പഴങ്ങളോ വഖ്ഫ് ചെയ്യാനാവില്ല. 

എന്നാൽ മരം , തോട്ടം , വയൽ തുടങ്ങിയവ വഖ്‌ഫ് ചെയ്ത് അതിലെ ഫലങ്ങളോ കായ്കനികളോ കാർഷികോൽപ്പന്നങ്ങളോ പ്രയോജനപ്പെടുത്താവുന്നതാണ്. 

മറ്റൊരു കാര്യം വഖ്ഫ് ചെയ്യപ്പെടുന്ന വസ്തുവിന് ഒരു വർഷത്തേക്കെന്നോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലെന്നോ കാലാവധി നിശ്ചയിച്ച് വഖ്ഫ് ചെയ്യാനാവില്ല.

കൂടാതെ ഈ വഖ്ഫ് ഒരു ക്രയവിക്രയ രീതിയായതിനാൽ ആരാധനാകർമങ്ങൾ പോലെ മനസിൽ കരുതിയാൽ പോരാ, മറിച്ച് തന്റെ ഉദ്ദേശ്യം വ്യക്തമാകും വിധം വാക്കാലോ സൂചനാ പരമായോ അറിയിക്കൽ നിർബന്ധമാണ്. 

ചില പണ്ഡിതർ വഖ്ഫ് ചെയ്തുവെന്ന് തെളിയിക്കുന്ന പ്രവർത്തിയിലൂടെ ഒരു വസ്‌തു വഖ്ഫ് സ്വത്തായി തീരുമെന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇമാം ശാഫിഈ (റ) അടക്കമുള്ള പ്രമുഖ പണ്ഡിതർ വാക്ക് കൊണ്ടേ അത് സ്ഥിരപ്പെടൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അപ്രകാരം തന്നെ വഖ്ഫ് ചെയ്യപ്പെട്ട വസ്തു വഖ്ഫ് ചെയ്ത ആൾക്കോ മറ്റാർക്കെങ്കിലുമോ വിൽക്കാനോ അനന്തര സ്വത്തായി എടുക്കാനോ ദാനം ചെയ്യാനോ പാടില്ല.

മൂല വസ്തു അല്ലാഹുവിൻ്റെ പേരിൽ നിക്ഷേപിച്ചു അതിന്റെ ഗുണഫലം അവൻ്റെ സൃഷ്ടികളിൽ നിശ്ചിത വിഭാഗത്തിന് ലഭ്യമാക്കുന്ന പ്രക്രിയയായത് കൊണ്ട് തന്നെ പിന്നീട് മനുഷ്യ ക്രയവിക്രയങ്ങളിൽ അതിനെ സ്വന്തമാക്കുന്ന നില ഉണ്ടാവാൻ പാടില്ല . 

എന്നാൽ അതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിബന്ധനകൾ നിശ്ചയിക്കാൻ വാഖിഫിന് (വഖ്ഫ് ചെയ്യുന്ന ആൾ) അധികാരമുണ്ട്. അത് പക്ഷെ, മത പരമായി അനുവദിക്കപ്പെട്ട രീതിയിൽ ആയിരിക്കണമെന്ന് മാത്രം.