സുപ്രഭാതം October 21 2024
മുസ്‌ലിംകൾക്കിടയിൽ നിരാക്ഷേപം നടന്നുപോരുന്ന സൽകർമങ്ങളെ നിർമാർജനം ചെയ്യലാണ് വഹാബിസത്തിന്റെ ആത്യന്തിക ലക്ഷ്യം. ആത്മാവില്ലാത്ത കേവല ഭൗതിക ഇസ്‌ലാമിനെയാണ് അത് വിഭാവനം ചെയ്യുന്നത്. അതിനു വേണ്ടി അവർ ഇസ്‌ലാമിന്റെ ആത്മീയ പരിസരത്തെ നഖശിഖാന്തം എതിർക്കുന്നു. തവസ്സുൽ ഇസ്തിഗാസ വിരോധമൊക്കെ അതിന്റെ ഭാഗമാണ്.
കഴിഞ്ഞവാരം കേരളം സാക്ഷ്യംവഹിച്ചത് രണ്ട് സംവാദങ്ങൾക്കാണ്. ശനിയാഴ്ച നവനാസ്തിക നേതാവ് സി. രവിചന്ദ്രനുമായി എസ്.കെ.എസ്.എസ്.എഫ് മനീഷ സാരഥി ശുഐബുൽ ഹൈതമി 'ഇസ്‌ലാം, നാസ്തികത: യുക്തിസഹമേത്?' വിഷയത്തിൽ സംവദിച്ചു. അല്ലാഹുവിന്റെ ആസ്തിക്യത്തിന്റെ ബുദ്ധിപരത സമർഥിക്കാൻ ഹൈതമിയുടെ പ്രതിഭക്ക് സാധിച്ചു. പിറ്റേന്ന് ഞായറാഴ്ച മതത്തിനകത്തെ യുക്തിവാദമായ വഹാബിസത്തെ പിന്തുടരുന്ന കേരള നദ്‌വത്തുൽ മുജാഹിദീനുമായി എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ 'തവസ്സുൽ' വിഷയത്തിൽ സംവാദം നടത്തി. സുന്നികളുടെ വാദത്തെ കുറിച്ചോ വിഷയാവതരണത്തെ കുറിച്ചോ നേരാംവണ്ണം ഒരു ചോദ്യം ചോദിക്കുവാനോ, സുന്നികളുടെ വിഷയാസ്പദമായ എട്ട് ചോദ്യങ്ങൾക്ക് മറുപടി പറയാനോ എടവണ്ണ സംവാദത്തിൽ മുജാഹിദുകൾക്ക് സാധിച്ചില്ല.
രാഷ്ട്രീയ പരിസരത്തുനിന്ന് അനുചിതമായി പുറത്തുവന്ന തവസ്സുൽ സംബന്ധമായ ഒരു പരാമർശം പൊതുസമൂഹത്തിൽ വലിയ ചർച്ചയായി. മുജാഹിദ് ഗ്രൂപ്പുകൾ വിവിധ തലങ്ങളിൽ അതേകുറിച്ച് പ്രതികരണങ്ങൾ നടത്തി.
അവരുടെ നിർമിത തൗഹീദിനെ മുൻനിർത്തിയുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമായി. ഈ അവസരത്തിൽ എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ മുജാഹിദ് ഗ്രൂപ്പുകളെ നേരിട്ട് തവസ്സുൽ സംബന്ധിച്ച സംവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു.
അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ മഹാന്മാരെ ഇടയാളനാക്കൽ എന്നായിരുന്നു മുജാഹിദുകൾ കൈമാറിയ വിഷയം. "തവസ്സുൽ' എന്ന തലവാചകത്തിൽ ഇരുവിഭാഗവും വിഷയം രേഖപ്പെടുത്തുകയും ചെയ്തു. ദുആ അല്ലഹുവിനോടാണെന്ന് വിഷയത്തിൽ വ്യക്തം.
വിഷയത്തിൽ പ്രാർഥനയെ രണ്ടാക്കി വാദമെഴുതിയതാണ് മുജാഹിദുകൾക്ക് പറ്റിയ ആദ്യ അമളി. തവസ്സുലില്ലാത്ത നേരിട്ടുള്ള പ്രാർഥനയും തവസ്സുൽ സഹിതമുള്ള പ്രാർഥനയും. രണ്ടാമത്തേത് ഒന്നാമത്തേതിന് പകരവും അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടി നടത്തുന്ന ശിർക്കാണെന്നുമാണ് അവരുടെ വാദത്തിന്റെ ആകെത്തുക. മഹാന്മാരെയോ അവരുടെ ഹഖ്-ജാഹ്-ബറകത്തിനെയോ മുൻനിർത്തി അല്ലാഹുവിനോട് ദുആ ചെയ്യൽ കൊടിയ ശിർക്കാണെന്ന് മുജാഹിദിന്റെ മുൻകാല നേതാക്കൾ ഔദ്യോഗികമായി തന്നെ പലവുരു രേഖപ്പെടുത്തിയതാണ്. എടവണ്ണ സംവാദത്തിൽ പുതുതായി രൂപപ്പെട്ട വാദമല്ല അത്. അതുകൊണ്ടാണ് 'അല്ലാഹുവോനോടുള്ള ദുആ വേളയിൽ അവന്റെ ഇഷ്ടദാസന്മാരായ മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് ശിർക്കാണെന്നുള്ള മുജാഹിദ് വാദം ഇസ്‌ലാമിക വിരുദ്ധമാണെന്ന്' സുന്നികൾ വാദമെഴുതിയത്.
അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ തവസ്സുലിന്റെ (ഇടതേട്ടം) വിവിധ രീതികൾ മുസ്‌ലിംകൾ ഉപയോഗപ്പെടുത്താറുണ്ട്. മഹാന്മാരെയോ അവരുടെ ഹഖ്-ജാഹ്-ബറകത്തിനെയോ മുൻനിർത്തി ദുആ ചെയ്യൽ അതിൽ പെട്ടതാണ്. ഇതൊരിക്കലും അല്ലാഹുവിനോടുള്ള ദുആയ്ക്ക് പകരമല്ല. പകരമാണെന്ന അവരുടെ വാദം തനി അബദ്ധമായിരുന്നു. നേരെമറിച്ച് സ്വദഖകൾ, അമലുകൾ തുടങ്ങിയവ മുൻനിർത്തി അല്ലാഹുവിനോട് ദുആ ചെയ്യുന്നതുപോലെയാണ് ഇതും. സുന്നികളുടെ വിഷയാവതരണത്തിലൂടെ ഇതു തിരിച്ചറിഞ്ഞ മുജാഹിദുകൾ വ്യവസ്ഥയിലെഴുതിയ വാദത്തിൽ നിന്ന് ഒളിച്ചോടുന്നതാണ് സംവാദത്തിൽ കണ്ടത്.
പരിശുദ്ധ ഖുർആൻ 17:57 ന്റെ നേരർഥമായിരുന്നു സുന്നിവാദം. "അമ്പിയാക്കൾ തങ്ങളിൽ അല്ലാഹുവിലേക്ക് ഏറ്റവും അടുത്തവർ ആരെന്ന് നോക്കി അവരെ കൊണ്ട് തവസ്സുലാക്കി അല്ലാഹുവിലേക്ക് വസീലയെ തേടുന്നവരായി ദുആ ചെയ്യുന്നവരാണ്" എന്നത് ഖുർആൻ നേർക്കുനേരെ പറഞ്ഞതാണ്. സുന്നി വാദത്തിന്റെ നേർ പരിച്ഛേദം. ഈ ഖുർആനിക ആശയം ശിർക്കാണെന്ന് പറയുന്നതും സ്ഥാപിക്കുന്നതും ദീനിനോട് ചെയ്യുന്ന നിഷ്ഠൂരമായ അക്രമമാണ്.
മഹാന്മാരെ കൊണ്ടുള്ള തവസ്സുലിനെ അവരോട് ഇസ്തിഗാസ ചെയ്യുന്നതിലേക്ക് വഴിതിരിച്ചുവിടാനായിരുന്നു സംവാദത്തിൽ മുജാഹിദ് ശ്രമം. അത് വിലപ്പോയില്ല. എടവണ്ണ സംവാദത്തിൽ ഇസ്തിഗാസ വിഷയമല്ല. ഇസ്തിഗാസയെയും തവസ്സുലിനെയും രൂക്ഷമായി എതിർത്തിരുന്ന ഇബ്നു തൈമിയ അക്കാലത്തെ മഹാപണ്ഡിതന്മാരുടെ മുന്നിൽ ഇതുപോലെ കരണംമറിഞ്ഞത് ചരിത്രം രേഖപ്പെടുത്തിയതാണ്.
ഖുർആൻ അൽമാഇദ: 35ൽ 'വസീല'യെ തേടാൻ പറഞ്ഞത്, വരൾച്ചയുടെ വർഷത്തിൽ ഉമർ (റ) അബ്ബാസ് (റ) വിനെ കൊണ്ട് തവസ്സുൽ ചെയ്ത സംഭവം, ചെറുപ്പത്തിൽ നബി(സ്വ)യുടെ തിരുശരീരം ഉയർത്തി പിതാമഹൻ അബ്ദുൽ മുത്ത്വലിബ് മഴതേടിയതിനെ കുറിച്ച് പിതൃസഹോദരൻ അബൂത്വാലിബ് ആലപിച്ച പദ്യം നബി (സ്വ) അംഗീകരിച്ചത് (സ്വഹീഹുൽ ബുഖാരി 963, 964) തുടങ്ങിയ നിരവധി തെളിവുകൾ സുന്നിപക്ഷം സമർപ്പിച്ചു. അവയൊന്നിനെ പോലും ഖണ്ഡിക്കാൻ മുജാഹിദ് പക്ഷത്തിന് സാധിച്ചില്ല. 5:35 ൽ അല്ലാഹു തേടാൻ പറഞ്ഞ 'വസീല'യിൽ മഹാൻമാരും ഉൾപ്പെടുമെന്ന് സുന്നി പണ്ഡിതന്മാർ ഉദ്ധരിച്ചത് മുജാഹിദുകളുടെ സ്ഥിതി പരിതാപരമാക്കി. ദുആ കൊണ്ടുള്ള തവസ്സുലും തവസ്സുൽ കൊണ്ടുള്ള ദുആയും വേർതിരിച്ചു മനസ്സിലാക്കാൻ സംവാദം നിമിത്തമായി. അതോടെ നാസ്തികരുടെ അടവായ എതിരാളിയെ പരിഹസിക്കൽ മുജാഹിദ് അവതാരകരും ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്.
സുന്നിപക്ഷത്തിന്റെ എട്ടു ചോദ്യങ്ങൾ കുറിക്കുകൊള്ളുന്നതായിരുന്നു. വിവിധ തവസ്സുലുകൾ ഉയർത്തികാട്ടി അവ ഓരോന്നും ശിർക്കാണോ അല്ലേ എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെടുന്നതായിരുന്നു ചോദ്യങ്ങൾ. ആണെന്നും അല്ലെന്നും പറയാനാകാതെ മുജാഹിദുകൾ കുഴങ്ങി. ആണെന്ന് പറഞ്ഞാൽ മുജാഹിദ് സ്ഥാപകൻ കെ.എം മൗലവി അവ ശർഇൽ തർക്കമില്ലാത്ത വിധം മഹ്ബൂബാണെന്നും ആചാര്യൻ ഇബ്നു അബ്ദുൽ വഹാബ് അവ സുന്നത്താണെന്നും രേഖപ്പെടുത്തിയത് തിരിഞ്ഞുകുത്തും. അല്ലെന്ന് പറഞ്ഞാൽ കെ.എൻ.എം വിവിധ പ്രസിദ്ധീകരണങ്ങളിൽ ഔദ്യോഗികമായി അവ ശിർക്കാണെന്ന് പറഞ്ഞത് കീറാമുട്ടിയാകും!
മുജാഹിദ് വാദത്തിൽ രണ്ട് തവണ "പ്രാർഥന' പറഞ്ഞിരുന്നു. പ്രാർഥനയ്ക്ക് മുജാഹിദുകളുടെ പ്രമാണവിരുദ്ധമായ നവീന നിർവചനം സംവാദത്തിൽ ചോദ്യം ചെയ്യപ്പെട്ടു. നിർവചനത്തിന് തെളിവ് സമർപ്പിക്കാൻ മുജാഹിദുകൾക്കായില്ല.
മൂസാ നബി (അ) ബനൂഇസ്റാഈല്യരുമായി ശാമിലേക്ക് നാടുവിടുമ്പോൾ വഴിയിൽ ഇരുൾപരന്നു. നൈൽ നദീതീരത്തെ യൂസുഫ് നബി(അ)യുടെ ഖബ്ർ തുറന്നു ശരീരം കൂടെകൊണ്ടുപോകണമെന്ന് നിർദേശം വന്നു. ഖബ്റിന്റെ നിശ്ചിത സ്ഥാനം അറിയുന്ന ഏക വൃദ്ധവനിത, പ്രസ്തുത സ്ഥലം കാണിച്ചു കൊടുക്കണമെങ്കിൽ സ്വർഗത്തിൽ ഉന്നതസ്ഥാനം നൽകണമെന്ന് മൂസാനബിയോട് അപേക്ഷിച്ചു. മൂസാ നബി സ്വർഗത്തിലെ ഉന്നതസ്ഥാനം നൽകാമെന്ന് സമ്മതിച്ചു. ഈ സംഭവത്തെ കുറിച്ച് ഖുർആൻ 'ഹിദായത്ത്' എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ മുജാഹിദുകൾക്ക് ശിർക്കും! സ്വഹാബിയായ ഉസ്മാനു ബിൻ അബിൽ ആസ്വ് (റ) വിന്റെ ശരീരത്തിൽ പ്രവേശിച്ച "ഹയ്യും ഹാള്വിറും ഖാദിറു'മായ ശൈത്വാനോട് പുറത്തുപോകാൻ നബി (സ്വ) ആവശ്യപ്പെട്ടു. ഹൃദിസ്ഥമാക്കിയ ഖുർആൻ മറന്നുപോകുന്നതിനെ കുറിച്ച് ആ സ്വഹാബി നബി(സ്വ)യോട് ആവലാതിപ്പെട്ടിരുന്നു. മുജാഹിദ് നിർവചന പ്രകാരം ഇതു ശിർക്കാണ്. ഇതെക്കുറിച്ചും സുന്നിപക്ഷം ചോദ്യമുന്നയിച്ചു. മറുപടി നൽകാൻ കെ.എൻ.എമ്മിന് സാധിച്ചില്ല.
Post a Comment