സുന്നി മഹല്ല് ഫെഡറേഷൻ (SMF)



അല്ലാഹുവിൻ്റെ സഹായ ഹസ്‌തം ജമാഅത്തിൻ്റെ കൂടെയാണെന്നും ജമാഅത്തിൽ നിന്നും തെറിച്ചു നിൽക്കുന്നവൻ നരകത്തിൽ പതിക്കുമെന്നും ഇബ്നു‌ ഉമർ(റ)ൽ നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീസ് തുർമുദിയിലും,അല്ലാഹുവിന്റെ സഹായ ഹസ്ത‌ം ജമാഅത്തിൻ്റെ കൂടെയാണെന്നും ജമാഅത്തിൽ പിളർപ്പ് ഉണ്ടാക്കുന്നവന്റെ കൂടെ പിശാച് ചാടിക്കളിക്കുമെന്ന് നസാഇയിലും ഹദീസിൽ കാണാം.

4:58-ാം വചനത്തിൽ ജമാഅത്തിന് ഭരണീയരോടുള്ള ഉത്തരവാദിത്തങ്ങളും നീതി നിർവ്വഹണ കാര്യവും ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ഏത് സാഹ ചര്യത്തിലും ഇസ്‌ലാമിക ജീവിതത്തിന്നനിവാര്യമായ ഒരു സംവിധാനമാണ് ജമാഅത്ത്. നാലു മുസ്‌ലിംകൾ താമസിക്കുന്നിടത്ത് ഈ സംവിധാനം ഉണ്ടായേ മതിയാവൂ. കൂട്ടായ്മയിൽ കൂടെ മാത്രം നടക്കേണ്ട പല കാര്യങ്ങളും മുസ്ലിം സമുദായത്തിലുണ്ട്.

ഇസ്ലാമിക ഭരണകൂടത്തിന് കീഴിലുള്ള ഒരു രാജ്യത്ത് മഹല്ലുകൾ വില്ലേജുകളുടെ സ്ഥാനത്തായിരിക്കുമെന്ന് കാണാം. ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് ഒറ്റപ്പെട്ട കാര്യ നിർവഹണം നടത്തുന്ന മഹല്ല് ജമാഅത്തുകളെ കോർത്തിണക്കി ഏകീകരിപ്പിക്കാനുള്ള സംവിധാനം അനിവാര്യമാണ്.

ഉദാഹരണത്തിന് ഒരു മഹല്ലിൽ താമസിച്ചു മഹല്ലിലെ അംഗത്വമുള്ളയാൾ മറ്റൊരു മഹല്ലിലേക്ക് താമസം മാറ്റിയാൽ അയാളുടെ വിവരങ്ങളടങ്ങിയ ടി.സി. വാങ്ങി പുതിയ മഹല്ലിന് നൽകൽ, ഒരു മഹല്ലിൽ നിന്നും മറ്റൊരു മഹല്ലിലേക്ക് വിവാഹം നടത്താനുദ്ദേശിക്കുമ്പോൾ കൈമാറേണ്ട എൻ.ഒ. സി. പള്ളി, മദ്റസ തുടങ്ങി സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സ്ഥല മാറ്റവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രയാസങ്ങൾ ഇല്ലായ്മ ചെയ്യൽ, ജുമുഅ, ജമാഅത്ത്, മരണശേഷ ക്രിയകൾ,
വിവാഹം, അനുബന്ധ കാര്യങ്ങൾ, വിദ്യാഭ്യാസം, മസ്ലഹത്ത് തുടങ്ങി ഒട്ടനവധി കാര്യങ്ങൾക്ക് മഹല്ലുകളുടെ കൂട്ടായ്മ അനിവാര്യമാണ്.

ഒരു മഹല്ലിന് സാധ്യമാവാത്ത കാര്യങ്ങൾ പഞ്ചായത്തിലെയോ മണ്ഡലത്തിലെയോ ജില്ലയിലെയോ മഹല്ലുകളുടെ കൂട്ടായ്മക്ക് കഴിയുമെന്നത് തീർച്ചയുള്ള കാര്യമാണല്ലോ.എല്ലാ സംഗതികൾക്കും ഒരു ഐക്യ രൂപമുണ്ടാക്കാനും ആയത് ഒറ്റയടിക്ക് എല്ലായിടത്തും എത്തിക്കാനും നടപ്പാക്കാനും ഈ കൂട്ടായ്മ‌ വളരെ ഉപകരിക്കും. ഈ വക ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് സമസ്‌ത കേരള സുന്നി മഹല്ല് ഫെഡറേഷന് സമസ്ത രൂപം നൽകിയത്.

1967ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ തിരൂർ താലൂക്ക് ഘടകം താലൂക്കിലെ വടക്കൻ മേഖലയിലെ ഏഴു പഞ്ചായത്തുകൾ (ഇന്നത്തെ തിരൂരങ്ങാടി താലൂക്ക്) കേന്ദ്രീകരിച്ചു ഏകദിന കേമ്പും മേഖലാ സമ്മേളനവും ചെമ്മാട്ട് വെച്ച് നടത്താൻ തീരുമാനിച്ചു. സമ്മേളനത്തിന്റെയും കേസിന്റെയും തീരുമാനവുമായി അന്നത്തെ താലൂക്ക് സെക്രട്ടറി പി. ബീരാൻകുട്ടി മുസ്ലിയാർ ചെറുവണ്ണൂർ, ഭാരവാഹികളായിരുന്ന അന്നത്തെ ചെമ്മാട് മുദരിസ് കെ.വി. ശൈഖലി മുസ്ലിയാർ തെന്നല  മർഹൂം പി. കുഞ്ഞിമുസ്‌ലിയാർ മുന്നിയൂർ ഉസ്താദ് ഹൈദ്രോസ് മുസ്‌ലിയാർ, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവർ ചേറൂരിൽ ബശീർ മുസ്ലിയാരുടെ വീട്ടിലെത്തി.

സമ്മേളന സംബന്ധമായ ചർച്ചകളാരംഭിച്ചു. സമ്മേളനം മുഖേന നേടിയെടുക്കേണ്ട ലക്ഷ്യത്തെ സംബന്ധമായി ചർച്ച മേഖലയിലെ മഹല്ലത്തുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനായി ഒരു സംഘടന എന്ന ആശയത്തിലെത്തി. ചർച്ചകൾ പൂർണ്ണമായില്ല.കൂടുതൽ ചർച്ചക്കും ഉപദേശ നിർദ്ദേശങ്ങൾക്കുമായി പറങ്കിമൂച്ചിക്കലെ ശൈഖുനാ  ചാപ്പനങ്ങാടി ബാപ്പുമുസ്ലിയാരുടെ വസതിയിലെത്തി. ബശീർ മുസ്‌ലിയാരുടെ വരാന്തയിൽ നിന്ന്
ചർച്ച ശൈഖുനായുടെ വരാന്തയിലെത്തിയപ്പോൾ തീരുമാനമായി. ശൈഖുനാ ബാപ്പുമുസ്ലിയാർ പറഞ്ഞു. “മഹല്ലുകൾ കോർത്തിണക്കി കൊണ്ടുള്ള ഒരു സംഘടന മേഖലയിലും താലൂക്കിലും മാത്രം പോര. ജില്ലയിലും സ്റ്റേറ്റിലും വ്യാപിക്കണം. ഇന്ത്യ അടിസ്ഥാന ത്തിൽതന്നെ സംഘടന വളർത്തിയെടുക്കണം.'' അതോടെ സുന്നി മഹല്ല് ഫെഡറേഷന്റെ ആശയവുമായി നേതാക്കൾ രംഗത്തറിങ്ങി. ചെമ്മാട്ട് നടന്ന സമ്മേളനത്തോടെ തിരൂരങ്ങാടി മേഖല സുന്നി മഹല്ല് ഫെഡറേഷൻ നിലവിൽ വന്നു.

1976 ഏപ്രിൽ 26ന് ചെമ്മാട് ചേർന്ന തിരൂർ താലൂക്ക് വടക്കൻ മേഖലാ സമ്മേളനത്തിൽ വെച്ച് ഏഴ് പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന തിരൂരങ്ങാടി മേഖലാ എസ്.എം.എഫ് കമ്മിറ്റിയാണ് ആദ്യമായി നിലവിൽ വന്ന കമ്മിറ്റി. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ഉപദേശ നിർദ്ദേശ പ്രകാരം സി.എച്ച്. ഹൈദ്രസ് മുസ്‌ലിയാർ, എം.എം. ബശീർ മുസ‌ലിയാർ, ഡോ. യു. ബാപ്പുട്ടി ഹാജി തുടങ്ങിയ പ്രമുഖരുടെ ആലോചനയിൽ നിന്നും രൂപം കൊണ്ടതാണ് പ്രസ്തുത കമ്മിറ്റി.

ശൈഖുനായുടെയും ബശീർ മുസ്‌ലിയാരുടെയും സാന്നിദ്ധ്യത്തിലാണ് സംഘടനയുടെ ജന്മം.സംഘടനയുടെ സന്ദേശവുമായി മേഖലയിലെ എല്ലാ പള്ളികളിലും ഒരേ വെള്ളി യാഴ്‌ച വജ്ജ്ഹതുവജ്ഹിയ... എന്ന വിഷയത്തിൽ പണ്ഡിതൻമാർ പ്രസംഗിച്ചു.സംഘടനയുടെ ആശയവും ലക്ഷ്യവും എല്ലായിടത്തും സ്വീകാര്യമായി. മഹല്ല് ജമാഅത് പ്രതിനിധികളും ഖാസി ഖത്വീബ് മുദരിസുമാരും അടങ്ങുന്ന കൺവൻഷനുകൾ ചേർന്ന് പഞ്ചായത്ത് കമ്മിറ്റികൾ നിലവിൽ വന്നു.ദർസുകളും മദ്രസകളും ജീവസ്സുറ്റതായി.

 മാസത്തിലൊരിക്കൽ സംഘടന നിശ്ചയിച്ച പണ്ഡിതൻമാർ ജുമുഅക്കു ശേഷം ഓരോ മഹല്ലിലും ഉദ്ബോധന പ്രസംഗം നടത്തി.മഹല്ല് കമ്മിറ്റി ഭാരവാഹികളും ദർസു മദ്രസ‌കളിലെ ഉസ്‌താദുമാരും ചേർന്ന് വീടുകൾ കയറി ഇറങ്ങി സ്കോഡ് പ്രവർത്തനം നടത്തി.പള്ളികൾ ജമാഅത്ത് നിസ്കാരത്തിനു സജീവമായി. പള്ളികൾ വിപുലീകരിക്കേണ്ടി വന്നു.മദ്രസ ഉസ്താദുമാരുടെ ശമ്പളം രണ്ടക്കത്തിൽനിന്ന് മൂന്നക്കമായി മാറി. ഒരു വർഷത്തെ പ്രവർത്തനം മാതൃകാ പരമായി മുന്നേറിയപ്പോൾ ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ പറഞ്ഞതു പോലെ ജില്ലാ അടിസ്ഥാനത്തിൽ വ്യാപിപ്പിക്കാൻ സമസ്ത ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ടി.കെ.എം. ബാവ മുസ്‌ലിയാർ പ്രസിഡന്റും സി.എച്ച്. ഹൈദ്രസ് മുസ്ലിയാർ ജനറൽ സെക്രട്ടറിയും, പി.കെ. അബ്‌ദു മുസ്ലിയാർ ഖജാഞ്ചിയുമായ കമ്മിറ്റിയുടെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമെന്നോണം അടുത്ത കൊല്ലം 1977 ൽ മലപ്പുറത്ത് നടന്ന സമസ്‌തയുടെ സമ്മേളനത്തിൽ വെച്ച് മലപ്പുറം ജില്ലാ എസ്.എം.എഫ്. നിലവിൽ വന്നു. ബഹു. ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ പ്രസിഡന്റും ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി ജനറൽ സെക്രട്ടറിയും, ഡോ. യു.ബാപ്പുട്ടി ഹാജി ട്രഷററുമായിരുന്നു.

1977 ഏപ്രിൽ 16,17 തിയ്യതികളിൽ മലപ്പുറത്ത് നടന്ന സമസ്ത ജില്ലാ സമ്മേളനത്തിൽ 17- നു നടന്ന ഉലമാ-ഉമറാ കൺവൻഷനിൽ വച്ച് സുന്നി മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നതോടെ ജില്ലയെ 16 മേഖലാകളായി തിരിച്ചു സംഘടനാ രംഗം സജീവമായി. പതിനാറു മേഖലകളിലും മേഖലാ ഓഫീസുകളും ഫുൾടൈം ഓർഗനൈസർമാരും സംഘടനാ  പ്രവർത്തനത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു മലപ്പുറം ജില്ലയിൽ 1977-84 കാലം. സുന്നി മഹല്ല് ഫെഡറേഷൻ പ്രവർത്തനം ആയിരുന്നു അതിന് മുഖ്യ കാരണം.

പള്ളികൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ദഅവക്കാണ് പ്രസ്‌തുത കമ്മിറ്റി പ്രഥമ സ്ഥാനം നൽകിയത്.നിസ്‌കാരത്തിന് ശുഷ്കിച്ച ജമാഅത്തുകൾ മാത്രം നടന്നിരുന്ന മസ്ജിദുകളിൽ നിറഞ്ഞ ജമാഅത്തുകൾ നടക്കാൻ തുടങ്ങി. പള്ളി ദർസുകൾ സജീവമായി. മദ്റസകളോടനുബന്ധിച്ചു ആരാധനാ പരിശീലന കേന്ദ്രങ്ങൾ ഉണ്ടായി.

ഖതീബുമാരുടെ ജുമുഅക്കു ശേഷമുള്ള പ്രസംഗം ഏകീകരിച്ചു.ഒരേ വിഷയം എല്ലാ പള്ളികളിലും ഒരേ ദിവസം പ്രസംഗിച്ചു.വീടു കയറിയുള്ള സ്കോഡ് പ്രവർത്തനങ്ങളിൽ ഉലമാഉം ഉമറാഉം സജീവമായപ്പോൾ നാടുണർന്നു. 
ഇസ്ലാമിൻ്റെ വെളിച്ചം ജ്വലിച്ചു. ഉന്നത നിലവാരത്തിലെത്തി നിൽക്കുന്ന മുസ്ലിം കൈരളിയുടെ അഭിമാനമായ ദാറുൽ ഹുദാ യൂനിവേഴ്സിറ്റി മലപ്പുറം ജില്ലാ എസ്.എം.എഫിന്റെ സംഭാവനയാണ്.

മലപ്പുറം ജില്ലയിലെ മഹല്ല് ഫെഡറേഷൻ പ്രവർത്തനം സജീവമായപ്പോൾ വയനാട് കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകളിലും ഫെഡറേഷൻ ജില്ലാ മേഖലാ പഞ്ചായത്ത് കമ്മിറ്റികൾ നിലവിൽ വന്നു. സുന്നി മഹല്ല് ഫെഡറേഷൻ മഹല്ലുകളിൽ ദീനി രംഗത്ത് പുതിയ ചലനങ്ങളുണ്ടാക്കി. ഉമറാക്കൾ സംഘടനരം ഗത്ത് സജീവമായി. ജില്ലാകമ്മിറ്റികൾ നിലവിൽ വന്നതിനു ശേഷം 1987 ജനുവരി 14, 15, 16, 17 തിയ്യതികളിൽ കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്ത് നടന്ന സുന്നി സമ്മേളനത്തോടെ സ്റ്റേറ്റ് കമ്മിറ്റി രൂപീകൃതമായി. 

ശൈഖുനാ ശംസുൽ ഉലമാ പ്രസിഡന്റും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറിയുമായി സ്റ്റേറ്റ് കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ബഹുമാനപ്പെട്ട ഡോക്ടർ യു ബാപ്പുട്ടി ഹാജി ആയിരുന്ന് ട്രഷറർ. ഉസ്‌താദ് സി.എച്ച്. ഹൈദ്രോസ് മുസ്ലിയാരുടെ സേവനം സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന ഘടകമായിരുന്നു. 1989 ലെ സമസ്തയിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം സമസ്തക്ക് സമാന്തരമായി മറ്റൊരു സംഘടന ഉണ്ടാക്കിയപ്പോൾ എസ്എംഎഫ് സമസ്തയോട് കൂടെ അടിയുറച്ച് നിന്നു.പിന്നെ എസ്എംഎഫ് വളർന്ന് പന്തലിക്കുകയായിരുന്നു.

കേരളത്തിലെ ആയിരക്കണക്കിന് വരുന്ന ഭൂരിപക്ഷം മഹല്ലുകളിൽ ഭൂരിപക്ഷം  മഹല്ലുകൾ ഫെഡറേഷനിൽ റജിസ്റ്റർ ചെയ്ത‌ിട്ടുണ്ട്. എല്ലാ പ്രവർത്തക സമിതി യോഗങ്ങളിലും അംഗീകാരത്തിനുള്ള അപേക്ഷകൾ വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. അംഗീകൃത മഹല്ലുകളാണ് സംഘത്തിൻ്റെ പ്രാഥമിക ഘടകം. പഞ്ചായത്ത് തലത്തിലും മണ്ഡലം/ മേഖലാ തലത്തിലും ജില്ലാ തലത്തിലും കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചുവരുന്നു. 14 ജില്ലകളിലും ജില്ലാ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്.

ചീഫ് മുബല്ലിഗ്  നേതൃത്വത്തിൽ മുഫത്തിശുമാരുടെ സേവനവും ജില്ലാതല മുബല്ലിഗുമാരുടെ സേവനവും സംഘടനയെ സജീവമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു.ദഅവയുടെ ഭാഗമായ തസ്‌കിയത്ത് സംഘടനയുടെ പ്രധാന അജണ്ടയാണ്. ജീർണതകൾ മഹല്ലിൽ കടന്നു കൂടാതിരിക്കാനും അഹ്ലു‌സ്സുന്നത്തി വൽജമാഅ:യുടെ വിശ്വാസാനുഷ്‌ഠാനങ്ങൾ പ്രചരിപ്പിക്കാനും എല്ലാ മഹല്ലുകളിലും ജാഗ്രത പുലർത്തുന്നു. ഇതിന്നായി ഖത്തീബുമാരെ സംഘടിപ്പിച്ചു കൊണ്ട് പദ്ധതികൾ തയ്യാറാക്കുന്നു.

മഹല്ല് പ്രവർത്തനങ്ങൾ വിഭജിച്ച് വകുപ്പുകൾ ആക്കി തിരിച്ചു മഹല്ല് ജമാഅത്തിലെ അംഗങ്ങളെയെല്ലാം പ്രവർത്തന സജ്ജരാക്കുന്നു. വകുപ്പുകൾ വിദ്യാഭ്യാസം, മദ്റസ, ദർസ്, ട്യൂഷൻ സെന്റർ മുതലായവയുടെ നടത്തിപ്പിന്റെ ചുമതലയുള്ള സബ്കമ്മിറ്റി.

2) ദഅ്വ: പഠനക്ലാസുകൾ, വഅള്, സ്കോഡ് പ്രവർത്തനം. പുണ്യദിന പരിപാടികൾ, ലൈബ്രറി മുതലായ കാര്യങ്ങൾ.

3) സാമൂഹ്യ ക്ഷേമം + റിലീഫ്. മഹല്ലിലെ കഷ്ടപ്പട്ട കുടുംബങ്ങൾക്ക് ആശ്വാസം നൽകുക, കുട്ടികളുടെ പഠനത്തിന് സഹായം, വിവിധ ആനുകൂല്യങ്ങൾ നേടിക്കൊടുക്കുക, തൊഴിൽ അവസരങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയവ ഈ വകുപ്പിൽ പെടുന്നു.

4) അഡ്മ‌ിനിസ്ട്രേഷൻ: മഹല്ല് ഓഫീസ് സംവിധാനം. ആവശ്യമായ എല്ലാ റിക്കാർഡുകളോടും കൂടിയുള്ള ഓഫീസ്.

സൊസൈറ്റി റജിസ്ട്രേഷൻ (വഖ്ഫ് ബോർഡ് റജിസ്ട്രേഷൻ, എസ്.എം.എഫ്. റജിസ്ട്രേഷൻ, ഇവയുടെയെല്ലാം നിയമാനുസരണമുള്ള തുടർന്ന പ്രവൃത്തികൾ നടന്നിരിക്കണം.

മഹല്ലിലെ സെൻസസ്, വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം എന്നീ നിലകളിൽ വേർ തിരിച്ചറിയാവുന്ന വിധം എടുത്തു ശേഖരിക്കണം.വരവ് ചെലവ് കണക്കുകൾ സുതാര്യമായിരിക്കണം. ഭരണഘടനാ പ്രകാരം കമ്മിറ്റി തെരഞ്ഞെടുപ്പും മറ്റു കാര്യങ്ങളും നടന്നിരിക്കണം.

മത, ഭൗതിക പഠന കേന്ദ്രങ്ങൾ കഴിവനുസരിച്ച് എല്ലാ മഹല്ലുകളിലും ഉണ്ടായിരിക്കും.നഴ്‌സറി സ്‌കൂൾ, മദ്റസ പോലെ, എന്നാൽ തുടർ പഠനത്തിനുള്ള സ്ഥാപനങ്ങൾ പഞ്ചായത്ത്/ മണ്ഡലം തലങ്ങളിൽ ഉണ്ടാക്കേണ്ടതാണ്.

എംപ്ലോയ്മെന്റ്റ് ബ്യൂറോ:പള്ളി മദ്റസകളിലേക്ക് ആവശ്യമായ ജീവനക്കാർക്ക് വേണ്ടി മേഖല/ ജില്ലാ തലങ്ങളിൽ എംപ്ലോയ്മെന്റ് ബ്യൂറോ ഉണ്ടായിരിക്കും.ഉദ്യോഗാർത്ഥിക്ക് ആവശ്യമായ കോച്ചിംഗും ഇൻസർവീസ് കോഴസും ഇവിടെ നടത്തപ്പെടും. ഇതേപോലെ ഒരു വിവാഹ ബ്യൂറോയും ഉണ്ടായിരിക്കുന്നത് അഭികാമ്യമായിരിക്കും. 
മസ്‌ലഹത്ത് സമിതി: പഞ്ചായത്ത്/ മേഖലാ തലങ്ങളിൽ മസ്‌ലഹത്ത് സമിതി വ്യവസ്ഥാപിതമായ നിലയിൽ പ്രവർത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കി പല സ്ഥല ങ്ങളിലും നടന്നുവരുന്നു.

വിവാഹവും വിവാഹാനന്തര ജീവിതവും ഇസ്‌ലാമികമാക്കാനും അതുമൂലം സന്തുഷ്ട‌ കുടുംബം സൃഷ്‌ടിക്കാനും ലക്ഷ്യം വെച്ചുകൊണ്ട് ആവിഷ്കരിച്ച ബ്രഹത്തായ ഒരു പദ്ധതിയാണിത്. അറുപത്തി അഞ്ച് ആർ.പി.മാരെ ഇതിന്നായി ആവശ്യമായ കോച്ചിംഗ് നൽകി തയ്യാറാക്കുകയും അവരുടെ കീഴിൽ വിവിധ മഹല്ലുകളിൽ കോഴ്സ് ഭംഗിയായി നടന്നുവരികയും ചെയ്യുന്നു. 
3 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സാണി ത്.

മറുനാടുകളിലെ വിദ്യാർത്ഥികളില്ലെങ്കിൽ നാട്ടിലെ കുട്ടികൾക്ക് മാത്രമായി നടത്തപ്പെടുന്ന ദർസാണിത്. ഇശാ മഗരി ബിന്നിടയിലെ വിലപ്പെട്ട സമയമാണ് ഇതിന് അനുയോജ്യം. സൗകര്യപ്പെടാത്തിടത്ത് മറ്റു സമയങ്ങളിലും ആവാം. ഇതിന്നാവശ്യമായ സിലബസും കിതാബും പരീക്ഷയും മറ്റും സംവിധാനിച്ചിട്ടുണ്ട്. മുന്നൂറോളം(2016) ദർസുകൾ ഇതുവരെ അംഗീ കരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇതിൻ്റെ പ്രവർത്തനം പുരോ ഗമിച്ചു കൊണ്ടിരിക്കുന്നു. 2 കൊല്ലത്തെ സർട്ടിഫിക്കറ്റ് കോഴ്സാണിത്.

അത്യാവശ്യ കാര്യങ്ങൾക്ക് പോലും ബാങ്കുകളെയും ബ്ലേഡ് മാഫിയകളെയും കെണിയിൽ പെടേണ്ടി വരുന്ന മഹല്ല് നിവാസികൾക്ക് പലിശയില്ലാതെ വായ്‌പ നൽകാനുള്ള പദ്ധ തിയാണിത്. പല മഹല്ലുകളിലും വിജയകരമായി ഇത് 
നടന്നു വരുന്നു.പുതിയ പല പദ്ധതികളും എസ്.എം.എഫിൻ്റെ മുമ്പിലുണ്ട്. ഘട്ടം ഘട്ടമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

എത്രയൊക്കെ കാര്യങ്ങൾ സമസ്തയുടെ പോഷക സംഘടനയായ എസ് എം എസ് എവിടെ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇതേ ലക്ഷ്യത്തിൽ പുതിയ ഒരു ഖാളി ഫൗണ്ടേഷൻ രൂപീകരിക്കുന്നത് വളരെ വേദനാജനകമായ ഒരു കാര്യമാണ്. നാല് ഭാഗത്തുനിന്നും മുസ്ലിം സമുദായത്തെ ആക്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ ഒരു ഭിന്നിപ്പിന് ഇത് കാരണമാകുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. സമസ്തയുടെ തണലിൽ മുസ്ലിം സമുദായം ഒറ്റക്കെട്ടായി മുന്നോട്ടു പോയാൽ മാത്രമേ മുസ്ലിം സമുദായത്തിന് ഇസ്സത്തോടെ അഭിമാനത്തോടെ ഇവിടെ ജീവിക്കാൻ കഴിയുകയുള്ളൂ എന്ന ബോധ്യം എല്ലാവർക്കും ഉണ്ടാവണം. സമസ്തയുടെ കീഴിൽ ഒറ്റക്കെട്ടായി അടിയുറച്ചു നിന്നുകൊണ്ട് മരണം വരെ പ്രവർത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.
അവലംബം:
1.സമസ്ത 90 ആം വാർഷിക സുവനീർ
2016
2. SKSSF വാദിനൂർ സുവനീർ 1999