മിഅ്റാജ്: വ്രത മോഷ്ടാക്കളുടെ മുടന്തുന്യായങ്ങൾ പൊളിച്ചടുക്കുന്നു..


✒️ റഈസ് ചാവട്ട്

🛑 ന്യായം 01- സുന്നികൾ അനുഷ്ഠിക്കുന്ന മിഅ്റാജ് നോമ്പിന് യാതൊരു അടിസ്ഥാനവുമില്ല.
✅ സത്യം : സുന്നികൾ മുഖല്ലിദീങ്ങളാണ്. അവരുടെ കർമ്മങ്ങളുടെ അടിത്തറ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളാണ്. ഒട്ടനവധി ഫിഖ്ഹീ ഗ്രന്ഥങ്ങളിൽ മിഅ്റാജ് നോമ്പ് സുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

🛑 ന്യായം 02- മിഅ്റാജ് നോമ്പിന്റെ പവിത്രത പരാമർശിക്കുന്ന ഹദീസ് വാറോലയാണ്. 
✅ സത്യം : മിഅ്റാജ് നോമ്പിന്റെ ഹദീസ് വാറോലയല്ല. ളഈഫ് ആണ്. ളഈഫായ ഹദീസ് എന്നാൽ അമൽ ചെയ്യാൻ സാധിക്കുന്നത് എന്നാണ്. വലിച്ചെറിയേണ്ടത് എന്നല്ല. ഇമാം നവവി (റ), ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ), ഇമാം ഇബ്നു ഹജർ ഹൈതമി (റ) തുടങ്ങി ഒരു പണ്ഡിത ലോകം തന്നെ അത് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.

🛑 ന്യായം 03- സുന്നികൾ ഉദ്ധരിക്കുന്ന ഹദീസ് ശിയാക്കളുടെ ഗ്രന്ഥങ്ങളിൽ ഉണ്ട്.
✅ സത്യം : ശിയാക്കളുടെ ഗ്രന്ഥങ്ങളിൽ ഉണ്ടെന്നത് ഒരു കർമ്മം ദുരാചാരമാകാനുള്ള മാനദണ്ഡമല്ല. ശിയാക്കളുടെ ഗ്രന്ഥങ്ങളിൽ അല്ലാഹു ഏകനാണെന്ന് ഉണ്ടെങ്കിൽ അല്ലാഹു ഏകനല്ലാതാവുന്നില്ല. ബിദഈകൾക്ക് സ്വാഭാവികമായി അഹലുസ്സുന്നയുടെ പല വാദങ്ങളുമുണ്ടാവും. ശിയാക്കളുടെ ഗ്രന്ഥങ്ങളിൽ ബിദ്അത്തുകൾ ഉണ്ടാവും, പക്ഷേ ഉള്ളതെല്ലാം ബിദ്അത്തല്ല. ശിയാക്കൾ ഉദ്ധരിച്ചത് അതായത്, മിഅറാജ് നോമ്പിനെ നിസാരമാക്കുന്നുവെന്ന വാദം സാമാന്യബുദ്ധിക്ക് പോലും നിരക്കുന്നതല്ല.

🛑 ന്യായം 04- റജബിലെ നോമ്പിന് ഒരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല എന്ന് ഇമാം അസ്ഖലാനി തന്നെ പറഞ്ഞിട്ടുണ്ട്.
✅️ സത്യം: പ്രസ്തുത വിഷയത്തിൽ പ്രമാണയോഗ്യമായ സ്വഹീഹായ ഹദീസ് വന്നിട്ടില്ല എന്നാണ് മഹാൻ പറഞ്ഞത്. അപ്പോൾ മനസിലാക്കേണ്ടത് ളഈഫ് വന്നിട്ടുണ്ട് എന്നാണ്. വഹാബികൾ ഇബാറത് മലയാളീകരിക്കുമ്പോൾ തിരിമറി നടത്തുകയാണ്.

🛑 ന്യായം 05 - ഉംദ, ഫത്ഹുൽ മുഈൻ, തുഹ്ഫ, മഹല്ലി പോലോത്ത ഗ്രന്ഥങ്ങളിൽ ഈ നോമ്പ് പറഞ്ഞിട്ടില്ല. അത് ഈ നോമ്പില്ല എന്നതിന്റെ സൂചനയാണ്. 
✅️ സത്യം - ഒരു കർമ്മം എതിർക്കാൻ അത് പരാമർശിക്കാത്ത ഗ്രന്ഥങ്ങൾ നിരത്തി വെച്ച ശേഷം അതിലുണ്ടോ എന്ന് ചോദിക്കുന്ന തനിച്ച ആദർശ ദാരിദ്ര്യം മാത്രമാണിത്. പ്രസ്തുത ഗ്രന്ഥങ്ങളിൽ പറയാത്ത എത്രയെത്ര മസ്അലകൾ മറ്റു ഗ്രന്ഥങ്ങളിൽ പറയുന്നു. അതെല്ലാം അനിസ്‌ലാമികമാണോ. തുഹ്ഫ, നിഹായ പോലോത്ത മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങൾ ഈ നോമ്പിനെ എതിർത്തിട്ടുണ്ടെങ്കിൽ ഈ ന്യായം യുക്തമാണ്. രണ്ട്, മൂന്ന് ഗ്രന്ഥങ്ങൾ മാത്രമല്ല, ഷാഫിഈ മദ്ഹബ്. അത് ഒരു ലോകമാണ്.

🛑 ന്യായം 06 - മദ്രസ പാഠപുസ്തകത്തിൽ പോലും ഈ നോമ്പ് പഠിപ്പിക്കുന്നില്ല.
സത്യം - മദ്രസയിലെ പുസ്തകം തിരയുക. ഏഴാം ക്ലാസിലെ ഫിഖ്ഹ് കിതാബിൽ നിങ്ങൾക്കത് കാണാം. മാത്രമല്ല. അതിൽ ഇല്ലെങ്കിലും അവയൊന്നും ഒരിക്കലും നോമ്പ് നിഷേധത്തിന്റെ മാനദണ്ഡമല്ല.

🛑 ന്യായം 07- ഇസ്റാഉം മിഅറാജും നടന്നത് റജബ് ഇരുപത്തി ഏഴിന് എന്ന് യഥാർത്ഥമായി സ്ഥിരപ്പെട്ടിട്ടില്ല.
✅️ സത്യം : അതിൽ ഒരു അത്ഭുതവുമില്ല. പൂർവ്വകാലത്തെ ചരിത്രങ്ങളുടെ കാലനിർണയത്തിൽ ഭിന്നഭിപ്രായം വന്നുവെന്നത് മുസ്‌ലിം ലോകത്തെ അത്ഭുതപ്പെടുത്തുന്നില്ല. ഇബ്നു തൈമിയ്യയുടെ ശിഷ്യൻ ഇബ്നു കസീർ (റ) അൽ ബിദായയിൽ പ്രബലമാക്കുന്നത്. മറ്റിടങ്ങളിലും അതുണ്ട്.

🛑 ന്യായം 08- മിഅറാജ് നടന്നത് റജബ് ഇരുപത്തി ഏഴ് എന്നത് കളവാണ് എന്ന് ഇമാം അബൂശാമ (റ) പറഞ്ഞുവല്ലോ.
✅️ സത്യം : അത് തന്നെയാണ് പറഞ്ഞത് അഭിപ്രായഭിന്നതകൾ സ്വാഭാവികം മാത്രം. അത് ഈ വിഷയത്തിൽ മാത്രമല്ല. ഒട്ടനവധി വിഷയങ്ങളിൽ പണ്ഡിതലോകത്ത് ഭിന്നതകൾ ഉണ്ട്. പിന്നെ, നബിദിനാഘോഷം നല്ല ആചാരമാണ് എന്ന് ഉറക്കെ പറഞ്ഞ ഇമാം അബൂശാമയെ- അതേ കിതാബിനെ എടുത്തു നടക്കുന്നതിൽ സന്തോഷമുണ്ട്. റബീഉൽ അവ്വലിലും കാണണമെന്ന് ആശയുമുണ്ട്.