ബദ്രീങ്ങളും മഹത്വവും
അല്‍ഹാഫിള് ഇബ്നുകസീര്‍(റ) കുറിക്കുന്നത് കാണുക: “ബദര്‍ദിനം ഹിജ്റ രണ്ടാം വര്‍ഷം റമള്വാന്‍ മാസം പതിനേഴിനായിരുന്നു. അന്നത്തെ രാവില്‍ തിരുദൂതര്‍ നിസ്കാരാദി കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കിയിരുന്നു. അവിടുന്ന് സുജൂദില്‍ ‘യാഹയ്യു യാ ഖയ്യൂം’ എന്ന ദിക്റ് ആത്മാര്‍ഥമായി ആവര്‍ത്തിച്ചിരുന്നു”.
ഹുദലി(റ)യില്‍ നിന്നുദ്ധരിക്കുന്നത് കാണുക: “മുശ്രിക്കുകളുടെ പക്കല്‍ അറുനൂറില്‍പ്പരംഅങ്കികള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലിം പക്ഷത്തു കേവലം രണ്ട് കുതിരയും അറുപത് അങ്കിയും മാത്രമാണുണ്ടായിരുന്നത്”.
അലി(റ) സ്മരിക്കുന്നു: “ബദര്‍ ദിനത്തില്‍ ഞങ്ങളുടെ കൂടെ ആകെ രണ്ട് കുതിരകള്‍ മാത്രമാണുണ്ടായിരുന്നത്. ഒന്ന് സുബൈറിനും മറ്റൊന്ന് മിഖ്വ്ദാദുബ്നു അസ്വദിനും”.
മുസ്ലിംകള്‍ക്കുണ്ടായിരുന്നത് ആകെ എഴുപത് ഒട്ടകങ്ങളായിരുന്നു. ഓരോ ഒട്ടകത്തെയും മൂ ന്നുപേര്‍ വീതം പങ്കുവെച്ചായിരുന്നു യാത്ര. നബി(സ്വ)യും ഈ കൂട്ടത്തില്‍ ഒരു കൂറുകാരനായിരുന്നു. അങ്ങനെ നബിയുടെ ഊഴമെത്തിയാല്‍ സ്വഹാബത്ത് പറയും: “തിരുദൂതരേ, ഞങ്ങള്‍ നടന്നുകൊള്ളാം. അവിടുന്ന് ഒട്ടകപ്പറത്ത് യാത്ര ചെയ്യുക”. ഇതു കേള്‍ക്കുമ്പോള്‍ നബി(സ്വ)യുടെ പ്രതികരണം. “നിങ്ങള്‍ എന്നെക്കാള്‍ ആരോഗ്യവാന്മാരൊന്നുമല്ല. ഞാനാണെങ്കില്‍ നിങ്ങളെക്കാള്‍ പ്രതിഫലം ആവശ്യമില്ലാത്തവനുമല്ല’.
മു’ആദ്(റ) പറയുന്നു: “അമ്പിയാഇനെക്കുറിച്ചുള്ള സ്മരണകള്‍ ആരാധനയുടെ ഭാഗമാണ്. മഹാത്മാക്കളെ സ്മരിക്കല്‍ പാപമുക്തിക്കു കാരണമാകുന്നു” (മസ്നദുല്‍ ഫിര്‍ദൌസ്).
ബദ്രീങ്ങള്‍ മഹാത്മാക്കളാണെന്നതില്‍ പക്ഷാന്തരമില്ലല്ലോ. ബദ്റില്‍ പങ്കെടുത്തവര്‍ക്ക് വളരെയധികം മഹത്വമുണ്ടെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്. സര്‍വ്വാംഗീകൃത ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയിലെ ഒരധ്യായത്തിന്റെ നാമം തന്നെ ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വം എന്നാണ്. പ്രസ്തുത അധ്യായത്തില്‍ ഇമാം ബുഖാരി(റ) ബദ്രീങ്ങളെ പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.
അല്‍ഹാഫിള് ഇബ്നുകസീര്‍(റ) തന്റെ അല്‍ബിദായതുവന്നിഹായയില്‍ ബദ്രീങ്ങളുടെ മഹത്വത്തെപ്പറ്റി ഒരധ്യായം ചേര്‍ത്തിട്ടുണ്ട്. അതില്‍ ചിലഭാഗങ്ങള്‍ കാണുക: “മു’ആദുബ്നു രിഫാഅ(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി സവിധത്തില്‍ ജിബ്രീല്‍(അ) വന്നു ചോദിച്ചു. “ബദ്റില്‍ പങ്കെടുത്തവരെ എങ്ങനെയാണ് നിങ്ങള്‍ കണക്കാക്കുന്നത്?” നബി(സ്വ) മറുപടി പറഞ്ഞു: “മുസ്ലിംകളില്‍ സര്‍വ്വശ്രേഷ്ഠന്‍ എന്ന പദവിയാണ് ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്” അപ്പോള്‍ ജിബ്രീല്‍(അ) പറഞ്ഞു: ‘ബദ്റില്‍ പങ്കെടുത്ത മലകുകള്‍ക്കും ഞങ്ങള്‍ ഈ പദവി തന്നെയാണ് നല്‍കിയിരിക്കുന്നത” (ബുഖാരി).
ഹാരിസ(റ)വിനെക്കുറിച്ച് അദ്ദേഹത്തിന്റെ മാതാവ് നബി(സ്വ)യോടിങ്ങനെ ആരാഞ്ഞു. “നബിയേ, എനിക്കെന്റെ പുത്രനുമായുള്ള ബന്ധത്തെപ്പറ്റി തങ്ങള്‍ക്കറിവുള്ളതാണല്ലോ. അവന്‍ സ്വര്‍ഗപ്രവേശിതനാണോ?’ പ്രവാചകന്‍ പറഞ്ഞു; ‘സ്വര്‍ഗം പലതുണ്ട്. നിങ്ങളുടെ പുത്രന്‍ ഫിര്‍ദൌസുല്‍ അ’അ്ലാ എന്ന അത്യുന്നത സ്വര്‍ഗത്തിലാകുന്നു’(ബുഖാരി). ഈ ഹദീസ് ഉദ്ധരിച്ച് ഇബ്നുകസീര്‍(റ) പറയുന്നു.
“ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വത്തെപ്പറ്റി ഈ സംഭവം വ്യക്തമായ ബോധനം നല്‍കുന്നു. ബഹുമാനപ്പെട്ട ഹാരിസത് യുദ്ധക്കളത്തിലോ യുദ്ധം കൊടുമ്പിരി കൊണ്ട സ്ഥലത്തോ ആയിരുന്നില്ല. അകലെ നിന്നു യുദ്ധം നോക്കിക്കാണുകയായിരുന്നു. ഒരു ജലാശയത്തില്‍ നിന്നു വെ ള്ളം കുടിച്ചുകൊണ്ടിരിക്കെ അമ്പേറ്റാണ് അദ്ദേഹം രക്തസാക്ഷിയായത്. എന്നിട്ടുപോലും സ്വര്‍ ഗത്തില്‍ അത്യുന്നതസ്ഥാനമായ ഫിര്‍ദൌസിലാണദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടത്.
നബി(സ്വ) പറഞ്ഞു: ‘അല്ലാഹു ബദര്‍ പോരാളികള്‍ക്ക് പ്രത്യക്ഷനായി അറിയിച്ചേക്കും; നിങ്ങള്‍ക്കിനി ഇഷ്ടമുള്ളതാകാം. എല്ലാം നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു’ (സ്വഹീഹു മുസ്ലിം 4/1941 നമ്പര്‍ 2494, സ്വഹീഹുല്‍ ബുഖാരി 3/1095 നമ്പര്‍ 2845).
ബദ്റില്‍ പങ്കെടുത്തവര്‍ക്കു മതവിധിവിലക്കുകള്‍ ബാധകമല്ലെന്നോ ശിഷ്ടകാലം തോന്നിയപോലെ ആ കാമെന്നോ ഈ പറഞ്ഞതിനര്‍ഥമില്ല. ബദ്രീങ്ങളുടെ ശ്രേഷ്ഠത വ്യക്തമാക്കുക മാത്രമാണിവിടെ ഉദ്ദേശ്യം.
ജാബിര്‍(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍ ഇങ്ങനെ കാണാം. “ബദ്റില്‍ പങ്കെടുത്ത മുസ്ലിം സൈന്യത്തിലെ ഒരാളും നരകത്തില്‍ കടക്കുന്നതല്ല”(അഹ്മദ്). ഈ ഹദീസ് സ്വീകാര്യമായതാണെന്ന് ഇബ്നുഹജറില്‍ അസ്ഖ്വലാനി(റ) പറഞ്ഞിരിക്കുന്നു.
ഇമാം മുഖാതില്‍(റ) ഉദ്ധരിക്കുന്നു. ഒരു വെള്ളിയാഴ്ച മദീനാപള്ളി നിബിഢമായി. സ്ഥലപരിമിതിമൂലം ചിലര്‍ക്ക് ഇരിക്കാനിടം ലഭിച്ചില്ല. മുഹാജിറുകളും അന്‍സ്വാറുകളുമായ ബദര്‍ പോരാളികളെ പ്രത്യേകം ആദരിക്കുക നബി(സ്വ)യുടെ പതിവായിരുന്നു.ചില ബദര്‍ പോരാളികള്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഇരിപ്പിടം ലഭിച്ചില്ല. മറ്റുചിലര്‍ മുമ്പേ ഇരുന്നു കഴിഞ്ഞിരുന്നു. നബി(സ്വ)ക്കു സലാം ചൊല്ലിയ ശേഷം പോരാളികളില്‍പ്പെട്ടവര്‍ ക്ഷമാപൂര്‍വം കാത്തുനിന്നു. ഇരിക്കുന്നവര്‍ പോരാളികള്‍ക്കു ഇരിപ്പിടം തരപ്പെടുത്തിക്കൊടുക്കാത്തതില്‍ തിരുനബിക്ക് വിഷമമുണ്ടായി. ഒടുവില്‍ മുമ്പേ വന്ന് ഇരിപ്പിടം കൈവശപ്പെടുത്തിയ ചിലരോട് പേരുവിളിച്ചു പറഞ്ഞു നബി(സ്വ) എഴുന്നേല്‍ക്കാനാവശ്യപ്പെട്ടു. പോരാളികളില്‍ നിന്നും നില്‍ക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടം ഒഴിവാക്കിയെടുത്തു. ശേഷം തല്‍സ്ഥാനത്ത് പോരാളികളോട് ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. ഇരിപ്പിടം നഷ്പ്പെട്ടവര്‍ക്ക് സദുപദേശം നല്‍കി ആശ്വസിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് പരിശുദ്ധ ഖുര്‍ആനിലെ അല്‍മുജാദലയിലെ പതിനൊന്നാം വചനം അവതീര്‍ണമായത്(ഇമാം ഇബ്നുകസീര്‍. തഫ്സീര്‍ 4/325, ഇമാം ഖുര്‍ത്വുബി. തഫ്സീര്‍ 17/297).
ഇബ്നുകസീര്‍(റ) എഴുതുന്നു: ‘ബദര്‍ പോരാളികളുടെ അവകാശത്തില്‍ ജനങ്ങള്‍ വീഴ്ചവരുത്തിയത് പരിഹരിക്കാനും അവരുടെ സവിശേഷമായ മഹത്വം ജനങ്ങളെ തെര്യപ്പെടുത്താനും വേണ്ടിയാണ് തിരുനബി(സ്വ) ഇപ്രകാരം ചെയ്തത്’ (തഫ്സീറു ഇബ്നുകസീര്‍ 4/326).
ഒരിക്കല്‍ ഒരു പോരാളിയോട് ഉമര്‍(റ) അല്‍പം പരുഷമായി സംസാരിച്ചത് പ്രവാചക തിരുമേനിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവിടുന്ന് ഗൌരവ സ്വരത്തില്‍ അതിനെ വിലക്കുകയും പോരാളികളെ വല്ലാതെ പുകഴ്ത്തുകയും ചെയ്തു. ഇതുകേട്ട സ്വഹാബിമാര്‍ പോരാളികളില്‍പ്പെട്ട സ്വഹാബിമാരെ തിരഞ്ഞുപിടിച്ച് ആദരപൂര്‍വം ആലിംഗനം ചെയ്തു. അവരോട് ‘കളിച്ചാല്‍’ വല്ലനാശവും പറ്റിപ്പോകുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. പിന്നീട് ഉമര്‍(റ) പറയുമായിരുന്നു. ‘നശിച്ചവരെല്ലാം നശിക്കാനിടവന്നത് ബദര്‍ പോരാളികളോട് കളിച്ചതുകൊണ്ടത്രെ’ (തഫ്സീറുത്വബ്രി 28/45).
ഹജ്ജ് വേളകളിലൊന്നില്‍ തനിക്ക് അപരിചിതമായ ഒരു മതവിധി മഹാ പണ്ഢിതനായ അബ്ദുല്ലാഹിബ്നു ഉമറി(റ)നെ ഒരാള്‍ കേള്‍പ്പിച്ചു. ആരാണിപ്പറഞ്ഞത്? ഇബ്നു ഉമര്‍(റ) ചോദിച്ചു. ‘അബൂഹബ്ബ(റ)യാണത്’ എന്ന മറുപടി കേട്ടപ്പോള്‍ ഇബ്നു ഉമര്‍ പ്രതികരിച്ചു: ‘അബൂഹബ്ബ പറഞ്ഞതാണോ? അദ്ദേഹം പറഞ്ഞത് സത്യമായിരിക്കും. അദ്ദേഹം ബദര്‍ പോരാ ളികളില്‍പ്പെട്ട വ്യക്തിയാണ്’(ഇമാം ഫാക്കിഹി, അഖ്ബാറു മക്ക)
ബദ്ര്‍ യുദ്ധത്തിനു മുമ്പ് സ്വഹാബത്ത് തിരുനബി(സ്വ)യുടെ കാര്യത്തില്‍ തിരക്കിട്ട ഒരു ചര്‍ച്ചയിലാണ്. യുദ്ധം വീക്ഷിക്കാനും വിശ്രമിക്കാനും ഇബാദത്തിനും നബി(സ്വ)ക്ക് ഒരു പ്രത്യേക തമ്പ് ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച. അത് അത്യാവശ്യമാണെന്ന കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. ഈ വിവരം നബി(സ്വ)യെ അറിയിക്കണമല്ലോ. അവിടുന്ന് സമ്മതം ലഭിക്കണമല്ലോ. സ്വഹാബത്തെടുത്ത തീരുമാനം അറിയിക്കാനവര്‍ പ്രമുഖ സ്വഹാബി സഅ്ദുബ്‌നു മുആദ്(റ)വിനെ ചുമതലപ്പെടുത്തി.
സഅ്ദുബ്‌നു മുആദ്(റ) നബി(സ്വ)യുടെ തിരുസന്നിധിയില്‍ വന്ന് ഇങ്ങനെ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അങ്ങേക്കൊരു തമ്പ് നിര്‍മിക്കട്ടെയോ? അതില്‍ അങ്ങേക്കിരിക്കാം. അതിന്റെചാരത്ത് ഒരു വാഹനവും തയ്യാറാക്കി നിര്‍ത്താം. ശേഷം ഞങ്ങള്‍ യുദ്ധത്തിനിറങ്ങാം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ യുദ്ധത്തില്‍ വിജയം ലഭിക്കുകയാണെങ്കില്‍ നമുക്ക് സന്തോഷിക്കാം. മറിച്ചാണെങ്കില്‍ നബിയേ, അങ്ങ് ഒട്ടകപ്പുറത്ത് കയറി മദീനയിലേക്ക് പുറപ്പെടണം. അങ്ങയെ സ്‌നേഹിക്കുന്ന വലിയ ഒരു സംഘം അവിടെയുണ്ട്. അവര്‍ക്ക് യുദ്ധം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും പോരാന്‍ സാധിച്ചിട്ടില്ല.''
ഇതു കേട്ട നബി(സ്വ) തങ്ങള്‍ സഅ്ദുബ്‌നു മുആദിനോട് തമ്പിനേക്കാള്‍ നന്മയുള്ളത് അല്ലാഹു തീരുമാനിച്ചിട്ടുണ്ടെങ്കിലോ എന്ന് ആദ്യം പ്രതികരിച്ചെങ്കിലും അല്ലാഹുവിന്റെ അനുമതി കിട്ടിയപ്പോള്‍ സ്വഹാബത്തിന്റെ തീരുമാനത്തിനു നബി(സ്വ) സമ്മതം നല്‍കുകയും തീരുമാനം അറിയിച്ച സഅ്ദുബ്‌നു മുആദി(റ)നു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നിര്‍വഹിക്കുകയും ചെയ്തു. (അല്‍ബിദായത്തുവന്നിഹായ: 3/305), സീറത്തുല്‍ ഹലബീ: 1/540, സീറത്തുന്നബവീ: 1/433)
നബി(സ്വ)യുടെ അനുമതി ലഭിച്ചതറിഞ്ഞ സ്വഹാബത്ത് സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവരുടെ ജീവനെക്കാളും അവര്‍ക്ക് വലുത് തിരുനബിയുടെ ജീവനാണല്ലോ. വളരെപെട്ടന്നവര്‍ മനോഹരമായ ഒരു തമ്പ് നിര്‍മിച്ചു.
ശത്രുക്കള്‍ നബിയെ ആക്രമിക്കാന്‍ വരുന്നത് തടയാന്‍ തമ്പിന് ഒരാള്‍ കാവല്‍ നില്‍ക്കണം. അതിന് ആരു തയ്യാറാവും? സ്വഹാബത്ത് പരസ്പരം ചോദിച്ചു. തമ്പ് ലക്ഷ്യമാക്കി വരുന്ന ശത്രുപക്ഷത്തെ തടയാനും നബിയെ രക്ഷിക്കാനും കഴിവുള്ള ധീരനാവണം. അതിനു തയ്യാറുള്ളവര്‍ ആരാണ്?
സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു നിന്നു പറഞ്ഞു: ''അക്കാര്യം ഞാനേറ്റെടുത്തു, ഞാന്‍ കാവല്‍ നില്‍ക്കാം.'' സ്വഹാബത്തിന്റെ കണ്ണുകളും കാതുകളും അദ്ദേഹത്തിലേക്ക് നീങ്ങി. ഇത്രയും ഭാരിച്ച ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായ വ്യക്തി ആരാണ്? അതു മറ്റാരുമല്ല നബി(സ്വ) തൗഹീദിന്റെ വെള്ളിവെളിച്ചവുമായി പ്രബോധനത്തിനിറങ്ങിയപ്പോള്‍ നബി(സ്വ)യെ കൊണ്ട് ആദ്യം വിശ്വസിച്ച പ്രഥമ സ്വഹാബി അബൂബക്ര്‍ സിദ്ദീഖ്(റ) ആയിരുന്നു ആ ദൗത്യം ഏറ്റെടുത്ത വ്യക്തിത്വം.
സ്വഹാബത്തിന്റെ തമ്പില്‍ ധീരത എന്ന സുല്‍ഗുണം കൊണ്ട് പ്രസിദ്ധിയാര്‍ജിച്ച ഒട്ടനവധി പേരുണ്ടെങ്കിലും ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ആ ധീരത പ്രകടമാക്കി ദൗത്യം നിര്‍വഹിച്ചത് അബൂബക്ര്‍ സിദ്ദീഖ്(റ) ആയിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വഹാബത്തില്‍ ഏറ്റവും വലിയ ധീരന്‍ അബൂബക്ര്‍ സിദ്ദീഖ്(റ) ആയിരുന്നുവെന്ന് ഹാഫിള് ഇബ്‌നു കസീര്‍(റ) തന്റെ അല്‍ബിദായത്തുവന്നിഹായയില്‍ (3/309) രേഖപ്പെടുത്തിയിട്ടുണ്ട്.
ബദ്‌റില്‍ യുദ്ധമാരംഭിച്ചപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ്(റ) തമ്പില്‍ നബിയുടെ ചാരത്തും സഅ്ദുബ്‌നു മുആദ്(റ)വും ഏതാനും അന്‍സ്വാരികളായ സ്വഹാബികളും തമ്പിന്റെ കവാടത്തിങ്കലും സ്ഥാനമുറപ്പിച്ചു. (അല്‍ബിദായത്തുവന്നിഹായ: 3/309)
യുദ്ധം നടന്നുകൊണ്ടിരിക്കെ യുദ്ധക്കളത്തില്‍നിന്ന് ഇടക്കിടെ അലി(റ) നബി(സ്വ)യുടെ അടുത്തേക്ക് വന്ന് വിവരമറിയിച്ചിരുന്നു. അലി(റ) സമീപിച്ച വേളയിലെല്ലാം നബി(സ്വ) സുജൂദില്‍ കിടന്നു 'യാ ഹയ്യു യാ ഖയ്യൂം' എന്ന് പ്രാര്‍ത്ഥിക്കുന്ന രംഗമാണു കണ്ടത്. അങ്ങനെ മുസ്‌ലിങ്ങള്‍ക്ക് വമ്പിച്ച വിജയം ലഭിച്ചു. (ദലാഇലുന്നുബുവ്വ: 3/49)
ഇസ്‌ലാമിക ചരിത്രത്തിലെ അതിപ്രധാനമായ യുദ്ധങ്ങളിലൊന്നാണ് ബദര്‍. അല്ലാഹു അതിനെ വിളിച്ചത് തന്നെ യൌമുല്‍ഫുര്‍ഖാന്‍ (വിഭജനത്തിന്‍റെ ദിനം) എന്നാണ്. അത് കൊണ്ട് തന്നെ മുസ്‌ലിം/ഇസ്‌ലാമിക ചരിത്രത്തെ ബദ്റിന് മുമ്പും പിമ്പും എന്ന് വ്യാഖ്യാനിക്കാമെന്നതില്‍ തര്‍ക്കമൊന്നുമില്ല.
ചരിത്രം നോക്കൂ. ബദറിന് മുമ്പത്തെ പോലെയല്ല ചരിത്രം ബദറിന് ശേഷം. മക്കയും മദീനയുമടങ്ങുന്ന അന്നത്തെ ഇസ്‌ലാമിക ലോകത്തും അറേബ്യന്‍ ഉപദ്വീപില്‍ പൊതുവെയും അത് ചെലുത്തിയ സ്വാധീനം ചെറുതല്ല. ലോകത്തെ മൊത്തത്തില്‍ തന്നെ ബദര്‍ സ്വാധീനിച്ചുവെന്ന് പറയാമെന്ന് തോന്നുന്നു. ബദര്‍ സംഭവിച്ചത് ലോകചരിത്രത്തില്‍ തന്നെയായിരുന്നു, ഇസ്‌ലാമിക ചരിത്രത്തിലേക്ക് മാത്രം അതിനെ പരിമിതപ്പെടുത്തേണ്ടതില്ല. ബദര്‍ വരുത്തി സ്വാധീനങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്.
മുസ്‌ലിംകളില് വരുത്തിയ സ്വാധീനം
ഒന്ന്, ഒരു മുസ്‌ലിം രാഷ്ട്രത്തിന്‍റെ സംസ്ഥാപനത്തിന് വഴിവെച്ചു
മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ബദറിന്‍റെ ഏറ്റവും വലിയ പ്രാധാന്യം ഇതു തന്നെയാണ്. അന്നത്തെ പടയാളികളുടെ ചുമലിലാണ് ഇസ്ലാം അതിന്‍റെ രാഷ്ട്രം കെട്ടിപ്പടുത്തത്. പടക്കളത്തില്‍ തങ്ങളുടെ നിലപാട് എന്തായിരിക്കണം, സമീപനം എങ്ങനെ രൂപപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളില്‍ ബദ്റിനോളം മുസ്‌ലിം സമൂഹത്തെ പഠിപ്പിച്ച മറ്റേതു യുദ്ധമാണുള്ളത്. പില്‍ക്കാലങ്ങളിലും മുസ്‌ലിം സമൂഹം നേടിയ വിജയത്തിന്‍റെ അടിസ്ഥാന പാഠം അവര്‍ക്ക് നല്കിയത് ബദ്റിലെ പടക്കളമായിരുന്നു.
ബദര്‍യുദ്ധമാണ് ഇസ്‌ലാമിന് അറേബ്യന് ഉപദ്വീപില്‍ ഒരു മേല്‍വിലാസം നല്‍കിയത്. അക്കാലത്തെ സാഹചര്യത്തില്‍ ബദര്‍ തന്നെയായിരുന്നു ഇസ്‌ലാമിന്‍റെ പൊതുവ്യാപനത്തിന് സഹായിച്ച ഏറ്റവും വലിയ മേല്‍വിലാസം. ബദ്റിന് ശേഷമാണ് ഇസ്ലാം പ്രസ്തുത സമൂഹത്തില്‍ അറിയപ്പെടുന്നത്. അതിന് മുമ്പ് ഇസ്‌ലാമിന്‍റെ ആവിര്‍ഭാവം മക്കക്കും പുറത്തുള്ളവരെ സംബന്ധിച്ചിടത്തോളെ വെറുമൊരു പ്രാദേശിക തര്‍ക്കം മാത്രമായിരുന്നു. മക്കയില്‍ വന്ന ഒരാള്‍. അദ്ദേഹത്തിന് കീഴില്‍ നിരവധി അനുയായികള്‍. അവരുടെ പുതിയ ഒരു ചിന്താഗതി. അത്രമാത്രമായിരുന്നു പൊതുവില്‍ ബദര്‍. എന്നാല്‍ നബിയും അനുചരരും ഹിജ്റ പോയതോടെ ഇസ്‌ലാമിന് കൂടുതല്‍ മാനം കൈവന്നു. അത് പിന്നെ വിശാലമാകുന്നതും പൊതുജനം ഇസ്സാമിനെ അടുത്തറിയാന്‍ ശ്രമിക്കുന്നതും ബദര്‍യുദ്ധം നടന്നതോടെയാണ്.
രണ്ട്, യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന മുസ്‌ലിംകളെയും ബദര്‍ സ്വാധീനിച്ചു
ബദര്‍ യുദ്ധത്തില്‍ വമ്പിച്ച വിജയവുമായിട്ടാണ് നബിയും സംഘവും മടങ്ങുന്നത്. അവര്‍ക്ക് നല്ല സന്തോഷമായിരുന്നു. എന്നാല്‍ ബദറില്‍ പങ്കെടുക്കാതിരുന്ന ചില സ്വഹാബത്ത് മദീനയിലുണ്ടായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം പങ്കെടുത്തില്ലെന്ന ദുഖവുമായിരുന്നു.
സാധാരണ യുദ്ധരീതി അനുസരിച്ച് വിജയിച്ച സൈന്യം മൂന്ന് ദിവസം അവിടെ തന്നെ തങ്ങിവേണം തിരിച്ചുപോരാന്‍. നബിയും അനുചരന്മാരും അത്രയും ദിവസത്തിന് ശേഷമാണ് മടങ്ങിയത്. അതുകൊണ്ട് തന്നെ സൈന്യം മടങ്ങിവരും മുമ്പെ ബദ്റിലെ വിജയവാര്‍ത്ത മദീനയില്‍ എത്തിയിരുന്നു. അവരെ വരവേല്‍ക്കുന്നതിന് പ്രത്യേക പരിപാടികളും മദീനയിലുണ്ടായിരുന്നവര്‍ ഏര്‍പ്പാടാക്കിയിരുന്നു. അക്കൂട്ടത്തില്‍ പല സ്വഹാബാക്കളും യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിലുള്ള തങ്ങളുടെ വേദന നബിയോട് പങ്കുവെക്കുന്ന രംഗങ്ങളും ബദറിന്‍റെ ചരിത്രത്തില്‍ കാണുന്നുണ്ട്. തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ മനസ്സാന്നിധ്യത്തോടെ അവരെല്ലാം പങ്കെടുക്കുന്നതിന് അത് കാരണമാകുകയും ചെയ്തു. ഉഹ്ദില്‍ തന്നെ അതിന്‍റെ നേര്‍സാക്ഷ്യം നാം കാണുന്നുണ്ട്.
മുശ്രിക്കുകളില്‍ വരുത്തിയ സ്വാധീനം
മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം ഏറെ നെഗറ്റീവായി ബാധിച്ച യുദ്ധമായിരുന്നു ബദര്‍. ബദറോടെ അറേബ്യയുടെ ചരിത്രത്തില്‍ അവര്‍ പിന്നാക്കം പോകുകയാണ്. അവരില്‍ പെട്ട 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. അത്ര തന്നെ പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. അബൂജഹല്‍, ഉത്ബ, ശൈബ, വലീദ് ബ്നു മുഗീറ, ഉമയ്യത് ബ്നു ഖലഫ്, നദര്‍, ഉഖ്ബ തുടങ്ങിയ നേതൃത്വം തന്നെയാണ് അവരുടെ കൂട്ടത്തില് നിന്ന് കൊല്ലപ്പെട്ടത്. ഒരൊറ്റദിവസം തന്നെ. അതവര്‍ക്ക് താങ്ങാവുന്നതിലും വലിയ അടിയായിരുന്നു. മക്കക്കാരുടെ അടുത്ത് ദൂതന്മാര്‍ വന്ന് ഇവരുടെ മരണവിവരം അറിയിക്കുമ്പോള്‍ അവര്‍ വിശ്വസിക്കുന്നുണ്ടായിരുന്നില്ലെന്ന് ബദര്‍ സംബന്ധമായ ചരിത്രം വായിക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്. അതവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നുണ്ടായിരുന്നില്ലെന്ന് അര്‍ഥം.
അറേബ്യക്കാരില്‍ പൊതുവില്‍ വരുത്തിയ സ്വാധീനം
മക്കക്കു പരിസരത്തുണ്ടായിരുന്ന അഅ്റാബികളില്‍ ഭൂരിഭാഗവും കൊള്ളക്കാരും മോഷണക്കാരുമെല്ലാമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക സമൂഹത്തിന്‍റെ ഈ വളര്‍ച്ച വലിയൊരു ഭീഷണി തന്നെയായിരുന്നു. ബദറിലെ മുസ്‌ലിംകളുടെ വിജയത്തെ കുറിച്ച് കേട്ടതോടെ പിന്നെ അവരും മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം നടത്താന്‍ തീരുമാനിക്കുന്നുണ്ട്.
ബദര്‍ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞു കാണില്ല. അഅ്റാബികള്‍ ഒരു സംഘമായി മദീനക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു രംഗത്തുവന്നു. നബി അവരോട് യുദ്ധം ചെയ്യാനായി സ്വഹാബത്തുകളെ കൂട്ടി പോയി. അവരെ കണ്ടതോടെ അഅ്റാബികളെല്ലാം തൊട്ടപ്പുറത്തുള്ള മലമുകളില്‍ കയറി ഒളിച്ചു. ആടുമാടുകളടക്കമുള്ള വലിയൊരു ഗനീമത്ത് സ്വത്തുമായാണ് നബിയും സംഘവും അവിടെ നിന്ന് തിരിച്ചത്.
ഇതിനെല്ലാം പുറമെ മദീനയില്‍ മുനാഫിഖുകള്‍ എന്ന പുതിയൊരു വിഭാഗം രൂപം കൊണ്ടതും ബദറിലെ മുസ്‌ലിംകളുടെ വിജയത്തെ തുടര്‍ന്നാണ്. നേരത്തെ ഇസ്‌ലാമിനെ അംഗീകരിക്കാത്ത പല ആളുകളും യുദ്ധത്തിലെ വിജയശേഷം പരസ്യമായി മാത്രം മുസ്ലിമാണെന്ന് പ്രഖ്യാപിക്കുകയും രഹസ്യമായി തങ്ങളുടെ ദൈവനിഷേധം തുടരുകയും ചെയ്തു. അതുവരെ ശത്രുതയില്‍ തുടര്‍ന്നിരുന്നവര്‍ പെട്ടെന്ന് ഒരു ദിവസം വിശ്വാസികളാണെന്ന് നടിച്ചതിന്‍റെ കാരണമെന്താണ്. ഇസ്‌ലാമിന്‍റെ വളര്‍ച്ചയെ അവര്‍ അംഗീകരിക്കുന്നുവെന്നര്‍ഥം. അതുവരെ മുസ്‌ലിംകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്ന ഒരു സംഘം പെട്ടെന്ന് ഒരു ദിവസം മുനാഫിഖുകളായി മാറുന്നതാണ് ചരിത്രത്തില്‍ കാണുന്നത്. അതായത് അവര്‍ മുസ്‌ലിംകളെ ഭയന്നു തുടങ്ങിയിരുന്നുവെന്നര്‍ഥം.
മുസ്‌ലിംകളോട് കടുത്ത് വിദ്വേഷം വെച്ചുപുലര്‍ത്തിയിരുന്ന സംഘത്തിന്‍റെ നേതാവായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യു ബ്നു സുലൂല്‍. അയാളാണ് പെട്ടെന്ന് മുനാഫിഖുകളുടെ നേതാവായി മാറുന്നത്. അതില്‍ തന്നെ അവരുടെ ഭയത്തിന്‍റെ വ്യാപ്തി നമുക്ക് മനസ്സിലാക്കാനാകും.
ഈ ഭയത്തെ ഉപയോഗപ്പെടുത്തി തന്നെ മുസ്‌ലിംകള്‍ത്ത് അറേബ്യന്‍ ഉപദ്വീപിലെ തന്നെ ഒരു ശക്തിയായി വളര്‍ന്നുവരാന്‍ സാധിച്ചു; സാംസ്കാരികമായും സായുധപരമായി തന്നെയും. ആ വളര്‍ച്ചയാണ് ഈ വിശുദ്ധമതത്തിന്‍റെ അസൂയകരമായ പില്ക്ക്കാല വളര്‍ച്ചക്ക് നിദനമായത്.
ലോക ചരിത്രത്തിൽ അസംഖ്യം പോരാട്ടങ്ങളും പടയോട്ടങ്ങളും പടപ്പുറപ്പാടുകളും ഉണ്ടായിട്ടുണ്ട്, വർഗ്ഗ വർണ്ണ രാഷ്ട്രീയ സാമൂഹിക കാരണങ്ങളാൽ പൊട്ടിപ്പുറപ്പെട്ട ആ സമരങ്ങളൊക്കയും കാലാന്തരങ്ങളിൽ വിസ്മൃതിയിലേക്ക് ആണ്ടുപോവുകയോ വികലമായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്തതായി കാണാം. എന്നാൽ ശതാബ്ദങ്ങൾ കഴിഞ്ഞിട്ടും, സർവായുധ വിഭൂഷിതരായ അസത്യത്തിന്റെ വാക്‌താക്കൾക്കെതിരിൽ സത്യവാഹകരായ ഒരു ചെറു സംഘം ആർജിച്ചെടുത്ത ഐതിഹാസിക വിജയം അതുല്യ പോരാട്ടവീര്യമായി ലോകം സ്മരിച്ചു കൊണ്ടിരിക്കുകയാണ്.
ഹിജ്‌റ രണ്ടാം വർഷം റമദാൻ പതിനേഴിന് വെള്ളിയാഴ്ച നബിയും മുന്നൂറിൽപരം അനുയായികളും വ്രതമനുഷ്ഠിച്ച് ആയിരത്തോളം വരുന്ന പടയങ്കിധാരികളായ സൈനിക വ്യൂഹത്തോട് ബദ്റിൽ വെച്ച് ഏറ്റുമുട്ടിയത് തീർത്തും അവിചാരിതമായിരുന്നു.
സത്യമത പ്രബോധനത്തിന്റെ പേരിൽ നബിയേയും അനുചരൻമാരേയും അതിക്രൂരമായി അക്രമിക്കുകയും അടിച്ചമർത്തുകയും ചെയ്തപ്പോൾ ജന്മസ്ഥലവും വീടും സമ്പാദ്യവും ഉപേക്ഷിച്ച് ആത്മരക്ഷാർത്ഥം അവർ മദീനയിലേക്ക് പലായനം നടത്തി. പക്ഷെ അവിടേയും സ്വസ്ഥമായി ജീവിക്കാൻ ശത്രുക്കൾ അനുവദിച്ചില്ല, പലായനം ചെയ്ത മുസ്‍ലിംകളുടെ വീടും സമ്പാദ്യവും കൊള്ളയടിച്ച് മൂലധനമാക്കി യുദ്ധഫണ്ട് കണ്ടെത്തി മുസ്‍ലിംകളെ അടിച്ചമർത്താൻ അവർ അണിയറയിൽ കരുനീക്കങ്ങൾ നടത്തി.
ഇതറിഞ്ഞ പ്രവാചകൻ സിറിയയിൽനിന്ന് മദീനവഴി കച്ചവടം കഴിഞ്ഞ് പോകുന്ന ഖുറൈശികളെ തടഞ്ഞ് ശത്രുവിന്റെ സാമ്പത്തിക ശേഷി കുറക്കണമെന്ന് തീരുമാനിക്കുകയും അതുവഴി മുസ്‍ലിംകളുമായി സന്ധിക്ക് ശത്രുകൾ മുതിരുമെന്നും കരുതി.
അങ്ങനെയാണ് യാതൊരു യുദ്ധമുന്നൊരുക്കവുമില്ലാതെ നബിയും മുന്നൂറ്റിപ്പതിമൂന്ന് അനുയായികളും ബദ്‌റിലേക്ക് നീങ്ങിയത്. പക്ഷെ ഇതറിഞ്ഞ അബൂസുഫ്‍യാൻ രഹസ്യ ദൂതൻ വഴി മക്കകാർക്ക് വിവരം നൽകുകയും മറ്റൊരു വഴിയിലൂടെ അദ്ധേഹവും സംഘവും രക്ഷപ്പെടുകയും ചെയ്തു.
അബൂജഹലിന്റെ നേതൃത്വത്തിൽ മക്കയിൽ നിന്ന് നൂറ് അശ്വഭടന്മാരും അറുന്നൂറ് പടയങ്കിധാരികളുമടങ്ങുന്ന ആയിരത്തോളം യോദ്ധാക്കൾ നബിയേയും സംഘത്തേയും ലക്ഷ്യമാക്കി പുറപ്പെടുകയും ഒടുവിൽ ബദ്റിൽ വെച്ച് അത് യുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. ഇതായിരുന്നു ബദ്ർ യുദ്ധത്തിന്റെ പശ്ചാത്തലം. അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അത്യാപത്കരമായ സന്ദർഭത്തിലെ ചെറുത്തു നിൽപ്പായിരുന്നു അക്ഷരാർത്ഥത്തിൽ ബദ്ർ എന്നര്‍ത്ഥം.
അതിലുപരിയായി കാലപ്പഴക്കമുള്ള വർഗ്ഗ വർണ്ണ ബോധത്തിന്റേയും ഗോത്ര ഗർവിന്റേയും
വാക്താക്കൾക്കെതിരിൽ ഐക്യബോധത്തിന്റേയും സാഹോദര്യ ബന്ധത്തിന്റേയും സത്യമതാദർശ ശാലികൾ കൈവരിച്ച വിജയവും.
വെറും പോരാട്ടത്തിന്റേയും പ്രതിരോധത്തിന്റേയും സഹനത്തിന്റേയും
സന്ദേശം മാത്രമല്ല ബദ്ർ നമുക്ക് നൽകുന്നത്. പ്രതിസന്ധികളെ തൃണവത്ഗണിച്ച് വിശ്വാസവഴിയിൽ അടിയുറച്ചു നിൽക്കുന്നവരെ സ്രഷ്ടാവായ തമ്പുരാൻ ഒരിക്കലും കൈ വെടിയില്ലന്നും, എണ്ണത്തിലും വണ്ണത്തിലും ആൾ പെരുപ്പത്തിലും വിജയം വരിക്കാനാവില്ലെന്നും അചഞ്ചലമായ ഈമാനികാവേശവും സുദൃഢമായ ആത്മവിശ്വാസവും ആർജിച്ചെടുത്താലേ അന്തിമ വിജയം കരസ്ഥമാകൂ എന്ന മഹാ സത്യവും അത് നമ്മെ പഠിപ്പിക്കുന്നുണ്ട്.
കൂടാതെ അപ്രതീക്ഷിത യുദ്ധമുഖത്തു പതറിപ്പോയ അനുയായികളെ ആത്മീയോപദേശം കൊണ്ട് പാകപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പക്വതയുള്ള നേതാവിനെയും അർപ്പണബോധമുള്ള അനുയായികളേയും പരിചയപ്പെടുത്തുന്നുമുണ്ട് ബദ്റ്.
പ്രയാസങ്ങൾ അഭിമുഖീകരിക്കുമ്പോൾ അവശനായി അസ്വസ്ഥനാകേണ്ടവനല്ല സത്യവിശ്വാസി,
മറിച്ച് പരാതികളേതും പടച്ചവനിലർപ്പിച്ച് പരിഹാരം പ്രത്യാശിച്ച് പ്രാർത്ഥിച്ചും പ്രവർത്തിച്ചും ജീവിതം പ്രതീക്ഷയുറ്റതാക്കേണ്ടവനാണ്. മൂന്ന് കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രം കൈവശമുള്ള മുന്നൂറിൽ പരമുള്ള സ്വഹാബികളെ സാക്ഷിയാക്കി രണാങ്കണത്തിൽ വെച്ച് നബി തിരുമേനി നടത്തിയ, "അല്ലാഹുവേ.. നിന്നിൽ വിശ്വസിച്ച ഈ ചെറുസംഘം നശിച്ചു പോയാൽ നിന്നെ ആരാധിക്കാൻ ഈ ഭൂമിയിൽ ആരുമുണ്ടാകില്ല" എന്ന പ്രാർത്ഥന, പ്രശ്നകലുഷിത സാഹചര്യങ്ങളിലും ഒരു ഉത്തമ വിശ്വാസി അനുവർത്തിക്കേണ്ട ഉദാത്ത മാതൃക പ്രാർത്ഥനയിൽ അഭയം പ്രാപിക്കലാണെന്ന് അടിവരയിട്ട് നമ്മെ ഉണർത്തുന്നുണ്ട്.
സത്യവും അസത്യവും തമ്മിലുള്ള സംഘട്ടനം എന്നതിനപ്പുറം ചില രാഷ്ട്രീയ സാമൂഹിക മാനങ്ങൾ കൂടി ബദ്‌ർ സൂചിപ്പിക്കുന്നുണ്ട്. സത്യമെന്ന് ബോധ്യപ്പെട്ട് ഒരു കാര്യം വിശ്വസിക്കാനും അതിനനുസൃതമായി സാഭിമാനം ജീവിക്കാനുമുള്ള ഒരു വ്യക്തിയുടേയും സമൂഹത്തിന്റെയും അവകാശത്തെ ദേശീയ വാദത്തിന്റേയും വർഗ്ഗീയ ബോധത്തിന്റേയും ഗോത്ര മഹിമയുടെയും അധമ വാദങ്ങളെ കൊണ്ട് ഇല്ലായ്മ ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ, സമത്വ സുന്ദരമായ നീതി പുലരുംവരെ അതിജീവനത്തിനു വേണ്ടി സമരം അനിവാര്യമാണെന്ന മഹാ പ്രഖ്യാപനവും .
ചുരുക്കത്തിൽ സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ ബദ്ർ വലിയ പാഠങ്ങൾ നമുക്ക് പകർന്നു നൽകുന്നുണ്ട്. ഒരിക്കലും വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും വർത്തമാനം ഇസ്‍ലാം ഇഷ്ടപ്പെടുന്നില്ല, കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും മനോഹര സംസാരം കേൾക്കാനാണ് സത്യവിശ്വാസി സദാ കാതോർക്കേണ്ടത്. യുദ്ധത്തിനൊടുവിൽ വിജയശ്രീലാളിതരായി മുസ്‍ലിംകൾ മടങ്ങുമ്പോഴും ഇത്തരം മനോഹരമാർന്ന നിരവധി മുഹൂർത്തങ്ങൾ ബദ്റിൽ നിന്ന് നമുക്ക് ദർശിക്കാൻ കഴിയും.
ശത്രുക്കളുടെ പതാക വഹിച്ചിരുന്ന അബൂ അസീസ് പറയുന്നുണ്ട്: ബദര്‍ യുദ്ധത്തില്‍ മുസ്‌ലിംകളുടെ എതിര്‍പക്ഷത്തായിരുന്നു ഞാന്‍, മുസ്‌ലിംകള്‍ വെന്നിക്കൊടി നാട്ടിയപ്പോൾ ഞാന്‍ ബന്ദിയാക്കപ്പെട്ടു, എന്നെ തടവിലാക്കിയത് ഒരു അന്‍സാരിയുടെ വീട്ടിലായിരുന്നു, അദ്ദേഹം ഈത്തപ്പഴം മാത്രം ഭക്ഷിച്ച് മുന്തിയ ഭക്ഷണമായ റൊട്ടി എനിക്ക് നല്‍കുമായിരുന്നു.തടവുകാരില്‍ ചിലര്‍ക്ക് നിർദേശിക്കപ്പെട്ട മോചനദ്രവ്യം പോലും നിരക്ഷരര്‍ക്ക് എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നതായിരുന്നു.
യുദ്ധാനന്തരം ബന്ദികളായിപിടിക്കപ്പെട്ട ശത്രുക്കളോട് മുസ്‌ലിംകള്‍ കാണിച്ച സ്നേഹമസൃണമായ മാതൃകയുടെ ഉദാഹരണങ്ങളാണിവ. വൈര്യ നിര്യാതന ബുദ്ധിയോ അപരമത വിദ്വേഷമോ ഇവിടെ നമുക്ക് വായിക്കാനാവില്ല. തങ്ങളുടെ ആശയാദർശങ്ങളിൽ അടിയുറച്ചു നിൽക്കുമ്പോഴും മാനുഷികമൂല്യങ്ങളും സാഹോദര്യ ബന്ധങ്ങളും ഊട്ടി ഉറപ്പിക്കാൻ അവർ സന്നദ്ധമായിരുന്നു എന്നതാണ് ഈ സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. അതിനാൽ വിദ്വേഷം മൂത്ത് എതിരാളികളെ നിഷ്കരുണം വെട്ടി കൊലപ്പെടുത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിക്കാനുള്ള അമരധ്വനിയായി ഈ ബദർ ദിന സന്ദേശത്തെ നമുക്ക് അടയാളപ്പെടുത്താം
Post a Comment