❝മുസ്‌ലിംകളും ഓണാഘോഷവും❞


ഇസ്‌ലാം അല്ലാത്തതു മുഴുവനും മനുഷ്യനിർമ്മിതമോ മനുഷ്യരുടെ കൈയേറ്റങ്ങൾക്കും കൈകടത്തലുകൾക്കും വിധേയമായതോ ആണ്. ലോകാവസാനം വരെ യാതൊരു കൈകടത്തലുകളും കൂടാതെ നിലനിൽക്കുകയെന്ന സംരക്ഷണം സർവ്വശക്തനായ അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിനു മാത്രമേയുള്ളൂ. പവിത്രമായ ഇസ്‌ലാം സ്വീകരിച്ചവർ മഹാഭാഗ്യവാന്മാരാണ്. അല്ലാത്തവർ പരാചിതരും. തീർച്ച, ഇക്കാര്യം വിശുദ്ധ ഖുർആൻ അർത്ഥശങ്കക്കിടമില്ലാത്ത വിധം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്‌ലാമിക വിശ്വാസങ്ങളും ആചാരങ്ങളും ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും പ്രവർത്തിക്കുകയും മറ്റു മതസ്ഥരുടെ അന്ധ വിശ്വാസങ്ങളും ആചാരങ്ങളും നിരാകരിക്കുകയും അതിനോട് വെറുപ്പുണ്ടാവലും ഓരോ സത്യവിശ്വാസിക്കും നിർബന്ധമാണ്.

മറ്റു മതക്കാരുടെ ആചാരം തിരുനബി(സ്വ)ക്ക് വെറുപ്പായിരുന്നു. നബി(സ്വ) മദീനയിലേക്ക് ഹിജ്റ വന്ന വേളയിൽ അവിടെ നിലനിന്നിരുന്ന നൈറൂസ്, മഹർജാൻ എന്നീ രണ്ടു പേരുകളിലുള്ള രണ്ടു ജാഹിലിയ്യാ ആഘോഷത്തെപ്പറ്റി ചോദിച്ചറിഞ്ഞ ശേഷം തിരുനബി(സ്വ) പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് അവയേക്കാൾ മഹത്തായ രണ്ടു സുദിനങ്ങൾ പകരം നൽകിയിരിക്കുന്നു. വലിയ പെരുന്നാളും ചെറിയ പെരുന്നാളുമാണത് (അബൂദാവൂദ്, മിർഖാത്ത്: 2/253).

നബി(സ്വ) തങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കൽ അധികവും പതിവാക്കിയിരുന്നുവെന്നും അതിനു കാരണമായി ജൂത ക്രിസ്തീയ ബഹുദൈവ വിശ്വാസികളുടെ പെരുന്നാൾ ദിനമായ ആ ദിനങ്ങളിൽ അവരോട് നിരോധിക്കപ്പെട്ട ആചാരം (നോമ്പ്) പ്രവർത്തിക്കൽ എനിക്കിഷ്ടമാണെന്നു തിരുനബി(സ്വ) പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് (നസാഈ, തുഹ്ഫ: 3/459).

ജൂത ക്രിസ്ത്യാനികളുടെ ആഘോഷ ദിനങ്ങളിൽ നോമ്പനുഷ്ഠിച്ചുകൊണ്ട് തിരുനബി(സ്വ) അവരോട് എതിരായി. ജൂതന്മാർ മുഹർറം പത്തിനു നോമ്പനുഷ്ഠിച്ചിരുന്നു. അവരോട് എതിരാവാനാണ് മുഹർറം ഒമ്പതിനു കൂടി നോമ്പ് സുന്നത്താക്കപ്പെട്ടത്. മുഹമ്മദ് നബി(സ്വ) നമ്മുടെ നോമ്പിനോട് അനുകരിക്കുന്നുവെന്നു പറഞ്ഞു ജൂതർ പരിഹാസം വർദ്ധിപ്പിച്ച വേളയിലാണ് അടുത്ത വർഷം ജീവിച്ചിരിക്കുകയാണെങ്കിൽ മുഹർറം ഒമ്പതിന് ഞാൻ നോമ്പനുഷ്ഠിക്കുമെന്ന് നബി(സ്വ) പറഞ്ഞത്. 
നൈറൂസ് പോലെയുള്ള മറ്റു മതസ്ഥരുടെ ആഘോഷ ദിനങ്ങളിൽ മാത്രം നോമ്പനുഷ്ഠിക്കൽ പോലും കറാഹത്തില്ലെന്നു പറഞ്ഞു മറ്റു മതക്കാരുടെ ആചാരങ്ങളോട് എതിരാവാനാണ് മതം പ്രേരിപ്പിക്കുന്നത് (തുഹ്ഫ: 3/459).
   ഖലീഫ അലി(റ)യുടെ സവിധത്തിൽ മധുര പലഹാരം കൊണ്ടു വന്നപ്പോൾ ഇതെന്താണെന്നദ്ദേഹം ചോദിച്ചു. നൈറൂസിന്റെ പലഹാരമാണെന്നവർ മറുപടി പറഞ്ഞു. അപ്പോൾ അദ്ദേഹം പ്രതികരിച്ചു. നമുക്കെന്നും നൈറൂസ് തന്നെ. മഹർജാനിലും ഇതുപോലെ പലഹാരം കൊണ്ടുവന്നപ്പോഴും നമുക്കെന്നും മഹർജാനല്ലേ എന്നായിരുന്നു ഖലീഫയുടെ മറുപടി (മിർഖാത്ത്: 2/252).

മുല്ലാ അലിയ്യിൽ ഖാരി(റ) ഉദ്ധരിക്കുന്നു. നൈറൂസ്, മഹർജാൻ, അവിശ്വാസികളുടെ മറ്റു ആഘോഷങ്ങൾ എന്നിവയിൽ അവരോടൊപ്പം വിനോദത്തിലും സന്തോഷത്തിലും പങ്കിടുന്നത് കുറ്റകരമാണ്.

മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ സമ്മാനങ്ങൾ കൊടുത്തയക്കുന്നതും പതിവില്ലാത്ത വസ്തു വാങ്ങുന്നതും സന്തോഷിക്കേണ്ട ദിവസം എന്ന നിലയ്ക്കാണെങ്കിൽ അവന്റെ കർമങ്ങൾ പൊളിഞ്ഞു പോകുന്നതും മതത്തിൽ നിന്നു പുറത്തുപോകുന്നതിനെ ഭയപ്പെടേണ്ടതുമാണ് (മിർഖാത്ത്: 2/252).

മറ്റു മതക്കാരുടെ ആഘോഷ ദിനങ്ങളിലെ പ്രത്യേക തരം ഭക്ഷണം നാം സ്വീകരിക്കുന്നത് തെറ്റാണ്. ഖലീഫാ അലി(റ) നിരസിച്ചത് പ്രസിദ്ധമാണല്ലോ.

ഈയിടെയായി മറ്റു മതസ്ഥരുടെ ആഘോഷ ദിനങ്ങളെ ആഘോഷമായി കാണാൻ ചില മുസ്‌ലിംകൾ തയ്യാറാവുന്നത് കാണുന്നുണ്ട്. അതു ഖേദകരമാണ്. ചിങ്ങം കടന്നുവരുമ്പോൾ മുസ്‌ലിംകൾ വീടിനു മുന്നിൽ പൂക്കളമിട്ടും ഓണ സദ്യയുണ്ടാക്കിയും ഓണം ആഘോഷിക്കുകയാണ്. അത്തം പത്തിലെ തിരുവോണത്തിൽ തിരുവാതിര കളിക്കാനും പൊതു പരിപാടികൾക്ക് വേഷം കെട്ടാനും ഇന്നു മുസ്‌ലിം വിദ്യാർത്ഥി വിദ്യാത്ഥിനികൾ തയ്യാറാവുകയാണ്. ഇതെല്ലാം കടുത്ത തെറ്റാണ്. ചെയ്തുപോകരുത്.

ഓണം ദേശീയ ഉത്സവമാണെന്നു പറഞ്ഞാലും ഇല്ലെങ്കിലും ഹിന്ദുക്കളുടെ മതാചാരമാണത്. അവരുടെ ഐതിഹ്യം അതിലുണ്ട്. വിശുവിനു അവർ പടക്കം പൊട്ടിക്കുമ്പോൾ അവരോട് സാദൃശ്യത കാണിച്ച് നാം അതു ചെയ്തുകൂടാ. ക്രിസ്ത്യാനികൾ ക്രിസ്തുമസിനു സ്റ്റാർ കത്തിക്കുമ്പോൾ നാം അതു ചെയ്യാവതല്ല. അമുസ്‌ലിംകളുടെ അമ്പലത്തിൽ താലപ്പൊലിയും പൂജയും നടത്തി ഉത്സവമുണ്ടാക്കുമ്പോൾ അതിലേക്കു പോകുന്നതും സദ്യയിൽ പങ്കെടുക്കുന്നതും കടുത്ത തെറ്റാണ്.

മറ്റു മതാചാരം സ്വീകരിച്ചു കൊണ്ടല്ല മത സൗഹാർദ്ദം നില നിർത്തേണ്ടത്. ദുരിതമനുഭവിക്കുന്നവനെ സഹായിക്കാനും രോഗിയെ സന്ദർശിക്കാനും ഇസ്‌ലാം പ്രോത്സാഹിപ്പിച്ചപ്പോൾ മുസ്‌ലിം അമുസ്‌ലിം എന്നു വേർതിരിച്ചിട്ടില്ല. അതേസമയം മതാചാരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.

ഉള്ഹിയ്യത്തിന്റെ മാസം മുസ്‌ലിംകൾക്കു മാത്രമേ നൽകാവൂ. മതസൗഹാർദ്ദം ചോർന്നു പോകുമെന്ന ഭയമുണ്ടെങ്കിൽ മാർക്കറ്റിൽ പോയി ഇറച്ചി കൊണ്ടുവന്നു അതു അമുസ്‌ലിംകൾക്കു നൽകുക.

മറ്റു മതക്കാരുടെ ആചാരങ്ങൾ ചെയ്യുന്നതിൽ മൂന്നു അവസ്ഥയാണുള്ളത്.

ഒന്ന്; അവരുടെ മതാചാരം എന്ന നിലയ്ക്കു ചെയ്യൽ. ഇതു തെറ്റും കുഫ്‌റുമാണ്.

രണ്ട്; കുഫ്റിന്റെ ആചാരത്തോട് യോജിക്കുക എന്ന കരുത്തില്ലാതെ അവർ ചെയ്യുന്ന കാര്യത്തിൽ യോജിക്കൽ. ഇതു കടുത്ത തെറ്റാണ്. നിഷിദ്ധമാണ്.

മൂന്ന്; അവരോട് അനുകരണവും സാമ്യതയും തീരെ ഉദ്ദേശ്യമില്ലാതെ നാം ചെയ്തു അവരോട് യോജിച്ചുവെങ്കിൽ പ്രശ്നമില്ല (ഫതാവൽ കുബ്റാ: 4/239 നോക്കുക).

നാട്ടാചാരങ്ങളിൽ (മതത്തിനു വിരുദ്ധമല്ലെങ്കിൽ) മറ്റു മതസ്ഥരോട് സാമ്യപ്പെടൽ കുറ്റകരമല്ല. പ്രത്യുത അവരുടെ മതാചാരമായി ഗണിക്കപ്പെടുന്നത് നാം പ്രവർത്തിക്കുമ്പോഴാണ്. കുറ്റകരമാവുക, സർവ്വ മത സത്യവാദികളും സമാന മനസ്സരും ഇതു വായിക്കുമ്പോൾ ഊറിച്ചിരിച്ചെന്നു വരും. എന്നാൽ മുസ്‌ലിമായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നവൻ ഇതംഗീകരിക്കുമെന്നുറപ്പുണ്ട്.
(ഈയുള്ളവൻ്റെ ' രിദ്ദത്ത്: കാരണവും പ്രതിവിധിയും' എന്ന ഗ്രന്ഥത്തിൽ നിന്ന്)

✒️ ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
1444 സ്വഫർ: 05
🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️

എല്ലാ നബിദിന പരിപാടികളും വരികൾ സഹിതം ഒറ്റ ക്ലിക്കിൽ ലഭിക്കാൻ👇👇👇 >> http://www.ifshaussunna.in/2022/08/blog-post_30.html