അഷ്കർ അലിക്ക് മറുപടിയുമായി ഇന്ത്യൻ സൈനികൻ അശിദ് അസീസ്..
ഇന്ത്യൻ സൈനികനായ Ashid Aziz എഴുതുന്നു.
ഒന്ന് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ അങ്ങട്ടും ഇങ്ങട്ടും എവിടെ നോക്കിയാലും കേൾക്കുന്നത് ഒരു അഷ്‌കർ അലി.... അഷ്‌കർ അലി എന്ന പേരാണ്. ആള് മുൻപ് ഒരു ഇസ്ലാം മത വിശ്വാസിയും കൂടാതെ ഹുദവി എന്നോ എന്തൊക്കെയോ പേരുള്ള ഒരു കോഴ്സൊക്കെ കഴിഞ്ഞു എന്നും പിന്നീട് ഇയാൾക്ക് ഇസ്ലാം മതത്തിൽ അത്ര താത്പര്യം പോരാഞ്ഞിട്ട് ഇസ്ലാമിൽ നിന്നും പുറത്തു പോയി എന്നുമാണ് കേൾക്കുന്നത്. അതൊക്കെ ഓരോ ആളുടെ പേർസണൽ കാര്യമാണ്.... അതിലൊന്നും ഞാൻ ഇടപെടാനില്ല. പക്ഷെ... ഈ അഷ്‌കർ അലി എന്നു പറയുന്ന ആള് കഴിഞ്ഞ രണ്ടു ദിവസം മുൻപ് യുക്തിവാദി വിഭാഗമായ എസ്സൻസിന്റെ ഒരു പ്രോഗ്രാമിൽ പോയി കുറച്ചു കാര്യങ്ങൾ പ്രസംഗിച്ചതിന്റെ വീഡിയോസ് സോഷ്യൽ മീഡിയയിൽ കാണാനിടയായി. അതിൽ അയാൾ തന്റെ ഭാഗത്തെ ന്യായീകരിക്കാൻ വേണ്ടി വളരെ ഗുരുതരമായ കുറേ കള്ള ആരോപണങ്ങൾ ഉന്നയിച്ചതായി കണ്ടു. അതിൽ ഞാനടക്കം ഉൾപ്പെടുന്ന ഒരു വിഭാഗത്തെ കൂടി പ്രതിപാധിച്ചതിനാൽ അഷ്‌കർ അലിയുടെ ആരോപണത്തിനു തിരിച്ചു ഒരു മറുപടി നൽകുക എന്ന ഒരു ബാധ്യത കൂടി എനിക്കുണ്ട്. അതിനുവേണ്ടി കൂടിയുള്ളതാണ് ഈ പോസ്റ്റ്.
ഇസ്ലാം മതവിശ്വാസം വിട്ട് പുറത്തു വന്ന് യുക്തിവാദിയായ അഷ്‌കർ അലി നടത്തിയ വലിയൊരു ആരോപണമാണ് ഒരു മുസ്ലിമിന് ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്യുന്നത് അനിസ്ലാമികമായ കാര്യമാണ് എന്ന്. അതിന് കാരണമായി അവൻ പറയുന്നത് അവനെ പഠിപ്പിച്ച മദ്രസയിൽ നിന്നും അവനു അങ്ങനെ ഒരു ക്ലാസ്സ് കിട്ടി എന്നാണ്. ഇതിന് കാരണം ഇന്ത്യൻ പട്ടാളത്തിൽ ജോലി ചെയ്യുന്ന ഒരു മുസ്ലിം സൈനികൻ തന്റെ എതിർഭാഗത്ത് വരുന്നത് മറ്റൊരു മുസ്ലിം ആണെങ്കിൽ അവനെ കൊല്ലാൻ പാടില്ല പോലും, അത് ഒരു മുസ്ലിമിന് ഹറാമാണ് എന്നതും. മുഹമ്മദ് ആഷിദ് എന്ന ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയും 10 വർഷമായി ഇന്ത്യൻ പരാമിലിറ്ററി സർവീസിൽ ജോലി ചെയ്യുന്ന ഒരു സൈനികനുമാണ്. ഞാനും ഈ അഷ്‌കർ അലി പറയുന്ന മദ്രസയിൽ കൂടിയാണ് പഠിച്ചു വളർന്നു വന്നത്. എന്റെ വിദ്യാഭ്യാസത്തിന്റെ ആരംഭം തന്നെ ഞാൻ തുടങ്ങിയത് ഈ മദ്രസയിൽ നിന്നുള്ള അലിഫും ബാഹും മീമും പഠിച്ചാണ്. ഇന്നുവരെ ഞാൻ പഠിച്ച എന്റെ മദ്രസയിലെ ഒരു അധ്യാപകനും എന്നോട് എന്റെ രാജ്യത്തിന് വേണ്ടി പട്ടാളത്തിൽ ചേരരുത് എന്നോ അത് അനിസ്‌ലാമികമാണ് എന്നോ ചേർന്നാൽ എതിർ ഭാഗത്തു മുസ്ലിം പട്ടാളക്കാർ ഉണ്ടായാൽ അവരെ കൊല്ലുന്നത് തെറ്റാണ് എന്നോ പഠിപ്പിച്ചു തന്നിട്ടില്ല. കൂട്ടത്തിൽ ഇന്ത്യൻ സൈന്യത്തിൽ ചേരുന്നത് അനിസ്ലാമികമാണ് എന്ന കാര്യവും എന്നെ പഠിപ്പിച്ചിട്ടില്ല. ഇതിനൊക്കെ പകരം സ്വന്തം രാജ്യത്തിനു വേണ്ടി പോരാടി മരിച്ചാൽ... ഇനി അത് ഏതു രാജ്യത്തോട് ആയാലും അവനു ലഭിക്കുന്നത് ശഹീദിന്റെ കൂലിയാണ് എന്നാണ് ഞങ്ങളെയൊക്കെ പഠിപ്പിച്ചത്. ഇങ്ങനെയൊക്കെ ആണ് രാജ്യത്തോടുള്ള പ്രതിബദ്ധത നാം കാണിക്കേണ്ടത് എന്നാണ് ഞാനടക്കമുള്ള എന്റെ മദ്രസയിൽ നിന്നും ഞങ്ങൾക്ക് പ്രിയപ്പെട്ട ഞങ്ങളുടെ ഉസ്താദുമാർ പഠിപ്പിച്ചു തന്നത്.
രാജ്യത്തോടുള്ള സ്നേഹവും ഞാൻ പഠിച്ച മദ്രസയിൽ നിന്നും കേട്ട രാജ്യ സുരക്ഷയുടെ പ്രാധാന്യവുമാണ് ഈ എന്നെ ഒരു ഇന്ത്യൻ സൈനികനാക്കി മാറ്റിയത് എന്നു 100% ഉറപ്പിച്ചു പറയാൻ എനിക്കു സാധിക്കും. ഇവിടെ ഞാൻ മാത്രമല്ല, എന്റെ കൂടെ തന്നെ കേരളത്തിൽ നിന്നും ഒന്നിച്ചു ഈ ജോലിയിൽ പ്രവേശിച്ച ഷറഫലിയും, ജസീമും, ശംസു, അസ്‌ലം, ജൂൽബർ ഹംസക്കോയ, ഫാസിൽ, ഷാൻ,സിദ്ധീഖ് എന്നിവരും ഇപ്പോഴും കൂടെയുണ്ട്. അവരും നീ ഈ അഷ്‌കർ അലി പറഞ്ഞ ആ മദ്രസയിൽ നിന്നും തന്നെ പഠിച്ചു വളർന്നവരാണ്. ഈ നീ പറയുന്ന ഒരു ആരോപണവും ഞങ്ങൾ ആരും തന്നെ ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത ഒന്നാണ്. ഈ ജോലിയിൽ പ്രവേശിച്ചതിന് ശേഷം പിന്നീട് ഞാൻ എന്നെ പഠിപ്പിച്ച ഏറ്റവും പ്രിയപ്പെട്ട എന്റെ മദ്രസ്സയിലെ പഠിപ്പിച്ച ഉസ്താദുമാരെ കണ്ടപ്പോൾ അവരോട് ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് ഇന്ത്യൻ സേനയിൽ ആണെന്ന് പറഞ്ഞപ്പോൾ എനിക്കു കിട്ടിയ മറുപടി സന്തോഷത്തോടെയുള്ള മാഷാ അല്ലാഹ് എന്നായിരുന്നു.
ഞങ്ങൾ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാലുള്ള ഒരു വർഷത്തെ കഠിന പരിശീലനത്തിന് ശേഷം നടക്കുന്ന പാസ്സിങ് ഔട്ട് പരേഡിൽ ഏറ്റവും അവസാനമായി കൈകൾ മുന്നോട്ട് ഉയർത്തി സത്യം ചെയ്യുന്ന ഒരു ചടങ്ങുണ്ട്. അന്ന് ട്രെയിനിംഗ് പൂർത്തിയായ സൈനികർ അവരവർ വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിൽ സ്വന്തം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും എന്നുള്ള ഒരു സത്യം ചെയ്യാറുണ്ട്. അന്ന് ഈ ഞാൻ ചെയ്തതും ഞാൻ വിശ്വസിക്കുന്ന എന്റെ സൃഷ്ട്ടാവായ അല്ലാഹുവിന്റെ പേരിലായുള്ള സത്യമായിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നു എന്നെ രാജ്യസ്നേഹം പ്രകടിപ്പിക്കാൻ എന്നെ എന്റെ ഉസ്താദുമാർ പഠിപ്പിച്ചത്.
പിന്നെ അഷ്‌കർ അലി പറയാത്ത സൈന്യത്തിലെ ചില ഇസ്ലാമിക കാര്യങ്ങൾ കൂടി ഞാൻ ഇവിടെ പറയാം. സ്വന്തം രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന സൈനികർക്ക് വേണ്ടി ഇസ്ലാം നൽകിയ വിട്ടുവീഴ്ച്ചകളെ കുറിച്ച് ഈ അഷ്‌കർ അലിക്ക് എന്തെങ്കിലും അറിയുമോ. ഇസ്ലാമിൽ മുടിയും താടിയും കളർ ചെയ്യുക ഹറാമായ ഒരു കാര്യമാണ്. അതിന് കാരണമായി പറയുന്നതു മറ്റുള്ളവരുടെ മുന്നിൽ അവരെ നാം വഞ്ചിക്കുന്നു എന്നതാണ്. എന്നാൽ ഈ കാര്യത്തിൽ രാജ്യസേവനം ചെയ്യുന്ന പട്ടാളക്കാർക്ക് മാത്രം മുടിയും താടിയും കറുപ്പിക്കാം എന്ന ഇളവ് ഇസ്ലാം നൽകിയിട്ടുണ്ട്. തന്റെ എതിർഭാഗത്തുള്ള ശത്രു സൈനികർ നരച്ച മുടിയുമായുള്ള സൈനികരെ കണ്ടാൽ അത് അവരിൽ എതിർ ഭാഗത്തുള്ളവർ തങ്ങളെ നേരിടാൻ വരുന്നവർ പ്രായമായവരും ദുർബലരുമാണ് എന്ന ചിന്തയുണ്ടാക്കും. അത് ശത്രു വിഭാഗത്തിനു തങ്ങളുടെ എതിരാളികൾക്ക് നേരെ പോരാടാൻ ആത്മവിശ്വാസം കൂട്ടുകയും ചെയ്യും. അത് ഒഴിവാക്കാൻ വേണ്ടിയാണ് ഇസ്ലാം രാജ്യസേവനം ചെയ്യുന്ന പട്ടാളക്കാർക്ക് മാത്രമായി ഈ നിയമം ബാധകമല്ലാ എന്നാക്കി മാറ്റിയത്. ഇതു കൂടാതെ രാജ്യത്തിനു വേണ്ടി പോരാടി ഷഹീദ് ആവുന്ന പട്ടാളക്കാരെ കുളിപ്പിക്കുക പോലും ചെയ്യാതെ അതേ പോലെ ഖബറിൽ മറവ് ചെയ്യാം എന്ന ഒരു നിയമവുമുണ്ട്. ഇതൊന്നും ഒരു സാധാരണകാരന് പറ്റാത്ത ഒരു കാര്യമാണു. ഇങ്ങനെ എഴുതാൻ ആണെങ്കിൽ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്.... അങ്ങനെയുള്ള ഒരു മതത്തെയാണ് ഈ പറയുന്ന അഷ്‌കർ അലി തന്റെ ഭാഗം ന്യായീകരിക്കാൻ വേണ്ടി കളവു പറഞ്ഞു അപമാനിക്കുന്നത്.
പിന്നെ അഷ്‌കർ അലി പറഞ്ഞ മറ്റൊരു കാര്യം കൂടി കേട്ടു, കാശ്മീരിൽ നിന്നുള്ള മുസ്ലിങ്ങൾ കേരളത്തിലുള്ള മുസ്ലിങ്ങളെ യഥാർത്ഥ മുസ്ലിമായി കാണുന്നില്ല എന്ന്. അതിന് കാരണമായി അവൻ പറയുന്നത് കേരളത്തിൽ മുസ്ലിങ്ങൾ മറ്റു മത വിഭാഗങ്ങളുമായി യോജിച്ചു ജീവിക്കുന്നു എന്നതാണ്. എന്ത് പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ ആണ് അവൻ ഇങ്ങനെ പറഞ്ഞത് എന്നാണ് എനിക്കു മനസ്സിലാവാത്തത്. ഈ അഷ്‌കർ അലി ജീവിതത്തിൽ എപ്പോഴെങ്കിലും ഒരിക്കൽ ഏതെങ്കിലും ഒരു കശ്മീരിയുമായി റൂം പങ്കിട്ടുണ്ടോ. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഒരു അമ്പതോളം കശ്മീർ മുസ്ലിം സൈനികരുടെ ഒന്നിച്ചു ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഇന്നുവരെ അവർ ഞങ്ങളോട് അങ്ങനെ ഒരു വേർതിരിവ് കാണിച്ചതായി എനിക്കു തോന്നിയിട്ടില്ല. കൂടാതെ കേരളത്തിൽ എല്ലാ മതക്കാരും ഒന്നിച്ചു ജീവിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ് അവർ ചെയ്തത്. എത്ര വലിയ കള്ള ആരോപണങ്ങളാണ് അഷ്‌കർ അലി എന്ന യുക്തിവാദി ഇവിടെ പൊതു സമൂഹത്തിനു മുന്നിൽ വന്നുകൊണ്ട് പ്രസംഗിച്ചത്. ആ വാക്കുകൾ ഇന്ന് സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തീർച്ചയായും കേരളത്തിലെ മദ്രസുമായി ബന്ധപ്പെട്ട മുസ്ലിം സംഘടനകൾ ഇതിനെതിരെ നിയമപരമായി തന്നെ മുന്നോട്ടു പോവണം. ഇല്ലെങ്കിൽ കൗമിനെ കടിച്ചു കീറാൻ നിൽക്കുന്നവർക്ക് മുന്നിൽ പിന്നെ ഇതുമൊരു വിഷയമായി വന്നേക്കാം....
പിന്നെ പുറത്തു നിന്ന് മാത്രം കാഴ്ചകൾ അഷ്‌കർ അലിക്ക് അറിയാത്ത പല കാഴ്ചകളും അറിവുകളും സൈന്യത്തിൽ ഉണ്ട്. ഞങ്ങളുടെ തോക്കിൻ കുഴലിൽ നിന്നും ശത്രുവിന്റെ നേരെ വെടിയുണ്ടകൾ പായുമ്പോൾ ആ ഉണ്ടയ്ക്ക് ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ യാതൊരു വ്യതാസവുമുണ്ടാവാറില്ല. അതിന് ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂ രാജ്യത്തിന്റെ ശത്രു അതാരായാലും തന്നെ അവന്റെ നെഞ്ചു തുളച്ചു അകത്തു കടക്കുക എന്നതാണ്....(As received)
Post a Comment