ഖുർആൻ പരിഭാഷയും സമസ്തയും പിന്നെ വഹാബീ മമ്മൂഞ്ഞും- കായക്കൊടിക്ക് രണ്ടാം മറുപടി
ഖുർആൻ പരിഭാഷയും സമസ്തയും പിന്നെ വഹാബീ മമ്മൂഞ്ഞും
വഹാബിയ്യത്തിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ഞാനെഴുതിയ കുറിപ്പിന് കായക്കൊടി മൗലവിയെഴുതി മറുപടിയോട് പ്രതികരിക്കവെ ഞാൻ എഴുതിയിരുന്നു "പരിഭാഷയെ കുറിച്ച് പിന്നെ കുറിക്കാ ''മെന്ന് . സമസ്തക്കാർ ഖുർആൻ പരിഭാഷയെ എതിർത്തവരായിരുന്നു, എന്നാൽ പിന്നീട് കെ.വി.കൂറ്റനാട് അത് ഇറക്കി... എന്നൊക്കെ തുടങ്ങി പരിഹസിക്കുകയാണ് കായക്കൊടി.
ഖുർആൻ വിവർത്തനം ചെയ്യുന്നതിനെ സമസ്ത എതിർത്തിട്ടില്ല. അങ്ങിനെ ആയിരുന്നെങ്കിൽ പഴയ കാല പണ്ഡിതന്മാരുടെ പ്രസംഗത്തിലോ എഴുത്തിലോ ഖുർആൻ ആയത്ത് ഉദ്ദരിച്ച് മലയാളത്തിൽ വിവരിക്കില്ലായിരുന്നു. ഖുർആൻ പരിഭാഷയെ കുറിച്ച് ലോക പണ്ഡിതന്മാർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. അഇമ്മ ത്തിൻ്റെ ആരോഗ്യകരമായ ഇഖ്തിലാഫ് ഗുണകരവുമാണ്. അത് മാത്രമാണ് സമസ്ത പണ്ഡിതന്മാർക്കുമുണ്ടായിരുന്നത്. പദാനുപദ പരിഭാഷ പാടില്ലെന്നേ ചർച്ചയും വന്നിട്ടുള്ളൂ.
വഹാബിസത്തേക്കാൾ മലയാള ഗ്രന്ഥങ്ങളും പരിഭാഷകളും ഇറക്കിയവരാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ ഭാഷാനിപുണനായ ഒ.അബ്ദുറഹിമാൻ യുക്തിവാദി ഇടമുറകിന് മറുപടി എഴുതി IPH പ്രസിദ്ധീകരിച്ച "യുക്തിവാദികളും ഇസ്ലാമും " എന്ന ഗ്രന്ഥത്തിൽ എഴുതുന്നു." പരിഭാഷകർ തങ്ങൾക്ക് യുക്തമായിത്തോന്നിയ അർഥം മാത്രം നൽകി തൃപ്തിപ്പെടുമ്പോൾ ഖുർആൻ്റെ അർഥവ്യാപ്തിയെ അത് സാരമായി പരിമിതപ്പെടുത്തുന്നു. അത് പോലെ, അറബി ഭാഷയുടെ സാമാന്യ സ്വഭാവവും ഖുർആൻ്റെ പ്രത്യേക ശൈലിയും കാരണം പല സൂക്തങ്ങളിലും സൂചനകളോ സംക്ഷേപങ്ങളോ മാത്രമേ കാണുകയുള്ളൂ. മറ്റൊരു ഭാഷയിലേക്ക് അവയെ വിവർത്തനം ചെയ്യുമ്പോൾ, പദാനുപദ പരിഭാഷാരീതിയാണ് അവലംബിക്കുന്നതെങ്കിൽ ഖുർആൻ ദുർഗ്രഹമായി കലാശിക്കും.പരിഭാഷകൻ വ്യാഖ്യാന പരമായ പരിഭാഷയാണ് നടത്തിയതെങ്കിലോ, അതിലദ്ദേഹത്തിൻ്റെ സ്വന്തമായ വീക്ഷണം പ്രതിഫലക്കുകയും ചെയ്യും. അത് കൊണ്ടാണ് ഖുർആൻ്റെ പദാനുപദ പരിഭാഷ പാടില്ലെന്നും ആശയ വിവർത്തനം മാത്രമേ ഹിതകരമാവൂ എന്നും പ്രാമാണികരായ പണ്ഡിതന്മാർ ചൂണ്ടിക്കാണിച്ചത്.... ഖുർആൻ മനുഷ്യ സമുദായത്തിൻ്റെ പൊതു സ്വത്തായത് കൊണ്ട്, നിർഭാഗ്യകരമെന്ന് പറയട്ടെ, ആ മഹദ്ഗ്രന്ഥത്തെ സംബന്ധിച്ചേടത്തോളം താങ്കൾക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്താനാണ് പല പരിഭാഷകന്മാരും ശ്രമിച്ചിട്ടുള്ളത്. ഭാഷയോടോ ശൈലിയോ ടോ ഉള്ളടക്കത്തോടോ നീതി കാണിക്കാത്ത ഒട്ടേറെ ഖുർആൻ പരിഭാഷകൾ ലോകത്തിലെ പല ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ടെന്നത് ദു:ഖകരമായ സത്യമാകുന്നു. മുസ്ലിംകളിലെ വ്യത്യസ്ത ചിന്താഗതിക്കാര്യം അമുസ്ലിംകളും നിരുത്തരവാദപരമായ ഈ കൃത്യം നിർവ്വഹിച്ചിട്ടുണ്ട് ".(പേജ്: 80 )
സമസ്തയിലും ഈ അഭിപ്രായമേ ഉണ്ടായിട്ടുള്ളൂ.
500 വർഷം മുമ്പ്
പോർച്ചുഗീസിനെതിരെ യുദ്ധം ചെയ്യാൻ മലബാറിലെ മാപ്പിള യോദ്ധാക്കളെ തയ്യാറാക്കുന്നതിന്
ഖുർആനും ഹദീസും അടിസ്ഥാനപ്പെടുത്തി " ഇഖ്തിബാസ്'' എന്ന അറബി സാഹിത്യത്തിൻ്റെ പരകോടിയിലൂടെ മലബാർ മാപ്പിളമാരെ സാമൂതിരിക്ക് വേണ്ടി കടൽയുദ്ധത്തിനിറക്കിയ ഖാളി മുഹമ്മദ് (റ) മുഹ്യിദ്ധീൻ മാല എഴുതിയ വഹാബിയുടെ ജന്മ ശത്രുവായ സുന്നീ പണ്ഡിതനായിരുന്നു എന്നത് ഒറ്റ നൂറ്റാണ്ട് പാരമ്പര്യക്കാർ അറിയണം.
അറബി സാഹിത്യം കൊണ്ട് പക്കാ മലയാളിയെ ബാധ്യപ്പെടുത്താൻ കഴിവുള്ള പാരമ്പര്യ മുസ്ലിംകളോട് " ദീകീ ദീകീ " യുടെ സ്കൂൾ അറബി പരിഭാഷയിൽ ജീവിക്കുന്ന വഹാബി മൗലവികൾ അറബി സാഹിത്യത്തിൻ്റേയും ഖുർആൻ പരിഭാഷയുടേയും മമ്മൂഞ്ഞിസം നിരത്തേണ്ടതില്ല.
നാസർ ഫൈസി കൂടത്തായി
(08/05/22)
Post a Comment