മതം കടിച്ചെറിഞ്ഞ പണ്ഡിതൻ



മതം കടിച്ചെറിഞ്ഞ പണ്ഡിതൻ

ഇബ്നുസ്സഖാ വലിയ മത പണ്ഡിതനായിരുന്നു. ബഗ്ദാദിലെ കേളികേട്ട നിള്വാമിയ്യ സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ പ്രതിഭ. വശ്യമനോഹരമായ ശബ്ദത്തിനുടമ. ശ്രവണ സുന്ദരമായ ഖുർആൻ പാരായണം. വിവിധ വിഷയങ്ങളിലായി പരന്നു കിടക്കുന്ന അറിവ്. വാഗ്വാദത്തിലൂടെ ആരെയും മുട്ടുകുത്തിക്കാൻ ശേഷിയുള്ള വാഗ്വിലാസവും പാടവവും.

അക്കാലത്ത്, ഹിജ്റ560 ൽ ബഗ്ദാദിൽ ഒരു സൂഫി പ്രത്യക്ഷപ്പെട്ടു. ശൈഖ് യൂസുഫുൽ ഹമദാനി. ഭക്തനും സ്വത്വികനുമായ ശൈഖ് ഹമദാനിയുടെ ജീവിത വിശുദ്ധി കണ്ടു ജനങ്ങൾ അദ്ദേഹത്തിൻ്റെ പിന്നാലെ കൂടി. അദ്ദേഹത്തിൻ്റെ സദസ്സുകളിലേക്ക് വിശ്വാസികൾ വല്ലാതെ ആകർഷിക്കപ്പെട്ടു.

യുവ പണ്ഡിതനായ ഇബ്നുസ്സഖാക്ക് അതു സഹിക്കാനായില്ല. മനുഷ്യസഹജമായ അസൂയ അയാളെ പിടികൂടി. ഉത്തരം പറയാൻ പ്രയാസകരമാകുന്ന ചില ചോദ്യങ്ങൾ ഉന്നയിച്ച് ശൈഖ് ഹമദാനിയെ ഒന്നു വട്ടം കറക്കണമെന്നും, അദ്ദേഹത്തെ അതിലൂടെ ഒതുക്കണമെന്നും അയാൾ തീരുമാനിച്ചു.

ഒരു ദിവസം ശൈഖ് ഹമദാനി ബഗ്ദാദിലെ നിള്വാമിയ്യയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, ഇബ്നുസ്സഖാ അവിടെ എത്തി. നേരത്തെ നിശ്ചയിച്ചതു പോലെ ചില ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ആത്മാവിൻ്റെ ആഴമറിഞ്ഞ ശൈഖ് ഹമദാനിക്ക് ഇബ്നുസ്സഖയുടെ സൂക്കേട് വേഗം തിരിഞ്ഞു. ''നിൻ്റെ സംസാരത്തിൽ കുഫ്റിൻ്റെ ദുർഗന്ധം അടിച്ചു വീശുന്നു.... ഇസ്‌ലാമിൽ നിന്ന് തെറിച്ചു പോയി അന്ത്യം മോശമാകാനിടയുണ്ട്. സൂക്ഷിക്കുക." ഇബ്നുസ്സഖയുടെ മുഖത്തു നോക്കി ശൈഖ് പറഞ്ഞു.

പക്ഷേ, പല കഴിവുകളും ഒത്തിണങ്ങിയ ഇബ്നുസ്സഖയോട് ഖലീഫക്ക് വലിയ മതിപ്പായിരുന്നു. അതു കൊണ്ടു തന്നെ റോമുമായുള്ള ഒരു ചർച്ചയ്ക്കു നേതൃത്വം വഹിക്കാൻ ഇബ്നുസ്സഖയെ തന്നെ പ്രത്യേകം തെരഞ്ഞെടുത്തു ഖലീഫ പറഞ്ഞച്ചു. അയാളുടെ അറിവിൽ റോമിലെ ക്രൈസ്തവ ബിഷപ്പുമാർ പോലും അത്ഭുതപ്പെട്ടു.

 പക്ഷേ, അതിനിടയിൽ ഒരു സംഭവമുണ്ടായി. റോമിലെ രാജകുമാരിയെ കണ്ട ഇബ്നുസ്സഖ അവളുടെ സൗന്ദര്യത്തിൽ വീണു പോയി. അത് പിന്നീട് പ്രണയമായി. അവളെ വിവാഹം ചെയ്തു സ്വന്തമാക്കാൻ ശ്രമിച്ചു. താൻ ക്രിസ്തുമതം സ്വീകരിച്ചാൽ മാത്രമേ ഭർത്താവി സ്വീകരിക്കുകയുള്ളൂ എന്ന് അവൾ ശാഠ്യം പിടിച്ചു. അതിനയാൾ വഴങ്ങി. ഇസ്‌ലാമിനെ കടിച്ചെറിഞ്ഞു മതം മാറി. പിന്നീട് ദുർഗന്ധം അയാളിൽ നിന്ന് വമിക്കാൻ തുടങ്ങി.

കാലങ്ങൾക്കു ശേഷം റോമിലെത്തിയ ഒരു മുസ് ലിം, ഇബ്നുസ്സഖയെ കണ്ടുമുട്ടി. വിശേഷം തിരക്കിയപ്പോൾ, ഖുർആൻ മുഴവൻ മന:പാഠമുണ്ടായിരുന്ന ആ മനുഷ്യൻ കുറഞ്ഞ കാലം കൊണ്ട് അതെല്ലാം മറന്നു പോയിരുന്നു. ഒന്നും ഓർമയില്ലേ എന്ന് വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ഒരു ആയത്ത് മാത്രമാണ് ഓർമയിൽ വന്നത്. അതിങ്ങനെ:

"ഞങ്ങൾ മുസ് ലിംകളായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് ചിലപ്പോൾ സത്യനിഷേധികൾ കൊതിച്ചു പോകും.  നിങ്ങൾ അവരെ വിട്ടേക്കുക. അവർ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തിൽ വ്യാപൃതരാവുകയും ചെയ്തുകൊള്ളട്ടെ. പിന്നീട് അവർ ' കാര്യങ്ങൾ തിരിച്ചറിഞ്ഞുകൊള്ളും".(ഖുർആൻ 15:2-3).

ശൈഖ് ഹമദാനിയുടെ ഗുരുത്വക്കേടും പേറി നടന്നിരുന്ന ഇബ്നുസ്സഖ നന്നാകാൻ അയാളുടെ ഓർമയിൽ ഓടിയെത്തിയ രണ്ടുവരി ഖുർആൻ വചനം മതിയാകുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. കുഫ്റിൻ്റെ ചെളിക്കുണ്ടിൽ കിടന്നു മരിക്കാനായിരുന്നു അയാളുടെ വിധി.
Anwar Sadiq faizy Tanur

(ദഹബി: സിയർ 39/65, ഇബ്നുൽ അസീർ: അൽ കാമിൽ 4/431, ഇബ്നുൽ ജൗസി: അൽ മുൻതളിം 9/171, ദഹബി: താരീഖുൽ ഇസ്ലാം 36/398)