മുസ്ലിം ലീഗിൽ വർഗ്ഗീയ വൈറസ് എവിടെയാണ് കടന്ന് പിടിച്ചതെന്ന് കമാൽ പാഷ പറയണം, കപട ദേശീയ ചമയങ്ങൾക്ക് മുമ്പിൽ അൾട്രാസെക്യുലറിസം തേച്ചു പിടിപ്പിക്കാൻ ശ്രമിച്ചവരേയും നേതൃത്വം തിരിച്ചറിയണം - നാസർ ഫൈസി കൂടത്തായി

കമാൽ പാഷ കണ്ട ലീഗ് വർഗ്ഗീയം

✒️നാസർ ഫൈസി കൂടത്തായി 

വർഗ്ഗീയതയെ അളന്നെടുക്കുന്നത് പേരിനെ ചേർത്താണെങ്കിൽ "കമാൽ " ഒരറബിനാമമാണ്. " മുസ്ലിം " എന്ന പേരാണ് മുസ്ലിം ലീഗിനോട് ചേർന്ന് നിന്നതിന് കോൺഗ്രസിനെതിരെ പാഷ കോടതിപ്പുറത്ത് വിധി പറയാൻ ഇടവരുത്തിയതെങ്കിൽ ഇസ്ലാമിനെ തന്നെ ഈ അൾട്രാസെക്യുലറിസം തള്ളിപ്പറഞ്ഞേക്കാം.
മുസ്ലിം ലീഗിൽ വർഗ്ഗീയ വൈറസ് എവിടെയാണ് കടന്ന് പിടിച്ചതെന്ന് കമാൽജി പറയണം. തലപ്പാവും നിസ്കാരതഴമ്പുമുള്ള ബാഫഖി തങ്ങളോട് ചേർന്ന് നിന്നതിന് ഇന്ദിരാഗാന്ധിയുടേയും കരുണാകരൻ്റേയും ഇ എം എസിൻ്റെ തന്നെയും അഭിമാനവും മതേതരത്വവും വാനിലുയർന്നിട്ടേയുള്ളൂ.
രണ്ട് ഉദ്ധരണികൾ കമാൽ പാഷക്കും കൂടി സമർപ്പിക്കുന്നു:
കെ.വേണു എഴുതുന്നു " മുസ്ലിം ലീഗ് മുസ്ലിംകളുടെ അധികാര പങ്കാളിത്വത്തിന് ഔപചാരികമായ അംഗീകാരമാണ് നേടിയെടുത്തത്.ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നണിക്കും മുസ്ലിം വിരുദ്ധത ഒരു രാഷ്ട്രീയ സമീപനമാക്കാൻ പറ്റാത്ത സാഹചര്യം രൂപം കൊണ്ടത് നിമിത്തം ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ മുസ്ലിം വിരുദ്ധത കേരളത്തിൽ വിലപ്പോയില്ല. ഹിന്ദുത്വവർഗ്ഗീയതയിലേക്ക് നീങ്ങിയ ഒരു ചെറിയ വിഭാഗത്തിൽ മാത്രമേ ഈ ചിന്താഗതി വേരൂന്നിയുള്ളൂ"
 (മാധ്യമം ആഴ്ചപ്പതിപ്പ് - 2001 ഡിസം: 28 )

ഇടമുറക് എഴുതുന്നു: "കേരളത്തിലെ മുസ്ലിം ലീഗുൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അവബോധവും പരമ്പരാഗതമായ ഹിന്ദുക്കളുമായുള്ള സഹകരണ ജീവിതം ശീലിച്ച രാഷ്ട്രീയ പാർട്ടികൾ ഇന്ത്യൻ ജനാധിപത്യത്തോട് യോജിച്ചു നിന്നതും ഐസ് പോലുള്ള മുസ്ലിം പക്ഷ തീവ്ര സംഘങ്ങൾക്ക് വേരുപിടിക്കാൻ സാധിച്ചില്ല "
( കേരളശബ്ദം: 11-04-2004)
ഹിന്ദുത്വവർഗ്ഗീയതയേയും മുസ്ലിം പക്ഷ തീവ്രവാദത്തേയും തടഞ്ഞത് മുസ്ലിം ലീഗിൻ്റെ മതപരമായ മതേതരത്വവും ജനാധിപത്യവും ദേശീയതയുമാണെന്ന് ചുരുക്കം. ഇത്രയും കമൽ പാഷമാരും അറിയണം.

ഈ അടിസ്ഥാന വീക്ഷണത്തെ മതേതര കേരളം സ്വീകരിച്ചിട്ടേയുള്ളൂ. എന്നാൽ കപട ദേശീയ ചമയങ്ങൾക്ക് മുമ്പിൽ അൾട്രാസെക്യുലറിസം തേച്ചു പിടിപ്പിക്കാൻ ചിലപ്പോഴെങ്കിലും ശ്രമിക്കുന്നതും പരമ്പരാഗതമതേതരത്വകാമ്പിൽ പൊള്ളചേർത്ത് മത രാഷ്ട്ര വാദക്കാരുമായി പുതുചങ്ങാത്തം ഉണ്ടാക്കാൻ ശ്രമിച്ചതായ പ്രചരണവും ഏത് പ്രതിസന്ധിയിലും കൂടെ നിന്ന മതവിശ്വാസ ചേരിക്കും മതേതര പാരമ്പര്യ ധാരക്കും ചൊടിയുണ്ടായി എന്നത് തിരിച്ചറിയും നേതൃത്വം എന്ന് കരുതാം. അന്യവൽക്കരണവും വിരുദ്ധ പട്ടം ചാർത്തലും മാറ്റി വെച്ച് വിമർശനം കേൾക്കലും തിരുത്തേണ്ടവ തിരുത്തലും ആത്മാർത്ഥതയോടെ എന്ന് കാലം തെളിയിച്ചേക്കാം.
ആയിരം കമാൽ പാഷമാർ വർഗ്ഗീയ പട്ടം ചാർത്തിയിലും കേരള ജനതയിൽ തഴച്ച്‌ വളർന്ന ബാഫഖീ പാരമ്പര്യം കരുത്തുറ്റത് തന്നെയാണ്.

(9/5/21)