വഹാബിസം സമുദായത്തിൻ്റെ എട്ടുകാലി മമ്മൂഞ്ഞ് - കായക്കൊടിക്ക് മറുപടിയുമായി നാസർ ഫൈസി കൂടത്തായി

വഹാബിസം സമുദായത്തിൻ്റെ എട്ടുകാലി മമ്മൂഞ്ഞ്

പശുവിനെ കുറിച്ച് ഉപന്യാസമെഴുതാൻ പറഞ്ഞപ്പോൾ പശുവിനെ തെങ്ങിൽ കെട്ടി തെങ്ങിന് ഉപന്യാസമെഴുതിയ പോലെയായല്ലോ കായക്കൊടി മൗലവി എനിക്കെതിരെ എഴുതിയ കുറിപ്പ്. "വഹാബിസത്തെ പൊളിക്കാൻ സമുദായത്തെ പൊളിക്കരുത് " എന്ന എൻ്റെ കുറിപ്പിന് മറുപടിയുമായി വന്ന കായക്കൊടി പറയുന്നത് "വഹാബിസം പൊളിഞ്ഞാൽ സമുദായം പൊളിയും'' എന്നാണ്. അതിനായി കുറേ എട്ടുകാലി മമ്മൂഞ്ഞിസവും നിരത്തി വെച്ചിരിക്കുന്നു. കുറേ മുസ്ലിംകളെ മുശ്രിക്കാക്കിയതല്ലാതെ വഹാബിസം ചെയ്ത ഒരു സമുദായ ഗുണവും സമുദായം കണ്ടിട്ടില്ല.പ്രവർത്തനം തുടങ്ങി ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും തരക്കേടില്ലാത്ത ഒരു ആൾബലം ഉണ്ടാക്കാനായിട്ടില്ല. നൂറ്റാണ്ടൊന്നായപ്പോൾ 9 കഷ്ണമായി മൂന്ന് ദിവസം പെരുന്നാൾ ആഘോഷിച്ചു, അതിലൊന്ന് ഇന്ന് ഓങ്ങി നാളെ കൊട്ട് എന്ന മട്ടിൽ പെരുന്നാളിന്നാണ് ആഘോഷം നാളെയാക്കി പ്രഹസനമായി എന്നല്ലാതെ എന്ത് നേടി.എന്നാലും നവോത്ഥാനത്തിൻ്റെ അവകാശികളത്രെ!
ബാഫഖി തങ്ങളുടേയും പൂക്കോയ തങ്ങളുടേയും ശിഹാബ് തങ്ങളുടേയും ഹൈദറലി തങ്ങളുടേയും ആത്മീയ തണലിലും സംരക്ഷണത്തിലും മുസ്ലിം ലീഗ് നേടിയ നവോത്ഥാന സംരംഭങ്ങളിൽ കൂടെ നടന്ന സീതീ സാഹിബ്, ന ഹാസാഹിബ്, സീതി ഹാജി തുടങ്ങിയവരുടെ ബാനർ ഉയർത്തി നവോത്ഥാനം വഹാബിയത്ത് പതിച്ചെടുത്തത് തെങ്ങിൽ കെട്ടിയ പശുവിനെപ്പോലെയാണ്. 1937-ൽ മദിരാശിനിയമ സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ഡിവിഷനിൽ നിന്ന് പോക്കർ സാഹിബ് എന്ന സർവ്വേന്ത്യാലീഗ് സ്ഥാനാർത്ഥി സ്വതന്ത്രനായ  ആറ്റക്കോയ തങ്ങളോട് തോൽക്കാനുണ്ടായ ഏക കാരണം ബാഫഖി തങ്ങൾ പിന്തുണച്ചത് ആറ്റക്കോയ തങ്ങളെ ആയിരുന്നു എന്നതാണ്. ആത്മീയ നേതൃത്വ കരുത്തിലേ മുസ്ലിം രാഷ്ട്രീയ നവോത്ഥാനം നേടാനാവൂ എന്ന് തിരിച്ചറിഞ്ഞാണ് ഖാഇദെമില്ലത്തും സീതീ സാഹിബും പോക്കർ സാഹിബും ഉപ്പി സാഹിബും നിർബന്ധിച്ച് കൊണ്ട് 1948-ൽ ബാഫഖി തങ്ങളെ മലബാർ മുസ്ലിം ലീഗിൻ്റെ പ്രസിഡൻ്റാക്കിയത്.

കായക്കൊടി, താങ്കൾക്ക് പറയാവുന്ന നവോത്ഥാന ചരിത്രത്തിൻ്റെ നാൾവഴി ഒരു നൂറ്റാണ്ടിൽ മാത്രമാണ്. എന്നാൽ ചരിത്രം രേഖപ്പെട്ട് കിടക്കുന്ന 5 നൂറ്റാണ്ടപ്പുറത്തുണ്ട് അതിൻ്റെ ചരിത്ര താവഴിയും നാൾവഴിയും. ശൈഖ് സൈനുദ്ധീൻ മഖ്ദൂമും ഖാളി മുഹമ്മദും ടിപ്പു സുൽത്താനും മമ്പുറം തങ്ങളും ഉമ്മർഖാസിയും മോയിൻകുട്ടി വൈദ്യരും കുഞ്ഞായിൻ മുസ്ലിയാരും എല്ലാം ഏത് ആദർശത്തിൻ്റെ വക്താക്കളായിരുന്നു എന്ന് മൗലവിമാർ പറയണം.നിങ്ങളിൽ പലരും PHD നേടാൻ തിസീസായി ഇവരെ എടുക്കുമ്പോൾ ഇവരെഴുതിയ തുഹ്ഫത്തുൽ മുജാഹിദീനും ഫത്ഹുൽ മുബീനും ഖുതുബത്തുൽ ജിഹാദിയ്യ:യും ഗവേഷണം നടത്തുമ്പോൾ അവരെഴുതിയ മൻഖൂസ് മൗലിദും മുഹ്യിദ്ധീൻ മാലയും പടപ്പാട്ടും കപ്പപ്പാട്ടും ശിർക്കാക്കുന്നതും അവരെ മുശ്രിക്കാക്കുന്നതും വിചിത്രമാണ്. അവരുടെ ആത്മീയ പരിസരത്തെ തള്ളി നവോത്ഥാനത്തിൻ്റെ തിസീസ് കൊള്ളുന്നത് കപടതയാണ്.താങ്കൾ നിരത്തിയ ദേശീയ മുസ്ലിം പട്ടം അണിഞ്ഞ അബ്ദുറഹിമാൻ സാഹിബുമാരൊന്നും സുന്നീ നവോത്ഥാന നായകരുടെ പുൽക്കൊടിക്കൊക്കില്ലെന്ന് തിരിച്ചറിയണം.
സമുദായ കൂട്ടായ്മയുടെ പ്ലാറ്റ്ഫോമിൽ നിങ്ങളുടെ ജിന്നൂരും ദമ്മാജും ഇടം നേടി നുള്ളിപ്പെറുക്കി സംഘടനാ എണ്ണം കൂട്ടി പേജും സ്റ്റേജും നിറക്കുമ്പോൾ സുന്നികൾ മൗനം പാലിക്കുന്നത് ഒരു സമുദായ പ്ലാറ്റ്ഫോം തകരണ്ടാ എന്ന് കരുതിയാണ്. നിങ്ങളുടെ നാട്ടു കുട്ടികളെ ഞങ്ങളുടെ മദ്രസയിലെടുക്കില്ലെന്ന് സുന്നികൾ തീരുമാനിച്ചാൽ അലിഫും ബാഉം പഠിക്കാൻ കിലോമീറ്റർ താണ്ടി പോയി സലഫി സെൻ്ററിനെ ആശ്രയിക്കേണ്ടി വരുമെന്നോർക്കണം.
പിന്നെ താങ്കളെഴുതിയ ഖുർആൻ പരിഭാഷയുടെ കഥ ക്ക് കണക്കിന് മറുപടി തുടർന്ന് തരാം. എഴുത്തിൻ്റെ ധൈർഘJo കുറിപ്പ് വായിക്കപ്പെടാതെ പോവുമെന്നതിനാൽ പിന്നെയാവാം.

നാസർ ഫൈസി കൂടത്തായി
(6/5/22)