അല്ലാഹുﷻവിലുള്ള അചഞ്ചലമായ വിശ്വാസം; ‏ഒരു ജിന്നിന്റെ പരീക്ഷണങ്ങളിലൂടെ...


     മഹാനരായ മുഹിയുദ്ധീന്‍ ശൈഖ് (റ) വിന്റെ മദ്‌റസത്തു നിളാമിയയില്‍ വെച്ച് നടന്ന സദസ്സില്‍ പണ്ഡിതന്മാരും സൂഫിയാക്കളുമൊക്കെ ഒരുമിച്ചു കൂടി. ഖദര്‍ ഖളാഅ് (വിധിയിലുള്ള വിശ്വാസം) ആയിരുന്നു മഹാനവര്‍കളുടെ ചര്‍ച്ചാ വിഷയം.

 അതിനിടയിലാണ് മച്ചില്‍ നിന്ന് ഒരു പാമ്പ് താഴേക്ക് വീണത്. മഹാനവര്‍കളുടെ മജ്ലിസില്‍ ഒരുമിച്ചു കൂടിയിരുന്നവരെല്ലാം പേടിച്ച് ഓടി. മഹാനവര്‍കള്‍ കൂശാതെ അവിടെ തന്നെ ഇരുന്നു. 

 ആ പാമ്പ് മഹാനവര്‍കളുടെ കോളറിലൂടെ കയറി കഴുത്തില്‍ ചുറ്റി തല പുറത്തേക്കിട്ടു. എന്നിട്ടും മഹാനവര്‍കള്‍ തന്റെ ഇരുത്തത്തിന്റെ ശൈലി മാറ്റാതെ ഇരുന്നു. 

 അല്‍പ്പം കഴിഞ്ഞ് പാമ്പ് ഭൂമിയിലേക്ക് ഇറങ്ങി. എന്നിട്ട് അതിന്റെ വാല് ഭൂമിയില്‍ കുത്തി ശൈഖവര്‍കളോട് സംസാരിക്കാന്‍ തുടങ്ങി. മഹാനവര്‍കള്‍ തിരിച്ചും പാമ്പിനോടെന്തൊക്കെയോ സംസാരിച്ചു. അവിടെ കൂടിയിരുന്ന ഒരാള്‍ക്കും തിരിയാത്ത കോലത്തിലായിരുന്നു അവരുടെ സംസാരം. 

 പാമ്പ് പോയപ്പോള്‍ എല്ലാവരും അടുത്തു വന്നു. ആശ്ചര്യത്തോടെ അവര്‍ പാമ്പ് പറഞ്ഞതിനെ കുറിച്ച് അന്വേഷിച്ചു. മഹാനവര്‍കള്‍ പറഞ്ഞു: പാമ്പ് പറയുകയുണ്ടായി, ഔലിയാക്കളില്‍ നിന്ന് ഒരുപാട് പേരെ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. പക്ഷെ അങ്ങ് ഉറച്ചു നിന്ന പോലെ അടിയുറച്ച് നിന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ പറഞ്ഞു: ഞാന്‍ സംസാരിച്ചത് ഖദര്‍ ഖളാഇനെ കുറിച്ചാണ്. അതാണ് നിന്നെ ചലിപ്പിച്ചത്. അങ്ങനെയുള്ള ഒരു ചെറിയ പുഴു മാത്രമാണ് നീ. 

 ശൈഖവര്‍കള്‍ പറയുന്നു: പിന്നീടൊരിക്കല്‍ ഞാന്‍ നിസ്‌കരിച്ചു കൊണ്ടിരിക്കുമ്പോള്‍ വീണ്ടും ആ പാമ്പ് എന്റെ അടുക്കല്‍ വന്നു. സുജൂദിന്റെ സ്ഥാനത്ത് വായ തുറന്ന് നില്‍ക്കുന്ന പാമ്പിനെ സൂജൂദിന്റെ അവസരത്തില്‍ ഞാന്‍ തട്ടിമാറ്റി. അപ്പോഴതാ ആ പാമ്പ് എന്റെ കഴുത്തില്‍ ചുറ്റി. എന്റെ കുപ്പായത്തിന്റെ ഒരു കഫിലൂടെ കടന്ന് മറ്റെ കഫിലൂടെ പുറപ്പെടുകയും പിന്നീട് എന്റെ കോളറിലൂടെ കടന്ന് പുറത്തേക്ക് വന്നു. 

 പിറ്റേദിവസം, ഒരൊഴിഞ്ഞ പ്രദേശത്ത് ഞാനെത്തി. അവിടെ ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നീളത്തില്‍ കീറിയിട്ടുണ്ടായിരുന്നു. അതൊരു ജിന്നാണെന്ന് എനിക്ക് മനസ്സിലായി. ജിന്ന് എന്നോട് പറഞ്ഞു: "നിങ്ങള്‍ ഇന്നലെ കണ്ട പാമ്പ് ഞാനായിരുന്നു. ഞാന്‍ ധാരാളം ഔലിയാക്കളെ ഇതുപോലെ പരീക്ഷിച്ചിട്ടുണ്ട്. നിങ്ങളെ പോലെ ആരും ഉറച്ചു നിന്നിട്ടില്ല. മാത്രമല്ല, ആ കൂട്ടത്തില്‍ പുറമെ ഭയപ്പെട്ടില്ലെങ്കിലും ഉള്ളു പിടച്ചവരും ഉള്ളും പുറവും ഒരുപോലെ പിടച്ചവരും ഉണ്ട്. എന്നാല്‍ ഉള്ളും പുറവും പിടക്കാതെ അചഞ്ചലമായ വിശ്വാസത്തോടെയാണ് അങ്ങയെ ഞാന്‍ കണ്ടത്.''
( الطبقات الكبرى / الإمام الشعراني )

 ഖദര്‍ ഖളാഇല്‍ അടിയുറച്ച് ജീവിക്കാന്‍ അല്ലാഹു ﷻ നമുക്ക് തൗഫീഖ് ചെയ്യട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ