അത്തിപ്പറ്റ ഉസ്താദിന്റെ ഉദാരത


ഫോട്ടോയിൽ ഒന്നാമത് കാണുന്നത് അത്തിപ്പറ്റയിൽ അന്ത്യവിശ്രമം കൊള്ളുന്ന അത്തിപ്പറ്റ മൊഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ എന്ന അത്തിപ്പറ്റ ഉസ്താദ്.
രണ്ടാമത്തെ ഫോട്ടോയിലുള്ളത് തമിഴ്നാട് തഞ്ചാവൂർ സ്വദേശി രാജ.

രാജ അത്തിപ്പറ്റയിലുള്ള ഡിസ്പെൻസറിയുടെ ഒരു ബിൽഡിംങ്ങിൻ്റെ പണിക്കുപോയി. ജോലി കഴിഞ്ഞ് കൈയും കാലും കഴുകി വസ്ത്രങ്ങൾ മാറിക്കൊണ്ടിരിക്കുമ്പഴാണ് അടുത്ത വീട്ടിൽ നിന്നും വയോധികനായ വെളള തലയിൽകെട്ട് കെട്ടിയ ഒരു മനുഷ്യൻ കൈകാട്ടി വിളിക്കുന്നത് കണ്ടത്. എന്തെങ്കിലും ജോലി തരാനായിരിക്കും വിളിക്കുന്നത് എന്നു കരുതി രാജ വേഗം അങ്ങോട്ട് ചെന്നു.

ചെന്നപാടെ ആ വയോധികൻ തൻ്റെ പോക്കറ്റിൽ നിന്ന് 2000 രൂപയെടുത്ത് രാജക്ക് കൊടുക്കുകയും തലയിൽ തലോടുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ ഭാഗത്ത് ജോലി കിട്ടിയപ്പോൾ രാജ അതു വഴിയാണ് തിരിച്ചു വന്നത്.
തനിക്ക് കാശു തന്ന ആ മഹാൻ അവിടെയുണ്ടോ എന്നറിയാൻ വേണ്ടി രാജ ആ വീട്ടിലേക്കൊന്നു നോക്കി.
നോക്കിയത് ആ മഹാൻ്റെ മുഖത്തേക്ക് തന്നെയായിരുന്നു.

ഒരു പാട് ആളുകൾക്കിടയിൽ നിൽക്കുന്ന അദ്ദേഹം രാജയെ കണ്ടു. തൻ്റെടുത്തേക്ക് വിളിച്ചു. പഴയത് പോലെ അപ്പോൾ പോക്കറ്റിലുണ്ടായിരുന്ന കാശ് എടുത്ത് രാജക്ക് കൊടുത്തു.

ആ മഹാനാണ് ഈ പറഞ്ഞ അത്തിപ്പറ്റ ഉസ്താദ്.
നമ്മുടെയൊക്കെ പോക്കറ്റിൻ്റെ കനം കുറഞ്ഞു തുടങ്ങിയാൽ നമുക്ക് ബേജാറാണ്, ടെൻഷനാണ്, ഭയമാണ്, അസ്വസ്ഥതയാണ്, പരിഭ്രാന്തിയാണ്. ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ്.

എന്നാൽ മഹാനവർകൾക്ക് ചിലവാക്കലിലാണ് സംതൃപ്തി ഉണ്ടായിരുന്നത്.

ഞാനും മൂന്ന് സുഹൃത്തുക്കളും കൂടി ഒരു അറഫാ ദിനത്തിൽ ഒരു യാത്ര പോയി. അത്തിപ്പറ്റയിലെത്തിയപ്പോഴാണ് സുബഹി ബാങ്ക് കൊടുത്തത്.സുബഹി അത്തിപ്പറ്റ ജുമുഅത്ത് പള്ളിയിൽ നിന്ന് നമസ്ക്കരിച്ചു. അപ്പോൾ മഹാനവർകൾ അവിടെ ഉണ്ടായിരുന്നു. നമസ്കാരം കഴിഞ്ഞതിന് ശേഷം പെരുന്നാളിന് നാട്ടിൽ പോകുന്ന ഉസ്താദ്മാർ യാത്ര പറയാൻ വേണ്ടി മഹാനവർകളെ സമീപിച്ചു. അവർക്കൊക്കെ കൈയിലുണ്ടായിരുന്ന കാശ് മുഴുവൻ വിതരണം ചെയ്ത് കൊണ്ടാണ് അവരെ യാത്രയാക്കിയത്.

അതായിരുന്നു അത്തിപ്പറ്റ ഉസ്താദ്.

വാരിക്കോരി കൂട്ടാൻ ആഗ്രഹിക്കുന്ന ഇക്കാലത്ത് മഹാനവർകൾ എന്നും മഹത്തായ മാതൃകയാണ്.അദ്ദേഹത്തിൻ്റെ ഓർമ്മകളിലൂടെ സഞ്ചരിക്കാനുള്ള യോഗ്യതയില്ലെങ്കിലും ആ ഓർമ്മകൾ പോലും വലിയ ആശ്വാസമാണ് നൽകുന്നത്.

ഹുസൈൻ എം കെ